Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപിച്ച് ജോലിക്കെത്തിയ രണ്ടുപേർക്ക് സസ്‌പെൻഷൻ; സർക്കാർ ഉദ്യോഗസ്ഥൻ മദ്യപിച്ചു വാഹനം ഓടിച്ചാലും നടപടി വരും; പുതിയ സർക്കാർ ഉത്തരവിൽ കുടുങ്ങി അനേകം ഉദ്യോഗസ്ഥർ

മദ്യപിച്ച് ജോലിക്കെത്തിയ രണ്ടുപേർക്ക് സസ്‌പെൻഷൻ; സർക്കാർ ഉദ്യോഗസ്ഥൻ മദ്യപിച്ചു വാഹനം ഓടിച്ചാലും നടപടി വരും; പുതിയ സർക്കാർ ഉത്തരവിൽ കുടുങ്ങി അനേകം ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ജോലി സമയത്ത് ലഹരി പദാർഥങ്ങൾ ഉപയോഗിച്ചാൽ നടപടിയെടുക്കുമെന്ന ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ രണ്ടു ജീവനക്കാർ കുടുങ്ങി. അരുവിക്കര കെഎസ്ഇബി ഓഫിസിൽ മദ്യപിച്ചു ജോലിക്കെത്തിയ സബ് എൻജിനീയർ ടി.ഡി. രാമചന്ദ്രൻ, ഇലക്ട്രിസിറ്റി വർക്കർ എസ്. റജികുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

മദ്യപിച്ചും ലഹരി പദാർഥങ്ങൾ ഉപയോഗിച്ചും ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നു സർക്കാർ സർക്കുലർ ഇറക്കിയതിനു തൊട്ടുപിന്നാലെയാണ് വൈദ്യുതി ബോർഡിലെ ഈ രണ്ടു ജീവനക്കാർ കുടുങ്ങിയത്.

കെഎസ്ഇബി വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയിലാണ് ഇവർ മദ്യപിച്ചതായി കണ്ടെത്തിയത്. ചീഫ് വിജിലൻസ് ഓഫിസർ ഋഷിരാജ് സിങ്ങിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

പുതിയ സർക്കാർ ഉത്തരവ് നിരവധി ഉദ്യോഗസ്ഥർക്കാണ് തലവേദനയായിരിക്കുന്നത്. പല ഉദ്യോഗസ്ഥരും ജോലി സമയങ്ങളിൽ സിഗററ്റ് ഉൾപ്പെടെ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവരാണ്. മദ്യപിച്ചു ജോലിക്കെത്തുന്നവരുടെ എണ്ണവും കുറവല്ല. കെഎസ്ഇബി ഓഫീസുകളെക്കുറിച്ചു തന്നെ നിരവധി പരാതികളാണ് നിലവിലുള്ളത്. കറന്റു പോയിക്കഴിഞ്ഞാൽ കെഎസ്ഇബി ഓഫീസുകളിലേക്കു വിളിച്ചാൽ പലപ്പോഴും നിരുത്തരവാദപരമായ മറുപടികളാണ് ലഭിക്കുന്നതെന്നു പരാതിയുണ്ട്. വൈകുന്നേരങ്ങളിൽ ഓഫീസിൽ അന്വേഷിച്ചു ചെന്നാലും മദ്യപിച്ച് ഉപഭോക്താക്കളോടു കയർക്കുന്ന ജീവനക്കാർ ഉണ്ടെന്നും പരാതികൾ നിരവധി ഉയർന്നിട്ടുണ്ട്. ഈ പരാതികളെല്ലാം വാസ്തവമാണെന്നു തന്നെയാണ് കഴിഞ്ഞ ദിവസത്തെ സംഭവം തെളിയിക്കുന്നത്.

മിന്നൽ പരിശോധനയിൽ രണ്ടുപേരെ മാത്രമാണ് പിടികൂടിയതെങ്കിലും ഇത്തരത്തിൽ അനേകം ഉദ്യോഗസ്ഥരുണ്ടെന്ന പരാതികളുണ്ട്. ജോലി സമയത്തെ ലഹരി എന്ന ശീലം മാറ്റിയില്ലെങ്കിൽ ഇവരെല്ലാം ഉടൻതന്നെ കുടുങ്ങും. ഇത്തരക്കാരെ കുടുക്കാൻ ഉറച്ചു തന്നെയാണ് ഋഷിരാജ് സിങ്ങിനെപ്പോലുള്ള ഉദ്യോഗസ്ഥർ.

പൊതുജനങ്ങളുടെ പരാതി മാനിച്ചാണ് സർക്കാർ ജീവനക്കാർ ജോലി സമയത്ത് ലഹരി ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഉത്തരവു പുറത്തിറക്കിയത്. ജോലി സമയത്ത് സർക്കാർ ജീവനക്കാർ പുകവലിക്കാനോ മദ്യപിക്കാനോ പാടില്ലെന്നാണ് സർക്കാർ സർക്കുലറിൽ വ്യക്തമാക്കുന്നത്. അദ്ധ്യാപകർക്കും പുതിയ സർക്കുലർ ബാധകമാണെന്ന് ഭരണ പരിഷ്‌കാര വകുപ്പ് വ്യക്തമാക്കിയിരുന്നു.

ഈ ഉത്തരവിന് പുല്ലുവില കൽപിച്ച് വീണ്ടും മദ്യപിച്ച് ജോലിക്കെത്തിയ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. സിങ്കം എന്നറിയപ്പെടുന്ന ഋഷിരാജ് സിങ്ങിന്റെ നിർദ്ദേശ പ്രകാരം നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

കൃത്യനിർവഹണ സമയത്ത് സർക്കാർ ജീവനക്കാർക്കിടയിലെ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വിലക്കുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചത്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കും. സർക്കാർ ജീവനക്കാരുടെ ലഹരിപദാർത്ഥ ഉപയോഗിച്ചുകൊണ്ടുള്ള വാഹനം ഓടിക്കൽ, ഓഫീസിലെ മോശമായ പെരുമാറ്റം തുടങ്ങിയവ ശ്രദ്ധയിൽപ്പെടുകയോ, പരാതി ലഭിക്കുകയോ ചെയ്യുന്ന പക്ഷം മേലധികാരി ഇക്കാര്യത്തിൽ കർശന നടപടിയെടുക്കണമെന്നും നിർദ്ദേശമുണ്ട്. അത്തരക്കാരെ അടിയന്തരമായി സസ്‌പെന്റു ചെയ്ത് തുടർനടപടി സ്വീകരിക്കേണ്ടതാണ്. അത്തരം സന്ദർഭങ്ങളിൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ നിയമനാധികാരികൾ/ വകുപ്പ് അധ്യക്ഷന്മാർക്കെതിരെ ഗുരുതര കൃത്യവിലോപത്തിന് നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.

കർശന നിയന്ത്രണമാണ് ഇനി ലഹരി പദാർഥങ്ങളുടെ ഉപയോഗത്തിന് നടപ്പിലാക്കുക. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിക്കുന്ന സർക്കാർ ഡ്രൈവർമാർ പിടിക്കപ്പെട്ടാൽ സസ്‌പെൻഡുചെയ്യും. തുടർന്ന് മറ്റു നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. സർക്കാർ ജീവനക്കാരുടെ ലഹരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളിൽനിന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതെത്തുടർന്നാണ് പുതിയ സർക്കുലറിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP