Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറന്മുളയിൽ വിമാനം ഇറങ്ങില്ല; സംസ്ഥാന സർക്കാരിനും കെജിഎസ് ഗ്രൂപ്പിനും തിരിച്ചടി; വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നിഷേധിച്ച ഹരിത ട്രിബ്യൂണൽ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു

ആറന്മുളയിൽ വിമാനം ഇറങ്ങില്ല; സംസ്ഥാന സർക്കാരിനും കെജിഎസ് ഗ്രൂപ്പിനും തിരിച്ചടി; വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നിഷേധിച്ച ഹരിത ട്രിബ്യൂണൽ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു

ന്യൂഡൽഹി: ആറന്മുള വിമാനത്താവളത്തിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. പരിസ്ഥിതി അനുമതി റദ്ദാക്കിയ ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കെ.ജി.എസ് ഗ്രൂപ്പാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വിമാനത്താവള പ്രദേശത്ത് പരിസ്ഥിതി ആഘാത പഠനം നടത്തിയ എൻവിറോ കെയർ എന്ന ഏജൻസിക്ക് ഇതിനാവശ്യമായ യോഗ്യതയോ അംഗീകാരമോ ഇല്ലെന്ന ഹരിത ട്രിബ്യൂണൽ വിധി സുപ്രീംകോടതിയും അംഗീകരിച്ചു. പദ്ധതി നടപ്പാക്കിയാൽ പരിസ്ഥിതി ആഘാതമുണ്ടാകും. നിയമപരമായ ഒരു നടപടിയും പാരിസ്ഥിതിക പഠനത്തിൽ കെ.ജി.എസ് ഗ്രൂപ്പ് എടുത്തിട്ടില്ലെന്നും ട്രിബ്യൂണൽ വ്യക്തമാക്കിയിരുന്നു. ആറന്മുള വിമാനത്താളവ പദ്ധതിക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാരും സ്വീകരിച്ചത്. ഈ വാദങ്ങളും ട്രിബ്യൂണൽ തള്ളിക്കളഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സുപ്രീംകോടതി വിധി സംസ്ഥാന സർക്കാരിനും തിരിച്ചടിയാണ്.

പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത് എല്ലാ പഠനങ്ങൾക്കും ശേഷമാണെന്നും ഇതൊന്നും പരിഗണിക്കാതെയാണ് ഹരിത ട്രിബ്യൂണൽ വിധിയെന്നുമാണ് കെ.ജി.എസിന്റെ വാദം. പരിസ്ഥിതി പഠനം തുടങ്ങുമ്പോൾ എൻവിറോ കെയറിന് അതിനുള്ള യോഗ്യത ഉണ്ടായിരുന്നു. രാജ്യത്തെ പല വിമാനത്താവളങ്ങളുടേയും പഠനം നടത്തിയത് ഇവരാണെന്നും കെജിഎസ് സുപ്രീം കോടതിയെ അറിയിച്ചു. പരിധിവിട്ട തീരുമാനമാണ് ദേശീയ ഹരിത ട്രിബ്യൂണൽ എടുത്തതെന്നും വാദിച്ചു. എന്നാൽ ഇതെല്ലാം സുപ്രീംകോടതി തള്ളി. എൻവിറോ കെയറിന് ഒരു യോഗ്യതയുമില്ലെന്ന ഹരിത ട്രിബ്യൂണൽ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. മറ്റ് വിമാനത്താവളങ്ങളുടെ പഠനമൊന്നും ഈ കേസിൽ ബാധകമല്ലെന്നും കോടതി നിരീക്ഷിച്ചു.

2013 നവംബർ 18ന് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം നൽകിയ അനുമതിയാണ് ദേശീയ ഹരിത ്രൈടബ്യൂണലിന്റെ ദക്ഷിണേന്ത്യൻ ബെഞ്ചിലെ ജസ്റ്റിസ് എം. ചൊക്കലിംഗവും ഡി.ആർ. നാഗേന്ദ്രനുമുൾപ്പെട്ട ബെഞ്ച് മെയ് അവസാനം റദ്ദാക്കിയത്. വിമാനത്താവളവുമായി ബന്ധപ്പെട്ട് നിർമ്മാണപ്രവർത്തനങ്ങൾ നടത്തരുതെന്ന് കെ.ജി.എസ്. ഗ്രൂപ്പിന് ട്രിബ്യൂണൽ നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയും തള്ളിയതോടെ പുനപരിശോധനാ ഹർജി മാത്രമാണ് കെജിഎസിന് മുന്നിലുള്ള അടുത്ത വഴി. എന്നാൽ പുനപരിശോധനാ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാൻ പോലും സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ആറന്മുള വിമാനത്താവളമെന്നത് തൽക്കാലത്തേക്ക് എങ്കിലും സ്വപ്‌നമായി മാറും.

ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാത പഠനം നടത്തിയ എൻവിറോ കെയർ എന്ന ഏജൻസിക്ക് പഠനം നടത്തുന്നതിനോ പരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതിക്കുമുമ്പാകെ ഹാജരാവുന്നതിനോ ഉള്ള യോഗ്യതയില്ലെന്ന വാദമാണ് അംഗീകരിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകണമെങ്കിൽ പുതിയ പാരിസ്ഥിതിക പഠനം കെജിഎസ് ഗ്രൂപ്പ് നടത്തണം. അതിന് കുറഞ്ഞത് രണ്ട് വർഷമെങ്കിലും എടുക്കും. അതിന് ശേഷം മാത്രമേ പാരിസ്ഥിതികാനുമതിക്ക് അപേക്ഷ നൽകാനും കഴിയൂ. എന്നാൽ അതിന് കടമ്പകൾ ഏറെയാണ്.

വിമാനത്താവളവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിന് യോഗം സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും ട്രിബ്യൂണൽ വിലയിരുത്തിയിരുന്നു. ഈ യോഗം രഹസ്യമായി സംഘടിപ്പിച്ചു എന്നാണ് കണ്ടെത്തൽ. അതുകൊണ്ട് തന്നെ പുതുതായി പാരിസ്ഥിതികാനുമതിക്കായി പഠനം സംഘടിപ്പിച്ചാൽ ഈ യോഗം രഹസ്യമാക്കാനും കഴിയില്ല. പരിസ്ഥിതി പ്രവർത്തകർക്ക് എതിർപ്പുകൾ അറിയാക്കാൻ അവസരം ഒരുങ്ങും. നാട്ടുകാരും പ്രതിഷേധം അറിയിക്കും. ഇതോടെ പാരിസ്ഥിതിക പഠനം നടത്തുന്ന ഏജൻസിയും പ്രതിസന്ധിയിലാകും. ഇതുകൊണ്ട് തന്നെയാണ് ആറന്മുള വിമാനത്താവള പദ്ധതിയെന്ന ആശയം കെജിഎസിന് ഇനി പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വരുമെന്ന വിലയിരുത്തൽ എത്തുന്നത്.

പദ്ധതിക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം 2013 നവംബർ 18നാണ് അനുമതി നൽകിയത്. പദ്ധതി നടപ്പാക്കുന്നതിൽ എതിർപ്പുള്ളവർ ദേശീയ ഹരിത ്രൈടബ്യൂണലിനെ സമീപിക്കണമെന്നും ഉത്തരവിൽ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ തണ്ണീർത്തട സംരക്ഷണ നിയമമുൾപ്പെടെയുള്ള കേന്ദ്ര പരിസ്ഥിതിസംരക്ഷണ നിയമങ്ങളുടെ ലംഘനമാണ് ആറന്മുള വിമാനത്താവളം പദ്ധതിയെന്നാണ് ആക്ഷേപം. ഈ വാദമാണ് ഹരിത ട്രിബ്യൂണലും സുപ്രീംകോടതിയും അംഗീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP