Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ നിന്ന് അനുജനെത്തി; പൂനയിൽ നിന്നും സഹോദരിയും; നല്ല കാലത്ത് തഴഞ്ഞ മക്കൾ തെറ്റുകൾ പൊറുത്ത് വരുമെന്ന് മോഹിച്ച് നടൻ തലസ്ഥാനത്ത്

അമേരിക്കയിൽ നിന്ന് അനുജനെത്തി; പൂനയിൽ നിന്നും സഹോദരിയും; നല്ല കാലത്ത് തഴഞ്ഞ മക്കൾ തെറ്റുകൾ പൊറുത്ത് വരുമെന്ന് മോഹിച്ച് നടൻ തലസ്ഥാനത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടി പി മാധവൻ ഹരിദ്വാറിലെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിപ്പോൾ പരിചിതമുഖങ്ങൾക്കിടയിൽ ആദ്യം തേടിയത് സ്വന്തം മക്കളെയായിരുന്നു. തന്നെ കാണാൻ മക്കൾ എത്തിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ടിപി മാധവൻ. എന്നാൽ തനിക്ക് സുഖമില്ലാതെ ആയിട്ടും ഇതുവരെയും കാണാൻ വരാത്ത മക്കളെ കുറ്റപ്പെടുത്താനും തുനിഞ്ഞില്ല. ദീർഘമായ മൗനത്തിനു ശേഷം ടി.പി.മാധവൻ പറഞ്ഞു. ' അവരെ കാണാൻ വലിയ ആഗ്രഹം ഉണ്ട്. പക്ഷെ ആഗ്രഹിക്കുന്നതൊക്കെ സാധിക്കണമെന്ന് വാശിപ്പിടിക്കാനും കഴിയില്ലല്ലോ' എന്നും സ്വന്തം നിലപാടുകൾ മാത്രം ശരിയാണെന്ന് കരുതിയ ടിപിയുടെ കണ്ണുകളിൽ സാത്വികഭാവം. മക്കളുടെ വിശേഷങ്ങൾ പറയുമ്പോൾ തളർച്ചയ്ക്കിടയിലും വാക്കുകളിൽ ആവേശം. ' മൂത്തയാൾ അമ്മു, രണ്ടാമത്തെ ആൾ ഉണ്ണി. മകൾ ഭർത്താവും കുട്ടികളുമായി ചെന്നൈയിലാണ് താമസം. മകൻ മുംബൈയിൽ. സ്വന്തമായി പരസ്യകമ്പനി നടത്തുകയാണ്. രണ്ടു പേരുടേയും മക്കളെയൊന്നും കണ്ടിട്ടില്ല. മകൾ ഇടയ്‌ക്കൊക്കെ വിളിക്കും അത്രമാത്രം. ' വയ്യാണ്ടായിട്ട് ഒന്നു കാണാൻ പോലും തോന്നിയില്ലല്ലോ അവർക്ക്'. ഇത്രയും പറഞ്ഞപ്പോഴേക്കും നാട്യമൊഴിഞ്ഞ കണ്ണുകൾ വിതുമ്പി.

' എല്ലാത്തിൽ നിന്നും ഒരു മോചനം. അങ്ങനെയാണ് ഹരിദ്വാറിലേക്ക് വണ്ടി കയറിയത്. സിനിമയിൽ ഇനിയും അവസരങ്ങൾ ലഭിക്കുമെങ്കിലും വേണ്ടെന്നു കരുതി. വയസ് എൺപതായില്ലേ. ഇനി ദൈവത്തോട് അടുത്ത് നിൽക്കാമെന്ന് കരുതി.' ഹരിദ്വാറിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ടിപി മാധവൻ ആഴ്ചകൾ നീണ്ട ചികിത്സക്കൊടുവിലാണ് സുഖപ്പെട്ട് തലസ്ഥാനത്ത് എത്തിയത്. വിവരം അറിഞ്ഞ് അമേരിക്കയിലുണ്ടായിരുന്ന സഹോദരനും പൂനയിലുണ്ടായിരുന്ന സഹോദരിയും എത്തി. ' എല്ലാത്തിനും നന്ദി പറയേണ്ടത് ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തിലെ പൂജാരി വിഷ്ണു നമ്പൂതിരിയോടും ആശുപത്രിയിലെ ജീവനക്കാരോടുമാണ്. ഇപ്പോൾ കുറച്ച് ഭേദമുണ്ട് . പതുക്കെ ശരിയാകുമായിരിക്കും' ദീർഘനിശ്വാസത്തോടെ ടിപി മാധവൻ പറയുന്നു.

അടുത്തിടെ കോട്ടയത്ത് സിസ്റ്ററെ കൊന്ന കേസിലെ പ്രതി ഹരിദ്വാറിൽ പിടിയിലായിരുന്നു. ഇതേക്കുറിച്ചുള്ള വാർത്തയിലൂടെ ഹരിദ്വാർ അയ്യപ്പക്ഷേത്രത്തെ കുറിച്ചറിഞ്ഞ് എത്തിയതെന്നാണ് മാധവൻ വിഷ്ണുനമ്പൂതിരിയോട് പറഞ്ഞത്.വിവാഹബന്ധം വേർപെട്ടശേഷം കുടുംബത്തോട് അകന്ന് ഒറ്റയ്ക്കായിരുന്നു മാധവന്റെ ജീവിതം. തിരുവനന്തപുരം സ്വദേശിയായ മാധവൻ സിനിമാ തിരക്കുമായി ബന്ധപ്പെട്ടു കൊച്ചിയിലേക്കു താമസം മാറ്റിയിരുന്നു. കൊച്ചിയിലായിരിക്കെ അഞ്ചുവർഷം മുൻപും പക്ഷാഘാതം സംഭവിച്ചിട്ടുണ്ട്. അന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്നാണ് ആരോഗ്യം വീണ്ടെടുത്തത്. ഏറെക്കാലം കൊച്ചിയിൽ കഴിഞ്ഞ അദ്ദേഹം മൂന്നുമാസം മുൻപാണ് വീണ്ടും തിരുവനന്തപുരത്തേക്കു മടങ്ങിയത്.

1970-80 കാലഘട്ടങ്ങളിൽ ഹിറ്റുകളായ പല മലയാളസിനിമകളുടേയും അഭിഭാജ്യഘടകങ്ങളിലൊന്നായ ടിപി മാധവന്റെ ദാമ്പത്യജീവിതം അത്രകണ്ട് ഹിറ്റായിരുന്നില്ല. ദാമ്പത്യജീവിതം മുന്നോട്ട് പോകാത്ത സാഹചര്യത്തിൽ വിവാഹമോചിതനാകുകയും ചെയ്തു. പിന്നീട് ഒറ്റയാൻ ജീവിതമായിരുന്നു സിനിമയിലും സ്വകാര്യജീവിതത്തിലും. പ്രായവും രോഗവും ഒറ്റപ്പെടലും വേട്ടയാടാൻ തുടങ്ങിയതോടെ സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ച ടിപി മാധവൻ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വില്ലൻ പരിവേഷമാണ് നൽകിയത്.ടിപി മാധവൻ സാമ്പത്തികമായി വളരെയധികം സഹായിച്ച ബന്ധുക്കൾ പോലും മുൻകോപത്തിന്റെയും ദുശാഠ്യങ്ങളുടേയും പേരിൽ ഒറ്റപ്പെടുത്താൻ തുടങ്ങിയതോടെ കൊച്ചിയിലെ ജിവിതം അവസാനിപ്പിച്ച് രണ്ടു മാസം മുമ്പ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

തിരുവനന്തപുരത്ത് വാടകവീട്ടിലായിരുന്നു താമസം. വീട്ടുടമസ്ഥനുമായിട്ടുള്ള തർക്കം മൂലം വീടൊഴിഞ്ഞ് ശ്രീമൂലം ക്ലബ്ബിലേക്ക് താമസം മാറ്റി. ശ്രീമൂലം ക്ലബ്ബിൽ രോഗബാധിതനായതിനെ തുടർന്ന് എസ്.കെ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' ആയിരുന്നു ടിപി മാധവന്റെ ആശുപത്രികാര്യങ്ങൾ നോക്കിയിരുന്നത്. ആശുപത്രി ജീവനക്കാരോടു വഴക്കിട്ടാണ് അവിടെ നിന്നും ഡിസ്ചാർജ് വാങ്ങി പോകുകകയായിരുന്നു. പിന്നീട് നാഷണൽ ക്ലബ്ബിലായിരുന്നു താമസം. വീണ്ടും രോഗബാധിതനായതിനെ തുടർന്ന് എസ്.കെ.ആശുപത്രിയിൽ വീണ്ടും എത്തിച്ചെങ്കിലും ടിപിയുടെ മുൻകോപം കാരണം ചികിത്സ ബുദ്ധിമുട്ടാണെന്ന് അറിയിച്ചു. തുടർന്ന് അമ്മ സെക്രട്ടറി ഇടവേള ബാബുവിന്റെ നിർദ്ദേശ പ്രകാരം ടിപിയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഒന്നരമാസമായി ആശുപത്രി ചെലവുകൾ അടക്കം ടിപിയുടെ കാര്യങ്ങൾ നോക്കിയിരുന്നത് ഇടവേളവാബുവും ഓഫീസ് മാനേജരും ചേർന്നായിരുന്നു. രണ്ടാഴ്ചയോളം കിംസിലെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിടുകയും ചെയ്തു. എന്നാൽ പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് കേൾക്കാതെ മാധവൻ ഹരിദ്വാറിലേക്ക് പോയത്. മക്കളോടൊപ്പം കുറച്ച് കാലമെങ്കിലും കഴിയണമെന്ന ആഗ്രഹമാണ് ഇപ്പോൾ ടിപി മാധവൻ മനസിൽ താലോലിക്കുന്നത്. ആരൊക്കെ വന്നാലും ആശ്വസിപ്പിച്ചാലും മലയാളത്തിന്റെ നിറസാന്നിധ്യം തിരയുന്നത് തന്റെ മക്കളുടെ സാമീപ്യമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP