Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അധികഭൂമിയെപ്പറ്റി വ്യക്തമായ കണക്കുണ്ടായിട്ടും ആരും ചെറുവിരൽ അനക്കിയില്ല; രാഷ്ട്രീയ തിരിച്ചടികൾ ഭയന്ന് സ്വത്തുക്കൾ ബിനാമി പേരിലേക്ക് മാറ്റിയത് 2009ലും: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അധികഭൂമിയെപ്പറ്റി വ്യക്തമായ കണക്കുണ്ടായിട്ടും ആരും ചെറുവിരൽ അനക്കിയില്ല; രാഷ്ട്രീയ തിരിച്ചടികൾ ഭയന്ന് സ്വത്തുക്കൾ ബിനാമി പേരിലേക്ക് മാറ്റിയത് 2009ലും: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മറുനാടൻ ഡെസ്‌ക്

പത്തനംതിട്ട: മന്ത്രി തോമസ് ചാണ്ടി ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് 2009 വരെ അധിക ഭൂമി കൈവശം വച്ചതായും കൃഷിക്കായി മാറ്റി വച്ച മാർത്താണ്ഡം കായൽ ദുരുപയോഗം ചെയ്തതായും റവന്യൂ രേഖകൾ. 2009-ൽ ബന്ധുക്കളുടെയും സഹോദരന്റെയും പേരിലേക്കു ഭൂമിമാറ്റി. സർവ്വേ നമ്പറുകൾ സഹിതം മംഗളത്തിൽ സജിത് പരമേശ്വരനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റവന്യൂ അധികൃതരുടെ പക്കൽ അധികഭൂമിയെപ്പറ്റി വ്യക്തമായ കണക്കുണ്ടായിട്ടും തോമസ് ചാണ്ടിക്കെതിരേ ചെറുവിരൽ അനക്കിയില്ലെന്നും റിപ്പോർട്ട് പറയുന്നു. ഭൂമി വിഷയം രാഷ്ട്രീയഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നു വ്യക്തമായതോടെയാണ് ഭൂമി മറ്റുള്ളവരുടെ പേരിലേക്ക് മാറ്റിയതെന്നും സജിത് പരമേശ്വരൻ റിപ്പോർട്ട് ചെയ്യുന്നു.

കൃഷി ആവശ്യത്തിനായി മുരിക്കൻ കായലിൽനിന്നും നികത്തിയെടുത്ത ഏഴരകായലിൽപ്പെട്ട മാർത്താണ്ഡം കായൽ കൃഷിഭൂമിയുടെ മുപ്പത് ഏക്കർ ഇപ്പോൾ തോമസ് ചാണ്ടിയുടെ പക്കലാണ്. ഒരേക്കർ വീതം കൃഷിക്കാർക്കു വീതിച്ചു നൽകിയ ഈ ഭൂമിയിൽ അഞ്ച് സെന്റ് ഭൂരഹിതരായ കർഷകന് വീടുവയ്ക്കാനായി വിട്ടുകൊടുക്കാനും അനുമതി ഉണ്ടായിരുന്നു. എന്നാൽ കർഷകരുടെ പക്കൽ നിന്നും തോമസ് ചാണ്ടി വിലയ്ക്കു വാങ്ങിയ ഈ ഭൂമി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് ഇപ്പോൾ. ഒരു തുണ്ടുഭൂമിയിൽ പോലും കൃഷിയിറക്കിയിട്ടില്ല. മുരിക്കന്റെ വിയർപ്പു വീണ മണ്ണ് ഇന്ന് തരിശായി കിടക്കുന്നു.

കോടികൾ കൊയ്യാൻ ലക്ഷ്യമിട്ട് വിനോദസഞ്ചാര പദ്ധതിക്കായി ഈ മണ്ണ് ഉപയോഗിക്കാനാണു തോമസ് ചാണ്ടിയുടെ ലക്ഷ്യം. ഇതിനെതിരെ കൃഷി- റവന്യൂ വകുപ്പുകൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കുട്ടനാട് താലൂക്കിൽ കൈനകരി തെക്ക് വില്ലേജിൽ ചേന്നങ്കരിയിൽ ബ്ലോക്ക് നമ്പർ ഒമ്പതിൽ അഞ്ച് തണ്ടപ്പേരുകളിലായി ആറ് ഹെക്ടർ സ്ഥലം 2009 വരെയുള്ള കാലഘട്ടത്തിൽ തോമസ് ചാണ്ടി കൈവശംവച്ചതായാണ് റവന്യൂ റെക്കോഡുകളിൽ വ്യക്തമാകുന്നത്.

1073 നമ്പർ തണ്ടപ്പേരിൽ സർവേ നമ്പർ 49/17ൽ 22.65 ആർ സ്ഥലവും 2898 തണ്ടപ്പേരിൽ സർവേ നമ്പർ 49/11ൽ 2.20 ആർ സ്ഥലവും കൂടാതെ ഇതേ തണ്ടപ്പേരിൽ സർവേ നമ്പർ 59/29/5 -ൽ ഒരു ഹെക്ടർ 91 ആർ 45 ചതുരശ്രമീറ്റർ സ്ഥലവും കൈവശം വച്ചതായി രേഖകളിൽ പറയുന്നു. തണ്ടപ്പേർ നമ്പർ 514-ൽ സർവേ നമ്പർ 57/1ൽ 12 ആർ 70 ചതുരശ്ര മീറ്റർ സ്ഥലവും ഇതേ തണ്ടപ്പേരിൽ 49/18ൽ 66.54 ആർ സ്ഥലവും സർവേ നമ്പർ 56/3ൽ 36.4 ആർ സ്ഥലവും ഒരേ കാലഘട്ടത്തിൽ കൈവശം വച്ചു. കൂടാതെ തണ്ടപ്പേർ നമ്പർ 769-ൽ സർവേനമ്പർ 53/2/2ൽ 40.77 ആർ സ്ഥലവും തോമസ് ചാണ്ടിയുടെ പേരിൽ ഉണ്ടായിരുന്നു.

എന്നാൽ ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഇത്രയേറെ ഭൂമി കൈവശം വയ്ക്കുന്നത് നടപടിക്ക് വഴിയൊരുക്കുമെന്ന റവന്യൂ അധികൃതരുടെ തന്നെ മുന്നറിയിപ്പിനെ തുടർന്നാണ് 2001-ൽ ഇതിൽ നല്ലൊരു ശതമാനം ഭൂമിയും തോമസ് കെ. തോമസിന്റെ പേരിലേക്ക് 2001-ൽ മാറ്റുകയായിരുന്നുവെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. തോമസ് ചാണ്ടി പിന്നീട് സർവേ നമ്പർ 53/2 ഉൾപ്പെട്ട 136.41 ആർ സ്ഥലം 2012-ൽ ലെനി മാത്യുവിന്റെ പേരിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ മകൾ ബെറ്റി ചാണ്ടിയുടെ പേരിൽ 7.27 ഏക്കർ സ്ഥലം 2009ന് മുമ്പ് ഉണ്ടായിരുന്നു. ഭൂ പരിഷ്‌ക്കരണ നിയമപ്രകാരം ഒരു വ്യക്തിക്കൊ കുടുംബത്തിനൊ 15 ഏക്കറിൽ അധികം സ്ഥലം കൈവശം വയ്ക്കാൻ പാടില്ലെന്നാണ് നിബന്ധന.

തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസിന്റെ പേരിലും നിയമം മറികടന്ന് കണക്കിൽ കവിഞ്ഞ സ്വത്തുണ്ടായിരുന്നുവെന്നാണ് റവന്യൂ രേഖകളിൽ പറയുന്നത്. തണ്ടപ്പേർ നമ്പർ 2662-ലും 2577-ലും ഉദ്ദേശം 7.79 ഹെക്ടർ ഭൂമിയാണ് ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നത്.
മുല്ലയ്ക്കൽ വില്ലേജിലുള്ള ലേക്ക് റിസോർട്ട് 40 ഏക്കർ വരുമെന്നാണ് അറിയുന്നത്. എന്നാൽ വ്യവസായത്തിന്റെ പേരിലാണോ ഇതെന്ന കാര്യം വ്യക്തമല്ല. കാരണം കാണിച്ചാണ് ഈ ഭൂമി കൈവശം വച്ചിട്ടുള്ളതെങ്കിൽ ഭൂപരിഷ്‌ക്കരണ നിയമം അനുസരിച്ച് ഇതിന് സാധുതയുണ്ട്. റിസോർട്ടിന്റെ ഭാഗമായി തോമസ് ചാണ്ടിയുടെ പേരിലുള്ള 13 കെട്ടിടങ്ങൾക്ക് നമ്പരിട്ട് കൊടുത്തിട്ടില്ല. ബാക്കി കെട്ടിടങ്ങൾക്ക് മാത്രമാണ് അംഗീകാരമുള്ളത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP