Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫയൽ മുക്കലും ഉദ്യോഗസ്ഥരുടെ ഒളിച്ചുകളിയും പുറത്തുവരും; തോമസ് ചാണ്ടി വിരുദ്ധരുടെ സമ്മർദ്ദം മുറുകിയതോടെ അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് സർക്കാർ; മന്ത്രിക്കെതിരെ അന്വേഷണത്തിനായി വിജിലൻസ് നിയമോപദേശം തേടി; നടപടി രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ; പ്രതിപക്ഷം മൗനം വെടിഞ്ഞ് സമരരംഗത്തേക്ക്

ഫയൽ മുക്കലും ഉദ്യോഗസ്ഥരുടെ ഒളിച്ചുകളിയും പുറത്തുവരും; തോമസ് ചാണ്ടി വിരുദ്ധരുടെ സമ്മർദ്ദം മുറുകിയതോടെ അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് സർക്കാർ; മന്ത്രിക്കെതിരെ അന്വേഷണത്തിനായി വിജിലൻസ് നിയമോപദേശം തേടി; നടപടി രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ; പ്രതിപക്ഷം മൗനം വെടിഞ്ഞ് സമരരംഗത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റിസോട്ടിനായി അനധികൃതമായി കായൽ കയ്യേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്തുന്നതിന് വിജിലൻസ് നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വിജിലൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് വിജിലൻസ് മേധാവി കൂടിയായ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടിയത്. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോട്ടിനു മുൻവശം അഞ്ചുകിലോമീറ്ററോളം കായൽ വേലികെട്ടി വേർതിരിച്ച് അധീനതയിലാക്കിയെന്നാണ് തോമസ് ചാണ്ടിക്കെതിരായ ഒരു ആരോപണം. ആലപ്പുഴയിൽ ഒരു കിലോമീറ്റർ റോഡ് നിർമ്മാണത്തിന് അനുവദിച്ച പണമുപയോഗിച്ച് മന്ത്രിയുടെ റിസോർട്ട് വരെയുള്ള 400 മീറ്റർവരെമാത്രം ടാർ ചെയ്തുവെന്നും റിസോട്ടിനായി നിലം നികത്തിയെന്നും ആരോപണമുണ്ട്.

മാർത്താണ്ഡം കായൽ നികത്തൽ, ലേക് പാലസിലേക്കുള്ള അനധികൃത റോഡ് നിർമ്മാണം, നിലം നികത്തി നിർമ്മിച്ച പാർക്കിങ് സ്ഥലം, കായൽ വളച്ച് കെട്ടി സ്വകാര്യ സ്വത്തുപോലെ കൈകാര്യം ചെയ്തത് എന്നിങ്ങനെ തുടങ്ങി തോമസ് ചാണ്ടിയുടെ ചട്ടലംഘനങ്ങൾ രേഖകളും തെളിവുകളും പുറത്തുവന്നിരുന്നു. സർക്കാരും പ്രതിപക്ഷവും മൗനം തുടർന്നപ്പോഴും ഫയലുകൾ മുക്കുന്നതും ഉദ്യോഗസ്ഥരുടെ ഒളിച്ചുകളിയുമൊക്കെ വെളിച്ചത്ത് വന്നു. ഇതിനൊടുവിലാണ് തോമസ് ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല ഇന്നലെ പരാതി നൽകിയത്.

തോമസ് ചാണ്ടി കായൽ കയ്യേറിയിട്ടില്ലെന്ന് റവന്യുവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നിരുന്നു. മാർത്താണ്ഡം കായലിൽ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് ആലപ്പുഴ കലക്ടർ വീണ എൻ.മാധവൻ പറഞ്ഞു. മണ്ണിട്ടു നികത്തിയ ഭാഗം, ഭൂനികുതി രജിസ്റ്ററിൽ പുരയിടമായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ തോമസ് ചാണ്ടിക്ക് നേരിയ ആശ്വാസം വന്നിരുന്നു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ട് നിർമ്മിക്കാൻ കായൽ കയ്യേറിയെന്ന ആരോപണവും തെറ്റാണെന്നാണ് തഹസിൽദാർ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട്. വിശദമായ അന്വേഷണം തുടരുമെന്ന് കലക്ടർ അറിയിച്ചു. നഗരസഭയുടെ റവന്യു വിഭാഗം ലേക് പാലസ് റിസോർട്ടിൽ ഇന്നും പരിശോധന നടത്തി.

കായൽ കൈയേറ്റമടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നു കാട്ടി ചാണ്ടിവിരുദ്ധർ പാർട്ടിക്കുള്ളിൽ കടുത്ത സമ്മർദം ചെലുത്തുകയാണ്. ആരോപണം ഉണ്ടായാൽ മന്ത്രിമാർ രാജിവയ്ക്കുന്നതാണ് ഇടതു കീഴ്‌വഴക്കമെന്നും എ.കെ. ശശീന്ദ്രന്റെ മാതൃക അതിന് സ്വീകരിക്കണമെന്നുമാണ് ചാണ്ടിവിരുദ്ധർ ആവശ്യപ്പെടുന്നത്.

ആലപ്പുഴ ചുങ്കം വലിയകുളം മുതൽ സീറോ ജെട്ടിവരെയുള്ള ഈ റോഡ് നിർമ്മാണത്തിന് കെ.ഇ. ഇസ്മായിൽ, പ്രൊഫ. പി.ജെ. കുര്യൻ എന്നിവരുടെ എംപി.ഫണ്ടിൽ നിന്നുമാണ് തുക ചെലവഴിച്ചിരുന്നത്. സർക്കാർ കർഷകത്തൊഴിലാളികൾക്ക് പതിച്ച് നല്കിയ മാർത്താണ്ഡത്തിലെ ഭൂമിവാങ്ങി മന്ത്രിക്ക് പങ്കാളിത്തമുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി നികത്തുന്നുവെന്നാണ് ആരോപണം.

കർഷകർക്ക് കൃഷി നോക്കാനുള്ള സൗകര്യത്തിനാണ് നിലം നികത്താനും വീടുവയ്ക്കാനും സർക്കാർ അനുമതി നല്കിയിരുന്നത്. വിവിധ പാടശേഖരങ്ങളിലേക്ക് പോകുന്നതിനുണ്ടായിരുന്ന ചെറു പാതകളും നികത്തലിലൂടെ ഇല്ലാതായി. കർഷകർക്കുള്ള അനുമതിയുടെ മറവിലാണ് തോമസ് ചാണ്ടി നിർമ്മാണങ്ങൾ നടത്തിയത്. ലേക് പാലസ് റിസോട്ടിനു മുൻവശം അഞ്ചുകിലോമീറ്ററോളം കായൽ വേലികെട്ടി വേർതിരിച്ച് അധീനതയിലാക്കിയെന്നും ആക്ഷേപമുണ്ട്. പ്ലാസ്റ്റിക് ബോയയും ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന പൈപ്പും മുളങ്കമ്പും ഉപയോഗിച്ചാണ് ഈ പ്രദേശം കൈയടക്കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളിവള്ളവും പുരവഞ്ചിയും ഈ മേഖലയിലൂടെ സഞ്ചരിക്കുന്നത് ഹോട്ടൽ അധികൃതർ വിലക്കിയിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP