Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊല്ലപ്പെട്ടത് പഠനത്തിൽ മാത്രം ശ്രദ്ധിച്ച സാധാരണക്കാരിയായ കുടിയേറ്റ ഗ്രാമീണ; പുത്തനുടുപ്പ് ധരിച്ച് മകൾ അയച്ച സെൽഫി ചിത്രനോക്കി പൊട്ടിക്കരഞ്ഞ് പിതാവ്: തസ്‌നിയുടെ വീട്ടിൽ കണ്ണീർമഴ തുടരുന്നു

കൊല്ലപ്പെട്ടത് പഠനത്തിൽ മാത്രം ശ്രദ്ധിച്ച സാധാരണക്കാരിയായ കുടിയേറ്റ ഗ്രാമീണ; പുത്തനുടുപ്പ് ധരിച്ച് മകൾ അയച്ച സെൽഫി ചിത്രനോക്കി പൊട്ടിക്കരഞ്ഞ് പിതാവ്: തസ്‌നിയുടെ വീട്ടിൽ കണ്ണീർമഴ തുടരുന്നു

നിലമ്പൂർ: മകൾ മിടുക്കിയായ എൻജിനീയറായി വരാൻ കാത്തിരുന്ന മാതാപിതാക്കൾക്ക് തസ്‌നിയുടെ അപ്രതക്ഷിത വിയോഗം താങ്ങാൻ സാധിക്കുന്നില്ല. എൻജിനീയറായി വരുന്ന മകളെയും സ്വപ്നം കണ്ടിരുന്ന മാതാപിതാക്കൾക്ക് അവളുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടിവന്നതിന്റെ വേദനയിലാണ് മാതാപിതാക്കൾ. എൻജിനീയറിങ് വിദ്യാർത്ഥിനി തസ്‌നി ബഷീറിന്റെ മരണം ജന്മനാടായ വഴിക്കടവിനെ കണ്ണീരിലാഴ്‌ത്തി. ഇടത്തരം കുടുംബത്തിലെ അംഗമായ തസ്‌നി പഠിക്കാൻ ഏറെ മിടുക്കിയായിരുന്നു.

പഠിച്ച് നല്ല ജോലി സമ്പാദിക്കണമെന്നായിരുന്നു തസ്‌നിയുടെ ആഗ്രഹം. മകളുടെ ആഗ്രഹത്തെ മാതാപിതാക്കളും പ്രേത്സാഹിപ്പിച്ചു. എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയതോടെയാണ് തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ അഡ്‌മിഷൻ കിട്ടിയത്. മകൾ ഒരുപാട് അകലെയാണല്ലോ എന്ന് ഓർത്ത് വിഷമിക്കുന്ന മാതാപിതാക്കളോട് താൻ വലിയൊരു എൻജിനിയറായി തിരിച്ചു വരുമെന്ന് തെസ്‌നി പറയുമായിരുന്നു.

തസ്‌നിയുടെ പിതാവ് കുന്നത്ത് പുല്ലഞ്ചേരി ബഷീർ നാട്ടിൽ കൃഷിപ്പണിയും മറ്റുമായാണ് കുടുംബം പുലർത്തിയിരുന്നത്. മക്കളുടെ പഠന ആവശ്യങ്ങളും മറ്റും സാക്ഷാത്കരിക്കുന്നതിനാണ് മൂന്നുവർഷം മുമ്പ് ബഷീർ ഖത്തറിലേക്ക് പോയത്. മകളുടെ അപകടവിവരമറിഞ്ഞ് വ്യാഴാഴ്ച വൈകിട്ട് ബഷീർ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. വെള്ളപുതച്ച്, നിത്യ നിദ്രയിലാണ്ട മകളായാണ് ബഷീറിന് കാണേണ്ടി വന്നത്.

ഇന്നലെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ തെസ്‌നിയുടെ ക്‌ളാസിലെ വിദ്യാർത്ഥിനികൾ കോളേജിന്റെ മുറ്റത്തേക്കു വന്ന് പരസ്പരം കെട്ടിപ്പിടിച്ച് നിലവിളിച്ച രംഗം മറ്റുള്ളവരെയും സങ്കടത്തിലാക്കി. മൂടിക്കെട്ടിയ മുഖവുമായി അദ്ധ്യാപകരും പല കോണുകളിൽ തളർന്നിരുന്നു. പലർക്കും പിതാവ് ബഷീറിനെ എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടതെന്ന് പോലും അറിയില്ലായിരുന്നു.

മണിമൂളി കൃസ്തുരാജ പി.കെ.എച്ച്.എസ്.എസിലായിരുന്നു തസ്‌നി പത്താംക്‌ളാസ് വരെ പഠിച്ചിരുന്നത്. പിന്നെ മുക്കം ചേന്നമംഗലൂരിലെ ഒരു ഇസ്‌ളാമിക കോളേജിൽ പഠനം തുടർന്നു. ഉന്നതപഠനം നടത്തിയിരുന്ന കുട്ടികളോട് പഠനകോഴ്‌സുകളെക്കുറിച്ചും പഠനരീതിയെക്കുറിച്ചും തസ്‌നി നിരന്തരം ചോദിച്ചറിയാറുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

ഓണാവധിക്കു വീട്ടിലേക്കു പുറപ്പെടുകയാണെന്നു കഴിഞ്ഞ ദിവസം തസ്‌നി വിളിച്ചുപറഞ്ഞിരുന്നു. പക്ഷേ, അവളുടെ വരവ് പ്രതീക്ഷിച്ചിരുന്ന വീട്ടുകാർ പിന്നീട് അപകടവിവരമാണറിയുന്നത്. വഴിക്കടവ് പഞ്ചായത്ത് അങ്ങാടിക്ക് സമീപമാണ് കുന്നത്ത് പുല്ലഞ്ചേരി ബഷീറിന്റെ കുടുംബം താമസിക്കുന്നത്. നാലുമക്കളിൽ മൂത്തവളായ തസ്‌നി പഠിക്കാൻ മിടുക്കിയായിരുന്നു. ബഷീർ - സനൂജ ദമ്പതികളുടെ മൂത്തമകളാണ് തസ്‌നി. സഹോദരങ്ങൾ: മുഹമ്മദ് റാഫി, ഫാത്തിമ റാഹില, അമീൻ. വഴിക്കടവ് പഞ്ചായത്തങ്ങാടിയിലാണ് ഇവർ താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP