Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിമർശകർ എന്തു പറഞ്ഞാലും യുഎപിഎ കൈവിടാൻ പിണറായിയുടെ പൊലീസില്ല..! മനുഷ്യാവകാശ പ്രവർത്തകൻ രജീഷ് കൊല്ലങ്കണ്ടിക്കെതിരെയും കരിനിയമനം ചുമത്തി പൊലീസ്; മുണ്ടൂർ രാവുണ്ണിക്ക് കോഴിക്കോട് ഹോട്ടൽ മുറിയെടുത്തു കൊടുത്തു എന്നത് ഗുരുതര കുറ്റം

വിമർശകർ എന്തു പറഞ്ഞാലും യുഎപിഎ കൈവിടാൻ പിണറായിയുടെ പൊലീസില്ല..! മനുഷ്യാവകാശ പ്രവർത്തകൻ രജീഷ് കൊല്ലങ്കണ്ടിക്കെതിരെയും കരിനിയമനം ചുമത്തി പൊലീസ്; മുണ്ടൂർ രാവുണ്ണിക്ക് കോഴിക്കോട് ഹോട്ടൽ മുറിയെടുത്തു കൊടുത്തു എന്നത് ഗുരുതര കുറ്റം

കോഴിക്കോട്: സിപിഐ(എം) ദേശീയ നേതൃത്വം എന്തൊക്കെ നിലപാട് എടുത്താലും പിണറായി വിജയന്റെ പൊലീസ് യുഎപിഎ വിട്ടൊരു കളിക്കുമില്ല. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സസ്‌പെന്റ് ചെയത സർക്കാർ ജീവനക്കാരനും മനുഷ്യാവകാശ പ്രവർത്തകനുയമാ രജീഷ് കൊല്ലങ്കണ്ടിക്കെതിരെയാണ് പൊലീസ് ഇപ്പോൾ കരിനിയമം ചുമത്തിയിരിക്കുന്നത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തൽക്കാലം അറസ്റ്റുണ്ടാകില്ലെങ്കിലും രജീഷിന്റെ ജോലിയെ ഇത് ബധിക്കും.

ആശയപ്രചാരണത്തിന്റെ പേരിൽ മനുഷ്യാവകാശ പ്രവർത്തകർക്കെതിരായി യുഎപിഎ ചുമത്തില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നു. യുഎപിഎ ചുമത്താൻ വയനാട് പൊലീസ് ഏതാനും ദിവസം മുൻപാണ് കോടതിയുടെ അനുമതി തേടിയത്. വയനാട്ടിലെ വെള്ളമുണ്ട, തലപ്പുഴ പൊലീസ് സ്റ്റേഷനുകളിലാണ് രജീഷിനെതിരെ കേസ്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത പോസ്റ്റർ ഒട്ടിച്ച മുണ്ടൂർ രാവുണ്ണിക്ക് കോഴിക്കോട്ട് വാടകമുറിയെടുക്കാൻ സഹായിച്ചെന്നാണ് രജീഷിനെതിരായ കുറ്റം.

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ നേതാവായ ഇയാൾ ഇപ്പോൾ ഒളിവിലാണെന്നു പൊലീസ് പറയുന്നു. കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളജിലെ ക്ലാർക്കായ രജീഷിനെ കൊല്ലപ്പെട്ട മാവോയിസ്റ്റ് കുപ്പുദേവരാജിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ സഹോദരനും മറ്റും താമസിക്കാൻ കോഴിക്കോട്ട് ഹോട്ടൽ മുറിയെടുത്തു കൊടുത്തതിന്റെ പേരിൽ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തിരുന്നു.

നിലമ്പൂരിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത എന്നിവരുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികളുമായി സഹകരിച്ചു എന്നതിന്റെ പേരിലും രജീഷിനെതിരെ പൊലീസിന്റെ പകപോക്കൽ നടപടി ഉണ്ടായിരുന്നു. സർക്കാർ ജീവനക്കാരനായ ഇദ്ദേഹത്തെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യണമെന്ന് വ്യക്തമാക്കി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായ ഉമാ ബെഹ്‌റ നിർദ്ദേശം നൽകിയിരുന്നു. യുഎപിഎ പ്രകാരം കേസെടുക്കാൻ കഴിയുന്ന ഗൗരവപരമായ കുറ്റകൃത്യത്തിൽ പങ്കാളിയായി എന്നാരോപിച്ചുള്ള കമ്മീഷണറുടെ കത്ത് പ്രകാരം രജീഷിനെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പോളിയിൽ ഒൻപതുവർഷമായി ക്ലറിക്കൽ സ്റ്റാഫായി ജോലിചെയ്യുകയായിരുന്നു രജീഷ് കൊല്ലക്കണ്ടി.

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നിർവ്വാഹക സമിതി അംഗമായ രജീഷ് കൊല്ലക്കണ്ടി നവംബർ 25, 26 തിയതികളിൽ മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ഇടപെട്ടിരുന്നു. ഇതിനുശേഷം നവംബർ 29നാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി വ്യക്തമാക്കിയുള്ള ലെറ്റർ തനിക്കുകിട്ടുന്നതെന്നും സൗത്ത് ലൈവിനോട് പറഞ്ഞു. മൃതദേഹം വിട്ടുകിട്ടുന്നതിന് നിയമപരമായി സഹായിക്കുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കേണ്ടവരുടെ പട്ടിക സംസ്ഥാന ഇന്റലിജൻസ് ലോക്കൽ പൊലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.പി. നദീറിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. പട്ടികപ്രകാരം പിടിച്ച രണ്ടു പേരെയും പിന്നീട് വിട്ടയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP