Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താടിവച്ചാൽ തീവ്രവാദികൾ; പ്രാർത്ഥിക്കാൻ ഇടംചോദിച്ചാൽ മതവിദ്വേഷം; ക്രിസ്ത്യൻ വിദ്യാർത്ഥികളെ നിർബന്ധിച്ച് ധ്യാനത്തിന് അയക്കുന്ന കത്തോലിക്കാ എഞ്ചിനീയറിങ്ങ് കോളേജിൽ മറ്റ് മതക്കാർക്ക് ആരാധന സ്വാതന്ത്ര്യവും ഇല്ല

താടിവച്ചാൽ തീവ്രവാദികൾ; പ്രാർത്ഥിക്കാൻ ഇടംചോദിച്ചാൽ മതവിദ്വേഷം; ക്രിസ്ത്യൻ വിദ്യാർത്ഥികളെ നിർബന്ധിച്ച് ധ്യാനത്തിന് അയക്കുന്ന കത്തോലിക്കാ എഞ്ചിനീയറിങ്ങ് കോളേജിൽ മറ്റ് മതക്കാർക്ക് ആരാധന സ്വാതന്ത്ര്യവും ഇല്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ ഏത് മതത്തെയും ആരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളത്തിൽ ഒരു കോളേജ് ഈ സ്വാതന്ത്ര്യത്തെയും ഹനിച്ചാലോ. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതിയിൽ വിദ്യാർത്ഥികൾക്കുള്ള സ്വാതന്ത്ര്യനിഷേധത്തിന്റെ ഈയൊരു തലം കൂടിയുണ്ട്. കോളേജിന്റെ അക്കാഡമിക് മികവിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് സർവ്വ സ്വാതന്ത്ര്യവും അടിച്ചമർത്തി വളർന്ന ഈ കത്തോലിക്കാ കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയപ്പോഴാണ് മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത് വന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ വമ്പൻ സ്വാധീനത്തിൽ മാദ്ധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിക്കാൻ പോലും കൂട്ടാക്കാതെ വന്നതോടെ പ്രതീക്ഷ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടി കൂടി ആരംഭിക്കുകയാണ് ഇപ്പോൾ.

കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിൽ പ്രവർത്തിക്കുന്ന അമൽജ്യോതി എഞ്ചിനീയറിങ്ങ് കോളേജിലെ ക്രിസ്തീയ വിദ്യാർത്ഥികൾക്ക് പ്രാർത്ഥിക്കാൻ പ്രത്യേകം ചാപ്പൽ ഉള്ളപ്പോൾ മറ്റ് മതസ്ഥർക്ക് ഒരു മുറിപോലും അനുവദിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ക്രിസ്ത്യൻ വിദ്യാർത്ഥികളെ പാലക്കാടിന് സമീപം ചിറ്റൂരുള്ള ധ്യാനകേന്ദ്രത്തിലേക്ക് നിർബന്ധിച്ച് ധ്യാനത്തിന് കൊണ്ട് പോയതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. പ്രാർത്ഥിക്കാൻ ഒരു മുറിയെങ്കിലും അനുവദിക്കണമെന്നുള്ള മുസ്ലിം വിദ്യാർത്ഥികളുടെ അപേക്ഷ നിഷ്‌കരുണം മാനേജ്‌മെന്റ് തള്ളുകയായിരുന്നു. മതപരമായ കാരണങ്ങളാൽ താടിവയ്ക്കണമെന്ന ചില മുസ്ലിം വിദ്യാർത്ഥികളുടെ ആവശ്യം തള്ളിക്കളഞ്ഞതും കോളേജിൽ സംഘർഷത്തിന് കാരണമായിട്ടുണ്ട്. 

താടി വച്ച് കോളേജിലെത്തിയ വിദ്യാർത്ഥികളെ തീവ്രവാദികൾ എന്ന് ആക്ഷേപിച്ച സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്. താടി വയ്ക്കുന്നവരൊക്കെ എങ്ങനെയാണ് തീവ്രവാദികൾ ആകുന്നത് എന്ന ചോദ്യത്തിന് മാനേജ്‌മെന്റിന് മറുപടിയില്ല. പ്രാർത്ഥിക്കാൻ സ്ഥലം വേണമെന്ന ആവശ്യം ക്രൈസ്തവ സ്ഥാപനങ്ങളിൽ ഭിന്നത വളർത്താനുള്ള ഗൂഢാലോചന മാത്രമായാണ് മാനേജ്‌മെന്റ് വിലയിരുത്തുന്നത്. മതത്തിന്റെയും ജാതിയുടെയും പേരിൽ ഇവിടെ വൻ വിവേചനം നിലനിൽക്കുന്നു എന്നു പലവിദ്യാർത്ഥികളും ആരോപിക്കുന്നുണ്ട്.

അപമര്യാദയായി പെരുമാറുന്ന ഹോസ്റ്റൽ വാർഡൻ ഫാ. റബെനെതിരെ നടപടി എടുക്കണം എന്നതടക്കം പത്തോളം ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങിയത്. വിദ്യാർത്ഥികൾ മാസങ്ങളോളം പരിശീലനം ചെയ്ത് നടത്തിയ സംഗീത പരിപാടി ഇടയ്ക്ക് വച്ച് അവസാനിപ്പിച്ചതിനെത്തുടർന്നായിരുന്നു അതുവരെ അടിച്ചമർത്തപ്പെട്ട രോഷം വെളിയിൽ വന്നത്. തുടർന്നാണ് കോളേജ് പൂട്ടിയ മാനേജ്‌മെന്റ് ഇന്നലെ മുതൽ കോളേജിൽ ഒന്ന്, നാല് വർഷ ബാച്ചുകളുടെ ക്ലാസ് ആരംഭിച്ചിട്ടുണ്ട്. രണ്ട് മൂന്നു വർഷ ബാച്ചുകളുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണ്. ഈ ബാച്ചുകളിലെ കുട്ടികളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.

പട്ടാളഭരണത്തെ ഓർമിപ്പിക്കുംവിധമുള്ള ഹോസ്റ്റലും പാഠ്യേതര പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന മാനേജ്‌മെന്റും വിദ്യാർത്ഥികളോട് കടുത്ത അനീതിയാണ് കാട്ടുന്നത് എന്നാണ് ആരോപണം. ഹോസ്റ്റൽ വാർഡന്റെ വിദ്യാർത്ഥികളോടുള്ള പെരുമാറ്റത്തിൽ മുമ്പുതന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. കുട്ടികളോട് വളരെ മോശമായി പെരുമാറുന്ന വാർഡനും സെക്യൂരിറ്റി ജീവനക്കാരും വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്ന സ്ഥിതിവരെ ഉണ്ടായിട്ടുണ്ടെന്നാണ് കുട്ടികൾ ആരോപിക്കുന്നത്. വീട്ടുകാരെ ഉൾപ്പെടെ അധിക്ഷേപിക്കുന്ന വാർഡനും സെക്യൂരിറ്റി ജീവനക്കാർക്കുമെതിരെ നിരവധി തവണ പരാതി നല്കിയിട്ടും ഒരു നടപടിയും മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നില്ലത്രേ. പഠനാവശ്യങ്ങൾക്ക് ലാപ്‌ടോപ് ഉപയോഗിക്കുന്നതുപോലും നിരോധിച്ചിരിക്കുകയാണ് ഹോസ്റ്റലിൽ എന്നാണ് കുട്ടികളുടെ ആരോപണം.

കോളേജ് ക്യാന്റീനിലെയും ഹോസ്റ്റലിലെയും ഭക്ഷണത്തിന്റെ കാര്യത്തിലും വിദ്യാർത്ഥികൾ പരാതി ഉയർത്താൻ തുടങ്ങിയിട്ട് നാളേറെയായി. ഫീസിനത്തിലും മറ്റും ലക്ഷങ്ങൾ വാങ്ങിയിട്ടും വളരെ മോശം ഭക്ഷണമാണ് ഇവിടെ വിതരണം ചെയ്യുന്നത് എന്നാണ് ആരോപണം ഉന്നയിക്കുന്നത്. വിതരണം ചെയ്യുന്നത് ഫൈവ് സ്റ്റാർ നിലവാരമുള്ള ഭക്ഷണമാണെന്ന് അധികൃതർ പ്രചാരണം അഴിച്ചുവിടുമ്പോഴും യഥാർത്ഥ സ്ഥിതി പരമദയനീയമാണെന്ന് വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു. കോളേജ് മാനേജ്‌മെന്റിനെതിരായി ഏറെ നാളായി പുകയുന്ന പ്രശ്‌നങ്ങളാണ് കഴിഞ്ഞ മാസം അവസാനം കോളേജ് ഫെസ്റ്റിനോട് അനുബന്ധിച്ച് വിദ്യാർത്ഥി പ്രക്ഷോഭമായി രൂപപ്പെട്ടത്.

പ്രതികരിക്കാൻ പോലും അവകാശമില്ലാത്ത ഒരു ജനതയെ സൃഷ്ടിക്കാൻ മാത്രമേ കോളേജിന്റെ അടിച്ചമർത്തൽ പഠനരീതിക്ക് സാധിക്കൂ എന്നതാണ് വാസ്തവം. കുട്ടികൾക്ക് അച്ചടക്കത്തിന്റെ പേരിൽ ശിക്ഷ വിധിക്കുന്ന കോളേജ് അധികൃതർ 'പാവങ്ങൾക്കുള്ള സംഭാവന' എന്ന പേരിലാണ് രസീത് നല്കുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു. അടച്ചുപൂട്ടിയ മുറിക്കുള്ളിൽ അനങ്ങാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തരത്തിലാണ് മാനേജ്‌മെന്റിന്റെ നിലപാടുകളെന്ന് പൂർവ്വവിദ്യാർത്ഥികളും പറയുന്നു. മാനേജ്‌മെന്റിന്റെ അനീതിക്ക് പാത്രമാകുന്ന വിദ്യാർത്ഥികൾ പൊട്ടിത്തെറിച്ചതിൽ അത്ഭുതമില്ലെന്നാണ് പൂർവ്വ വിദ്യാർത്ഥികൾ പറയുന്നത്.

സമരം നടത്തുകയോ അനീതിയെ ചോദ്യം ചെയ്യുകയോ ഇല്ല എന്നു വിദ്യാർത്ഥികൾ എഴുതി നല്കിയാൽ മാത്രമേ സസ്‌പെൻഷനിലായ രണ്ട് ബാച്ചുകളിലും ഇനി ക്ലാസ് ആരംഭിക്കൂ എന്ന വാശിയിലാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ നേരിട്ടുള്ള ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മാനേജ്‌മെന്റ്. മക്കളുടെ ഭാവി അനിശ്ചിതത്വത്തിലായതിന്റെ നിരാശയിൽ കഴിയുകയാണ് അനേകം മാതാപിതാക്കൾ. സഭാനേതൃത്വമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായി സ്ഥലത്തെ രാഷ്ട്രീയ പാർട്ടികൾ പോലും വിഷയത്തിൽ ഇടപെടുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP