Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോപ്പിയടിച്ചതിന് സസ്‌പെൻഷൻ വരും; ഐജിയുടെ നടപടി പൊലീസ് സേനയ്ക്ക് ഒന്നടങ്കം കളങ്കമെന്ന് എഡിജിപിയുടെ റിപ്പോർട്ട്; ടിജെ ജോസ് ഐപിഎസിനെതിരെ സർവ്വകലാശാലയും നടപടിയെടുക്കും

കോപ്പിയടിച്ചതിന് സസ്‌പെൻഷൻ വരും; ഐജിയുടെ നടപടി പൊലീസ് സേനയ്ക്ക് ഒന്നടങ്കം കളങ്കമെന്ന് എഡിജിപിയുടെ റിപ്പോർട്ട്; ടിജെ ജോസ് ഐപിഎസിനെതിരെ സർവ്വകലാശാലയും നടപടിയെടുക്കും

കൊച്ചി : കോപ്പിയടി വിവാദത്തിൽ കുടുങ്ങിയ തൃശൂർ റേഞ്ച് ഐ.ജി: ടി.ജെ. ജോസിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യും. ഉത്തരമേഖലാ എ.ഡി.ജി.പി: ശങ്കർ റെഡ്ഡിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സസ്‌പെൻഷൻ ഉത്തരവിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് ഒപ്പുവച്ചേക്കുമെന്നാണു സൂചന.

ഐ.ജി. പൊലീസ് അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്നും സേനയ്ക്ക് ഒന്നടങ്കം കളങ്കമുണ്ടാക്കുന്നതായിരുന്നു ഐ.ജിയുടെ പ്രവർത്തിയെന്നും എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംഭവം ആഭ്യന്തര വകുപ്പിന് നാണക്കേടുണ്ടാക്കിയ സാഹചര്യത്തിൽ ജോസിനെതിരേ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ആഭ്യന്തര മന്ത്രി. കളമശേരി സെന്റ് പോൾസ് കോളജിൽ നടന്ന എൽഎൽ.എം. പരീക്ഷയിലാണ് ഐ.ജി: ടി.ജെ. ജോസ് കോപ്പിയടിച്ചത്. എംജി സർവ്വകലാശാലയും കോപ്പിയടി സ്ഥിരീകരിച്ചിരുന്നു. വിവാദമുണ്ടായപ്പോൾ തന്നെ ജോസിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് കാപ്പിയടി വിവാദവുമായി ബന്ധപ്പെട്ട് ഐ.ജി. റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യുന്നത് ആദ്യമായാണ്. കർണാടകയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കോപ്പിയടി വിവാദത്തിൽ കുടുങ്ങി സസ്‌പെൻഷനിലായിരുന്നു. ആ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോസിനെതിരേയും സസ്‌പെൻഷൻ വരുന്നത്. എംജി സർവ്വകലാശാലയുടെ പ്രാഥമിക അന്വേഷണത്തിൽ ഐജി കുറ്റക്കാരനാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇത്. ജോസിനെ സർവ്വകലാശാല ഡീബാർ ചെയ്യുമെന്നാണ് സൂചന.

ഐ.ജി ടി.ജെ. ജോസ് മുൻപ് എം.ജി സർവകലാശാലയിൽ കോപ്പിയടി പിടിക്കാൻ ചുമതലയുള്ള വിജിലൻസ് എസ്‌പിയായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. 2എം.ജി യൂണി. വിജിലൻസ് എസ്‌പിയെന്ന നിലയിൽ നിരവധി കോപ്പിയടി കേസുകൾ ജോസ് പിടിച്ചിരുന്നു. ആ പരിചയം കൊണ്ടാകാം കോപ്പിയടിക്കാൻ കൊണ്ടു വന്ന തുണ്ടുകടലാസുമായി ജോസ് പരീക്ഷാഹാളിൽ നിന്ന് മുങ്ങി തെളിവു നശിപ്പിച്ചതെന്നാണ് പ്രചാരണം. സർവകലാശാലയിലെ കോൺഗ്രസ് സംഘടനാ നേതാക്കൾക്കെതിരെ ജോസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി എടുത്തതിന്റെ പിന്നാലെയാണ് ജോസ് സർവകലാശാലയിൽ നിന്ന് പുറത്തായത്.

എൽഎൽ.എം പരീക്ഷ എഴുതാൻ പൊലീസ് ജീപ്പിൽ ആണ് ജോസ് എത്തിയിരുന്നത്. പുറത്ത് പൊലീസ് കാവൽ നിൽക്കുകയായിരുന്നു. ആദ്യ രണ്ടു പരീക്ഷ എഴുതിയതും കോപ്പിയടിച്ചായിരുന്നു. മൂന്നാം ദിവസവും കോപ്പിയടിച്ചപ്പോൾ ഒപ്പം പരീക്ഷ എഴുതിയവർ ബഹളം വച്ചതോടെയാണ് വിവാദമായത്. ശ്രീരഞ്ജിനി, ഷിൻജോയി എന്നീ അസിസ്റ്റന്റുമാരാണ് പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ശ്രീരഞ്ജിനിയാണ് സർവകലാശാലയിൽ വിവരം അറിയിച്ചത്. പരീക്ഷാ ചുമതലയുണ്ടായിരുന്ന അദ്ധ്യാപകർ തുണ്ടു കടലാസ് പിടിച്ചെടുക്കാതെ തെളിവു നശിപ്പിക്കാൻ സഹായകരമായ നിലപാട് സ്വീകരിച്ചെന്നും, കോളേജ് മാനേജ്‌മെന്റ് പ്രശ്‌നം ഒതുക്കാൻ ശ്രമിച്ചെന്നും സർവകലാശാലാ അധികൃതർക്ക് പരാതി ലഭിച്ചിട്ടുണ്ട്.

തൂവാലയിൽ പൊതിഞ്ഞുകൊണ്ടുവന്ന തുണ്ട് കടലാസ് ഉപയോഗിച്ച് ജോസ് കോപ്പിയടിച്ചതായി തെളിഞ്ഞെന്നാണ് ഡെപ്യൂട്ടി രജിസ്ട്രാർ എം.സി. ബാബുവിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. എങ്കിലും ഐ.ജി ടി.ജെ. ജോസിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമേ നടപടി ഉണ്ടാകൂ എന്ന് കൺട്രോളർ തോമസ് ജോൺ അറിയിച്ചു. സിൻഡിക്കേറ്റിനാണ് അച്ചടക്ക നടപടി ചുമതല. സിൻഡിക്കേറ്റ് നടപടികൾ പൂർത്തിയാകാൻ ഒരു വർഷമെങ്കിലും പിടിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP