Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രിൻസിപ്പളെ ഒളിവിൽ വച്ചിരിക്കുന്നുവെന്നാരോപിച്ച് പള്ളിയങ്കണത്തിൽ കയറി എസ്എഫ്‌ഐക്കാർ വൈദികരെ തല്ലിയെന്ന് പരാതി; കാട്ടാക്കടയിൽ സംഘർഷത്തിന് അയവില്ല

പ്രിൻസിപ്പളെ ഒളിവിൽ വച്ചിരിക്കുന്നുവെന്നാരോപിച്ച് പള്ളിയങ്കണത്തിൽ കയറി എസ്എഫ്‌ഐക്കാർ വൈദികരെ തല്ലിയെന്ന് പരാതി; കാട്ടാക്കടയിൽ സംഘർഷത്തിന് അയവില്ല

കാട്ടാക്കട: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ പ്രിൻസിപ്പലിന്റെ ഓഫിസിന് മുന്നിൽ വിദ്യാർത്ഥി ബ്‌ളേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത്. തുടർന്ന് നടന്ന പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് കലാശിച്ചു. സംഭവത്തെ തുടർന്ന് പ്രതിഷേധ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർ കോളേജ് പ്രിൻസിപ്പലിനെ ഒളിപ്പിച്ചുവെന്ന് ആരോപിച്ച് സി.എസ്.ഐ പള്ളി അങ്കണത്തിൽ കയറി പുരോഹിതരെ മർദ്ദിച്ചുവെന്നും പരാതിയുണ്ട്.

കോളേജ് പ്രിൻസിപ്പലിനെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രി സിപിഐ(എം). ഡിവൈഎഫ്ഐ, എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനവും കോളേജിനുമുന്നിൽ ധർണയും നടത്തി. സംഘർഷത്തിന് അയവ് വന്നിട്ടില്ല. പ്രിൻസിപ്പളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. കാട്ടാക്കടയിൽ നെടുമങ്ങാട് ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പള്ളി അധികാരികളും കോളേജ് അധികൃതരും പ്രിൻസിപ്പളിനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ രണ്ടാംവർഷ മാത്സ് ബിരുദവിദ്യാർത്ഥി കാരക്കോണം സ്വദേശി അജിത് (19) ആണ് കൈത്തണ്ട മുറിച്ചത്. അജിത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കാരാക്കോണം, എള്ളുവിള, വെളുത്തരക്കോണം പ്ലാവിളപുത്തൻ വീട്ടിൽ അജിത് ആണ് കൈയിലെ ഞരമ്പറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫീസടയ്ക്കാത്തതിനാൽ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ ഡോ. എം. സ്‌നേഹലത അറിയിച്ചതോടെ പ്രിൻസിപ്പലിന്റെ മുറിക്കുപുറത്തിറങ്ങി കൈയിലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് ഞരമ്പ് മുറിക്കുകയായിരുന്നു. ഉടൻതന്നെ കാട്ടാക്കട സർക്കാർ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അജിത്തിന് ഹാജർ കുറവായതിനാലാണ് പരീക്ഷ എഴുതാൻ കഴിയാത്തതെന്നും യൂനിവേഴ്‌സിറ്റി നിയമങ്ങൾക്ക് വിധേയമായി 75 ശതമാനം ഹാജർ വേണമെന്നും പ്രിൻസിപ്പൽ സ്‌നേഹലത പറഞ്ഞു.

രാത്രി വൈകിയും സമരം തുടർന്നതോടെ പ്രിൻസിപ്പൽ സ്‌നേഹലത ഉൾപ്പെടെ അദ്ധ്യാപകരും ജീവനക്കാരും കാമ്പസിൽനിന്ന് പുറത്തിറങ്ങാനാകാതെ കോളജിൽ കുടുങ്ങി. പൊലീസ് സുരക്ഷ ഒരുക്കിയാണ് ഇവർ കോളേജിൽ നിന്ന് പുറത്ത് കടന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർ കോളേജ് പ്രിൻസിപ്പലും ജീവനക്കാരും കോളേജുവളപ്പിലെ ഗേറ്റുകടന്ന് സമീപമുള്ള പള്ളിയിൽ അഭയംതേടിയെന്ന് ആരോപിച്ച് പള്ളിയിലെത്തി ബഹളമുണ്ടാക്കി. ഇത് അക്രമത്തിൽ കലാശിച്ചു.

പുരോഹിതൻ ഫാ. കെ. മോഹൻ ദാസ്, സംഭവമറിഞ്ഞെത്തിയ ഫാ. ഷിബു എന്നിവരെ നാൽപ്പതോളം വരുന്ന സംഘം മർദ്ദിച്ചതായാണ് പരാതി. പള്ളിയിലെ വിവാഹ സത്കാരത്തിൽ പങ്കെടുക്കാനെത്തിയ പാറാംകുഴി സ്വദേശി രാജേഷ് സഹോദരൻ സബിൻ, പൂഞ്ഞാംകോട് സ്വദേശി അജി എന്നിവർക്കും മർദ്ദനമേറ്റു. മർദ്ദനത്തിൽ പരിക്കേറ്റ ഫാ. കെ. മോഹൻ ദാസ്, ഫാ. ഷിബു എന്നിവരെ കാട്ടാക്കട സർക്കാർ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും എത്തിച്ചു.

മാനേജ്‌മെന്റിന്റെ ഗൂഢനീക്കത്തിന്റെ ഭാഗമായാണ് അജിത്തിനെ പരീക്ഷ എഴുതാൻ അനുവദിക്കാത്തതെന്നും ഇതിനുപിന്നിൽ അജണ്ട ഉണ്ടെന്നുമാണ് സമരക്കാർ ആരോപിക്കുന്നത്. അജിത്ത് യൂനിവേഴ്‌സിറ്റിയിൽ നേരിട്ട് ഫീസ് അടച്ചതായും ക്‌ളാസിൽ ഹാജരാകുകയും ചെയ്തതായി സമരക്കാർ പറയുന്നു. വ്യാഴാഴ്ച രാവിലെ പ്രിൻസിപ്പലിന്റെ ഓഫിസിന് മുന്നിലത്തെി പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചിട്ടും കൂട്ടാക്കാത്തതിൽ മനംനൊന്താണ് കൈത്തണ്ട മുറിച്ചത്. ഏറെനേരം ബോധരഹിതനായി ഓഫിസിനുമുന്നിൽ കിടന്ന വിദ്യാർത്ഥിയെ ആശുപത്രിയിലത്തെിക്കാനും അധികൃതർ കൂട്ടാക്കിയില്ലെന്നും എസ് എഫ് ഐ പറയുന്നു.

കോളജ് കാമ്പസിനടുത്ത് സി.എസ്.ഐ പള്ളിവളപ്പിൽ പാർക്ക് ചെയ്തിരുന്ന കോളജിലെ പ്രഫസർ സുനിതയുടെ കാറിന്റെ ടയറിന്റെ കാറ്റ് അഴിച്ചുവിടുന്നത് തടയാൻ ശ്രമിച്ച വികാരി ഫാ. ഷിബുവിനെ സമരക്കാർ ആക്രമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP