Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുഡിഎഫ് യോഗത്തിൽ ചെന്നിത്തലയും മദ്യവിരുദ്ധനായി; യുഡിഎഫ് നേതാക്കളും ഒറ്റക്കെട്ട്; മദ്യമാഫിയയുടെ ആളെന്ന പേരുദോഷം വീഴാതിരിക്കാൻ ഉറച്ച് മുഖ്യമന്ത്രിയും: കേരളം സമ്പൂർണ്ണ മദ്യനിരോധനത്തിലേക്കോ?

യുഡിഎഫ് യോഗത്തിൽ ചെന്നിത്തലയും മദ്യവിരുദ്ധനായി; യുഡിഎഫ് നേതാക്കളും ഒറ്റക്കെട്ട്; മദ്യമാഫിയയുടെ ആളെന്ന പേരുദോഷം വീഴാതിരിക്കാൻ ഉറച്ച് മുഖ്യമന്ത്രിയും: കേരളം സമ്പൂർണ്ണ മദ്യനിരോധനത്തിലേക്കോ?

തിരുവനന്തപുരം: പൂട്ടിയ ബാറുകൾ തുറക്കാനുള്ള കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പോരാട്ടം ഒടുവിൽ സമ്പൂർണ്ണ മദ്യനിരോധനത്തിലേക്കു കേരളത്തെ നയിക്കുമോ? വി എം സുധീരന്റെ ഉറച്ച നിലപാടിനെ വെട്ടാൻ ഇന്നലെ എം എം ഹസൻ ഇട്ട നമ്പർ ഇപ്പോൾ നടക്കുന്ന യുഡിഎഫ് യോഗത്തിൽ ഗൗരവസ്വഭാവം പൂണ്ടതോടെ അപ്രതീക്ഷിതമായ മദ്യനിരോധന ഉത്തരവിലേക്കു കേരളത്തെ നയിച്ചേക്കുമെന്ന സൂചനയാണ് പുറത്തു കൊണ്ടുവന്നത്. യുഡിഎഫ് യോഗത്തിൽ സർവ്വ കക്ഷികളും സമ്പൂർണ്ണ മദ്യനിരോധനത്തിന് അനുകൂലമായി വാദിച്ചതാണ് ചർച്ചകൾക്ക് വഴിത്തിരിവായത്. മദ്യശാലകൾ തുറന്നു പ്രവർത്തിപ്പിക്കണമെന്ന നിലപാട് എടുത്തിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നാടകീയമായി സമ്പൂർണ്ണ മദ്യനിരോധനത്തിനു വേണ്ടി രംഗത്തുവന്നതോടെ താൻ മാത്രം മദ്യമാഫിയയുടെ ആളാണ് എന്ന പേരെടുക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും എന്നാണ് ഒടുവിൽ കിട്ടുന്ന റിപ്പോർട്ട്. യുഡിഎഫ് യോഗത്തിനു ശേഷം മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണുമ്പോൾ ഇതേക്കുറിച്ചു വ്യക്തമായ ചിത്രം നൽകിയേക്കും. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വൈകീട്ട് അഞ്ചുമണിക്ക് നടക്കും.

ഏപ്രിൽ ഒന്നുമുതൽ സമ്പൂർണ്ണ മദ്യനിരോധനം വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടു. ഘട്ടം ഘട്ടമായി സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കണമെന്നും പൂട്ടിയ ബാറുകൾ തുറക്കേണ്ടതില്ലെന്നും കേരള കോൺഗ്രസ് ചെയർമാനും ധനകാര്യമന്ത്രിയുമായ കെ എം മാണിയും അഭിപ്രായപ്പെട്ടു. പുതിയ മദ്യനയത്തിൽ യുഡിഎഫ് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇതോടെ ഉറപ്പായി. കോൺഗ്രസ് ഔദ്യോഗികമായി തന്നെ ആ അഭിപ്രായത്തിലേക്ക് എത്തുന്ന കാഴ്ചയാണ് കാണുന്നത്. പൂട്ടിക്കിടക്കുന്ന 418 ബാറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന പ്രത്യേക യുഡിഎഫ് യോഗത്തിനാണ് നിരോധനത്തെ പിന്തുണച്ച് ഐ ഗ്രൂപ്പ് രംഗത്തെത്തിയത്. നേരത്തെ സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കണമെന്ന് എം എം ഹസനും പിന്നാലെ വി എം സുധീരനും ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ലീഗും കേരള കോൺഗ്രസും ഈ അഭിപ്രായത്തോടു യോജിച്ചതോടെയാണ്, യുഡിഎഫ് യോഗത്തിൽ ഈ ആവശ്യം കൂടുതൽ പിന്തുണ നേടിയത്. ഇതോടെ പൂട്ടിയ ബാർ തുറക്കണോ വേണ്ടയോ എന്ന ചർച്ച, കേരളത്തിൽ മദ്യവില്പന തന്നെ വേണോ വേണ്ടയോ എന്നതിലേക്കായി മാറിയിരിക്കയാണ്. പൂട്ടിയ ബാറുകൾ തുറക്കണമോ എന്നത് ധൃതിയിൽ തീരുമാനമെടുക്കേണ്ട വിഷയമല്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദും അഭിപ്രായപ്പെട്ടു.

പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കരുതെന്ന നിലപാട് മഹിളാ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചതായും ബാറുകൾ ക്രമസമാധാനം തകർക്കുന്നതായും മഹിളാ കോൺഗ്രസ് പ്രസിഡന്റ് ബിന്ദു കൃഷ്ണ പ്രസ്താവിച്ചു. ബാറുകൾ വീണ്ടും തുറന്നാൽ സർക്കാരിന്റെ അന്ത്യമാണെന്ന് മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയസ് മാർ ക്ലീമീസ് മുന്നറിയിപ്പു നൽകിയതും ഇന്നു രാവിലെയാണ്. ഗാന്ധിത്തൊപ്പിയും ഖദറുമിട്ടാൽ കോൺഗ്രസാകില്ലെന്ന് ലത്തീൻ കത്തോലിക്ക സഭയുടെ ബിഷപ്പ് മാർ സൂസപാക്യവും അഭിപ്രായപ്പെട്ടിരുന്നു. മദ്യനയം നടപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന് ആത്മാർത്ഥതയില്ലെന്നായിരുന്നു സൂസപാക്യത്തിന്റെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP