Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമ്പിൾ വെടിക്കെട്ടൊരുക്കിയതിൽ തിരുവമ്പാടി വിഭാഗത്തിന് വീഴ്ച പറ്റിയോ? പൊട്ടാസിയം ക്ലോറേറ്റ് തുടങ്ങിയ ഉഗ്രശേഷിയുള്ള രാസ പദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് സൂചന; സാമ്പിളിലെ ചെറിയ അപകടവും അധികാരികളെ കുഴക്കുന്നു. എക്‌സ്പ്‌ളോസീവ് ഉദ്യോഗസ്ഥരുടെ പരീക്ഷണ ശാലാ റിപ്പോർട്ട് പുറത്തുവിടാതെ കളക്ടർ; തൃശൂർ പൂരത്തിലെ 'വെടിക്കെട്ട്' അനിശ്ചിതത്വത്തിൽ

സാമ്പിൾ വെടിക്കെട്ടൊരുക്കിയതിൽ തിരുവമ്പാടി വിഭാഗത്തിന് വീഴ്ച പറ്റിയോ? പൊട്ടാസിയം ക്ലോറേറ്റ് തുടങ്ങിയ ഉഗ്രശേഷിയുള്ള രാസ പദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് സൂചന; സാമ്പിളിലെ ചെറിയ അപകടവും അധികാരികളെ കുഴക്കുന്നു. എക്‌സ്പ്‌ളോസീവ് ഉദ്യോഗസ്ഥരുടെ പരീക്ഷണ ശാലാ റിപ്പോർട്ട് പുറത്തുവിടാതെ കളക്ടർ; തൃശൂർ പൂരത്തിലെ 'വെടിക്കെട്ട്' അനിശ്ചിതത്വത്തിൽ

മറുനാടൻ മലയാളി ബ്യുറോ

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന്റെ ആശങ്കകൾ ഇനിയും തീരുന്നില്ല. സാമ്പിൾ വെടിക്കെട്ട് കോപ്പുകൾ പരിശോധിച്ചതിൽനിന്ന് പൊട്ടാസിയം ക്ലോറേറ്റ് തുടങ്ങിയ ഉഗ്രശേഷിയുള്ള രാസ പദാർത്ഥങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കലക്ടർ ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു. പിന്നീട് ഉഗ്ര ശേഷിയുള്ള വെടിക്കോപ്പുകൾ ഒഴിവാക്കിയാണ് തിരുവമ്പാടി വിഭാഗം സാമ്പിൾ വെടിക്കെട്ടിന് തിരി കൊളുത്തിയത്. അപ്പോൾ തുടങ്ങിയ ആശങ്കകൾ ഇപ്പോഴും തുടരുകയാണ്.

അതേസമയം വെടിക്കെട്ടുമായി ബന്ധപ്പെട്ട എക്‌സ്പ്‌ളോസീവ് ഉദ്യോഗസ്ഥരുടെ പരീക്ഷണ ശാലാ റിപ്പോർട്ട് ഇനിയും കളക്ടർ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട് വെടിക്കെട്ട് പൊട്ടിക്കുന്നതിന് അനുകൂലമല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്. ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം വെടിക്കെട്ട് പൊട്ടാതിരിക്കുന്ന സാഹചര്യം ലോകത്തെമ്പാടുമുള്ള പൂരപ്രേമികൾക്ക് വേദനാജനകമാണ്.

അതുകൊണ്ടുതന്നെ കളക്ടർ ഇത് സംബന്ധിച്ചെടുക്കുന്ന തീരുമാനം നിർണ്ണായകമായിരിക്കും. എന്തായാലും വൈവിദ്ധ്യമായ പൂരാഘോഷങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കളക്ടർ റിപ്പോർട്ട് പുറത്തുവിടാൻ സാധ്യതയില്ല. റിപ്പോർട്ട് വെടിക്കെട്ടിന് അനുകൂലമല്ലെങ്കിൽ അത് മൊത്തത്തിൽ തൃശൂർ പൂരത്തിന്റെ ശോഭ കെടുത്തിക്കളയും. മാത്രമല്ല, പൂരം സംഘാടകരിൽ സ്പർദ്ധ ഉണ്ടാവാനും അത് ഇടയാക്കും.

ഈ സാഹചര്യത്തിൽ പൂരപ്രേമികളുടെ ആവേശവും പൂരത്തോടുള്ള പ്രതിബദ്ധതയും കണക്കിലെടുത്ത് ഉചിതമായ തീരുമാനമായിരിക്കും കളക്ടർ എടുക്കുക. അതുകൊണ്ട് തൃശൂർ പൂരത്തിന്റെ സുപ്രധാനമായ കുടമാറ്റം തീരുംവരെ കളക്ടർ ഒരു തീരുമാനവും എടുക്കാൻ വഴിയില്ല. എന്നുപറഞ്ഞാൽ തൃശൂർ പൂരത്തിന്റെ അവസാന മണിക്കൂറുകളിൽ മാത്രമേ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവൂ എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

ഇക്കുറി സംസ്ഥാന മുഖ്യമന്ത്രിയും തൃശൂർ പൂരം കാണാൻ എത്തുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ വീഴ്‌ച്ചകൾ ഇല്ലാതെ നോക്കേണ്ടത് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അതുകൊണ്ടുതന്നെ മുൻ വർഷങ്ങൾ ഉണ്ടാകാറുള്ള മൃദുസമീപനം ഇക്കുറി ഉദ്യോഗസ്ഥരിൽ ഉണ്ടാവുക പ്രയാസമാണ്.

അതേസമയം ഇക്കുറി തൃശൂർ പൂരത്തിന് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. തൃശൂർ റൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ തിരക്ക് കൂട്ടുന്നുമുണ്ട്. സമീപ പ്രദേശങ്ങളിലെ പല കെട്ടിടങ്ങൾക്കും അവയുടെ ക്ഷയിതാവസ്ഥ കണക്കിലെടുത്ത് പൂരപ്രേമികൾക്ക് പ്രവേശനം നിഷേധിച്ചിട്ടുമുണ്ട്. ഇതും പൂരത്തിന്റെ ഇനിയുള്ള മണിക്കൂറുകളിലും തിരക്ക് കൂട്ടും. സുഗമമായ വെടിക്കെട്ടിന്റെ നടത്തിപ്പിന് തടസ്സം നേരിട്ടതോടെ പ്രതിഷേധങ്ങളും ഉയർന്നുവരുന്നുണ്ട്.

ക്ഷേത്ര മൈതാനത്തിന്റെ പല ഭാഗങ്ങളിലും വെടിക്കെട്ടിനെ അനുകൂലിക്കുന്നവരുടെ ഫ്‌ളക്സ്സുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചില ഉദ്യോഗസ്ഥരുടെ കടുംപിടുത്തമാണ് തൃശൂർ പൂരത്തിന്റെ ആഘോഷത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ന ദേവസ്വങ്ങളുടെ ആരോപണവും ശക്തമാവുന്നുണ്ട്. ഇതിനകം തന്നെ എല്ലാ ഘടക പൂരങ്ങളും വടക്കുംനാഥനെ വണങ്ങിക്കഴിഞ്ഞു. പ്രസിദ്ധമായ മഠത്തിൽ വരവും അനുബന്ധ പഞ്ചവാദ്യവും നടക്കുന്നു.

ഇനിയുള്ള മണിക്കൂറുകൾ ചരിത്ര പ്രസിദ്ധമായ ഇലഞ്ഞിത്തറമേളത്തിലേക്ക് നീങ്ങും. പിന്നെ വർണ്ണവിസ്മയങ്ങൾ തീർക്കുന്ന കുടമാറ്റം നടക്കും. തുടർന്ന് തൃശൂർ പൂരം വെടിക്കെട്ടിലേക്ക് നീങ്ങും പൂരപ്പറമ്പിലെ ജനമാഹാസമുദ്രം. അപ്പോഴേയ്ക്കും എത്തണം കളക്ടറുടെ തൃശൂർ പൂരം വെടിക്കെട്ടിന് തിരി കൊളുത്താനുള്ള ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP