Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാദാപുരത്ത് എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മതപഠനത്തിനെത്തിയ രണ്ടുപേർ അറസ്റ്റിൽ; പ്രതി മുനീർതന്നെയെന്നു സ്‌കൂൾ മാനേജ്‌മെന്റു വീണ്ടും; കസ്റ്റഡിയിൽ മൂന്നാംമുറ പ്രയോഗിച്ചെന്നു ബസ് ക്ലീനർ

നാദാപുരത്ത് എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മതപഠനത്തിനെത്തിയ രണ്ടുപേർ അറസ്റ്റിൽ; പ്രതി മുനീർതന്നെയെന്നു സ്‌കൂൾ മാനേജ്‌മെന്റു വീണ്ടും; കസ്റ്റഡിയിൽ മൂന്നാംമുറ പ്രയോഗിച്ചെന്നു ബസ് ക്ലീനർ

കോഴിക്കോട്: നാദാപുരം പാറക്കടവ് ദാറുൽഹുദ സ്‌കൂളിൽ എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. സ്‌കൂളിൽ മതപഠനത്തിന് എത്തിയ പാനൂർ സ്വദേശി മുബഷീർ (18), തലശേരി എരഞ്ഞോളി സ്വദേശി ഷംസുദീൻ (18) എന്നിവരാണു പിടിയിലായത്.

സ്‌കൂളിനോടു ചേർന്നു താമസിച്ചു മതപഠനം നടത്തുന്നവരാണ് പിടിയിലായത്. തിരിച്ചറിയൽ പരേഡിൽ നാലരവയസുകാരി പ്രതികളെ തിരിച്ചറിഞ്ഞു. പാചകക്കാരുടെ മുറിയിൽ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇതിനിടെ ബസ് ക്ലീനർ മുനീർ തന്നെയാണു പ്രതിയെന്ന് ആരോപിച്ചു സ്‌കൂൾ അധികൃതരും രംഗത്തെത്തി. തനിക്കെതിരെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചുവെന്നു നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത മുനീർ പറഞ്ഞു.

സിറാജുൽ ഹുദാ എഡ്യുക്കേഷൻ ട്രസ്റ്റിന് കീഴിൽ പാറക്കടവിൽ പ്രവർത്തിക്കുന്ന ദാറുൽഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ കഴിഞ്ഞ മാസം 30 നാണ് എൽകെജി വിദ്യാർത്ഥിനിയായ നാലരവയസുകാരി പീഡിപ്പിക്കപ്പെട്ടത്. സ്‌കൂളിലെ മുതിർന്ന വിദ്യാർത്ഥികളാണ് കുട്ടിയെ പീഡിപ്പിച്ചത് എന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാൽ പ്രതികൾ മതപഠനത്തിന് എത്തിയവരാണെന്നു അന്വേഷണത്തിൽ തെളിയുകയായിരുന്നു. നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച മൂന്നുപേരിൽ രണ്ടുപേരാണ് ഇപ്പോൾ അറസ്റ്റിലായത്. പെൺകുട്ടി ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടിയുടെ രഹസ്യമൊഴി പയ്യോളി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് നേരിട്ടുരേഖപ്പെടുത്തുകയും ചെയ്തു. മൊഴിയിലും പീഡിപ്പിച്ചവരെക്കുറിച്ച് പെൺകുട്ടി വ്യക്തമായ മൊഴി നൽകിയതായാണ് വിവരം.

തിരിച്ചറിയൽ പരേഡിനുശേഷവും പെൺകുട്ടി മൊഴിയിൽ ഉറച്ചുനിൽക്കവെയാണ് സ്‌കൂൾ മാനേജ്‌മെന്റ് മുനീറിനെതിരെ ആരോപണവുമായി വീണ്ടും രംഗത്തെത്തിയത്. ഇന്നു രാവിലെ അറസ്റ്റിലായവർ നിരപരാധികളാണെന്നും യഥാർഥ പ്രതി ബസ് ക്ലീനർ തന്നെയാണെന്നുമാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെ വാദം. കുറ്റം സമ്മതിച്ച ആളാണ്‌ മുനീർ എന്നും അതിനു ശേഷമാണ് ഇയാളെ വെറുതെ വിട്ടതെന്നുമാണ് സ്കൂൾ മാനേജ്‌മെന്റ് വാദിക്കുന്നത്.

നാലരവയസുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ചു കഴിഞ്ഞ ദിവസം സ്‌കൂൾ ബസിലെ ക്ലീനർ മുനീറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, കേസിലെ യഥാർഥ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നാരോപിച്ചു നാട്ടുകാർ പ്രക്ഷോഭം നടത്തുകയും ചെയ്തു. തുടർന്ന് ഇയാളെ പൊലീസ് വിട്ടയച്ചു. സർവകക്ഷി സംഘം ഡിവൈഎസ്‌പിയുമായി നടത്തിയ ചർച്ചയിലാണു ക്ലീനറെ വിട്ടയച്ചത്.

എന്നാൽ, കസ്റ്റഡിയിൽവച്ച് തനിക്കെതിരെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചെന്ന് മുനീർ പറഞ്ഞു. വായിൽ തുണി തിരുകി തോർത്തുകൊണ്ടു കൈ കെട്ടിയായിരുന്നു മർദനമെന്നും യൂസഫ്, മജീദ് എന്നീ പൊലീസുകാരാണ് തന്നെ മർദിച്ചതെന്നും മുനീർ പറഞ്ഞു. 

തന്നെ ക്രൂരമായി മർദ്ദിച്ച് കുറ്റം ഏറ്റെടുപ്പിക്കുകയായിരുന്നുവെന്ന് മുനീർ പറയുന്നു. വിവസ്ത്രനാക്കി തോർത്തുകൊണ്ട് കൈ പുറകിലേക്ക് കെട്ടിയാണ് പൊലീസ് ക്രൂരമായി മർദ്ദിച്ചത്. പ്രായം ചെന്ന മാതാപിതാക്കളേയും നാല് സഹോദരിമാരേയും സംരക്ഷിക്കാനായിട്ടാണ് താൻ സ്‌കൂൾ ബസിൽ ക്ലീനറായി ജോലിക്ക് കയറിയത്.

പൊലീസ് മർദ്ദിച്ചാണ് തെളിവുണ്ടാക്കാൻ ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കുട്ടികളെയെല്ലാം തിരിച്ചയച്ച് സ്‌കൂളിൽ തിരിച്ചെത്തിയ ശേഷം വീട്ടിലേക്ക് പോകുമ്പോൾ സ്‌കൂൾ ജീവനക്കാരിൽ ഒരാളാണ് തന്നെ മൊബൈൽ ഫോണിൽ തിരിച്ചു വിളിച്ചത്. സ്‌കൂൾ ബസ് കഴുകാനുണ്ടെന്നും അതിന് പ്രത്യേകം പണം തരാമെന്നും പറഞ്ഞാണ് വിളിപ്പിച്ചത്. സ്‌കൂളിലെ ഓഫീസിലെത്തിയപ്പോൾ അവിടെ രണ്ടുപേർ കാത്തുനിന്നിരുന്നു. ഇവർക്കൊപ്പം പോകാനാണ് തന്നോട് നിർദ്ദേശിച്ചത്. തുടർന്ന് നാദാപുരം പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. സംഭവം എന്താണെന്ന് പോലും തനിക്കറിയാതെയാണ് സ്‌റ്റേഷനിൽ എത്തിച്ചത്. പിന്നീട് പൊലീസ് ക്വാർട്ടേഴ്‌സിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് സ്‌കൂളിൽ നടന്ന സംഭവം അറിയാമല്ലോ പീഡനത്തിനിരയായ കുട്ടി നിന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് കുട്ടിയെ പീഡിപ്പിച്ച കുറ്റം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് സമ്മതിക്കാതിരുന്നപ്പോഴാണ് വിവസ്ത്രനാക്കി തോർത്തുകൊണ്ട് കൈ പുറകിലേക്ക് കെട്ടി ക്രൂരമായി മർദ്ദിച്ചത്. മർദ്ദനം അസഹ്യമായപ്പോഴാണ് കുറ്റം ഏറ്റെടുക്കാമെന്ന് അറിയിച്ചത്.

തുടർന്ന് പൊലീസ് പറഞ്ഞുതന്നത് തന്നെകൊണ്ട് പലവട്ടം പറയിച്ചു. രാത്രി 10.30 വരെ ചോദ്യം ചെയ്യൽ തുടർന്നു. പൊലീസുകാർ തന്നെയാണ് പീഡനത്തെ സംബന്ധിച്ച കഥ പറഞ്ഞുതന്നത്. ബാത്ത് റൂമിലേക്ക് വരികയായിരുന്ന രണ്ടു കുട്ടികളിൽ ഒരാൾ മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് മുറിയിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പറയണമെന്ന് പഠിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഇത് വീണ്ടും പറഞ്ഞുതന്നു. അതിനുശേഷം ഇക്കാര്യം വീഡിയോയിൽ പകർത്തി. തന്നെ മർദ്ദിച്ച പൊലീസുകാരെ തനിക്ക് അറിയാം. പരസ്പരം പേര് വിളിക്കുന്നത് കേട്ടാണ് മനസിലാക്കിയത്.

പൊലീസ് നടത്തിയ തിരിച്ചറിയലിൽ തന്നെയും ഹാജരാക്കിയിരുന്നു. എന്നാൽ താൻ പീഡിപ്പിച്ചതായി കുട്ടി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുനീർ പറഞ്ഞു. താനിത്തരത്തിലൊരു കൃത്യം ചെയ്തിട്ടില്ല. പ്രായമായ മാതാപിതാക്കൾക്കും സഹോദരിമാർക്കും താൻ മാത്രമേയുള്ളു. ദൈവനിഷേധമായൊന്നും ഇതുവരെ ചെയ്തിട്ടില്ലെന്നും മുനീർ പറഞ്ഞു.

സംഭവത്തിൽ നാട്ടുകാരും രക്ഷിതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP