Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടിയെക്കുറിച്ച് ക്ലാസിൽ സംസാരിച്ചതിന് യുകെജി വിദ്യാർത്ഥിയെ പട്ടിക്കൂട്ടിൽ മൂന്ന് മണിക്കൂർ പൂട്ടിയിട്ട് സ്‌കൂൾ അധികൃതരുടെ കൊടും ക്രൂരത; ജനരോഷം ഇരമ്പിയപ്പോൾ കുടപ്പനക്കുന്നിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

പട്ടിയെക്കുറിച്ച് ക്ലാസിൽ സംസാരിച്ചതിന് യുകെജി വിദ്യാർത്ഥിയെ പട്ടിക്കൂട്ടിൽ മൂന്ന് മണിക്കൂർ പൂട്ടിയിട്ട് സ്‌കൂൾ അധികൃതരുടെ കൊടും ക്രൂരത; ജനരോഷം ഇരമ്പിയപ്പോൾ കുടപ്പനക്കുന്നിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

തിരുവനന്തപുരം: ക്ലാസിൽ സഹപാഠിയോട് സംസാരിച്ചതിന് യുകെജി വിദ്യാർത്ഥിക്ക് സ്‌കൂൾ അധികൃതരുടെ ക്രൂരശിക്ഷ. ക്ലാസ് റൂമിലിരുന്ന് പട്ടിയെ കുറിച്ച് സംസാരിച്ചതിനാണ് സാക്ഷര കേരളത്തെ നാണിപ്പിക്കുന്ന വിധത്തിലുള്ള കൊടുംക്രൂരത സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായത്. വിദ്യാർത്ഥിയെ പട്ടിക്കൂട്ടിൽ മൂന്നു മണിക്കൂറാണ് പൂട്ടിയിട്ടത്. കുട്ടിയെ പൂട്ടിയിട്ടത് തിരുവനന്തപുരം കുടപ്പനക്കുന്നിലെ ജവഹർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പരാതിയുമായി കുട്ടിയുടെ മാതാപിതാക്കൾ സ്‌കൂളിലെത്തിയപ്പോഴാണ് വിവരം നാട്ടുകാർ അറിഞ്ഞത്. പരാതിയെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ എത്തിയിട്ടും സഹകരിക്കാതെ പ്രിൻസിപ്പൾ വിസമ്മതിച്ചു. ഇതോടെ നാട്ടുകാരും രാഷ്ട്രീയപാർട്ടിക്കാരും സ്ഥലത്തെത്തി പ്രതിഷേധം തുടങ്ങി. തുടർന്നാണ് സ്‌കൂൾ പ്രിൻസിപ്പൽ ശശികലയെയും ഭർത്താവിനെയുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിപിഐ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ക്ലാസിലിരുന്ന് തൊട്ടുപുറകിലെ ബഞ്ചിലിരുന്ന കുട്ടിയോട് സംസാരിച്ചതിനാണ് ശിക്ഷ വിധിച്ചത്. എന്താണ് സംസാരിച്ചതെന്ന് അദ്ധ്യാപിക കുട്ടിയോട് ചോദിച്ചപ്പോൾ പട്ടിയുടെ കാര്യമാണെന്ന് മറുപടി പറഞ്ഞു. എന്നാൽ പട്ടിക്കൂട്ടിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് കൂട്ടിൽ അടയ്ക്കുകയുമായിരുന്നു. സ്‌കൂൾ പ്രിൻസിപ്പലിന്റെ വീടിനോട് ചേർന്ന് തന്നെയാണ് സ്‌കൂളും പ്രവർത്തിക്കുന്നത്. പ്രൻസിപ്പലും ഭർത്താവും പട്ടിയെ വളർത്തുന്ന കൂട്ടിലാണ് ശിക്ഷാ നടപടിയെന്നോണം കുഞ്ഞിനെ കൂട്ടിലടച്ചത്.

കൂട്ടിലടയ്ക്കപ്പെട്ട കുട്ടിയുടെ ബന്ധുവും ഈ സ്‌കൂളിലെ വിദ്യാർത്ഥിനിയുമായ മറ്റൊരു കുട്ടി ഇത് കാണുകയും വീട്ടിൽ അറിയിക്കുകയുമായിരുന്നു. കൂട്ടിലടയ്ക്കപ്പെട്ട സമയം പട്ടി കൂട്ടിൽ ഉണ്ടായിരുന്നില്ല. ബന്ധുവായ കുട്ടിയെയും സ്‌കൂൾ അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടിൽ അറിയിച്ചാൽ ഉപദ്രവിക്കുമെന്നും വായിൽ കമ്പുകുത്തിക്കയറ്റുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് കുട്ടി പറഞ്ഞത്. പ്രിൻസിപ്പലിന്റെ അനുമതിയോടെയായിരുന്നു അദ്ധ്യാപിക ശിക്ഷ നടപ്പിലാക്കിയത്.

വിവരം അറിഞ്ഞ് നാട്ടുകാരും ചൈൽഡ് ലൈൻ പ്രവർത്തകരും എത്തിയപ്പോൾ നിഷേധാത്മക നിലപാടാണ് സ്‌കൂൾ അധികൃതർ സ്വീകരിച്ചത്. ഇങ്ങനെയൊരു കുട്ടി അവിടെ പഠിക്കുന്നില്ലെന്നും അത്തരത്തിലൊരു സംഭവവും നടന്നിട്ടില്ലെന്നുമാണ് അധികൃതർ പറഞ്ഞത്. പിന്നീട് കുട്ടി പഠിക്കുന്നുണ്ടെന്ന് സമ്മതിച്ചെങ്കിലും കുട്ടിയെ പട്ടിക്കൂട്ടിൽ അടച്ചിട്ടില്ല എന്ന് അധികൃതർ പറഞ്ഞു. തുടർന്ന് നാട്ടുകാരോടും ചൈൽഡ് ലൈൻ പ്രവർത്തകരോടും ഇവർ തട്ടിക്കയറുകയായിരുന്നു. മാദ്ധ്യമങ്ങൾ കൂടെയുണ്ടെന്ന് കരുതി അഹങ്കാരം കാണിക്കരുതെന്നും ഞങ്ങൾക്കും ആളുണ്ടെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. അതേസമയം കുഞ്ഞിനെ പട്ടിക്കൂട്ടിലിട്ടെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്ന് സ്‌കൂൾ മാനേജർ രവീന്ദ്രൻ പിള്ള പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ മുരളീധരൻ എം എൽ എയും രംഗത്തെത്തി. ഈ സ്‌കൂളിൽ കുഞ്ഞുങ്ങളെ ക്രൂരമായി ശിക്ഷിക്കാറുണ്ടെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടു. അദ്ധ്യാപകരുടെ നുള്ളുകിട്ടി ചോര പൊടിഞ്ഞുകൊണ്ടാണ് കുട്ടികൾ വീട്ടിലെത്താറുള്ളതെന്ന പരാതിയും നേരത്തെ ഉണ്ടായിരുന്നു. കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എം കെ മുനീറും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP