Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന ഖജനാവിൽ ഇപ്പോഴുള്ളത് 700 കോടി രൂപ മാത്രം; ബാധ്യത 6000 കോടിയും; കടമെടുക്കാതെ മുന്നോട്ടു പോകാനാകില്ല: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തുറന്നു പറഞ്ഞു ധനമന്ത്രി തോമസ് ഐസക്

സംസ്ഥാന ഖജനാവിൽ ഇപ്പോഴുള്ളത് 700 കോടി രൂപ മാത്രം; ബാധ്യത 6000 കോടിയും; കടമെടുക്കാതെ മുന്നോട്ടു പോകാനാകില്ല: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തുറന്നു പറഞ്ഞു ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലെന്നു ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ഖജനാവിൽ ഇപ്പോഴുള്ളത് 700 കോടി രൂപ മാത്രമാണെന്നും ഐസക് പറഞ്ഞു.

ആറായിരം കോടി രൂപയാണ് സർക്കാരിന് ഇപ്പോഴുള്ള ബാധ്യത. കടമെടുക്കാതെ പുതിയ സർക്കാരിന് മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ സാമ്പത്തിക നില ശരിയായ രീതിയിൽ എത്താൻ മൂന്ന് വർഷമെങ്കിലും വേണ്ടിവരും. അതേസമയം, സാധാരണക്കാരെ ബാധിക്കുന്ന ഒരു വിഷയത്തിലും കുറവു വരാതെ നോക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണു സംസ്ഥാനമെന്ന് കഴിഞ്ഞ ദിവസം തന്നെ ധനവകുപ്പ് വിലയിരുത്തിയിരുന്നു. ഉടൻ കൊടുത്തുതീർക്കേണ്ട ബാധ്യത മാത്രം ആറായിരം കോടിയുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് പണമില്ലാത്തതിനാൽ ചെലവുകൾ മാറ്റിവച്ചതാണ് ബാധ്യത ഇത്രയേറെ ഉയരാൻ കാരണം. ഖജനാവ് ഓവർ ഡ്രാഫ്റ്റിൽ ആകുന്നത് ഒഴിവാക്കാൻ കഴിഞ്ഞ സാമ്പത്തികവർഷം വകുപ്പുകളുടെ പദ്ധതികളിൽ പലതിനും പണം നൽകിയിരുന്നില്ല. പകരം പിന്നീട് ചെലവാക്കാമെന്ന ധാരണയിൽ ഇലക്ട്രോണിക് ലെഡ്ജർ അക്കൗണ്ടിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പണം കിട്ടുന്ന മുറയ്ക്ക് അനുവദിക്കാമെന്ന ധാരണയിലാണിത്. ഇതും ഇപ്പോൾ നൽകണം. മാർച്ച് മാസത്തെ ചെലവുകൾക്കായി പല ക്ഷേമനിധികളിൽനിന്നായി 1150 കോടി രൂപ സർക്കാർ കടമെടുത്തിരുന്നു. ഇതും ഉടൻ തിരിച്ചുനൽകണം. ഇതൊക്കെച്ചേർത്താണ് ബാധ്യത ആറായിരം കോടി രൂപയാവുന്നത്.

നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റിലും ഐസക് സാമ്പത്തിക സ്ഥിതിയെക്കുറിച്ചു പരാമർശിച്ചിരുന്നു. 'ട്രഷറിയിൽ 700 കോടി രൂപ ബാലൻസുണ്ട്. ഇതാണ് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വമ്പ് പറയുന്നത്. പക്ഷേ അദ്ദേഹം പറയാതെ വിടുന്നത് 2800 കോടി രൂപ ഇതിനകം വായ്പയെടുത്തു കഴിഞ്ഞൂവെന്ന വസ്തുതയാണ്. തീർന്നില്ല, അടിയന്തിരമായി കൊടുക്കേണ്ടുന്ന ബാധ്യതകൾ എടുത്താൽ അത് 5784 കോടി രൂപ വരും. ഇലക്ട്രോണിക് ലഡ്ജറിലേയ്ക്ക് മാറ്റിവച്ച ഡിപ്പാർട്ട്മെന്റുകൾക്ക് നൽകാനുള്ള പണവും പെൻഷൻ കുടിശികയും ട്രഷറിയിലെ മാറ്റിവച്ചിരിക്കുന്ന ബില്ലുകളും കോൺട്രാക്ടർമാരുടെ ബാധ്യതകളും താൽക്കാലിക വായ്പകളും ഇതിൽ പ്പെടും. പെൻഷൻ കുടിശിക മാത്രം 806 കോടി രൂപയാണ്. അത് അടിയന്തിരമായി നൽകാനാണ് കാബിനറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇതുമാത്രം ചെയ്താൽ മതി ഖജനാവ് കാലിയാകുവാൻ.

അഞ്ച് വർഷം മുമ്പ് ഉമ്മൻ ചാണ്ടി അധികാരമേൽക്കുമ്പോൾ ട്രഷറിയി 2700 കോടി രൂപയാണ് മിച്ചമുണ്ടായിരുന്നത്. ഒരു രൂപ പോലും പുതുതായി കടമെടുത്തിരുന്നില്ല. ഞാൻ നിയമസഭയിൽ പ്രസംഗിച്ചതുപോലെ കെ.എം മാണി എത്ര ശ്രമിച്ചാലും ഒന്ന്, രണ്ട് വർഷംകൊണ്ട് തകർക്കാൻ കഴിയാത്ത സുസ്ഥിരമായ നിലയിലായിരുന്നു കേരളത്തിന്റെ ധനകാര്യസ്ഥിതി. അറംപറ്റിയപോലെയായി. ആദ്യത്തെ രണ്ട് വർഷം ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതോടെ നികുതി പിരിച്ചില്ലെങ്കിലും പ്രശ്നമില്ല, എത്ര വാരിക്കോരി ചെലവഴിച്ചാലും പ്രശ്നമില്ല എന്ന തോന്നലിലേയ്ക്ക് യു.ഡി.എഫ് മന്ത്രിസഭ എത്തി. ഫലം ഖജനാവ് പാപ്പരായി. ഇപ്പോഴത്തെ സ്ഥിതി 1990-1993 കാലത്തെ ധനപ്രതിസന്ധിയുടെ കാലത്തെപ്പോലെയാണ്. ഏതായാലും നടപ്പുവർഷം എന്റെ മുഖ്യപണി വരവും ചെലവും ഒപ്പിച്ച് ട്രഷറി അടച്ചുപൂട്ടുന്ന സ്ഥിതി ഒഴിവാക്കലായിരിക്കും.'- തോമസ് ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു.

സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയുടെ വിലയിരുത്തലുമായി ബജറ്റിന് മുന്നോടിയായി ധവളപത്രം പ്രസിദ്ധീകരിക്കും. ജൂലായ് എട്ടിനാണ് എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. അടുത്ത മാസം രണ്ടിനാണ് പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച ധനവകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ തൽക്കാലം മാറ്റേണ്ടതില്ലെന്നാണ് തോമസ് ഐസക്കിന്റെ തീരുമാനം. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാമിനാണ് ധനവകുപ്പിന്റെ ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP