Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി വിജയൻ ഒരു രാഷ്ട്രീയ ഭീരുവായി തുടരാതെ രാജിവച്ചൊഴിയണമെന്ന് വി എം സുധീരൻ; പണത്തിന്റെ കരുത്തിൽ ആരെയും വരുതിയിലാക്കാം എന്നുള്ള 'തോമസ് ചാണ്ടി തിയറി'യിൽ പിണറായിയും വീണതായും സുധീരൻ; എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച് വോട്ട് ചെയ്ത ജനങ്ങളെ പുച്ഛിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി  

പിണറായി വിജയൻ ഒരു രാഷ്ട്രീയ ഭീരുവായി തുടരാതെ രാജിവച്ചൊഴിയണമെന്ന് വി എം സുധീരൻ; പണത്തിന്റെ കരുത്തിൽ ആരെയും വരുതിയിലാക്കാം എന്നുള്ള 'തോമസ് ചാണ്ടി തിയറി'യിൽ പിണറായിയും വീണതായും സുധീരൻ; എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച് വോട്ട് ചെയ്ത ജനങ്ങളെ പുച്ഛിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി   

 തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ നടപടിക്ക് തയ്യാറാവാത്ത മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനവുമായി യുഡിഎഫ് നേതാക്കളും രംഗത്തെത്തി. തോമസ് ചാണ്ടിയുടെ അഴിമതിക്ക് കുട പിടിക്കുകയാണ് സർക്കാരെന്നും വിമർശനമുയർന്നു. 

ഭരണഘടനാ വിരുദ്ധമെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്മയും ചൂണ്ടിക്കാട്ടിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ തോമസ് ചാണ്ടിയെ എത്രയും വേഗം പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും യുഡിഎഫ് ആവശ്യപ്പട്ടു.

വി എം സുധീരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മന്ത്രി തോമസ് ചാണ്ടിക്കെതിരെ അതിരൂക്ഷമായ പരാമർശവും വിധിയും ഹൈക്കോടതിയിൽ നിന്നും ഉണ്ടായിട്ടും മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ തയ്യാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയൻ തൽസ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

മന്ത്രി രാജി വെക്കുന്നതാണ് ഉചിതം, സ്വന്തം സർക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധം, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്മ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച ഹൈക്കോടതി മന്ത്രി ദന്തഗോപുരത്തിൽ നിന്നും ഇറങ്ങി സാധാരണ മനുഷ്യനായി നിയമത്തെ നേരിടണം എന്നീ തരത്തിലുള്ള അതീവ ഗൗരവമുള്ള കാര്യങ്ങളാണ് നിരീക്ഷിച്ചത്. ഇതെല്ലാം പാടെ അവഗണിച്ചുകൊണ്ട് മന്ത്രിയെ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്ന മുഖ്യമന്ത്രി ഭരണഘടനയെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുകയാണ്. സത്യപ്രതിജ്ഞാ ലംഘനമാണിത്.

തന്റെ പണത്തിന്റെ കരുത്തിൽ ആരെയും വരുതിയിലാക്കാം എന്നുള്ള 'തോമസ് ചാണ്ടി തിയറി'യിൽ മുഖ്യമന്ത്രിയും വീണിരിക്കുകയാണെന്ന് വ്യക്തം. മന്ത്രി ചാണ്ടിയോടൊപ്പം ചേർന്ന് നിൽക്കുന്ന മുഖ്യമന്ത്രിയെ ഇപ്പോൾ കൂട്ടുപ്രതിയായിട്ടാണ് ജനങ്ങൾ കാണുന്നത്.

ജനവികാരവും സംസ്ഥാന താത്പര്യവും ഇടതുമുന്നണിയിലെ പൊതു അഭിപ്രായവും തീർത്തും തള്ളിക്കളഞ്ഞ് നിയമലംഘകനായ മന്ത്രി തോമസ് ചാണ്ടിക്ക് മുന്നിൽ വിനീത വിധേയനായി നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ ഒരു രാഷ്ട്രീയ ഭീരുവായി തുടരുന്നതിലും നല്ലത് രാജിവച്ചൊഴിയുകയാണ്.

പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ പ്രസ്താവന

എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച് വോട്ട് ചെയ്ത ജനങ്ങളെ പുച്ഛിക്കുകയാണ് തോമസ് ചാണ്ടി വിഷയത്തിൽ സംസ്ഥാന സർക്കാർ ചെയ്യുന്നത്. കലക്ടറുടെ റിപ്പോർട്ടും, എ ജിയുടെ നിയമോപദേശവും, ഹൈക്കോടതിയുടെ പരാമർശവും എല്ലാം എതിരായിട്ടും മന്ത്രിക്ക് കടിച്ചു തൂങ്ങി അധികാരത്തിൽ തുടരാൻ എവിടെ നിന്നാണ് ഇവർക്ക് ധൈര്യം ലഭിക്കുന്നത്?.

ഇടതു മുന്നണിയിലെ ജനപ്രതിനിധികളായ മറ്റ് രണ്ട് പേർക്കെതിരെയും സമാനമായ ആരോപണമുണ്ട്. പക്ഷേ അതിലും നിയമ നടപടിക്ക് മുതിരാൻ സർക്കാർ തയ്യാറാകുന്നില്ല.

മന്ത്രി തോമസ് ചാണ്ടിക്കെതിരായി ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് നൽകിയെന്നാണ് ഹൈക്കോടതി പറഞ്ഞത്. കോടതിയെ സമീപിച്ച് തൽസ്ഥാനത്ത് തുടരാൻ നടത്തുന്ന ശ്രമങ്ങൾ ദൗർഭാഗ്യകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നാണം കെട്ട ഈ സമയത്തെങ്കിലും മന്ത്രിസ്ഥാനം രാജി വെക്കാൻ തോമസ് ചാണ്ടി തയ്യാറാവണം. മന്ത്രിസഭയിൽ നിന്നും മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP