Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല; ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് ഉമ്മൻ ചാണ്ടി; സ്വയം പ്രതിരോധം തീർത്ത് മുഖ്യമന്ത്രി രംഗത്തെത്തിയപ്പോൾ ഞഞ്ഞാ.. പിഞ്ഞാ പറഞ്ഞ് പ്രതിപക്ഷം

ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല; ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് ഉമ്മൻ ചാണ്ടി; സ്വയം പ്രതിരോധം തീർത്ത് മുഖ്യമന്ത്രി രംഗത്തെത്തിയപ്പോൾ ഞഞ്ഞാ.. പിഞ്ഞാ പറഞ്ഞ് പ്രതിപക്ഷം

കൊച്ചി: ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രതിയാക്കണമെന്ന വിജിലൻസ് കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തതത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വയം പ്രതിരോധം തീർത്ത് രംഗത്തെത്തി. വിഷയത്തിൽ കെപിസിസിയും നേതാക്കളും രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി രംഗത്തിറങ്ങുകയും മുഖ്യമന്ത്രിയുടെ കാര്യത്തെ കുറിച്ച് പരാമർശിക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് 300 കോടിയുടെ അഴിമതി ആരോപണത്തെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തിയത്.

കേസിൽ അഞ്ചാം പ്രതിയാക്കണമെന്ന് കോടതി നിർദേശിച്ച് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയും ഉമ്മൻ ചാണ്ടി വാദിച്ചു. അതേസമയം മുഖ്യമന്ത്രിക്കെതിരെ പ്രയോഗിക്കാൻ കോടതി നൽകിയ വടി പ്രയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രതിപക്ഷം. ലാവലിൻ കേസിൽ പിണറായി വിജയൻ പ്രതിയായിരുന്ന കാര്യവും ഐക്യമില്ലായ്മയുമാണ് ഒരുമിച്ച് ഉമ്മൻ ചാണ്ടിക്കെതിരായ പ്രക്ഷോഭം നടത്തുന്നതിൽ നിന്നും പ്രതിപക്ഷത്തെ പിന്തിരിപ്പിക്കുന്നത്. കൂടാതെ മാലിന്യപ്ലാന്റ് ഉദ്ഘാടനം ചെയ്തത് ഇടതു സർക്കാരിന്റെ കാലത്താണെന്നതും ഇടതു മുന്നണിയുടെ പിന്നോക്കം പോക്കിന് കാരണമായി.

ടൈറ്റാനിയം അഴിമതി കേസിൽ ഏത് തരത്തിലുമുള്ള അന്വേഷണവും നേരിടാൻ തയാറാണെന്ന് മുഖ്യമന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ച് വ്യക്തമാക്കി. ടൈറ്റാനിയം മാലിന്യ പ്‌ളാന്റ് നവീകരിച്ചത് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ നിർദേശ പ്രകാരമാണ്. തൊഴിലാളി സംഘടനാ നേതാക്കൾ അടച്ചുപൂട്ടൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ പേരിൽ താൻ രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി അടിവരയിട്ടുകൊണ്ട് പറഞ്ഞു.

ഫാക്ടറി അടച്ചുപൂട്ടാതിരിക്കാനാണ് പ്രശ്‌നത്തിൽ താൻ ഇടപെട്ടത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത് ഇടത് സർക്കാരിന്റെ കാലത്താണ്. നിർമ്മാണോദ്ഘാടനം വലിയ രീതിയിലാണ് നടത്തിയത്. യു.ഡി.എഫ് സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും എല്ലാവർക്കും പരിശോധിക്കാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ലഭിക്കുന്ന നിവേദനങ്ങൾ വലിച്ചെറിയുന്ന രീതിയല്ല തൻേറത്. ജനങ്ങൾക്ക് പരമാവധി കാര്യങ്ങൾ ചെയ്ത് കൊടുക്കുന്നതാണ് തന്റെ ശൈലി. അഴിമതിയുണ്ടെങ്കിൽ ഇടത് സർക്കാർ എന്തുകൊണ്ട് അക്കാര്യം അന്വേഷിച്ചില്‌ളെന്നും മുഖ്യമന്ത്രി ചോദിച്ചു.

പത്തു കൊല്ലം മുമ്പുള്ള മാദ്ധ്യമ പ്രവർത്തകർക്കറിയാം, അന്നു മലിനീകരണം ഉണ്ടാക്കുന്ന ഫാക്ടറികൾ പൂട്ടണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് സുപ്രീംകോടതി ഒരു കമ്മിറ്റിയെ നിയോഗിച്ചു. ത്യാഗരാജന്റെ നേതൃത്ത്വത്തിലുള്ള കമ്മിറ്റി 198 ഫാകടറികൾ അടച്ചു പൂട്ടാൻ ഉത്തരവിട്ടു. ഇതേ തുടർന്ന് അടച്ചു പൂട്ടൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടൈറ്റാനിയം കമ്പനിയിലെ എല്ലാ തൊഴിലാളി യൂണിയനുകളും തന്നെ വന്നു കണ്ടു നിവേദനം നൽകി. തുടർന്ന് ത്യാഗരാജനെ താൻ ടെലിഫോണിൽ വിളിച്ചു. കേരളത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമാണിതെന്ന് അദ്ദേഹത്തോട് വ്യക്തമാക്കി.

ഈ അഭ്യർത്ഥന പ്രകാരം എറണാകുളത്തെ ഫാക്ടറികളിലെ മാലിന്യ സംസ്‌കരണത്തിന് പൊതുസംവിധാനവും ടൈറ്റാനിയത്തിലേക്ക് പ്രത്യേക സംവിധാനവും ഒരുക്കാൻ തീരുമാനമായി. ഇതേ തുടർന്ന് അടച്ചുപൂട്ടൽ നോട്ടീസ് പിൻവലിച്ചു. സർക്കാർ മുൻകൈയെടുത്ത് മാലിന്യ സംസ്‌കരണത്തിന് കേരള എൻവിയോൺമെന്റൽ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയുണ്ടാക്കി. 2007ൽ അതിന്റെ പണി തുടങ്ങി.

സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കിയ ആ പ്രൊജക്ട് ക്യാബിനറ്റിൽ വന്നു. മന്ത്രിസഭ അംഗീകാരം നൽകി. എന്നാൽ സർക്കാർ മാറി പുതിയ ഭരണം വന്നു. പിന്നീട് മാലിന്യ നിർമ്മാർജന പ്‌ളാന്റിന്റെ നിർമ്മാണം നടത്തിയത് ഇടതുപക്ഷ സർക്കാറാണ്. ഇടതുപക്ഷം വലിയ ആഘോഷമായാണ് ഉദ്ഘാടനചടങ്ങ് നടത്തിയത്. പിന്നീട് പണി മുന്നോട്ട് പോയില്ല. 2007ലാണ് ചെന്നിത്തലയുടെയും ഇബ്രാഹിംകുഞ്ഞിന്റെയും പേര് കേസിലേക്ക് വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രമേശ് ചെന്നിത്തലയെ പ്രതി ചേർക്കാൻ കോടതി ആവശ്യപ്പെട്ടതിൽ അത്ഭുതം തോന്നുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തലക്കെതിരെ പരാതി ഉന്നയിച്ചത് കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ പ്രതികാരമാണ്. എന്നാൽ കോടതിയെ വിമർശിക്കാൻ താൻ തയ്യാറല്ല. പ്രതിപക്ഷം പല തവണയായി തന്റെ രാജി ആവശ്യപ്പെടുന്നുണ്ട്. പാമോലിൻ കേസിന്റെ പേരിൽ പോലും രാജിവച്ചിട്ടില്ല. അന്ന് രാജിവച്ചിരുന്നെങ്കിൽ താൻ മണ്ടനായേനേ. ആ കേസിൽ തന്നെ കോടതി കുറ്റവിമുക്തനാക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് ടൈറ്റാനിയം കേസിന്റെ പേരിലും രാജിവെക്കില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം ഇടതു സർക്കാറിന്റെ കാലത്ത് ക്രമക്കേട് നടത്തിയതു കൊണ്ടാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മുൻ വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു. ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കുന്നതിന് പ്രോസിക്യൂഷന്രെ അനുമതി വേണ്ടെന്ന് വിജിലൻസ് കോടതി വ്യക്തമാക്കിയിരുന്നു. പരാതി നൽകുന്ന സമയത്ത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നില്ലെന്നും അതിനാൽത്തന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റ് പ്രതികൾക്കും നിയമപരിരക്ഷ കിട്ടില്ലെന്നുമാണ് കോടതി പറഞ്ഞത്.

കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവെക്കണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടെങ്കിലും പിണറായി വിജയന്റെ ഭാഗത്തു നിന്നും തണുത്ത പ്രതികരണമാണ് ഉണ്ടായത്. വിജിലൻസ് കോടതിയുടെ ഉത്തരവിനെ മേൽകോടിതിയിൽ ചോദ്യം ചെയ്താൽ നിലനിൽക്കില്ലെന്ന ഉപദേശമാണ് യുഡിഎഫ് നേതാക്കൾക്ക് ലഭിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP