Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിഷമെല്ലാം എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നും; കേളത്തിലെ പച്ചക്കറികളിൽ 99 ശതമാനവും കീടനാശിനി രഹിതം

വിഷമെല്ലാം എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നും; കേളത്തിലെ പച്ചക്കറികളിൽ 99 ശതമാനവും കീടനാശിനി രഹിതം

കൊച്ചി: കേരളത്തിൽ വിഷ പച്ചക്കറി എത്തുന്നത് കേരളത്തിൽ തന്നെ. ഇവിടെ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളിൽ തൊണ്ണൂറ് ശതമാനവും കീടനാശിനി രഹിതമാണെന്ന് പഠനങ്ങൾ വ്യക്തമാകുന്നു. കീടനാശിനി പ്രയോഗമില്ലാതെ തന്നെ കേരളത്തിൽ പച്ചക്കറികൾ നന്നായി വിളയുമെന്ന് ഒരിക്കൽക്കൂടി തെളിയുകയാണ്. കാർഷിക സർവകലാശാല, കേരളത്തിലെ പച്ചക്കറി കർഷകരുടെ കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് ശേഖരിച്ച് പരിശോധിച്ച 165 സാമ്പിളുകളിൽ 163 എണ്ണവും (98.7%) 'ഭക്ഷിക്കാൻ സുരക്ഷിതം' എന്ന മാനദണ്ഡം നിലനിർത്തിയതായി ഫലങ്ങളിൽ വ്യക്തമാകുന്നു.

2015 ജനവരി 1 മുതൽ മാർച്ച് 31 വരെ കൃഷിയിടങ്ങളിൽ നിന്ന് ശേഖരിച്ച 165 പച്ചക്കറി സാമ്പിളുകളുടെ പരിശോധനാ വിവരങ്ങളാണ് പുറത്തു വന്നത്. എല്ലാ ജില്ലകളിലേയും വിവരങ്ങൾ വെവ്വേറെ കൊടുത്തിട്ടുണ്ട്. ജൈവ ജില്ലയായി പ്രഖ്യാപിച്ച കാസർകോട്ടെ കർഷകരിൽ നിന്ന് ശേഖരിച്ച ഒരു സാമ്പിളിൽ വിഷാംശം കണ്ടെത്തിയെങ്കിലും അതിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) പരിധി നിശ്ചയിച്ചിട്ടില്ലാത്തതാണ്. ഇടുക്കി, കോട്ടയം ജില്ലകളിലെ കർഷകരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലൊന്നിലും വിഷാംശം കണ്ടെത്തിയിട്ടില്ല. തിരുവനന്തപുരം ജില്ലയിൽ നിന്ന് ശേഖരിച്ച 73 പച്ചക്കറി സാമ്പിളുകളിൽ 10 എണ്ണത്തിൽ മാത്രമാണ് കീടനാശിനി അവശിഷ്ട വിഷാംശം കണ്ടത്.

അതിനിടെ സംസ്ഥാനത്തേക്ക് വിഷലിപ്തമായ പച്ചക്കറികളും പഴങ്ങളും എത്തുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന് കീഴിലുള്ള അനലിറ്റിക്കൽ ലാബുകളിൽ 15 സാങ്കേതിക വിദഗ്ദ്ധരുടെ തസ്തികകൾ സൃഷ്ടിച്ച് ഉടൻ നിയമനം നടത്താൻ തീരുമാനമായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ലാബുകളിൽ സാങ്കേതിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി റിസർച്ച് ഓഫീസർ, ജൂനിയർ റിസർച്ച് ഓഫീസർ, ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 1, ഗ്രേഡ് 2 എന്നീ തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി വി എസ്. ശിവകുമാർ അറിയിച്ചു.

ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ആധുനിക സംവിധാനമായ ജി.സി.എം.എസ്.എം.എസ്. ലാബുകളിൽ ഉടൻ പ്രവർത്തനമാരംഭിക്കും. ഈയം ഉൾപ്പെടെയുള്ള ഘനലോഹങ്ങളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ഐ.സിപിഐ(എം).എസ്. തിരുവനന്തപുരം, കോഴിക്കോട് ലാബുകളിൽ സ്ഥാപിക്കാനും നടപടികളായി. സാങ്കേതികവിദ്യയുടെ കൈമാറ്റത്തോടൊപ്പം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ സംസ്ഥാനത്തെ ലാബോറട്ടറികളിലെ ഫുഡ് അനലിസ്റ്റുമാർക്ക് വിദഗ്ദ്ധ പരിശീലനവും നൽകും. കേരളത്തിലെ അനലിറ്റിക്കൽ ലാബുകൾ എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ പ്രവർത്തനങ്ങളുടെ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

പച്ചക്കറികൾക്കും പഴങ്ങൾക്കും പുറമേ മത്സ്യം, മാംസം, ഭക്ഷ്യഎണ്ണകൾ, കറിപൗഡറുകൾ മുതലായവയും, സമയബന്ധിതമായി പരിശോധിക്കാനുള്ള സംവിധാനമാണ് ലാബുകളിൽ ഒരുക്കുന്നത്. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളുടെ സാന്നിധ്യവും താമസിയാതെ കേരളത്തിലെ ഭക്ഷ്യസുരക്ഷാലാബുകളിൽ പരിശോധിച്ചറിയാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP