Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കായലിൽ ചാടിയ യുവാക്കൾക്ക് വേണ്ടി സ്ത്രീകളുടെ നേതൃത്വത്തിൽ പൊലീസിനെ തടഞ്ഞു കോളനിക്കാർ; ചതയദിനാഘോഷത്തിന്റെ ഉടമസ്ഥാവകാശം തർക്കമായി; കുമരകത്തെ മുൾമുനയിൽ നിർത്തിയ സിപിഐ(എം)-ബിജെപി സംഘർഷം ഇങ്ങനെ

കായലിൽ ചാടിയ യുവാക്കൾക്ക് വേണ്ടി സ്ത്രീകളുടെ നേതൃത്വത്തിൽ പൊലീസിനെ തടഞ്ഞു കോളനിക്കാർ; ചതയദിനാഘോഷത്തിന്റെ ഉടമസ്ഥാവകാശം തർക്കമായി; കുമരകത്തെ മുൾമുനയിൽ നിർത്തിയ സിപിഐ(എം)-ബിജെപി സംഘർഷം ഇങ്ങനെ

കോട്ടയം: വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ ആശങ്കയിലാക്കി ഇന്നലെ സിപിഐ(എം). ബിജെപി. സംഘർഷം. ചതയദിനത്തോടനുബന്ധിച്ചു നടന്ന ആഘോഷപരിപാടികളാണ് കുമരകത്തെ മുൾമുനയിലാക്കിയത്. കുമരകം നോർത്ത് സിപിഐ(എം). ലോക്കൽ സെക്രട്ടറി എം.എം. പുഷ്‌കരന്റെ വീട്ടുമുറ്റത്തു കിടന്ന കാറിന്റെ മുൻവശത്തെ ചില്ല് കഴിഞ്ഞ രാത്രിയിൽ തകർത്തതിനെത്തുടർന്നുണ്ടായ പൊലീസ് നടപടിയും സങ്കീർണ്ണത കൂട്ടി.

ബിജെപി. പ്രവർത്തകരാണു ആക്രമണം നടത്തിയതെന്ന പുഷ്‌കരന്റെ പരാതിയെത്തുടർന്നു പൊലീസ് ആശാരിമറ്റം കോളനിയിലെത്തി വീടുകളിൽ പരിശോധന നടത്തി. അതിനിടെ ഇവിടെയുണ്ടായിരുന്ന യുവാക്കൾ ഇറങ്ങിയോടി. പൊലീസ് പിന്തുടർന്നതോടെ മൂന്നുപേർ വേമ്പനാട്ടു കായലിൽ ചാടി. ആശാരിമറ്റം ബൈജുവിന്റെ മകൻ വൈശാഖ് (22), മജുവിന്റെ മകൻ ഉണ്ണിക്കുട്ടൻ (22), സതീശന്റെ മകൻ സജേഷ് (26) എന്നിവരാണു കായലിൽ ചാടിയത്. യുവാക്കൾ കായലിൽ ചാടിയതോടെ സ്ഥലത്തുനിന്നു പിൻവാങ്ങാൻ ശ്രമിച്ച പൊലീസ് സംഘത്തെ പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ ചേർന്നു തടഞ്ഞുവച്ചു.

ആശാരിമറ്റം കോളനി റോഡിൽ ഇഷ്ടിക നിരത്തി നാട്ടുകാർ പൊലീസിനെ ഉപരോധിച്ചു. രംഗം വഷളായതോടെ കോട്ടയത്തുനിന്നെത്തിയ ഫയർഫോഴ്‌സ് സംഘം കായലിൽ ചാടിയ യുവാക്കൾക്കായി തെരച്ചിൽ നടത്തി. ഇതിനിടയിൽ കായലിൽ ചാടിയ രണ്ടു പേർ നീന്തി രക്ഷപെട്ടതായി പൊലീസിനു വിവരം ലഭിച്ചു. സ്ഥലത്ത് ബിജെപി.-ആർ.എസ്.എസ്. പ്രവർത്തകർ സംഘടിച്ചെത്തി പൊലീസിനെതിരെ മുദ്രാവാക്യം വിളികളോടെ കോട്ടയംചേർത്തല റോഡ് ഉപരോധിച്ചു. ഉപരോധം ഒരു മണിക്കൂർ നീണ്ടു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എംപി. ദിനേശ് ഉറപ്പു നൽകിയതോടെയാണു റോഡ് ഉപരോധം അവസാനിപ്പിച്ചത്. ഉച്ചകഴിഞ്ഞു മൂന്നോടെ കൊക്കോബേ റിസോർട്ടിനു സമീപമുള്ള കാട്ടിൽനിന്നു വൈശാഖിനെയും കണ്ടെത്തി. അവശനായ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ കുമരകത്തു പൊലീസിനെക്കണ്ട് ഭയന്നോടി കായലിൽ ചാടിയ യുവാവിനെ കാണാതായെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്നു പൊലീസ് വ്യക്തമാക്കുന്നു. സിപിഐ(എം). ലോക്കൽ സെക്രട്ടറിയുടെ കാർ തകർത്ത പരാതിയിൽ അന്വേഷണത്തിനെത്തിയ പൊലീസിനെക്കണ്ട് രക്ഷപെടാനായി ബിജെപി. പ്രവർത്തകർ കായലിൽ ചാടുകയായിരുന്നു. സ്ഥലത്ത് സംഘർഷം സൃഷ്ടിക്കുന്നതിനുവേണ്ടി ചിലർ ബോധപൂർവമായ ഇടപെടലുകൾ നടത്തി. പൊലീസിൽനിന്നു രക്ഷിക്കാനായി കായലിൽ ചാടിയവരെ ഒളിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.

ചതയദിനത്തോടനുബന്ധിച്ചു നടന്ന ആഘോഷപരിപാടികൾ അലങ്കോലപ്പെടുത്താൻ പൊലീസ് ബോധപൂർവം ശ്രമിക്കുകയായിരുന്നുവെന്ന ബിജെപി. കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എൻ. ജയകുമാർ ആരോപിച്ചു. ബിജെപിക്കാർ ചതയ ദിനം ഏറ്റെടുക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രശ്‌നങ്ങളുണ്ടാക്കി. ഇതിന്റെ തുടർച്ചയായിരുന്നു ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ കാർ ആക്രമിച്ചതെന്നാണ് സൂചന. ഇതോടെയാണ് സിപിഎമ്മും സംഘടിച്ചെത്തിയത്. ലോക്കൽ സെക്രട്ടറിയുടെ കാറിനു നേരെയുണ്ടായ ആക്രമണത്തിലെ പ്രതികളെ രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടുള്ള നാടകമാണ് ഇന്നലെ അരങ്ങേറിയതെന്നു സിപിഐ(എം). നേതൃത്വവും ആരോപിച്ചു.

അതിനിടെ പൊലീസിനെതിരെ കള്ളപ്രചരണം നടത്തിയതിനും പൊലീസിനെ തടഞ്ഞുനിർത്തി ജോലി തടസപ്പെടുത്തിയതിനും 50 പേർക്കെതിരെ കേസെടുത്തതായി കുമരകം പൊലീസും വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP