Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോട്ടമുടമയ്ക്കു വേണ്ടി ഒത്തുകളിച്ച എഡിഎമ്മിനെ തല്ലിയെങ്കിൽ അത് അയാൾ അർഹിക്കുന്നതു തന്നെയെന്നു നാട്ടുകാർ; ബിജിമോളെ കല്ലെറിയുന്നവർ കാണാതെ പോകുന്നതു പാവങ്ങളുടെ ഈ സങ്കടങ്ങൾ

തോട്ടമുടമയ്ക്കു വേണ്ടി ഒത്തുകളിച്ച എഡിഎമ്മിനെ തല്ലിയെങ്കിൽ അത് അയാൾ അർഹിക്കുന്നതു തന്നെയെന്നു നാട്ടുകാർ; ബിജിമോളെ കല്ലെറിയുന്നവർ കാണാതെ പോകുന്നതു പാവങ്ങളുടെ ഈ സങ്കടങ്ങൾ

കോട്ടയം: എഡിഎമ്മിനെ പീരുമേട് എംഎൽഎ ഇ എസ് ബിജിമോൾ തല്ലിയെന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി മാദ്ധ്യമങ്ങൾ ഏറെ ആഘോഷിച്ച ഒന്ന്. എന്നാൽ, ഇക്കാര്യത്തിൽ ബിജിമോളെ ക്രൂശിക്കുമ്പോൾ എന്താകും നാട്ടുകാർ പറയുന്നത്.

തങ്ങളുടെ എംഎൽഎയെ പിന്തുണച്ചു നാട്ടുകാർ സംസാരിക്കുമ്പോൾ കുറ്റം എംഎൽഎയുടെ ഭാഗത്തോ അതോ പാവങ്ങളുടെ കണ്ണുനീർ കാണാത്ത അധികൃതരുടെ ഭാഗത്തോ എന്ന ചോദ്യമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസം പെരുവന്താനത്ത് ടിആർ ആൻഡ് ഡി കമ്പനിയുടെ ഗേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷത്തിനു പിന്നാലെയാണ് ഇ എസ് ബിജിമോൾ ഇടുക്കി അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റിനെ തല്ലിയതായി വാർത്ത പുറത്തുവന്നത്. എന്നാൽ, തോട്ടമുടമയ്ക്കു വേണ്ടി ഒത്തുകളിച്ച എഡിഎമ്മിനെ തല്ലിയെങ്കിൽ അത് അയാൾ അർഹിക്കുന്നതു തന്നെയെന്നു നാട്ടുകാർ പറയുന്നത്.

ജില്ലാ ഭരണകൂടം തോട്ടം ഉടമയ്ക്കനുകൂലമായി പ്രവർത്തിച്ചെന്നാണ് ആക്ഷേപമുയരുന്നത്. വിവാദ ഗേറ്റ് പൊളിച്ച് നാട്ടുകാർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പാക്കുന്നത് ഒരുമാസത്തോളം ഉദ്യോഗസ്ഥർ വൈകിപ്പിച്ചിരുന്നു. എന്നാൽ, തോട്ടമുടമയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായെന്ന് കേട്ടയുടൻ പൊളിച്ച ഗേറ്റ് പുനഃസ്ഥാപിച്ച് വഴിയടയ്ക്കാനും ഉദ്യോഗസ്ഥ ലോബി തിടുക്കം കാട്ടി. ഇതൊക്കെയാണ് സംശയത്തിന് ഇടയാക്കിയത്.

തോട്ടമുടമയ്ക്കു വേണ്ടി ഉദ്യോഗസ്ഥർ കള്ളക്കളി നടത്തുകയാണെന്ന ആരോപണം ഉയർന്നതോടെയാണ് തങ്ങളുടെ ഭാഗം പറയാനെത്തിയ എംഎൽഎയ്ക്കു പൂർണ പിന്തുണയുമായി നാട്ടുകാരും രംഗത്തെത്തിയത്.

തെക്കേമല വള്ളിയാം കാവ് റോഡ് ഏറെക്കാലമായി നാട്ടുകാർ ഉപയോഗിച്ചിരുന്നതാണ്. എന്നാൽ, ട്രാവൻകൂർ റബർ ആൻഡ് ടി ( ടി.ആർ. & ടി ) കമ്പനി അനധികൃതമായി ഗേറ്റ് സ്ഥാപിച്ച് ഇവിടെ ടോൾ പിരിക്കുകയും ചെയ്തു. ഇതിനെതിരെ 2007 മുതൽ മനുഷ്യാവകാശ കമ്മിഷനിലും ഹൈക്കോടതിയിലുമായി കേസ് നിലവിലുണ്ട്. ഗേറ്റ് സ്ഥാപിച്ചതിൽ മനുഷ്യാവകാശ ലംഘനം ഇല്ലെന്ന തോട്ടം ഉടമയുടെ അവകാശവാദങ്ങൾ തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും തീർപ്പ് മനുഷ്യവകാശ കമ്മിഷന് തന്നെ വിട്ടു. അതോടെയാണ് ഗേറ്റ് പൊളിക്കാൻ ജൂൺ 4ന് മനുഷ്യാവകാശ കമ്മിഷൻ ഇടുക്കി കളക്ടർക്ക് ഉത്തരവ് നൽകിയത്. ഉത്തരവ് നടപ്പാക്കാതിരുന്ന ജില്ലാ ഭരണകൂടം ജനങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് ജൂലായ് ഒന്നിനാണ് ദേവികുളം ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ ഗേറ്റ് പൊളിച്ചത്.

എന്നാൽ, തൊട്ടടുത്തദിവസം വീണ്ടും ഗേറ്റ് സ്ഥാപിക്കാൻ നീക്കമുണ്ടായി. ജനങ്ങളുടെ എതിർപ്പുകാരണം അന്ന് നടന്നില്ല. പിന്നീട് 3ന് രാവിലെ എ.ഡി.എം മോൻസി പി. അലക്‌സാണ്ടർ വൻ പൊലീസ് സന്നാഹത്തോടെ വന്ന് ഗേറ്റ് പുനഃസ്ഥാപിക്കാൻ ശ്രമിച്ചു. അത് രാഷ്ട്രീയ ഭേദമില്ലാതെ നാട്ടുകാർ ചെറുത്തതിനിടെയാണ് സംഘർഷമുണ്ടായത്.

സഞ്ചാരസ്വാതന്ത്ര്യമുൾപ്പെടെ നിഷേധിക്കുന്ന നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം അലയടിച്ചപ്പോഴാണ് ജനപ്രതിനിധിയെന്ന നിലയിൽ ബിജിമോളും പ്രശ്‌നത്തിൽ ഇടപെട്ടത്. പ്രശ്‌നം സംഘർഷത്തിലെത്തിയപ്പോൾ ഒട്ടും വിട്ടുകൊടുക്കാതെ തങ്ങൾക്കൊപ്പം നിന്ന ബിജിമോളുടെ പക്ഷത്തുതന്നെയാണ് ജനങ്ങൾ ഒന്നടങ്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP