Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈക്കൂലിക്കാരിൽ മുമ്പന്മാർ തദ്ദേശ സ്വയംഭരണ-റവന്യൂ-പൊതു മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ; മര്യാധരാമന്മാർ കൃഷി വകുപ്പുകാർ; അഴിമതി രഹിത കേരള സൃഷ്ടിക്ക് വിജിലൻസ് നടത്തിയ പഠനം വ്യക്തമാക്കുന്നത്

കൈക്കൂലിക്കാരിൽ മുമ്പന്മാർ തദ്ദേശ സ്വയംഭരണ-റവന്യൂ-പൊതു മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ; മര്യാധരാമന്മാർ കൃഷി വകുപ്പുകാർ; അഴിമതി രഹിത കേരള സൃഷ്ടിക്ക് വിജിലൻസ് നടത്തിയ പഠനം വ്യക്തമാക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തു സർക്കാർ വകുപ്പുകളിലെ അഴിമതിയിൽ തദ്ദേശഭരണ വകുപ്പ് ഒന്നാമതെന്നു വിജിലൻസ്. കഴിഞ്ഞ മൂന്നു മാസത്തെ സർവേയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ 61 വകുപ്പുകളെ അഴിമതിവിരുദ്ധ സൂചികയിൽ അഞ്ചായി തരം തിരിച്ചുള്ള റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ, മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി. രാജ്യത്ത് ആദ്യമായാണു സംസ്ഥാന സർക്കാർ വകുപ്പുകളിലെ അഴിമതിയുടെ പട്ടിക വിജിലൻസ് തയാറാക്കുന്നത്.

ഐ.ടി. വകുപ്പിലാണ് അഴിമതി ഏറ്റവും കുറവ്. എൻ.സി.സി. ഡയറക്ടറേറ്റ് തൊട്ടുമുകളിലും. 61 വകുപ്പുകളിലെ അഴിമതിയാണ് പരിശോധിച്ചത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണ് അഴിമതിവിരുദ്ധ സൂചിക എന്ന ആശയത്തിന് പിന്നിൽ. അഴിമതിയുടെ തോതനുസരിച്ച് അഞ്ച് വിഭാഗങ്ങളായി സർക്കാർവകുപ്പുകളെ തിരിച്ചിട്ടുണ്ട്. അഴിമതി അസഹനീയമായ ആദ്യ വിഭാഗത്തിൽ തദ്ദേശസ്ഥാപനങ്ങൾ കഴിഞ്ഞാൽ റവന്യു, പൊതുമരാമത്ത്, ആരോഗ്യം, ഗതാഗതം, പൊതുവിദ്യാഭ്യാസം, ജലവിഭവം, ഭക്ഷ്യം, എക്സൈസ്, ഖനനം, വാണിജ്യനികുതി, കൃഷി എന്നീ വകുപ്പുകളാണുള്ളത്. രണ്ടാം പട്ടികയിൽ 12 വകുപ്പുകളുണ്ട്. ഭക്ഷ്യസുരക്ഷ, പിന്നാക്ക വികസന വകുപ്പ്, സഹകരണം, അളവുതൂക്കം, ഊർജം, രജിസ്ട്രേഷൻ, പരിസ്ഥിതി, വനം, വ്യവസായം, വിനോദസഞ്ചാരം, ദേവസ്വം, ഫിഷറീസ് എന്നിവ ഈ വിഭാഗത്തിലാണ്.

മൂന്നാം വിഭാഗത്തിലെ 12 വകുപ്പുകളിൽ സ്പോർട്സ്, ഡ്രഗ്സ് കൺട്രോൾ, സാമൂഹികക്ഷേമം, ധനകാര്യം, തുറമുഖം, തൊഴിൽ, ആയുഷ്, പൊതുഭരണം, മൃഗസംരക്ഷണം, ലോട്ടറി, ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്നു. അഴിമതി താരതമ്യേന കുറഞ്ഞ നാലാം വിഭാഗത്തിൽ നിയമം, ഭവനനിർമ്മാണം, ക്ഷീരവികസനം, ജയിൽ, സാംസ്‌കാരികം, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ഷിപ്പിങ്, സ്റ്റേഷനറി, പ്രിന്റിങ്, അഗ്‌നിരക്ഷാസേന, വ്യവസായ പരിശീലനവകുപ്പ് എന്നിവയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അഴിമതി തീരെക്കുറഞ്ഞ സർക്കാർ വകുപ്പുകളാണ് അഞ്ചാം വിഭാഗത്തിൽ. തിരഞ്ഞെടുപ്പ്, ശാസ്ത്ര സാങ്കേതികം, നാഷണൽ എംപ്ലോയ്മെന്റ് സർവീസ്, ഇൻഫർമേഷൻ വകുപ്പ്, കെമിക്കൽ എക്സാമിനഴ്സ് ലാബ്, വിജിലൻസ്, ഭരണ പരിഷ്‌കാരവകുപ്പ്, ആസൂത്രണം, പാർലമെന്ററി കാര്യം, നോർക്ക, എൻ.സി.സി, ഐ.ടി. എന്നിങ്ങനെയാണ് പട്ടിക അവസാനിക്കുന്നത്.

സർക്കാർ വകുപ്പുകളിലെ ഏറ്റവും കൂടുതൽ അഴിമതി (ശതമാനത്തിൽ)
തദ്ദേശ ഭരണ വകുപ്പ് - 10.34
റവന്യു - 9.24
പൊതുമരാമത്ത് - 5.32
ആരോഗ്യം, സാമൂഹിക ക്ഷേമം - 4.98
ഗതാഗതം - 4.97
പൊതു വിദ്യാഭ്യാസം - 4.72
പൊലീസ് - 4.66
ജല വിഭവം - 3.65
ഭക്ഷ്യ, പൊതു വിതരണം - 3.5
എക്സൈസ് - 2.86
ഖനനം, ജിയോളജി - 2.78
വാണിജ്യ നികുതി - 2.62
കൃഷി - 2.5

മൊത്തം അഴിമതിയെ 100 എന്നു കണക്കാക്കി ഓരോ വകുപ്പിലുമുള്ള അഴിമതി എത്ര ശതമാനമെന്നാണ് അഴിമതി വിരുദ്ധ സൂചികയിൽ തിട്ടപ്പെടുത്തിയത്. വിജിലൻസിന്റെ ഗവേഷണ വിഭാഗത്തിലെ 130 പേരാണു പത്തു രീതികൾ അവലംബിച്ചു സർവേ നടത്തിയത്. മൊത്തം 10,770 പേരോടു നേരിട്ടു വിവരങ്ങൾ ശേഖരിച്ചു.

ഉന്നതതലങ്ങളിൽ നടക്കുന്ന അഴിമതി കണക്കാക്കാൻ, വിജിലൻസിന്റെ പക്കൽ ലഭിച്ചിട്ടുള്ള പരാതികളെയാണു പ്രധാനമായി ആശ്രയിച്ചത്. സേവനം ലഭിക്കാൻ കൈക്കൂലി കൊടുക്കണം, നിശ്ചിതസമയത്തു സേവനം ലഭിക്കില്ല, സേവനം നിഷേധിക്കുന്നു, അധികാര ദുർവിനിയോഗത്തിലൂടെ പൊതു പണം നഷ്ടപ്പെടുത്തുന്നു, നിലവാരമില്ലാത്ത സേവനം നൽകുന്നു, ജനോപകാരമില്ലാത്ത പദ്ധതികൾ നടപ്പാക്കുന്നു തുടങ്ങിയ കാരണങ്ങളാണു 14 ജില്ലകളിലും നടത്തിയ പഠനത്തിൽ അഴിമതിയെന്നു കണക്കാക്കാവുന്ന സംഗതികളായി പരിഗണിച്ചത്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ മാത്രം അഴിമതിയെക്കുറിച്ചു ജനത്തിനുള്ള കാഴ്ചപ്പാടു വിലയിരുത്താൻ പഠനം നടത്തി.

ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വകുപ്പുകളിൽ പരമാവധി ഇഗവേണൻസ് സംവിധാനം പ്രയോജനപ്പെടുത്തുക, സൂചികയിൽ ഏറ്റവും മുകളിലുള്ള വകുപ്പുകളിൽ പുതുതായി നിയമിക്കപ്പെടുന്നവർക്കുൾപ്പെടെ അഴിമതിക്കെതിരെ പരിശീലനം നൽകുക, അഴിമതി ഒഴിവാക്കി സൽഭരണം സാധ്യമാക്കാനുള്ള നടപടികൾ എല്ലാ വകുപ്പുകളിലും ഉറപ്പുവരുത്തുക തുടങ്ങിയ ശുപാർശകൾ വിജിലൻസ് മുന്നോട്ടുവച്ചിട്ടുണ്ട്. അഴിമതിവിരുദ്ധ സൂചിക തയാറാക്കാനുള്ള അടുത്ത സർവേ ജൂണിൽ നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP