Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനുള്ള ബ്രത്ത് അനലൈസർ പരിശോധനയോട് സഹകരിക്കില്ലെന്ന് പറഞ്ഞ് ലോക്കോ പൈലറ്റുമാരുടെ മിന്നൽ പണിമുടക്ക്; നാല് തീവണ്ടികൾ റദ്ദാക്കി; സമരത്തിൽ വലഞ്ഞ് ട്രെയിൻ യാത്രക്കാർ

മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനുള്ള ബ്രത്ത് അനലൈസർ പരിശോധനയോട് സഹകരിക്കില്ലെന്ന് പറഞ്ഞ് ലോക്കോ പൈലറ്റുമാരുടെ മിന്നൽ പണിമുടക്ക്; നാല് തീവണ്ടികൾ റദ്ദാക്കി; സമരത്തിൽ വലഞ്ഞ് ട്രെയിൻ യാത്രക്കാർ

കൊച്ചി: മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനുള്ള പരിശോധനയിൽ പ്രതിഷേധിച്ച് ലോക്കോപൈലറ്റുമാർ മിന്നൽ പണിമുടക്ക് നടത്തിയതോടെ ട്രെയിൻ യാത്രക്കാർ വലഞ്ഞു. കൊച്ചിയിലാണ് ലോക്കോ പൈലറ്റുമാർ മിന്നൽ പണിമുടക്ക് നടത്തിയത്. ലോക്കോ പൈലറ്റുമാർ നിസ്സഹകരണം പ്രഖ്യാപിച്ചതോടെ നാല് തീവണ്ടികൾ റദ്ദാക്കി. ഇതോടെ യാത്രക്കായി സ്‌റ്റേഷനിലെത്തിയ ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. എറണാകുളം-പാലക്കാട് മെമു, എറണാകുളം-കോട്ടയം, കോട്ടയം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു എന്നിവയാണ് റദ്ദാക്കി. വൈകുന്നേരത്തോടെ അധികൃതരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ജീവനക്കാർ സമരം പിൻവലിച്ചത്. ആറ് മണിയോടെ സമരം പിൻവലിച്ചെങ്കിലും ട്രെയിൻ ഗതാഗതം ഇനിയും പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.

ലോക്കോപൈലറ്റുമാർ മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിന് ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധന നടത്താൻ റെയിൽവേ തീരുമാനിച്ചതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. രാവിലെ 11.30ന് പുറപ്പെടേണ്ട എറണാകുളം-കായംകുളം പാസഞ്ചറിലെ ലോക്കോപൈലറ്റും ആൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറിയുമായ പി.കെ. വർഗീസ് ബ്രത്ത് അനലൈസർ പരിശോധനയ്ക്ക് വിസമ്മതിച്ചുവെന്ന് സൂപ്പർവൈസർമാർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയതാണ് മിന്നൽ പണിമുടക്കിന് കാരണമായത്.

അനലൈസറിൽ ഊതുമ്പോഴാണ് മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മനസിലാക്കാനാവുക. നിരവധി പേരുടെ വായിൽ വച്ച ബ്രത്ത് അനലൈസർ ഉപയോഗിക്കുന്നത് അനുവദിക്കാൻ സാധിക്കില്ലെന്നായിരുന്നു ലോക്കോ പൈലറ്റുമാരുടെ വാദം. പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഇൻഡയറക്ട് മെഷീൻ ആണ് നേരത്തെ ഉപയോഗിച്ചിരുന്നത്. ഈ യന്ത്രത്തിൽ ഊതേണ്ട ആവശ്യമില്ല. സംസാരിച്ചാൽ മതിയാവും. എന്നാൽ, തിരുവനന്തപുരത്തെ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനിയറുടെ നിർദേശപ്രകാരം സൂപ്പർവൈസർമാർ ബ്രത്ത് അനലൈസർ വീണ്ടും ഉപയോഗിക്കുകയായിരുന്നു.

ഒരാളുടെ ശ്വാസം പത്ത് സെക്കൻഡോളം തങ്ങി നിൽക്കുന്ന ഈ ഉപകരണം മൂലം വൈറസ് പടരാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ ബ്രത്ത് അനലൈസർ പരിശോധനയോട് സഹകരിക്കേണ്ടെന്നും ലോക്കോപൈലറ്റുമാരുടെ അസോസിയേഷൻ തീരുമാനിച്ചതാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കിയത്. ഇൻഡയറക്ട് മെഷീൻ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് സമ്മതമാണെന്നും ലോക്കോപൈലറ്റുമാർ അറിയിച്ചു. എന്നാൽ, ഇത് അംഗീകരിക്കാൻ റെയിൽവേ അധികൃതർ തയ്യാറായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP