Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട് മോഡലിൽ സ്വയം സാറായി തച്ചങ്കരിയുടെ ലഡുവിതരണം; നിരവധി ജീവനക്കാർ ലഡു വാങ്ങാൻ വിസമ്മതിച്ചു; സ്‌കൂട്ടറിൽ പെട്രോൾ പമ്പ് ചുറ്റിയും ലഡു വിതരണം ചെയ്തു; മന്ത്രിക്കും കടുത്ത അതൃപ്തി; ഷൈൻ ചെയ്യാൻ തച്ചങ്കരി സ്വീകരിച്ച ലഡു വിതരണം പാരയായേക്കും

തമിഴ്‌നാട് മോഡലിൽ സ്വയം സാറായി തച്ചങ്കരിയുടെ ലഡുവിതരണം; നിരവധി ജീവനക്കാർ ലഡു വാങ്ങാൻ വിസമ്മതിച്ചു; സ്‌കൂട്ടറിൽ പെട്രോൾ പമ്പ് ചുറ്റിയും ലഡു വിതരണം ചെയ്തു; മന്ത്രിക്കും കടുത്ത അതൃപ്തി; ഷൈൻ ചെയ്യാൻ തച്ചങ്കരി സ്വീകരിച്ച ലഡു വിതരണം പാരയായേക്കും

തിരുവനന്തപുരം: ആർടിഒ ഓഫിസുകളിൽ തന്റെ പിറന്നാൾ ആഘോഷിക്കാനാവശ്യപ്പെട്ട് ഗതാഗത കമ്മിഷണർ ടോമിൻ തച്ചങ്കരി സർക്കുലർ ഇറക്കിയിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെ പിറന്നാൾ ആഘോഷിക്കണമെന്നതു സംബന്ധിച്ചു നിലവിൽ സർക്കുലർ നിയമങ്ങളൊന്നുമില്ല. ഔചിത്യം അവനവൻ തന്നെയാണു തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇതോടെ തച്ചങ്കരിയുടെ പിറന്നാൾ ആഘോഷം വിവാദത്തിലാവുകയാണ്.

ഹെൽമറ്റ് നിർബന്ധമാക്കുന്നതിനുള്ള പ്രചാരണ പരിപാടികൾക്കു രംഗത്തിറങ്ങിയ വിദ്യാർത്ഥികൾക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചു ഗതാഗത കമ്മിഷണർ ടോമിൻ ജെ. തച്ചങ്കരി ഗംഭീരമാക്കിയിരുന്നു. കൊച്ചി ഇരുമ്പനത്തെ ബിപിസിഎൽ ഇന്ധന പമ്പിലായിരുന്നു പിറന്നാൾ കേക്ക് മുറിച്ചത്. ഹെൽമറ്റ് പ്രചാരണ പരിപാടിയുടെ ഭാഗമായി മോട്ടോർ സൈക്കിളിൽ ഹെൽമറ്റ് ധരിച്ചാണു ഗതാഗത കമ്മിഷണർ ലഘുലേഖ വിതരണത്തിനു പെട്രോൾ പമ്പിലെത്തിയത്. ഹെൽമറ്റ് ധരിച്ചു പെട്രോൾ നിറയ്ക്കാൻ പമ്പിലെത്തിയ ഇരുചക്ര വാഹന യാത്രക്കാർക്കെല്ലാം പിറന്നാൾ കേക്ക് നൽകി. കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെബിപിഎസ്) എംഡി കൂടിയായ തച്ചങ്കരി കെബിപിഎസ് വളപ്പിൽ പിറന്നാൾ ദിനത്തിൽ മരങ്ങൾ നട്ടു. 200 തേക്കിൻ തൈകളാണ് നട്ടത്. പത്തുലക്ഷം രൂപ മുടക്കി നിർമ്മിച്ച കെബിപിഎസ് പ്രധാന കവാടം, മൾട്ടി പർപസ് ഗോഡൗൺ, 500 കിലോവാട്ട് വീതം ശേഷിയുള്ള രണ്ടു ജനറേറ്ററുകൾ എന്നിവയും ഉദ്ഘാടനം ചെയ്തു.

'ഹെൽമറ്റ് ധരിക്കൂ, പെട്രോൾ നിറയ്ക്കൂ, സുരക്ഷിതമായി യാത്ര ചെയ്യൂ' എന്ന സന്ദേശമടങ്ങിയ ലഘുലേഖകൾ 50 പമ്പുകളിൽ വിദ്യാർത്ഥികൾ വിതരണം ചെയ്തു. ലഘുലേഖാ പ്രചാരണത്തിന്റെ ഉദ്ഘാടനമാണ് ഇരുമ്പനത്തു ഗതാഗത കമ്മിഷണർ നിർവഹിച്ചത്. ഇതിനുശേഷം ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് ഓഫിസിലും ആർടി ഓഫിസിലും അദ്ദേഹം മധുരവിതരണം നടത്തി. അതിനിടെ വകുപ്പിനു കീഴിലെ ഓഫിസുകളിൽ ഗതാഗത കമ്മിഷണർ സ്വന്തം പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. സ്വന്തം വകുപ്പിലെ ജീവനക്കാർക്കു വകുപ്പു മേധാവി മധുരം വിതരണം ചെയ്യുന്നത് എങ്ങനെ തെറ്റാകുമെന്നും ജീവനക്കാർക്കു മധുരം നൽകിയതു സ്വന്തം പണം ഉപയോഗിച്ചാണെന്നും തച്ചങ്കരി പ്രതികരിച്ചു. വകുപ്പു മേധാവിയിൽനിന്നു മറ്റുള്ളവർക്കുനേരെ മോശം പെരുമാറ്റമുണ്ടാകുമ്പോഴല്ലേ വിമർശിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

തച്ചങ്കരിയുടെ ജന്മദിനം ആഘോഷിക്കാൻ നൽകിയ ലഡു കോഴിക്കോട്ടെ ജീവനക്കാർ നിരസിച്ചു. രാവിലെ ആർടി ഓഫിസിൽ ലഡു വിതരണം ചെയ്യാൻ തുടങ്ങിയെങ്കിലും ജീവനക്കാർ വാങ്ങിയില്ല. ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ഓഫിസിലേക്ക് നൽകിയ ലഡുവും തിരികെ നൽകി. ജീവനക്കാർ വാങ്ങാൻ തയാറാകാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി ആർടി ഓഫിസിലെത്തിയവർക്ക് ലഡു വിതരണം ചെയ്തു. ജന്മദിന സന്തോഷം ജീവനക്കാരുമായി പങ്കിടാനാണു ലഡു വിതരണത്തിനു നിർദ്ദേശം നൽകിയതെന്ന് തച്ചങ്കരി വിശദീകരിച്ചിരുന്നു. പണം അദ്ദേഹം തന്നെ നൽകുമെന്നും പറഞ്ഞു. വകുപ്പിൽ തച്ചങ്കരി നടപ്പാക്കിയ പരിഷ്‌കാരങ്ങൾ അടങ്ങിയ സന്ദേശവും വിവിധ ഓഫിസുകൾക്കു കൈമാറിയിരുന്നു.

ഇതിന് പിറകെയാണ് പിറന്നാൾ ആഘോഷത്തിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട് തച്ചങ്കരി ആർ.ടി.ഒ.മാർക്ക് നൽകിയ സർക്കുലർ വിവാദമായത്. ഇന്നെന്റെ ജന്മദിനമാണെന്ന തലക്കെട്ടോടെ ഇറങ്ങിയ സർക്കുലറിനു പിന്നാലെ ഓഫീസുകളിൽ മധുരപലഹാരം വിതരണം ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന ഫോൺസന്ദേശവും ഉണ്ടായിരുന്നു. ആഘോഷത്തിന് മാനദണ്ഡങ്ങളൊന്നുമില്ലെങ്കിലും അയച്ച സന്ദേശത്തെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞുകഴിഞ്ഞു. അതിനിടെ തമിഴ് നാട് മോഡൽ ആഘോഷത്തിനെതിരെ തച്ചങ്കരിക്കെതിരെ അടിയന്തര അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി. ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. അഴിമതിവിരുദ്ധത പറഞ്ഞ് തങ്ങളുടെ പൂർവകാല കളങ്കങ്ങൾ മായ്ച്ചുകളയാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് എൻ.സി.പി. ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ് പറഞ്ഞു.

പിറന്നാളാഘോഷത്തിന് ഓഫീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയ നടപടി ഫ്യൂഡൽ വ്യവസ്ഥിതിയുടെ ആവർത്തനമാണെന്ന് സംസ്ഥാന പൗരാവകാശ സമിതി ആരോപിച്ചു. അല്പത്തരം കാണിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താൻ സർക്കാർ തയ്യാറാകണമെന്നും സമിതി ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP