Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോതമംഗലം നഗരമധ്യത്തിൽ നിലംപതിക്കാറായി ചാഞ്ഞുനിൽക്കുന്ന വൻതണൽമരം; നെഞ്ചിടിപ്പോടെ ഫോറ്സ്റ്റ് ഓഫീസിലെ ജീവനക്കാർ; ദുരന്തങ്ങളിലൂടെ പാഠം പഠിക്കാതെ അധികൃതർ

കോതമംഗലം നഗരമധ്യത്തിൽ നിലംപതിക്കാറായി ചാഞ്ഞുനിൽക്കുന്ന വൻതണൽമരം; നെഞ്ചിടിപ്പോടെ ഫോറ്സ്റ്റ് ഓഫീസിലെ ജീവനക്കാർ; ദുരന്തങ്ങളിലൂടെ പാഠം പഠിക്കാതെ അധികൃതർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:കാറ്റും മഴയുമെത്തിയാൽ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കോതമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസിലെ ജീവനക്കാരുടെ നെഞ്ചിടിപ്പ് കൂടും. പിന്നെ ഉടൻ പുറത്തിറങ്ങും.ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന ദുരന്തത്തിൽ നിന്നും ഓടി രക്ഷപ്പെടുന്നതിനുള്ള തയ്യാറെടുപ്പുമായി.

എപ്പോൾ വേണമെങ്കിലും നിലംപതിക്കാൻ പാകത്തിൽ ഓഫീസ് കെട്ടിടത്തിനു മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന വൻതണൽ മരം ജീവനക്കാരുടെ മനസ്സിൽ ദുരന്തഭീതി വിതച്ചിട്ട് വർഷങ്ങളായി. അടുത്തിടെ മരങ്ങൾ കടപുഴകിവീണുണ്ടായ ദുരന്തങ്ങൾ സംബന്ധിച്ച മാദ്ധ്യമ വാർത്തകൾ ഇവരുടെ ഭയാശങ്കകളുടെ ആക്കം കൂട്ടിയിട്ടുണ്ട്. ചുവട്ടിൽനിന്നും മണ്ണ് നഷ്ടപ്പെട്ടതിനെത്തുടർന്ന് വേരുകൾ പുറമേ ദ്യശ്യമായ വന്മരം മറിഞ്ഞുവീണാൽ ഈ ഓഫീസ് നാമവശേഷമാവുമെന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല. മഴയില്ലാത്ത സാഹചര്യത്തിൽ മരം കടപുഴകി വീണാൽ അത് വൻദുരന്തത്തിന് വഴിതെളിക്കുമെന്ന ആശങ്കയും വ്യാപകമായിക്കഴിഞ്ഞു.

കഴിഞ്ഞവർഷം ജൂണിൽ കറുകടം വിദ്യാവികാസ് സ്‌കൂളിലെ ബസിനു മുകളിലേക്ക് നെല്ലിമറ്റം കോളനിപ്പടിയിൽ വച്ച് വലിയ മരം കടപുഴകി വീണ് അഞ്ചു പിഞ്ചുകുഞ്ഞുങ്ങൾ അതിദാരുണമായി മരണപ്പെട്ട ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും ഇവിടത്തുകാർ ഇനിയും മോചിതരായിട്ടില്ല. കഴിഞ്ഞ ദിവസം കോതമംഗലം -അടിമാലി റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ലെ യാത്രക്കാർ മരംമറിഞ്ഞുവീണുള്ള ദുരന്തത്തിൽ നിന്നും രക്ഷപെട്ടത് ഡ്രൈവറുടെ സന്ദർഭോചിതമായ ഇടപെടൽ കൊണ്ടു മാത്രമാണ്. പാതവക്കിൽ നിന്നിരുന്ന തണൽമരം കടപുഴകുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ സഡൺബ്രേക്ക് ഇട്ടതിനെ തുടർന്നാണ് നിരവധിപേരുടെ ജീവനെടുക്കുമായിരുന്ന ദുരന്തം തലനാരിഴക്ക് ഒഴിവായത്. ചില്ലകൾ കൊണ്ട് മുൻവശത്തെ ഗ്ലാസ്സ് തകർന്ന് ഏതാനും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് വന്മരം മറിഞ്ഞുവീണ് കോതമംഗലം റവന്യൂ ടവർ വളപ്പിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ബൈക്കുകളും തകർന്നിരുന്നു. അപകടം ഓഫീസ് സമയത്ത് ആയിരുന്നെങ്കിൽ ഒരുപക്ഷേ ഇത് വൻദുരന്തത്തിൽ കലാശിക്കുമായിരുന്നെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാർ ഓഫീസുകൾ ഒട്ടുമുക്കാലും സ്ഥിതിചെയ്യുന്നത് റവന്യൂടവർ കോംപ്ലക്‌സിലാണ്. ഇതിനുപുറമേ നൂറുകണക്കിനു വ്യാപാരസ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിനുപേർ നിരവധി ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നുണ്ട്്.

കോതമംഗലം- തട്ടേക്കാട് റൂട്ടിൽ രാമല്ലൂരിനു സമീപം ഇലക്ട്രിസിറ്റി ബോർഡിന്റെ ട്രാൻസ്‌ഫോർമറിനും തൊട്ടടുത്തുള്ള വെയ്റ്റിങ് ഷെഡിനും മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരം അടിയന്തരമായി മുറിച്ചുമാറ്റിയില്ലെങ്കിൽ വലിയ ദുരന്തത്തിനു വഴിതെളിക്കുമെന്നാണ് പ്രദേശവാസികളിൽനിന്നും ലഭിക്കുന്ന സൂചന.

നിരവധി സ്‌കൂൾ വാഹനങ്ങളും നൂറുകണക്കിനു മറ്റു വാഹനങ്ങളും നിത്യേന ഇതുവഴി കടന്നുപോകുന്നുണ്ട്. സമീപത്തെ ഇലവൻ കെ വി ലൈനിലേക്കും ട്രാൻസ്‌ഫോർമറിലേക്കും മരം മറിഞ്ഞു വീണാൽ ദുരന്തത്തിന്റെ വ്യാപ്തി ചിന്തകൾക്കപ്പുറമായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാലമറ്റം കവലയ്ക്കു സമീപം വീടിന് മുകളിലേക്ക് കേടുകളുള്ള മരം ചാഞ്ഞുനിൽക്കുന്നത് കുടുംബത്തെ ഒന്നടങ്കം ദുരന്തഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.

കറുകടം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇത് കൃത്യമായി നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികൃതർ ഇനിയും തയ്യാറായിട്ടില്ല. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നു പ്രവർത്തിക്കുകയും പിന്നീട് എല്ലാം മറക്കുകയും ചെയ്യുന്ന സർക്കാർ സംവിധാനത്തിന്റെ പതിവുശൈലിയാണ് നിരവധി പേരുടെ ജീവനും സ്വത്തുവകകളും സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ട് ഇറക്കിയ ഈ ഉത്തരവിന്റെ കാര്യത്തിലും ഗവൺമെന്റ് സ്വീകരിക്കുന്നതെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP