Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

കൺസ്യൂമർ ഫെഡ് അഴിമതി പുറത്തു കൊണ്ട് വന്നത് തച്ചങ്കരിയെ സഹായിക്കില്ല; ഭാര്യയുടെ പേരിൽ കോടികൾ സമ്പാദിച്ചിട്ടും സർക്കാരിനെ അറിയിക്കാത്തത് തലവേദനയായി; അച്ചടക്ക നടപടി എടുക്കുമെന്ന് കോടതിയിൽ സത്യവാങ്മൂലം

കൺസ്യൂമർ ഫെഡ് അഴിമതി പുറത്തു കൊണ്ട് വന്നത് തച്ചങ്കരിയെ സഹായിക്കില്ല; ഭാര്യയുടെ പേരിൽ കോടികൾ സമ്പാദിച്ചിട്ടും സർക്കാരിനെ അറിയിക്കാത്തത് തലവേദനയായി; അച്ചടക്ക നടപടി എടുക്കുമെന്ന് കോടതിയിൽ സത്യവാങ്മൂലം

കൊച്ചി: കൺസ്യൂമർ ഫെഡിലെ അഴിമതി പുറം ലോകത്ത് എത്തിച്ച് ക്ലീൻ ഇമേജിൽ തക്കോൽ സ്ഥാനത്ത് എത്താനുള്ള എഡിജിപി ടോമിൻ തച്ചങ്കരിയുടെ നീക്കത്തിന് തിരിച്ചടി. എഡിജിപിക്ക് എതിരെ ഉടൻ അച്ചടക്ക നടപടി വരും. ഭാര്യയുടെ ബിസിനസ് ഇടപാടുകൾ അറിയിക്കാത്തതിന് തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൺസ്യൂമർ ഫെഡിൽ കോൺഗ്രസിലെ ഐ വിഭാഗത്തിനെതിരെയായിരുന്നു തച്ചങ്കരിയുടെ വെളിപ്പെടുത്തലുകൾ.

തച്ചങ്കരി അഖിലേന്ത്യാ സർവീസ്ചട്ടം ലംഘിച്ചതിനു കരടു കുറ്റാരോപണ മെമോ തയാറാക്കാൻ ഡിജിപിയോടു നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ പ്രതികരണം അറിഞ്ഞശേഷമാകും അച്ചടക്ക നടപടി തുടങ്ങുകയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഡിജിപയും തച്ചങ്കരിക്ക് എതിരെ നടപടി വേണമെന്ന അഭിപ്രായക്കാരനാണ്. ഈ സാഹചര്യത്തിൽ എഡിജിപിയെ സർവ്വീസിൽ നിന്ന് തരംതാഴ്‌ത്തുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. ചീഫ് സെക്രട്ടറിയും ഡിജിപിയും ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാൽ തച്ചങ്കരിയെ സഹായിക്കാനുള്ള ഉന്നത ഇടപെടൽ പോലും ഫലം കാണുന്നില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും തച്ചങ്കരിയോട് താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് എഡിജിപിയുടെ അച്ചടക്ക നടപടി അനിവാര്യമാകുന്നുവെന്ന വിലയിരുത്തലും എത്തുന്നത്. നിലവിൽ ട്രാൻസ്‌പോർട്ട് കമ്മീഷണറാണ് തച്ചങ്കരി.

പറവൂർ, വരാപ്പുഴ കേസുകളിൽ തന്നെ കുടുക്കിയതു തച്ചങ്കരിയുടെ പകപോക്കലാണെന്നും കേസുകൾ സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ടുള്ള കേസാണ് പുലിവാലാകുന്നത്. കേസിൽ പ്രതിയായ തമിഴ്‌നാട് സ്വദേശി മണികണ്ഠൻ സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിക്കുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തച്ചങ്കരിക്കെതിരെ അന്ന് എഡിജിപി ആയിരുന്ന, ഇപ്പോഴത്തെ ഡിജിപി ടി.പി. സെൻകുമാർ നൽകിയ റിപ്പോർട്ടിൽ നടപടിയറിയിക്കാൻ നിർദ്ദേശിച്ചതിനെ തുടർന്നാണു ചീഫ് സെക്രട്ടറി വിശദീകരണം നൽകിയത്. ഭാര്യയ്ക്ക് 80% ഓഹരിയുള്ള എപിജി ഡവലപേഴ്‌സിന്റെ ബിസിനസ് ഇടപാടുകളിൽ തച്ചങ്കരി സജീവമായി ഇടപെട്ടിരുന്നുവെന്നാണു സെൻകുമാറിന്റെ അന്വേഷണ റിപ്പോർട്ട്. ഭൂമി ചർച്ചയിൽ സജീവമായി പങ്കെടുത്തതിനു സാക്ഷികളുണ്ട്.

വർഷങ്ങൾക്ക് മുമ്പ് എഡിജിപി റിപ്പോർട്ട് നൽകി. ഇന്ന് അദ്ദേഹം ഡിജിപിയുമാണ്. അതും സെൻകുമാറിന് തലവേദനയാണ്. അതുകൊണ്ട് തന്നെ ഉടൻ നടപടി വരുമെന്നാണ് വിലയിരുത്തൽ. എന്നാൽ നടപടി വൈകിപ്പിക്കാനും നീക്കം സജീവമാണ്. രേഖകളിലല്ലെങ്കിലും സ്വന്തം ബിസിനസ് നടത്തുന്നതിനു തുല്യമാണിത്. ഭാര്യയുടെ ബിസിനസ് ഇടപാടുകൾ അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം അറിയിച്ചിട്ടില്ല. എപിജി ഡവലപേഴ്‌സിനു വേണ്ടി നാല് അക്കൗണ്ടുകളിൽ നിന്നു പണം കൈമാറി. ഇവരുടെ സാമ്പത്തിക ഇടപാടുകൾ ആദായ നികുതി / എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് / മറ്റ് ഏജൻസികൾ അന്വേഷിക്കാൻ സർക്കാർ ഉത്തരവിടണമെന്നും തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തച്ചങ്കരിയുടെ വിശദീകരണം തേടി.

ആരോപണങ്ങളെല്ലാം തച്ചങ്കരി നിഷേധിച്ചു. തച്ചങ്കരിയുടെ വാർഷിക പ്രോപ്പർട്ടി റിട്ടേണിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നാണു പറയുന്നത്. ഭാര്യ സാമ്പത്തികമായി സ്വതന്ത്രയാണെന്നും 18 വയസു മുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതാണെന്നും തച്ചങ്കരി പറയുന്നു. എന്നാൽ വിശദീകരണം തള്ളി. 2014 ഒക്ടോബർ ആറിലെ ഡിജിപിയുടെ ശുപാർശയിൽ അച്ചടക്ക നടപടിയെടുക്കാനാണു സർക്കാർ തീരുമാനം. എപിജി ഡവലപേഴ്‌സുമായി മണികണ്ഠനും ഭാര്യയും നടത്തിയ ഇടപാടുകൾ അന്വേഷിക്കാൻ 2015 സെപ്റ്റംബർ 28ന് എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ പകപോക്കാൻ പീഡനക്കേസിൽ വ്യാജമായി ഉൾപ്പെടുത്തിയെന്നു മണികണ്ഠൻ പറയുന്നതു ശരിയല്ലെന്നു ഡിജിപിയുടെ റിപ്പോർട്ടിലുണ്ട്. പറവൂർ, വരാപ്പുഴ പീഡനക്കേസുകളിൽ മണികണ്ഠനു പങ്കുണ്ട്. കുറ്റപത്രം നൽകിയ ഈ കേസുകൾ വിചാരണഘട്ടത്തിലാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ഭാര്യ ആൻ മേരി തച്ചങ്കരിക്ക് 80 ശതമാനം ഓഹരി പങ്കാളിത്തമുള്ള എ.പി.ജി. ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്നതു തച്ചങ്കരിയാണെന്നും രേഖകളിൽ മാത്രമാണ് ഭാര്യയുടെ ഉടമസ്ഥതയെന്നും ഇന്റലിജൻസ് എ.ഡി.ജി.പി, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, എറണാകുളം റൂറൽ എസ്‌പി എന്നിവരുടെ അന്വേഷണത്തിൽ വ്യക്തമായതാണ്. ഇക്കാര്യം ഡി.ജി.പി. സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറിയുടെ പത്രികയിൽ പറയുന്നു. ഭാര്യയുടെ സ്ഥാപനത്തിനുവേണ്ടി ഭൂമിയും ക്രഷർ യൂണിറ്റും വാങ്ങിയതിൽ തച്ചങ്കരിക്ക് പ്രധാന പങ്കുണ്ട്. ഭാര്യ നടത്തുന്ന ബിസിനസിനെക്കുറിച്ച് ടോമിൻ തച്ചങ്കരി പല വർഷങ്ങളായി സർക്കാരിനെ അറിയിച്ചിരുന്നില്ല. എ.പി.ജി. ഡെവലപ്പേഴ്‌സിന് ബാങ്ക് അക്കൗണ്ടുകളിലൂടെ പണം കൈമാറിയ ആറ്റിങ്ങൽ സ്വദേശി എം.ഇ. നിസാർ റിഫാത്ത്, നെടുമങ്ങാട്ടെ അൻസാറുദീൻ എന്നിവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര എജൻസികളുടെ അന്വേഷണവും നടപടികളും ആവശ്യമുണ്ടെന്ന് ഡി.ജി.പിയുടെ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ടെന്നും ചീഫ് സെക്രട്ടറിയുടെ പത്രികയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP