Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന കോളേജ് അദ്ധ്യാപകർ പരീക്ഷാ പേപ്പർ നോക്കാൻ പണം വാങ്ങുന്നത് നിയമ വിരുദ്ധം; ഇനി തുടർന്നാൽ കനത്ത നടപടിയെന്ന മുന്നറിയിപ്പുമായി സർക്കാർ; ലജ്ജയില്ലാതെ യുജിസി അദ്ധ്യാപകർ നക്കാപ്പിച്ചയ്ക്കായി രംഗത്ത്

ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന കോളേജ് അദ്ധ്യാപകർ പരീക്ഷാ പേപ്പർ നോക്കാൻ പണം വാങ്ങുന്നത് നിയമ വിരുദ്ധം; ഇനി തുടർന്നാൽ കനത്ത നടപടിയെന്ന മുന്നറിയിപ്പുമായി സർക്കാർ; ലജ്ജയില്ലാതെ യുജിസി അദ്ധ്യാപകർ നക്കാപ്പിച്ചയ്ക്കായി രംഗത്ത്

കോട്ടയം : ഏറ്റവും മികച്ച ശമ്പളമാണ് യുജിസി സ്‌കെയിലിൽ കോളേജ് അദ്ധ്യാപകർക്ക് ലഭിക്കുന്നത്. പഠിപ്പിക്കലിന്റെ ഭാഗമാണ് പരീക്ഷ. എന്നാൽ പരീക്ഷാ പേപ്പർ നോക്കണമെങ്കിൽ കോളേജ് അദ്ധ്യാപകർക്ക് പ്രത്യേകം കാശ് നൽകണം. ഇതാണ് നിലവിലെ രീതി. ഇത് നിയമ വിരദ്ധമാണെന്നാണ് സർക്കാർ നിലപാട്. അതുകൊണ്ട് തന്നെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നതിനു കോളജ് അദ്ധ്യാപകർക്കു പ്രതിഫലം നൽകുന്നതു നിർത്തലാക്കാൻ സർവകലാശാലകൾക്കു സർക്കാരിന്റെ അന്ത്യശാസനം. ഇതു സംബന്ധിച്ചു യുജിസിയുടെയും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെയും സർക്കാരിന്റെയും പല മുന്നറിയിപ്പുകളും മറികടന്നു കേരളത്തിലെ സർവകലാശാലകൾ ഇപ്പോഴും പ്രതിഫലം നൽകി വരുന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബി.ശ്രീനിവാസ് കേരളത്തിലെ എല്ലാ സർവകലാശാല രജിസ്റ്റ്രാർമാരെയും ഫിനാൻസ് ഓഫിസർമാരെയും തിരുവനന്തപുരത്തു വിളിച്ചുവരുത്തിയാണ് ഇക്കാര്യം അറിയിച്ചത്. സി ആൻഡ് എജിയുടെ നിർദ്ദേശം മറികടക്കാൻ സർക്കാരിനാകില്ലെന്നും ഈ നിർദേശവും മറികടന്നാൽ പണം കൊടുക്കുന്നവരാകും ഉത്തരവാദികളെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ അദ്ധ്യാപകർ ഈ തീരുമാനം അംഗീകരിക്കുന്നില്ല. മൂല്യനിർണ്ണയത്തിന് കാശില്ലെങ്കിൽ സമരം എന്നതാണ് അവരുടെ നിലപാട്. ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന കോളേജ് അദ്ധ്യാപകരുടെ ഈ നിലപാട് അംഗീകരിക്കില്ലെന്നാണ് സർക്കാർ പക്ഷം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉറച്ച നിലപാടാണ് ഉള്ളത്.

യുജിസി ശമ്പളം കൈപ്പറ്റുന്ന അദ്ധ്യാപകർക്കു മൂല്യനിർണയത്തിനു പ്രതിഫലം നൽകില്ല എന്ന തീരുമാനം സിൻഡിക്കറ്റ് യോഗത്തിൽ അംഗീകരിച്ചശേഷം വിവരം അറിയിക്കാനാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചിരുന്നത്. എന്നാൽ ഇതു സംബന്ധിച്ച് പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ഇതേപ്പറ്റി പഠിക്കാനാണ് ചില സിൻഡിക്കറ്റുകൾ തീരുമാനിച്ചത്. കോളജ് അദ്ധ്യാപകർക്കു യുജിസി സ്‌കെയിൽ നടപ്പാക്കിയപ്പോൾ റെഗുലർ കോളജ് വിദ്യാർത്ഥികളുടെ പേപ്പർ മൂല്യനിർണയം ജോലിയുടെ ഭാഗമാക്കുകയും ഇതിനു പ്രത്യേക പ്രതിഫലം നൽകുന്നതു നിർത്തലാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കേരളത്തിലെ അദ്ധ്യാപക സംഘടനകൾ പ്രതിഷേധമുയർത്തിയപ്പോൾ ഇക്കാര്യം പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു.

എന്നാൽ റെഗുലർ വിദ്യാർത്ഥികളുടെ പേപ്പറുകൾ മൂല്യനിർണയം നടത്തുന്നതിനു പ്രതിഫലം നൽകേണ്ടതില്ല എന്നായിരുന്നു സമിതിയുടെയും വിലയിരുത്തൽ. ഇതേസമയം, പ്രൈവറ്റ് വിദ്യാർത്ഥികളുടെ പേപ്പറുകൾ നോക്കുന്നതിനു പ്രതിഫലം നൽകാമെന്നും സമിതി നിർദേശിച്ചു. തങ്ങൾ പഠിപ്പിക്കുന്ന റെഗുലർ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് തങ്ങൾ മൂല്യനിർണയം നടത്താമെന്ന നിലപാടാണ് അദ്ധ്യാപക സംഘടനകൾക്കും. എന്നാൽ റെഗുലർ, പ്രൈവറ്റ്, അൺഎയ്ഡഡ് വിദ്യാർത്ഥികളുടെ പേപ്പറുകൾ തരംതിരിക്കാൻ ഇതുവരെ സർവകലാശാലകൾ നടപടിയെടുത്തിട്ടില്ല.

കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, സംസ്‌കൃത സർവകലാശാലകൾ 2010–2014 വരെയുള്ള കാലയളവിൽ റെഗുലർ വിദ്യാർത്ഥികളുടെ പേപ്പർ മൂല്യനിർണയത്തിനായി 32.06 കോടി രൂപ ചെലവഴിച്ചുവെന്നു സി ആൻഡ് ഏജിയുട ഓഡിറ്റിങ്ങിൽ കണ്ടെത്തി. ഇത് അദ്ധ്യാപകർക്കു ലഭിച്ച അധിക തുകയാണ്. ഇതു തിരിച്ചുപിടിക്കണമെന്നും സർക്കാർ സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP