Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഷ്ണുവിന്റെ കുടുംബത്തിന് നൽകിയത് വെറും പത്ത് ലക്ഷം; മുഖ്യമന്ത്രിയോ മന്ത്രിമാരോ വാർത്താസമ്മേളനം നടത്തി പറയാവുന്ന കാര്യത്തിന് പകരം 50 ലക്ഷം മുടക്കിയുള്ള പത്രപ്പരസ്യം എന്തിനായിരുന്നു? ഖജനാവിനെ ധൂർത്തടിക്കുന്ന സർക്കാർ നടപടിയെ വിമർച്ച് വി ടി ബൽറാം

ജിഷ്ണുവിന്റെ കുടുംബത്തിന് നൽകിയത് വെറും പത്ത് ലക്ഷം; മുഖ്യമന്ത്രിയോ മന്ത്രിമാരോ വാർത്താസമ്മേളനം നടത്തി പറയാവുന്ന കാര്യത്തിന് പകരം 50 ലക്ഷം മുടക്കിയുള്ള പത്രപ്പരസ്യം എന്തിനായിരുന്നു? ഖജനാവിനെ ധൂർത്തടിക്കുന്ന സർക്കാർ നടപടിയെ വിമർച്ച് വി ടി ബൽറാം

തിരുവനന്തപുരം: ജിഷ്ണു പ്രണോയി വിഷയത്തിൽ പ്രതിരോധത്തിലായ സംസ്ഥാന സർക്കാർ ന്യായീകരണങ്ങളുമായി ഇന്ന് മിക്ക പത്രങ്ങളിലും പിആർഡിയുടെ പരസ്യം വന്നിരുന്നു. ഈ സംഭവത്തിന് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനമാണ് ഏൽക്കേണ്ടി വന്നത്. ജിഷ്ണുവിന്റെ മാതാവ് മഹിജയും ഈ പരസ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു. അനാവശ്യമായി ഖജനാവിൽ നിന്നും പണം ധൂർത്തടിക്കുകയാണ് സസർക്കാർ ഈ പരസ്യത്തിലൂടെ ചെയ്തതെന്ന വികാരവും ശക്തമാണ്.

ഖജനാവ് ധൂർത്തിടിക്കുന്ന പിണറായി സർക്കാറിന്റെ നീക്കത്തെ വിമർശിച്ച് കോൺഗ്രസ് എംഎൽഎ വി ടി ബൽറാമും രംഗത്തെത്തി. സർക്കാറിനെ ന്യായീകരിക്കാൻ വേണ്ടി മുതൽ മുടക്കില്ലാതെ ഒരു വാർത്താസമ്മേളനം നടക്കാമെന്നിരിക്കെ എന്തിനാണ് 50 ലക്ഷത്തോളം രൂപ മുടക്കി സർക്കാർ പരസ്യം നൽകിയതെന്ന ചോദ്യമാണ് ബൽറാം ഉന്നയിച്ചത്. പത്രസമ്മേളനം വിളിച്ചാൽ അസുഖകരമായ പല ചോദ്യങ്ങളും ഉയർന്നുവരുമെന്നും സർക്കാർ വാദത്തിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടപ്പെടുമെന്നുമുള്ള പേടിയാണോ മുഖ്യമന്ത്രിക്കെന്നും ബൽറാം ചോദിക്കുന്നു.

വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ജിഷ്ണുവിന്റെ അമ്മയ്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് സംസ്ഥാന സർക്കാർ ഇന്ന് കേരളത്തിലെ പത്രങ്ങളിൽ മുഴുവൻ നെടുങ്കൻ പരസ്യം നൽകിയിരിക്കുന്നു. വെറും പത്ത് ലക്ഷം രൂപയാണ് ജിഷ്ണുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകിയത്. എന്നാൽ ഈ പരസ്യങ്ങൾക്കായി അതിലുമെത്രയോ ഇരട്ടി പൊതുഖജനാവിൽ നിന്ന് ചെലവഴിച്ചതായി മനസ്സിലാക്കുന്നു. മലയാള മനോരമക്ക് മാത്രം ഏതാണ്ട് 5.75 ലക്ഷമാണ് ഇതിന് പരസ്യക്കൂലി. മാതൃഭൂമിക്കും ഏതാണ്ട് 5 ലക്ഷം വരും. മംഗളത്തിന് ഏതാണ്ട് 3 ലക്ഷം. മറ്റ് കാക്കത്തൊള്ളായിരം പത്രങ്ങൾക്കുള്ള ചെലവ് കൂടി കണക്കാക്കുമ്പോൾ കുറഞ്ഞത് അമ്പത് ലക്ഷമെങ്കിലും ഖജനാവിന് ഭാരമുണ്ടാവുമെന്നുറപ്പ്. ഇംഗ്ലീഷ് പത്രങ്ങളടക്കമുള്ളതുകൊണ്ട് ഒരു കോടി വരെ ആകുമെന്നും അഭിപ്രായമുണ്ട്.

ഈ ധൂർത്ത് എന്തിനു വേണ്ടിയായിരുന്നു? സർക്കാരിന് ഇക്കാര്യത്തിലെ സ്വന്തം ന്യായീകരണങ്ങൾ ജനങ്ങളെ അറിയിക്കാൻ ഇങ്ങനെയുള്ള പരസ്യങ്ങൾ തന്നെ വേണമെന്നുണ്ടോ? മുഖ്യമന്ത്രിയോ മറ്റ് ഏതെങ്കിലും മന്ത്രിമാരോ പത്രസമ്മേളനം നടത്തിയാലും മതിയായിരുന്നില്ലേ? വിശദമായ കുറിപ്പ് ഫേസ്‌ബുക്കിലും ഇടാമല്ലോ.

ഈ സർക്കാർ അധികാരമേറ്റതുമുതൽ മുഖ്യമന്ത്രിയുടെ ആഴ്ചതോറുമുള്ള പത്രസമ്മേളനം ഇല്ലാതാക്കി. ആവശ്യമുള്ളപ്പോൾ മാത്രം പത്രസമ്മേളനം വിളിച്ചാൽ മതിയല്ലോ എന്നായിരുന്നു അന്നത്തെ വാദം. ഇപ്പോഴിതാ ആവശ്യമുള്ളപ്പോഴും പത്രക്കാരെ കാണാൻ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. അതുകൊണ്ടൊക്കെയാണ് ഇങ്ങനെ ഖജനാവിന് അധികഭാരം സൃഷ്ടിച്ച് പരസ്യം നൽകേണ്ട സാഹചര്യമുണ്ടാവുന്നത്. ജിഷ്ണു വിഷയത്തിൽ പത്രസമ്മേളനം വിളിച്ചാൽ അസുഖകരമായ പല ചോദ്യങ്ങളും ഉയർന്നുവരുമെന്നും സർക്കാർ വാദത്തിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടപ്പെടുമെന്നുമുള്ള പേടിയാണോ മുഖ്യമന്ത്രിക്ക്?

ഏതായാലും ഈ പരസ്യങ്ങൾക്കായി ഖജനാവിൽ നിന്ന് ചെലവിട്ട തുകയുടെ വിശദാംശങ്ങളും അതിന്റെ ആവശ്യകതയും സർക്കാർ തന്നെ പുറത്തുവിടേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP