Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തസ്‌നിക്ക് സഹപാഠികളുടെ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലി; ഇന്ന് ജന്മനാട് വിട നൽകും; ഇറങ്ങേണ്ട വഴിയെ ഇരമ്പിക്കയറി ചെകുത്താനും കോടാലിയും ആരോടും മിണ്ടാതെ പെൺകുട്ടിയുടെ ജീവനെടുത്തു

തസ്‌നിക്ക് സഹപാഠികളുടെ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലി; ഇന്ന് ജന്മനാട് വിട നൽകും; ഇറങ്ങേണ്ട വഴിയെ ഇരമ്പിക്കയറി ചെകുത്താനും കോടാലിയും ആരോടും മിണ്ടാതെ പെൺകുട്ടിയുടെ ജീവനെടുത്തു

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ പേരിൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് കോളേജ് മുറ്റത്തു നടന്ന കോപ്രായത്തിൽ പെട്ട് ജീവിൻപൊലിഞ്ഞ വിദ്യാർത്ഥിനി തസ്‌നി ബഷീറിന് സഹപാഠികൾ കണ്ണീരോടെ വിടനൽകി. തസ്‌നിയുടെ ചേതനയറ്റ ശരീരം കണ്ട് സഹപാഠികൾ കരച്ചിൽ അടക്കാൻ പാടുപെട്ട് പൊട്ടിക്കരയുകയായിരുന്നു. ആരെയും നോവിക്കാൻ ഇഷ്ടപ്പെടാതെ ഒതുങ്ങി തന്റെ ജീവിതം നിശബ്ദമായി ജീവിച്ചു തീർത്ത പാവമായിരുന്നു തസ്‌നി. ഇക്കാര്യം ഓർക്കുമ്പോൾ പലരും പൊട്ടിക്കരയുകയായിരുന്നു.

മെൻസ് ഹോസ്റ്റൽ സംഘത്തിന്റെ അതിരുവിട്ട ഓണാഘോഷ ലഹരിയിൽ പാഞ്ഞുവന്ന ജീപ്പ് തസ്‌നിയുടെ ജീവൻ എഠുക്കുകയായിരുന്നു. ആറാം സെമസ്റ്റർ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയായ തസ്‌നി ബഷീറിന്റെ മരണം. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച തസ്‌നിയുടെ ശരീരം ഇന്നലെ രാവിലെ എട്ടരയ്ക്കു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടം കഴിഞ്ഞു ചാലക്കുഴി ജുമാ മസ്ജിദിൽ മതപരമായ ചടങ്ങുകൾക്കു ശേഷം സഹപാഠികളുടെ അഭ്യർത്ഥന കണക്കിലെടുത്താണു കോളജിലേക്കു കൊണ്ടുവന്നത്. ഇവിടെ വികാരനിർഭരമായ രംഗങ്ങളായിരുന്നു. ഒരു മണിക്കൂറോളം പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് ഒന്നരയോടെയാണു മൃതദേഹം സ്വദേശമായ നിലമ്പൂരിലേക്കു കൊണ്ടുപോയത്. അപകടവിവരമറിഞ്ഞ് എത്തിയ മാതാപിതാക്കളും സഹോദരങ്ങളും മരണം സ്ഥിരീകരിച്ചതോടെ പുലർച്ചെ തന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു. അടുത്ത ബന്ധുക്കളാണു മൃതദേഹം ഏറ്റുവാങ്ങിയത്.

തസ്‌നിയെ ഇടിച്ചു തെറിപ്പിച്ച ജീപ്പ് ഓടിച്ചിരുന്ന ഏഴാം സെമസ്റ്റർ വിദ്യാർത്ഥി കണ്ണൂർ സ്വദേശി ബൈജു കെ. ബാലകൃഷ്ണനും സംഘത്തിനും എതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു പൊലീസ് കേസെടുത്തു. ബൈജുവും കണ്ടാലറിയാവുന്ന ഇരുപതോളം പേരും ചേർന്നു വിലക്ക് ലംഘിച്ചു കോളജ് ക്യാംപസിനുള്ളിൽ അലക്ഷ്യമായി ജീപ്പ് ഓടിച്ചതാണ് അപകടത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു. തസ്‌നിയുടെ ഒപ്പമുണ്ടായിരുന്ന രണ്ടു കുട്ടികൾ, രണ്ടു സഹപാഠികൾ, ആശുപത്രിയിലെത്തിച്ചവർ, കോളജ് അധികൃതർ എന്നിവരിൽ നിന്നു മൊഴിയെടുത്തു. ജീപ്പിലുണ്ടായിരുന്നവരും തസ്‌നിയും തമ്മിൽ ഒരു മുൻവൈരാഗ്യവും ഇല്ലെന്നാണ് ഇവർ മൊഴി നൽകിയതെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നു തസ്‌നിയുടെ അടുത്ത ബന്ധു പൊലീസിനോടു പരാതിപ്പെട്ടു.

തസ്‌നിക്കു മാത്രം അപകടത്തിൽ പരുക്കേറ്റതും കോളജ് അധികൃതർ പൊലീസിൽ വിവരമറിയിക്കാൻ വൈകിയതും സഹപാഠികൾ പരസ്പരവിരുദ്ധമായ വിശദീകരണം നൽകുന്നതുമാണു ദൂരൂഹതയ്ക്കു കാരണമായി ബന്ധു ആരോപിക്കുന്നത്. അപകടദിവസം രാത്രി ഒന്നാം പ്രതി ബൈജുവിന്റെ ഹോസ്റ്റൽ മുറിയിൽ നടത്തിയ പരിശോധനയിൽ രക്തക്കറ പുരണ്ടെന്നു സംശയിക്കുന്ന ഷർട്ടും ചില കോളജ് രേഖകളും പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ കണ്ണൂരിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും അവിടെ എത്തിയിട്ടില്ലെന്ന വിവരമാണു മാതാപിതാക്കളിൽ നിന്നു ലഭിച്ചത്.

ഉച്ചയോടെ ഡിസിപി: കെ. സഞ്ജയ്കുമാറിന്റെ നേതൃത്വത്തിൽ കോളജിലെ മെൻസ് ഹോസ്റ്റലിലെ എല്ലാ ബ്ലോക്കുകളും പരിശോധിച്ചപ്പോൾ രണ്ടു ഹോക്കി സ്റ്റിക്കും ഒരു ഇരുമ്പുവടിയും കണ്ടെടുത്തു. അന്യസംസ്ഥാനക്കാരായ നാലു വിദ്യാർത്ഥികൾ ഒഴികെ എല്ലാവരും പൊലീസ് നടപടി ഭയന്നു ഹോസ്റ്റൽ വിട്ടു. ഓണാഘോഷത്തിന് അനുമതി തേടിയ 12 പേർക്കു പുറമെ അപകടത്തിനു നേരിട്ടു കാരണക്കാരായവരെന്നു സ്ഥിരീകരിച്ച അഞ്ചു വിദ്യാർത്ഥികളെക്കൂടി ഇന്നലെ സസ്‌പെൻഡ് ചെയ്തു. കോളജിൽ 24 മണിക്കൂർ പൊലീസ് കാവലും ഏർപ്പെടുത്തി.

മരണകാരണം തലയ്‌ക്കേറ്റ പരിക്ക്

തസ്‌നി ബഷീറിന്റെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കുകളാണെന്നു പോസ്റ്റ്‌മോർട്ടത്തിലെ നിഗമനം. വലതു കൈക്കും കാലിനും ഒടിവു സംഭവിച്ചിട്ടുമുണ്ട്. പരുക്കിൽ നിന്നുണ്ടായ അമിതമായ രക്തസ്രാവം നിയന്ത്രണാതീതമാകുകയായിരുന്നു. മൂന്നു ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

ബുധനാഴ്ച വൈകിട്ട് കോളജ് സമയം കഴിഞ്ഞു 4.10നാണു മെൻസ് ഹോസ്റ്റലിൽ നിന്നുള്ള സംഘം രണ്ടു ജീപ്പുകളിലും ഒരു ലോറിയിലും ഓണാഘോഷ ലഹരിയിൽ കോളജ് ഗേറ്റിനുള്ളിലേക്കു കടന്നത്. പുറത്തേക്കിറങ്ങേണ്ട കവാടത്തിലൂടെയായിരുന്നു സംഘം ആർത്തിരമ്പി അകത്തേക്കു കയറിയത്. വലതുവശം ചേർന്നു നടന്നുപോകുകയായിരുന്ന തസ്‌നിയെ ജീപ്പ് ഇടിച്ചുവീഴ്‌ത്തി. തല നിലത്തിടിച്ചതോടെ ബോധരഹിതയായ തസ്‌നിയെ സഹപാഠികൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആഘോഷസംഘം ഉടൻ സ്ഥലംവിട്ടു.

ജന്മനാട് ഇന്ന് കണ്ണീരോടെ വിടനൽകും

പ്രിയപ്പെട്ട ചേച്ചി തങ്ങളെ വിട്ടുപോയതിന്റെ കണ്ണീരണിഞ്ഞു നിൽകുകയുണ് നിലമ്പൂർ എടക്കരയിലെ തസ്‌നിയുടെ കുടുംബം. ഓണാവധിക്ക് അവരുടെ പ്രിയപ്പെട്ട ഇത്താത്ത വരുന്നതും കാത്തിക്കുകയായിരുന്നു സഹോദരങ്ങൽ. എന്നാൽ, പ്രിയപ്പെട്ടവളുടെ മരണവാർത്തയിൽ കണ്ണീരണിഞ്ഞു നിൽക്കുകയാണ് ഫാത്തിമ റാഹിലയും അമീനും തിരുവനന്തപുരത്തെ കോളജ് ഓഫ് എൻജിനീയറിങ്ങിൽ ജീപ്പിടിച്ചു മരിച്ച തസ്‌നി ബഷീറിന്റെ പൊന്നോമന സഹോദരങ്ങൾ. തസ്‌നിയുടെ കബറടക്കം ഇന്ന് ഒൻപതിനു മണിമൂളി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

ഓണാവധിക്കു വീട്ടിലേക്കു പുറപ്പെടുകയാണെന്നു കഴിഞ്ഞ ദിവസം തസ്‌നി വിളിച്ചുപറഞ്ഞിരുന്നു. പക്ഷേ, അവളുടെ വരവ് പ്രതീക്ഷിച്ചിരുന്ന വീട്ടുകാർ പിന്നീട് അപകടവിവരമാണറിയുന്നത്. വഴിക്കടവ് പഞ്ചായത്ത് അങ്ങാടിക്ക് സമീപമാണ് കുന്നത്ത് പുല്ലഞ്ചേരി ബഷീറിന്റെ കുടുംബം താമസിക്കുന്നത്. നാലുമക്കളിൽ മൂത്തവളായ തസ്‌നി പഠിക്കാൻ മിടുക്കിയായിരുന്നു.

മകളെ ഡോക്ടറാക്കണമെന്നായിരുന്നു ബഷീറിന്റ ആഗ്രഹം. അതിനുവേണ്ടിയാണ് പാലായിലെ പരിശീലനകേന്ദ്രത്തിലയച്ചത്. എന്നാൽ, തസ്‌നി എൻജിനീയറിങ്ങിലേക്കു തിരിഞ്ഞു. ആഗ്രഹം പോലെ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ സിവിൽ എൻജിനീയറിങ്ങിനു പ്രവേശനം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ സെമസ്റ്ററുകളിലെല്ലാം മികവ് പുലർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP