Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിട്ടിയിലൂടെയും വെള്ളാപ്പള്ളി തട്ടിപ്പു നടത്തി; മൈക്രോഫിനാൻസിലെ കോടികളുടെ തട്ടിപ്പിന് പിന്നാലെ നിർണായക വെളിപ്പടുത്തൽ; പനമ്പള്ളി നഗറിലെ ബെൽ ചിട്‌സിലെ 22 കോടി 93 ലക്ഷം രൂപയുടെ ഇടപാടിന് രേഖകൾ ഇല്ല; എസ്എൻഡിപി ജനറൽ സെക്രട്ടറിക്കും കുടുംബത്തിനും കമ്പനിയിൽ 70 ശതമാനം ഓഹരി

ചിട്ടിയിലൂടെയും വെള്ളാപ്പള്ളി തട്ടിപ്പു നടത്തി; മൈക്രോഫിനാൻസിലെ കോടികളുടെ തട്ടിപ്പിന് പിന്നാലെ നിർണായക വെളിപ്പടുത്തൽ; പനമ്പള്ളി നഗറിലെ ബെൽ ചിട്‌സിലെ 22 കോടി 93 ലക്ഷം രൂപയുടെ ഇടപാടിന് രേഖകൾ ഇല്ല; എസ്എൻഡിപി ജനറൽ സെക്രട്ടറിക്കും കുടുംബത്തിനും കമ്പനിയിൽ 70 ശതമാനം ഓഹരി

തിരുവനന്തപുരം: ചിട്ടിക്കമ്പനിയുടെ മറവിലും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കോടികളുടെ തിരിമറി നടത്തി. പീപ്പിൾ ടിവിയാണ് ഇക്കാര്യം തെളിവു സഹിതം പുറത്തുവിട്ടത്. വെള്ളാപ്പള്ളി സാമ്പത്തിക കുറ്റവാളിയാണെന്ന് സ്ഥാപിക്കുന്ന രേഖകളും തെളിവുകളും പുറത്തു വന്നു. കൊച്ചി പനമ്പിള്ളി നഗറിലെ ബെൽ ചിട്‌സ് എന്ന സ്ഥാപനത്തിലൂടെയാണ് വെള്ളാപ്പള്ളി വമ്പൻ തട്ടിപ്പു നടത്തിയത്.

നേരത്തെ മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലൂടെ വെള്ളാപ്പള്ളി കോടികൾ തട്ടിയെന്ന് ആരോപണം ഉയർന്നിരുന്നു. 5000 കോടി രൂപയാണ് ഇതുവഴി തട്ടിയതെന്നാണ് ആക്ഷേപം. കുറഞ്ഞ പലിശയ്ക്ക് ദേശസാൽകൃത ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കൂടിയ പലിശയ്ക്ക് മൈക്രോഫിനാൻസുകളിലൂടെ നൽകുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനൊപ്പം വ്യാജ രേഖകളിലൂടെ പണം എഴുതിയെടുക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം. ഇതിനൊപ്പമാണ് ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ വന്നത്. രാഷ്ട്രീയ പാർട്ടിയെന്ന ലക്ഷ്യവുമായി നീങ്ങുന്ന വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ നിലപാട് സിപിഐ(എം) എടുക്കുന്നതിന്റെ സൂചനയാണ് പാർട്ടി ചാനലായ പീപ്പിളിലെ പുതിയ വാർത്ത. രേഖകൾ സഹിതമാണ് അത് റിപ്പോർട്ട് ചെയ്തതും. കൊച്ചി പനമ്പിള്ളി നഗറിലെ ബെൽ ചിട്‌സ് തട്ടിപ്പിന്റെ മറ്റൊരു മാതൃകയാണെന്നാണ് ചാനലിന്റെ കണ്ടെത്തൽ.

എറണാകുളം പനമ്പിള്ളി നഗറിലെ ബെൽ ചിട്‌സിന് കേരളത്തിൽ ഒരു ഓഫീസ് മാത്രമാണുള്ളത്. പിന്നെയൊരു ബ്രാഞ്ചുള്ളത് ഇന്ത്യയുടെ വടക്കൻ അതിർത്തിയായ ജമ്മുവിലാണ്. ബെൽ ചിറ്റ്‌സ് വെള്ളാപ്പള്ളി കുടുംബത്തിന്റെ വകയാണെന്നാണ് കണ്ടെത്തിയത്. 70% ഓഹരിയും വെള്ളാപ്പള്ളി കുടുംബത്തിന്റെ പേരിലായിരുന്നു. വെള്ളാപ്പള്ളിയുടെ മകൻ തുഷാറിന്റ ഭാര്യ ആശക്ക് 29.16% ഓഹരി. അഡീഷണൽ ഡയറക്ടർമാർ വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനും. പ്രീതി നടേശന് 29.17% ഓഹരിയും വെള്ളാപ്പള്ളിക്ക് 11.67% ഓഹരിയും, സ്ഥാപനത്തിന്റെ പ്രൊമോട്ടറും ഡയറക്ടറുമായ പാല സ്വദേശി തോമസ് ജോസഫിന് 20% ഓഹരിയും മറ്റൊരു അഡീഷണൽ ഡയറക്ടറായ കോട്ടയം സ്വദേശി വിജയകുമാറിന് 10%. ഓഹരിയുമാണ് ഉള്ളത്. കമ്പനി നിയമം അനുസരിച്ച് ചിട്ടിക്കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സ്ഥാപനം കമ്പനി രജിസ്ട്രാർക്ക് നൽകിയ വിവരങ്ങളുടെ ആധികാരിക രേഖയിലാണ് വിശദാംശങ്ങൾ ഉള്ളതെന്ന് പീപ്പിൽ വിശദീകരിക്കുന്നത്.

ചിട്ടിക്കമ്പനിയുടെ മറവിൽ വെള്ളാപ്പള്ളി അനധികൃതമായി സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുകയാണ് എന്നതിന്റെ തെളിവാണ് പീപ്പിൾ പുറത്തുവിട്ടത്. കമ്പനി 2013-2014 ൽ നടത്തിയ 22 കോടി 93 ലക്ഷം രൂപയുടെ ഇടപാടിന് രേഖകൾ ഇല്ല എന്ന് ഓഡിറ്റിംഗിൽ കണ്ടെത്തി. ഇത്രയും തുക കമ്പനിയിൽനിന്ന് വിതരണം ചെയ്തിട്ടുണ്ട്, അത് ആർക്ക്, എന്തിന്, എങ്ങിനെ എന്നതിന് രേഖകളില്ല എന്ന് ഓഡിറ്റർ റിപ്പോർട്ടു ചെയ്തിരിക്കുന്നു. അതേസമയം ചിട്ടി ഇടപാടിൽ വിതരണം ചെയ്തിരിക്കുന്നത്. 31 ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപ മാത്രമാണ് കാണിച്ചിരിക്കുന്നത്. കമ്പനി, കമ്പനി രജിസ്ട്രാർക്ക് നൽകിയ ഫോം 23 എസി എന്ന രേഖയിലാണ് ഓഡിറ്റർ ജിവിആർ അസോസിയേറ്റ്‌സ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കേന്ദ്ര ചിട്ടി നിയമം ലംഘിച്ചുകൊണ്ടാണ് ബെൽ ചിറ്റ്‌സ് പ്രവർത്തിക്കുന്നത്. ഇക്കാര്യവും ഓഡിറ്ററുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കമ്പനി രജിസ്ട്രാർക്ക് നൽകിയ ഫോം 23 എസിയിൽ ഓഡിറ്ററുടെ പ്രത്യേക അഭിപ്രായപ്രകടനങ്ങളിലൊന്നായി ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നു. ചിട്ടിക്കമ്പനി നിയമം ലംഘിക്കുന്നത് വൻ സാമ്പത്തിക കുറ്റകൃത്യമായാണ് സുപ്രീംകോടതി അഭിഭാഷകൻ മത്തായി പൈകട നോക്കിക്കാണുന്നത്. കേന്ദ്ര ചിട്ടി നിയമത്തെ കുറിച്ച് ദീർഘകാലം നടന്ന വ്യവഹാരങ്ങളിൽ മുഖ്യ പങ്കു വഹിച്ച മത്തായി പൈകട റിസർവ്വ് ബാങ്കിനു വരെ ഇടപെടാവുന്ന സാഹചര്യമായാണ് ഇത്തരം ഘട്ടങ്ങളെ വിലയിരുത്തുന്നത്.

ഒരു കോടി മുതൽ മുടക്കുള്ള സ്ഥാപനമാണ് വെള്ളാപ്പള്ളിയുടെ ബെൽ ചിറ്റ്‌സ്. 10 ലക്ഷം രൂപയുടെ വരെ കുറികൾ നടത്തുന്നു എന്നാണ് കമ്പനിയുടെ ബ്രോഷറിൽ പറയുന്നത്. ഈ കമ്പനിയിൽ നിന്ന് എത്ര കോടി ലഭിക്കും എന്നറിയാനായി അഡീഷണൽ ഡയറക്ടറായ വിജയകുമാറിനെ ബന്ധപ്പെട്ടു. വിജയകുമാർ നിർദ്ദേശിച്ചതനുസരിച്ച് ബെൽ ചിറ്റ്‌സ് മാനേജർ അജയനെയാണ് ഞങ്ങൾ പിന്നിട് ബന്ധപ്പെട്ടത്. ചിട്ടിയിൽ ചേരുകയും മതിയായ ഈടു നൽകുകയും ചെയ്താൽ 10 കോടി രൂപ വരെ 4 മുതൽ 6 മാസത്തിനകം നൽകാറുണ്ടെന്ന് അജയൻ സ്ഥിരീകരിച്ചു.

അതിനിടെ എസ്എൻ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിൽ പിരിച്ചെടുത്ത തുകയാണ് ചിട്ടിക്കമ്പനിയിലൂടെ വകമാറ്റിയതെന്ന ആരോപണവുമായി എസ്എൻ ട്രസ്റ്റ് മുൻ ട്രസ്റ്റ് ഡി പ്രഭ രംഗത്തു വന്നു. ഇരുപതുകൊല്ലമായി എസ്എൻ ട്രസ്റ്റിലെ എല്ലാം വെള്ളാപ്പള്ളിയാണ്. ഇവിടെ നിന്ന് കിട്ടിയ കള്ളപ്പണമാണ് ചിട്ടിയിലൂടെ പുറത്തുവന്നതെന്നാണ് പ്രഭ പറയുന്നത്. വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടികളെടുക്കുമെന്നും വ്യക്തമാക്കി. ഇത്തരമൊരു ചിട്ടി കമ്പനിയുടെ കാര്യം അറിയില്ലെന്നാണ് പ്രഭയുടെ നിലപാട്. നേരത്തെ ചിട്ടി കമ്പനി നടത്തുവെന്ന തരത്തിൽ ഗോകുലം ഗോപാലനെ വെള്ളാപ്പള്ളി കളിയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളിയുടെ ചിട്ടിക്കമ്പനി വിവാദവും ഗോകുലം ഗോപാലനും കൂട്ടരും ഏറ്റെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP