Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എൻഡിപി ആരുടേയും വാലും ചൂലുമല്ല; സ്‌നേഹം തന്നാൽ തിരിച്ചു സ്‌നേഹം കൊടുക്കും; ബിജെപിയോട് അയിത്തവുമില്ല; സിപിഐ(എം) ശൈലി മാറ്റണം; ഭൂരിപക്ഷ ഐക്യം കാലത്തിന്റെ ആവശ്യം: അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ വെള്ളാപ്പള്ളി സന്തുഷ്ടൻ; രാഷ്ട്രീയ ചർച്ച നടന്നെന്നും വിശദീകരണം

എസ്എൻഡിപി ആരുടേയും വാലും ചൂലുമല്ല; സ്‌നേഹം തന്നാൽ തിരിച്ചു സ്‌നേഹം കൊടുക്കും; ബിജെപിയോട് അയിത്തവുമില്ല; സിപിഐ(എം) ശൈലി മാറ്റണം;  ഭൂരിപക്ഷ ഐക്യം കാലത്തിന്റെ ആവശ്യം: അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ വെള്ളാപ്പള്ളി സന്തുഷ്ടൻ; രാഷ്ട്രീയ ചർച്ച നടന്നെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്തി എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ താൻ എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചന നൽകി. അമിത് ഷായും വെള്ളാപ്പള്ളിയുമായുള്ള ചർച്ചയ്ക്ക് ഇടനിലക്കാരനായി വിഎച്ച്പി നേതാവ് അശോക് സിംഗാളും എത്തി.  കേരളത്തിലെ രാഷ്ട്രീയ സാഹചര്യം തന്നെയായിരുന്നു പ്രധാന ചർച്ച. ഇക്കാര്യം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയും സ്ഥിരീകരിച്ചു.

ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദനമാണ് പ്രധാനമായും ചർച്ച ചെയ്തത്. പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് കാര്യങ്ങൾ ശരിയാക്കാമെന്ന് വ്യക്തമാക്കി. ഓഗസ്റ്റ് മാസം അവസാനത്തോടെ പ്രധാനമന്ത്രിയെ കാണും. അതിന് ശേഷം ശങ്കറിന്റെ പ്രതിമ അനാച്ഛാദനത്തിൽ തീരുമാനം വരും. ഈ ചർച്ചയ്ക്കിടെ കേരളത്തിലെ രാഷ്ട്രീയവും ചർച്ച ചെയ്തു. ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യവും ചർച്ചയായി.

ആരോടും എസ് എൻ ഡിപിക്ക് അയിത്തമില്ല. ഇതു തന്നെയാണ് ബിജെപിയോടുമുള്ള നിലപാട്. കേരളത്തിൽ ഭൂരിപക്ഷം അവഗണിക്കപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം അമിത് ഷായോടും പറഞ്ഞെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചു. എന്നാൽ ചർച്ചകളിൽ അശോക് പങ്കെടുത്തുവെന്ന് സ്ഥിരീകരിച്ചതുമില്ല. അവിടെ ഉണ്ടായിരുന്നുവെന്ന് മാത്രമായിരുന്നു പ്രതികരണം.

എസ്എൻഡിപി രാഷ്ട്രീയത്തിലിറങ്ങില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി, യോഗത്തിലെ ആരെങ്കിലും രാഷ്ട്രീയത്തിലിറങ്ങാനുള്ള സാധ്യതയും തള്ളിക്കളഞ്ഞില്ല. തുഷാർ വെള്ളാപ്പള്ളി രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചനകൾക്കിടെയാണ് വെള്ളാപ്പള്ളിയുടെ ഈ നിലപാട് വിശദീകരണം. ബിജെപിയിൽ നിന്ന് സ്ഥാനമാനങ്ങൾ കിട്ടിയാൽ സ്വീകരിക്കും. താൻ പാർലമെന്ററീ രാഷ്ട്രീയത്തിന് ഇല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കില്ല. രാജ്യം മുഴുവൻ എഴുതി തരാമെന്ന് പറഞ്ഞാലും രാഷ്ട്രീയ മോഹവുമായി തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചു. തങ്ങളെ സാഹിക്കുന്നവരെ സഹായിക്കുമെന്നും സ്‌നേഹം നൽകുന്നവർക്ക് തിരിച്ചും അത് നൽകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.

എസ്.എൻ.ഡി.പി ആരുടേയും വാലും ചൂലുമല്ലെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ യൂണിവേഴ്‌സിറ്റിക്ക് ശ്രീനാരായണ ഗുരുദേവന്റെ പേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരള സന്ദർശനത്തിനിടെ നിവേദനം ദൂതൻ വഴി നൽകിയിരുന്നു. നേരിൽ കാണാനാണ് വന്നത്. അബ്ദുൾ കലാം മരിച്ച സാഹചര്യത്തിൽ അതിന് കഴിഞ്ഞില്ല. അതുകൊണ്ടാണ് അമിത്ഷായെ കണ്ടത്. സംസാരിക്കുന്നതിനിടെ സന്ദർഭ വശാൽ കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളും ഹൈന്ദവ സമുദായത്തിന്റെ പ്രശ്‌നങ്ങളും ചർച്ചയായി. കേരളത്തിൽ ഭൂരിപക്ഷം നേരിടുന്ന അവഗണന അമിത് ഷായെ അറിയിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പിൽ തങ്ങളോട് സഹകരിക്കുന്നവരോട് തിരിച്ചു സഹകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎമ്മിനേയും കോൺഗ്രസ്സിനേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

എസ്.എൻ.ഡി.പിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ആരുമായും കൂട്ടുകൂടും. ബിജെപിയോട് അയിത്തം കാണിക്കേണ്ട ഒരു കാര്യവുമില്ല. ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. അവരെ തള്ളിക്കളയണം എന്ന് പറയാൻ തനിക്ക് ഭ്രാന്തുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. കേരളത്തിൽ ഭൂരിപക്ഷ ഐക്യം അത്യാവശ്യമാണെന്ന് അമിത് ഷായോട് പറഞ്ഞിട്ടുണ്ട്. ഭൂരിപക്ഷങ്ങൾ അവഗണന നേരിടുന്നു എന്ന കാര്യം അദ്ദേഹം തന്നോട് സൂചിപ്പിച്ചു. അത് ശരിയാണെന്ന് താനും പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് മാത്രം സാമൂഹ്യ നീതി ലഭിച്ചാൽ പോര. ഹൈന്ദവർക്കും സാമൂഹ്യമായും സാന്പത്തികമായും വിദ്യാഭ്യാസപരമായും നീതി ലഭിക്കണം. അതിന് വേണ്ടിയാണ് എസ്.എൻ.ഡി.പിയുടെ ശ്രമമെന്നും ഷായെ ബോദ്ധ്യപ്പെടുത്തി. ഭൂരിപക്ഷത്തിന്റെ അവകാശത്തിനായി ആരുമായും കൂട്ടുകൂടും. എന്നാൽ, എസ്.എൻ.ഡി.പി ആരുടേയും വാലോ ചൂലോ അല്ല. ബിജെപിയുമായി രാഷ്ടീയ സഖ്യമുണ്ടാക്കുന്ന കാര്യവും ചർച്ച ചെയ്തില്ല.

എസ്.എൻ.ഡി.പിക്ക് വേണമെങ്കിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാം. എന്നാൽ തങ്ങൾ അതിനില്ല. സ്‌നേഹം തന്നാൽ തിരിച്ചും സ്‌നേഹം തരും. സ്‌നേഹം കൊടുത്ത് വേണം ഈഴവരെ വശത്താക്കാനെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ എസ്.എൻ.ഡി.പിക്ക് ഒന്നും തന്നില്ല. ഉമ്മൻ ചാണ്ടി സർക്കാർ കുറച്ചൊക്കെ തന്നു. സിപിഎമ്മിനെ വിമർശിച്ചു കൊണ്ടാണ് ബിജെപിയെ വെള്ളാപ്പള്ളി അനുകൂലിച്ചത്. തങ്ങൾക്ക് ആരുമായും രാഷ്ട്രീയ അയിത്തമില്ല. എന്നാൽ സിപിഎമ്മിന്റെ ശൈലി മാറണം. നേതാക്കൾ മസിൽ പിടിച്ചു നടക്കുന്നു. അതുകൊണ്ടാണ് അരുവിക്കരയിൽ മത്സരിച്ചിട്ട് ഒരു കരയിലും എത്താതെ പോയത്. ആളുകൾക്ക് സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങാൻ സിപിഐ(എം) തയ്യറാകണം. കേന്ദ്ര ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. സവർണ്ണ പാർട്ടിയാണെന്ന് പറയുമ്പോഴും മോദി പിന്നോക്ക സമുദായക്കാരനാണ്. അതുകൊണ്ട് തന്നെ മോദിയുടെ ഭരണം കൊള്ളില്ലെന്ന് പറയാൻ പിന്നാക്കക്കാരനായ തനിക്ക് കഴിയില്ലെന്നും വ്യക്തമാക്കി.

ഇടുക്കിയിൽ പ്രവീൺ തൊഗാഡിയെ മെഡിക്കൽ കോളേജ് തുടങ്ങണമെന്ന് പറഞ്ഞു. പിന്നോക്ക ജില്ലയിൽ ആര് മെഡിക്കൽ കോളേജ് തുടങ്ങണമെന്ന് പറഞ്ഞാലും ജനങ്ങൾക്ക് വേണ്ടി പിന്തുണയ്ക്കും. അതു തന്നെയാണ് തൊഗാഡിയയോടും പറഞ്ഞതെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP