Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിയുമായി ബന്ധമുള്ള പത്ത് കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കും; രേഖകൾ കൈവശമുള്ള ബാറുടമകളും റെയ്ഡ് ലിസ്റ്റിൽ; വിജിലൻസ് ഡയറക്ടറെ കയറൂരി വിടുന്നുവെന്ന പരാതിയുമായി കേരളാ കോൺഗ്രസ് നേതാക്കൾ

മാണിയുമായി ബന്ധമുള്ള പത്ത് കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കും; രേഖകൾ കൈവശമുള്ള ബാറുടമകളും റെയ്ഡ് ലിസ്റ്റിൽ; വിജിലൻസ് ഡയറക്ടറെ കയറൂരി വിടുന്നുവെന്ന പരാതിയുമായി കേരളാ കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: വിജിലൻസ് കൂട്ടിലടച്ച തത്തയല്ലെന്നാണ് കെ എം മാണിക്കെതിരെ ബാറുടമകളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷിക്കാൻ തീരുമാനിച്ചപ്പോൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. ഇതിന് ശേഷം പ്രാഥമിക അന്വേഷണം നടത്തി മാണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തപ്പോൾ എല്ലാവരും ഒരുപോലെ ഞെട്ടി. രാഷ്ട്രീയത്തിൽ മുക്കാൽ നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള നേതാവിനെ യുഡിഎഫ് സർക്കാറിന്റെ കീഴിൽ കേസെടുക്കുകയോ? വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിന്റെ കാർക്കശ്യമാണെന്ന് പറഞ്ഞാണ് മാണിക്കെതിരെ കേസെടുത്തത്. എന്നാൽ അങ്ങനെയല്ല, ആഭ്യന്തര മന്ത്രിക്ക് ഇമേജ് ഉണ്ടാക്കാൻ വിൻസൻ എം പോൾ നിന്നുകൊടുക്കുന്നു എന്ന ആരോപണമാണ് ഉയർന്നത്. എന്തായാലും ഇമേജ് യുദ്ധത്തിന്റെ ഭാഗയമായിട്ടോ എന്തോ കെ എം മാണിയുമായി ബന്ധമുള്ള പത്ത് കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്താൻ പോകുന്നു എന്നതാണ് അറിയുന്നത്.

ബാർ കേസുമായി ബന്ധപ്പെട്ട രേഖകൾ കൈവശമുള്ള ബാറുടമകൾ അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ് നടത്താൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തുവന്നത്. ഇതോടെ വിജിലൻസ് ഡയറക്ടറെ കയറൂരി വിടുന്നുവെന്ന പരാതിയുമായി കേരളാ കോൺഗ്രസ് നേതാക്കളും എത്തിയിട്ടുണ്ട്. അന്വേഷണം ത്വരിതപ്പെടുത്തുന്നതിനായാണ് കേസിലെ ഒന്നാം പ്രതിയായ ധനമന്ത്രി കെ.എം. മാണിയുമായി ബന്ധമുള്ള പത്ത് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്താൻ വിജിലൻസ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് നിർണ്ണായക യുഡിഎഫ് യോഗം ചേരാനിരിക്കേയാണ് വിജിലൻസ് റെയ്ഡ് നടത്താൻ പോകുന്ന വിവരവും പുറത്തുവന്നത്.

ഏതൊക്കെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തുകയെന്ന വിവരം അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്. മന്ത്രി മാണിയുടെ അടുത്ത ബന്ധുക്കളുടെയോ ഉറ്റബന്ധം പുലർത്തുന്നവരുടെയോ വസതിയിലോ സ്ഥാപനത്തിലോ റെയ്ഡ് നടന്നേക്കാം. കോഴ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ കൈവശമുള്ള ബാറുടമകളുടെ വിവരങ്ങൾ വിജിലൻസ് വിഭാഗം ശേഖരിച്ചുകഴിഞ്ഞു. അവരുടെ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് റെയ്ഡ് നടത്തേണ്ട ഇടങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

ത്വരിത പരിശോധനയിൽ (ക്വിക്ക് വെരിഫിക്കേഷൻ) കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമേ വിശദ അന്വേഷണവുമായി മുന്നോട്ട് പോകാവൂവെന്ന് കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടർ വിൻസൺ എം. പോൾ അന്വേഷണ സംഘത്തിന് രഹസ്യ നിർദ്ദേശം നൽകിയിരുന്നു. ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങുകയോ പ്രലോഭനങ്ങൾക്ക് വശംവദരാകുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന വിജിലൻസ് അഡിഷണൽ ഡി.ജി.പി ജേക്കബ് തോമസിന്റെ സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ തേടാം. അഡിഷണൽ ഡി.ജി.പി പി. വിജയാനന്ദ് ദീർഘകാല അവധിയിൽ പോയ സാഹചര്യത്തിൽ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ജേക്കബ് തോമസിനെ ഏല്പിക്കുകയായിരുന്നു.

വിൻസൺ എം. പോളിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് രഹസ്യനിർദ്ദേശം നൽകിയിട്ടുള്ളത്. വിജിലൻസ് ഡയറക്ടറായി പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡിയായ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബിനെ നിയമിക്കാൻ നീക്കമുണ്ടായി. എന്നാൽ, ഈ സ്ഥാനം ഏറ്റെടുക്കാൻ തനിക്ക് താത്പര്യമില്ലെന്ന് അലക്‌സാണ്ടർ ജേക്കബ് അറിയിച്ചതോടെ നീക്കം പാളുകയായിരുന്നു.

അതേസമയം കെ എം മാണിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ വിവരങ്ങളൊന്നും പുറത്ത് പോകരുതെന്ന് വിജിലൻസ് ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ബാർ ഹോട്ടൽസ് അസോസിയേഷൻ പ്രതിനിധികൾ കോഴ കൊടുത്തതിനും മന്ത്രി വാങ്ങിയതിനും ഒരു ദൃക്‌സാക്ഷിയുണ്ടെന്ന് ത്വരിത പരിശോധനയ്ക്കിടെ വിജിലൻസ് കണ്ടെത്തിയിരുന്നു. ഇക്കാര്യം കോടതിയിൽ സമർപ്പിച്ച പ്രഥമവിവര റിപ്പോർട്ടിൽ വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. പേര് വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിച്ചിട്ടുള്ള ഈ ദൃക്‌സാക്ഷിയെ മാപ്പ് സാക്ഷിയാക്കാനാണ് വിജിലൻസ് ആലോചിക്കുന്നത്.

അതേസമയം വിജിലൻസ് റെയ്ഡ് നടത്തുമെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ ഇനി ഒരു റെയ്ഡിന് വിജിലൻസ് മുതിരുമോ എന്ന കാര്യവും കണ്ടറിയണം. മാണിയുടെ ബന്ധുക്കളുടെ വീട്ടിലെങ്ങാൻ റെയ്ഡ് വന്നാൽ മന്ത്രിസഭ തന്നെ നിലംപൊന്തിയേക്കാമെന്നതുകൊണ്ട് വിജിലൻസ് റെയ്ഡ് വാർത്ത പുകമറയാണെന്നും ആരോപണവുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP