Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി എസ് ഉന്നയിച്ച ആരോപണങ്ങൾ തെളിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നു വെള്ളാപ്പള്ളി; ആർഎസ്എസ് കാർമികത്വത്തിലുള്ള യാത്രയെന്നു കോടിയേരി; കള്ളപ്പണക്കാരന്റെ ആഡംബര യാത്രയെന്നു സ്വരാജ്

വി എസ് ഉന്നയിച്ച ആരോപണങ്ങൾ തെളിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നു വെള്ളാപ്പള്ളി; ആർഎസ്എസ് കാർമികത്വത്തിലുള്ള യാത്രയെന്നു കോടിയേരി; കള്ളപ്പണക്കാരന്റെ ആഡംബര യാത്രയെന്നു സ്വരാജ്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി എസ അച്യുതാനന്ദൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ സത്യമെന്നു തെളിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വെള്ളാപ്പള്ളി നടേശൻ എസ്.എൻ ട്രസ്റ്റിലെ നിയമനത്തിന് 600 കോടി കോഴ വാങ്ങിയെന്നും മൈക്രോഫിനാൻസിൽ വെള്ളാപ്പള്ളി 5000 കോടിയുടെ അഴിമതി നടത്തിയെന്നും വി എസ് ആരോപിച്ചിരുന്നു.

ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും കോഴപ്പണം കൊണ്ടാണ് വെള്ളാപ്പള്ളി യാത്ര നടത്തുന്നതെന്നും വി എസ് ആരോപണം ഉന്നയിച്ചു. ഇതിനു മറുപടിയായാണ് ആരോപണങ്ങൾ തെളിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നു വെള്ളാപ്പള്ളി പറഞ്ഞത്.

മൈക്രോഫിനാൻസ് തട്ടിപ്പിൽ വെള്ളാപ്പള്ളി 1015 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്ന് വി എസ് അച്യുതാനന്ദൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. പിന്നോക്ക വികസന കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ വഴിയുള്ള ഇടപാടിൽ 600 കോടി രൂപയോളം രൂപ വെള്ളാപ്പള്ളി കൈപ്പറ്റിയതായും വി എസ് ആരോപിച്ചു. എസ് എൻ ട്രസ്റ്റിലെ നിയമനങ്ങൾ നടത്താൻ വെള്ളാപ്പള്ളി 600 രൂപ കോഴ വാങ്ങി. ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളിൽ അദ്ധ്യാപിക അനധ്യാപക നിയമനങ്ങൾക്കും വിദ്യാർത്ഥികളുടെ പ്രവേശനത്തിനുമാണ് കോഴ വാങ്ങിയത്. 20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് തന്റെ പക്കലുണ്ടെന്നും വി എസ് പറഞ്ഞു. ഏതാണ്ട് രണ്ടു ലക്ഷത്തോളം സ്ത്രീകളെയാണ് മൈക്രോഫിനാൻസിന്റെ പേരിൽ പറ്റിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, വെള്ളാപ്പള്ളിയുടെ യാത്രയ്‌ക്കെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ആർഎസ്എസ് കാർമികത്വത്തിലുള്ള സംഘപരിവാർ മുന്നേറ്റയാത്രയാണ് വെള്ളാപ്പള്ളി നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വെള്ളാപ്പള്ളിയുടെ ജാഥാസ്വീകരണസ്ഥലത്ത് സംഘാടകരെയും ഓരോ ജില്ലയിലും ചുമതലക്കാരെയും ആർഎസ്എസ് നിയോഗിച്ചിരിക്കുകയാണ്. സംഘപരിവാർ' യാത്രയാണെന്ന് പറഞ്ഞാൽ ആരും ശ്രദ്ധിക്കില്ല. അതുകൊണ്ടാണ് ഈ വേഷംകെട്ടൽ. യാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോഴേക്കും ആർഎസ്എസ് പ്രചാരക് പദവിയിലേക്ക് വെള്ളാപ്പള്ളി ഉയർത്തപ്പെടും. കേരളത്തിൽ വർണാശ്രമധർമം നടപ്പിൽവരുത്തുകയെന്ന ആർഎസ്എസിന്റെ തത്ത്വസംഹിതക്കു വിധേയമായി വെള്ളാപ്പള്ളി പ്രവർത്തിക്കാൻ തുടങ്ങി. അത് തുറന്നുകാണിക്കുകയാണ് ഞങ്ങൾ ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.

വിഎസിനെതിരായി ദിവസവും പ്രസ്താവന നടത്തി ജനശ്രദ്ധനേടാനാണ് വെള്ളാപ്പള്ളി നടേശൻ ശ്രമിക്കുന്നത്. വി എസ് ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് മറുപടിപറയാൻ അദ്ദേഹം തയാറാവുന്നില്ല. കോളേജുകളിലെ നിയമനത്തിലും മറ്റുമായി 600 കോടിയുടെ അഴിമതി നടത്തിയെന്ന് വി എസ് പറഞ്ഞു. ഇതിന് മറുപടി പറയുന്നതിന് പകരം എന്തെങ്കിലും തൊടുന്യായം പറഞ്ഞാൽ മതിയോയെന്നും കോടിയേരി ചോദിച്ചു.

വെള്ളാപ്പള്ളി നടേശൻ നടത്തുന്ന സമത്വ മുന്നേറ്റ യാത്ര കള്ളപ്പണക്കാരന്റെ ആഡംബര യാത്ര മാത്രമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞു. വെള്ളാപ്പള്ളി നടത്തുന്നത് രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ യാത്രയായി കാണാനാകില്ല. വർഗീയത വളർത്താനാണ് വെള്ളാപ്പള്ളി യാത്രയിലൂടെ ശ്രമിക്കുന്നത്. ഒരു പ്രസ്ഥാനത്തെയാകെ വർഗീയ ശക്തികൾക്ക് അടിയറവെയ്ക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും സ്വരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP