Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കശുവണ്ടി വികസന കോർപ്പറേഷനിൽ അഴിമതി നടന്നെന്ന് വിജിലൻസ്; സംഭരണ കരാറിൽ നടത്തിയ അഴിമതിയിൽ എംഡിയെ പ്രതിയാക്കി കേസെടുക്കണമെന്നും ശുപാർശ

കശുവണ്ടി വികസന കോർപ്പറേഷനിൽ അഴിമതി നടന്നെന്ന് വിജിലൻസ്; സംഭരണ കരാറിൽ നടത്തിയ അഴിമതിയിൽ എംഡിയെ പ്രതിയാക്കി കേസെടുക്കണമെന്നും ശുപാർശ

കൊല്ലം: കശുവണ്ടി വികസന കോർപ്പറേഷനിൽ അഴിമതി നടന്നുവെന്നു വിജിലൻസിന്റെ സ്ഥിരീകരണം. ഇതേക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് വിശദമായി അന്വേഷിക്കണമെന്നു ശുപാർശ ചെയ്യുന്ന റിപ്പോർട്ട് വിജിലൻസ് തയ്യാറാക്കി.

കശുവണ്ടി സംഭരണത്തിന് കരാർ നൽകിയതിൽ അഴിമതി നടന്നിട്ടുണ്ട്. കരാർ നൽകിയ സമയത്തെ എം.ഡിയെ പ്രതി ചേർക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈയാഴ്ച തന്നെ വിജിലൻസ് ഡയറക്ടർക്ക് കൊല്ലം വിജിലൻസ് യൂണിറ്റ് ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറും.

തോട്ടണ്ടി സംഭരിച്ചത് വിപണി വിലയെക്കാൾ കൂടുതൽ വില നൽകിയാണ്. വിപണിയിൽ 100 മുതൽ 107 രൂപ വരെ വില ഉണ്ടായിരുന്നപ്പോൾ 117 രൂപയ്ക്കാണ് കോർപ്പറേഷൻ സംഭരിച്ചത്. ഇതിലൂടെ കോർപ്പറേഷന് നഷ്ടമുണ്ടായി. സംഭരിച്ച തോട്ടണ്ടിക്ക് രാജ്യാന്തര നിലവാരം ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയെ കുറിച്ചെല്ലാം വിശദമായ അന്വേഷണം ആവശ്യമാണ്.

കശുവണ്ടി കോർപ്പറേഷന് സർക്കാർ അനുവദിച്ചത് 30 കോടി രൂപയാണ്. ഇതിൽ 13 കോടിയാണ് തോട്ടണ്ടി സംഭരണത്തിനായി മാറ്റി വച്ചിരുന്നത്. എന്നാൽ, കോർപ്പറേഷന്റെ നിരുത്തരവാദപരമായ നിലപാട് കാരണം നഷ്ടമുണ്ടാവുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

അഴിമതിയെ കുറിച്ച് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. രണ്ട് ആഴ്ചയ്ക്കകം കേസ് ഏറ്റെടുക്കണമെന്ന് കോടതി സിബിഐയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ ഐഎൻടിയുസി പ്രവർത്തകൻ മനോജ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

കശുവണ്ടി വികസന കോർപ്പറേഷനിൽ അഴിമതി നടക്കുന്നതായി നേരത്തെ അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് ആധാരമാക്കിയാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അഡീഷണൽ ചീഫ് സെക്രട്ടറി കെഎം ഏബ്രാഹം അന്വേഷണറിപ്പോർട്ടിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്തിരുന്നു. കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അന്വേഷണറിപ്പോർട്ട് കോടതിയിൽ നേരിട്ട് സമർപ്പിക്കുകയായിരുന്നു. 118 കോടി രൂപയുടെ അഴിമതി നടന്നതായി നേരത്തെ സിഎജിയും കണ്ടെത്തിയിരുന്നു.
വിജിലൻസ് അന്വേഷിച്ചാൽ മതിയെന്നായിരുന്നു സർക്കാർ നിലപാട്.

കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ കമ്പനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിലെ പ്രതികൂല പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കശുവണ്ടി വികസന കോർപ്പറേഷനിലെ പ്രധാന കരാറുകാരായ ജെഎംജെ ട്രേഡേഴ്‌സ് അപ്പീൽ നൽകുന്നത്. അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഹർജിക്കാരും ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP