Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൈറ്റാനിയം അഴിമതിയിൽ ഉമ്മൻ ചാണ്ടിയെ കുരുക്കിയത് സുപ്രീംകോടതി സമിതി അധ്യക്ഷന് എഴുതിയ കത്തുകൾ; മെക്കോണിന്റെ കരാർ നീട്ടിക്കൊടുത്ത കരീമിനും കൈകഴുകാൻ ആവില്ല: ടൈറ്റാനിയം പകൽകൊള്ള നടന്നത് ഇങ്ങനെ

ടൈറ്റാനിയം അഴിമതിയിൽ ഉമ്മൻ ചാണ്ടിയെ കുരുക്കിയത് സുപ്രീംകോടതി സമിതി അധ്യക്ഷന് എഴുതിയ കത്തുകൾ; മെക്കോണിന്റെ കരാർ നീട്ടിക്കൊടുത്ത കരീമിനും കൈകഴുകാൻ ആവില്ല: ടൈറ്റാനിയം പകൽകൊള്ള നടന്നത് ഇങ്ങനെ

തിരുവനന്തപുരം: ടൈറ്റാനിയത്തിലെ മലിനജലം സംസ്‌ക്കരിക്കാൻ 256 കോടി ചെലവിൽ കൊണ്ടുവന്ന പദ്ധതിയുടെ പേരിൽ നടന്ന അഴിമതിയുടെ പേരിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യപ്രതിയായി മാറാൻ ഇരിക്കയാണ്. മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തൊഴിലാളി താല്പര്യം മുൻനിർത്തിയാണ് പദ്ധതിയിൽ താൻ ഇടപെട്ടതെന്നുമാണ് ഉമ്മൻ ചാണ്ടിയുടെ വിശദീകരണം. ഈ ഇടപെടലാണ് അദ്ദേഹത്തെ കുരുക്കിലാക്കിയതെന്നാണ് വ്യക്തമാകുന്നത്. തുടക്കം മുതൽ അഴിമതി ആരോപണങ്ങൾ ഉയർന്ന പദ്ധതി എത്രയും വേഗം നടപ്പിലാക്കണെന്ന് കാണിച്ച് മുഖ്യമന്ത്രിയെന്ന നിലയിൽ ഉമ്മൻ ചാണ്ടി സുപ്രീംകോടതി സമിതി നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷന് എഴുതിയ കത്തുകളാണ് ഇപ്പോൾ അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നത്.

ടൈറ്റാനിയത്തിലെ പ്ലാന്റിനെ മുൻനിർത്തി ചില രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും അഴിമതിക്കുള്ള നീക്കം നടത്തിയിരുന്നു. ഈ നീക്കത്തിൽ അറിഞ്ഞോ അറിയാതെയോ ഉമ്മൻ ചാണ്ടി പെട്ടുപോകുകയായിരുന്നു. മലിനീകരണം പരിഹരിക്കാൻ 1997ൽ ഇ.കെ.നായനാർ സർക്കാരാണ് എ.ഡി ദാമോദരൻ സമിതിയെ നിയോഗിച്ചത്. സമിതിയുടെ ശുപാർശ പരിഗണിച്ച് 2001ൽ 108.30 കോടിയുടെ പദ്ധതി നടപ്പാക്കാൻ ഇടത് സർക്കാർ ഉത്തരവിറക്കി. തുടർന്നുവന്ന യു.ഡി.എഫ് സർക്കാർ ഈ പദ്ധതി തള്ളി മെക്കോൺ കമ്പനിയെ പുതിയ പദ്ധതിയുണ്ടാക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു.

ദാമോദരൻ കമ്മിറ്റിയുടെ 40 ടണ്ണിന്റെ പ്‌ളാന്റിന് പകരം 65 ടണ്ണിന്റെ പ്ലാന്റാണ് മെക്കോൺ നിർദ്ദേശിച്ചത്. 127, 129 കോടി വീതം ചിലവുള്ള രണ്ട് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാനും 2005ൽ മെക്കോൺ ശുപാർശ നൽകി. 120 കോടി മാത്രം വാർഷിക വിറ്റുവരവുള്ള ടൈറ്റാനിയത്തിൽ 256 കോടിയുടെ പദ്ധതി പ്രായോഗികമാണോ എന്ന് പോലും പരിശോധിക്കാതെ 2006 ഫെബ്രുവരിയിൽ മെക്കോണുമായി സർക്കാർ കരാറൊപ്പിട്ടു. 127 കോടിയുടെ ആദ്യഘട്ടത്തിന് മാത്രമാണ് കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചത്.

2006 ഒക്ടോബറിൽ ഇടത് സർക്കാരിൽ വ്യവസായമന്ത്രിയായ എളമരം കരീമാണ് തറക്കല്ലിട്ടത്. ഇക്കാലത്ത് മെക്കോൺ ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ തുരുമ്പിച്ച് കിടക്കുകയാണ്. മാസങ്ങൾക്കുള്ളിൽ പദ്ധതി ചെലവ് 414 കോടിയായി ഉയർന്നെന്ന് മെക്കോൺ അറിയിച്ചു. അതോടെ പദ്ധതി പരിശോധിക്കാൻ ആറ് കോടി ചെലവിൽ കിറ്റ്‌കോയെ ഏല്പിച്ചു. ഒപ്പം 2007 മാർച്ച് 31 വരെ മെക്കോണിന്റെ കരാർ എളമരം കരിം നീട്ടിക്കൊടുത്തു. 2007 ഒക്ടോബർ 18ന് മാലിന്യ നിയന്ത്രണത്തിന് ആസിഡ് റിക്കവറി പ്ലാന്റ് മതിയെന്നും 256 കോടിയുടെ പദ്ധതി 225 കോടിയാക്കി കുറയ്ക്കാനും ഇടത് സർക്കാർ തീരുമാനിച്ചു. അതേസമയം, 32 കോടി മാത്രം ചെലവ് വരുന്ന ആസിഡ് പ്ലാന്റിന് തിരഞ്ഞെടുപ്പിന് മുൻപ് 2001 മാർച്ച് ഒന്നിന് എളമരം കരിം 42 കോടി അനുവദിച്ചെന്നും ആരോപണമുണ്ട്. മെക്കോൺ പ്ലാന്റിന്റെ ചെലവ് 500 കോടിയും കവിയുമെന്ന് കിറ്റ്‌കോ റിപ്പോർട്ട് നൽകിയതോടെ പദ്ധതി സർക്കാർ ഉപേക്ഷിച്ചു.

മെക്കോൺ പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് 2007ൽ സി.എ.ജി കുറ്റപ്പെടുത്തിയിരുന്നു. ചെന്നൈ ഐഐടിയിലെ ഡോ. പുഷ്പവനത്തിന്റെ കമ്മിറ്റിണ്ട മെക്കോൺ പദ്ധതിക്ക് പകരം വെറും 86കോടിയുടെ പദ്ധതി തയ്യാറാക്കി. ഈ പദ്ധതിയുടെ പരീക്ഷണം ഇപ്പോൾ ടൈറ്റാനിയത്തിൽ നടക്കുകയാണ്. രണ്ട് വിദേശകമ്പനികൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. അതിനാലാണ് സിബിഐ അന്വേഷണത്തിന് ആവശ്യമുയരുന്നത്.

മെക്കോണിന്റെ പദ്ധതിയിലെ പന്ത്രണ്ട് വൈകല്യങ്ങൾ ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് 2005 ഓഗസ്റ്റ് 1ന് സർക്കാരിനും മെക്കോണിനും കത്തുനൽകി. എന്നിട്ടും ഈ പദ്ധതി നടപ്പാക്കാൻ ഉമ്മൻ ചാണ്ടി സുപ്രീം കോടതി സമിതി അദ്ധ്യക്ഷൻ ഡോ.ജി. ത്യാഗരാജന് 2005 ഏപ്രിൽ 23നും 2006 ജനുവരി 5നും എഴുതിയ രണ്ട് കത്തുകളാണ് അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയത്. അന്നത്തെ സാഹചര്യം മുൻനിർത്തിയാണ് താൻ കത്തെഴുതിയതെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നതെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹം സംശയത്തിന്റെ നിഴലിലാണ്. പദ്ധതി നടപ്പാക്കാൻ കേന്ദ്രം തയ്യാറാണെന്നും മെക്കോൺ കമ്പനിക്ക് സാങ്കേതിക വൈദഗ്ദ്ധ്യം ഉണ്ടെന്നുമായിരുന്നു ആദ്യ കത്ത്. മെക്കോൺ നിർദ്ദേശിച്ച മാനദണ്ഡങ്ങളിൽ മലിനീകരണ നിയന്ത്രണ ബോർഡിന് തൃപ്തിയാണെന്നായിരുന്നു രണ്ടാമത്തെ കത്തിൽ.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുമതലയുണ്ടായിരുന്ന കെ.കെ.രാമചന്ദ്രൻ മാസ്റ്ററെ പരിസ്ഥിതിവകുപ്പിൽ നിന്ന് ഒഴിവാക്കിയ ശേഷം തിടുക്കത്തിലായിരുന്നു എല്ലാം. 2006 മാർച്ചിൽ മെക്കോണിന് 72 കോടി നൽകി. ഖജനാവിൽ പണമില്ലാത്തതിനാൽ യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, എസ്.ബി.ടി. എന്നിവിടങ്ങളിൽ നിന്ന് വായ്പയെടുത്താണ് ഈ തുക നൽകിയത്. ഉപകരാറെടുത്ത ചെന്നൈയിലെ വി. എ. ടെക്കിന് 2006 മാർച്ച് 31ന് 32.08 കോണ്ടടി രൂപയും നൽകി. മെക്കോണിന്റെ പദ്ധതിക്ക് അവർക്ക് തന്നെ കൺസൾട്ടൻസി ചാർജായി 5.56 കോടി അനുവദിച്ചതും ദുരൂഹമാണ്. 127 കോടിയുടെ ആദ്യഘട്ടത്തിന് തറക്കല്ല് പോലും ഇടും മുൻപ് 109.64 കോടിയും അനുവദിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ 2006ൽ സ്ഥാനമൊഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP