Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ വിഐപി പരിഗണനയും ഇളവ് നൽകാനുള്ള നീക്കങ്ങളും സജീവം; സാഹസികമായി കേസ് അന്വേഷിച്ച് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെല്ലാം ഒതുക്കലും; നിരവധി കേസുകൾ അന്വേഷിച്ച പ്രഗൽഭരായ ഉദ്യോഗസ്ഥർക്ക് യൂണിഫോം ഇടേണ്ട പണി നൽകാതെ വലച്ച് സർക്കാർ

ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ വിഐപി പരിഗണനയും ഇളവ് നൽകാനുള്ള നീക്കങ്ങളും സജീവം; സാഹസികമായി കേസ് അന്വേഷിച്ച് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെല്ലാം ഒതുക്കലും; നിരവധി കേസുകൾ അന്വേഷിച്ച പ്രഗൽഭരായ ഉദ്യോഗസ്ഥർക്ക് യൂണിഫോം ഇടേണ്ട പണി നൽകാതെ വലച്ച് സർക്കാർ

തിരുവനന്തപുരം:ടിപി ചന്ദ്രശേഖരന്റെ കൊലയാളികളെ ശിക്ഷാ ഇളവും വിഐപി പരിഗണനയും നൽകി സർക്കാർ ലാളിക്കുമ്പോൾ ആ കേസന്വേഷിക്കാൻ രാപകൽ അധ്വാനിച്ച കേരള പൊലീസിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരോടു കാട്ടുന്നതു കടുത്ത അവഗണന. കണ്ണൂരിലെ പാർട്ടി കോട്ടകൾക്കുള്ളിൽനിന്നും സംസ്ഥാനത്തിനു പുറത്തെ അജ്ഞാത കേന്ദ്രങ്ങളിൽനിന്നും പ്രതികളെ സാഹസികമായി പിടികൂടിയ ഉദ്യോഗസ്ഥരിൽ പലരും ഇപ്പോൾ അപ്രധാന തസ്തികകളിൽ സമയം തള്ളിനീക്കുന്നു.

സ്വന്തം ജില്ലയിൽ ജോലിചെയ്യാനും പലർക്കും ഭാഗ്യമില്ല. കഴിവ് ഉപയോഗിക്കാനാകുന്ന ക്രമസമാധാനച്ചുമതലയും ആർക്കുമില്ല. അന്വേഷണ ഉദ്യോഗസ്ഥനും അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുമായ കെ.വി.സന്തോഷിനു സ്ഥാനക്കയറ്റം ലഭിച്ചതോടെ ഈ സർക്കാർ തലസ്ഥാനത്തേക്കു തട്ടി. ഒട്ടേറെ കേസ് അന്വേഷണങ്ങളിൽ കോടതികൾ അഭിനന്ദിച്ച സന്തോഷിനെ നിയമിച്ചത് അപ്രധാന തസ്തികയായ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് കമൻഡാന്റായി.

കോഴിക്കോട് വടകര സ്വദേശിയായ ഇദ്ദേഹത്തെ പിന്നീടു ക്രൈംബ്രാഞ്ച് എസ്‌പിയായി എറണാകുളത്തേക്കു മാറ്റി. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ദേശീയ അന്വേഷണ ഏജൻസിയിലേക്കു ഡെപ്യൂട്ടേഷൻ വാങ്ങിപ്പോയ എ.പി.ഷൗക്കത്തലിക്ക് എസ്‌പിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും മറ്റ് ഉദ്യോഗസ്ഥരുടെ അനുഭവം കണ്ട്, തിരികെ വരേണ്ടെന്നു തീരുമാനിക്കുകയും എൻഐഎയിൽ തന്നെ ഡപ്യൂട്ടേഷൻ കാലാവധി നീട്ടിവാങ്ങുകയും ചെയ്തു.

സംഘത്തിൽ അംഗമായിരുന്ന ഡിവൈഎസ്‌പി: എം.ജെ.സോജനായിരുന്നു ഈ സർക്കാരിന്റെ കാലത്തു ജിഷ വധക്കേസിനു തുമ്പുണ്ടാക്കിയത്. പ്രതിയെ പിടികൂടിയതു കേരള പൊലീസിന്റെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാണെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും പിന്നാലെ സോജനെ കാസർകോട്ടേക്കു പറപ്പിക്കാൻ തീരുമാനിച്ചു. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണു ചാലക്കുടി സ്വദേശിയായ സോജന്റെ മാറ്റം പാലക്കാട്ടേക്കു ചുരുക്കിയത്. അവിടെ നർകോട്ടിക് വിഭാഗം എസ്‌പിയാണിപ്പോൾ സോജൻ.

കലാഭവൻ മണിയുടെ മരണവും വാളയാർ പീഡനവും അടക്കമുള്ള കുഴഞ്ഞുമറിഞ്ഞ കേസുകൾ വന്നപ്പോൾ അന്വേഷിക്കാൻ സർക്കാരിനു സോജനെത്തന്നെ വിളിക്കേണ്ടിവന്നുവെങ്കിലും തസ്തിക മാറ്റി നൽകിയില്ല. കോഴിക്കോട്ടുകാരനായ ജോസി ചെറിയാനെ ജില്ലയ്ക്കു പുറത്തേക്കു തട്ടിയില്ലെങ്കിലും ക്രമസമാധാന ചുമതലയിൽനിന്നു വിജിലൻസിലേക്കു മാറ്റി. സംഘത്തിലുണ്ടായിരുന്ന സിഐ ബെന്നിയും വിജിലൻസിൽത്തന്നെ.

അന്വേഷണത്തിനു ചുക്കാൻ പിടിച്ച എസ്‌പി: അനൂപ് കുരുവിള ജോൺ മൂന്നു മാസം മുൻപാണ് എൻഐഎയിലെ ഡപ്യൂട്ടേഷൻ കഴിഞ്ഞു ഡൽഹിയിൽനിന്നെത്തിയത്. സത്യസന്ധനും പ്രഗൽഭനുമെന്നു പേരെടുത്ത ഈ ഉദ്യോഗസ്ഥനു നൽകിയ നിയമനമാകട്ടെ തൃശൂർ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ പദവി. അന്നത്തെ ഇന്റലിജൻസ് എഡിജിപിയും ഇപ്പോൾ ഡിജിപിയുമായ ടി.പി.സെൻകുമാർ, അന്ന് ഉത്തര മേഖലാ എഡിജിപിയും ഇപ്പോൾ സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് മേധാവിയുമായ എൻ.ശങ്കർ റെഡ്ഡി എന്നിവരും ചിത്രത്തിലില്ലാത്ത വിധം സേനയിൽ ഒതുക്കപ്പെട്ടു.

പല ഉദ്യോഗസ്ഥർക്കെതിരെയും കേസുകളും അന്വേഷണങ്ങളും വന്നു. കൊലയാളി സംഘത്തെ പിടികൂടാൻ സാഹസിക പ്രയത്‌നം നടത്തിയ പൊലീസുകാർക്കു മേലും സ്ഥലംമാറ്റ ഭീഷണി മാസങ്ങളായുണ്ട്. ഇവരെ നിരന്തര സ്ഥലംമാറ്റത്തിലൂടെ നെട്ടോട്ടമോടിക്കണമെന്നു കണ്ണൂർ ജില്ലയിലെ പാർട്ടി നേതൃത്വം പലവട്ടം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി വഴങ്ങിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP