Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിമാസം ഒരുലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ഐഎഎസുകാരനു ശതകോടികൾ ഉണ്ടായതെങ്ങനെ? വിജിലൻസ് ചോദ്യംചെയ്യലിൽ വാദങ്ങൾ പൊളിഞ്ഞിട്ടും കൂസലില്ലാതെ സൂരജ്; ഇതുവരെ കണ്ടെത്തിയത് 50 കോടിയുടെ സ്വത്തുക്കൾ; മൂല്യം നിർണയിക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ

പ്രതിമാസം ഒരുലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ഐഎഎസുകാരനു ശതകോടികൾ ഉണ്ടായതെങ്ങനെ? വിജിലൻസ് ചോദ്യംചെയ്യലിൽ വാദങ്ങൾ പൊളിഞ്ഞിട്ടും കൂസലില്ലാതെ സൂരജ്; ഇതുവരെ കണ്ടെത്തിയത് 50 കോടിയുടെ സ്വത്തുക്കൾ; മൂല്യം നിർണയിക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ

കൊച്ചി: ഒരുലക്ഷത്തോളംരൂപ പ്രതിമാസം ശമ്പളമായി ലഭിക്കുന്ന ടി ഒ സൂരജെന്ന ഐഎഎസുകാരന്റെ വരുമാനം ശതകോടികൾ കവിഞ്ഞതെങ്ങനെ എന്നോർത്ത് അത്ഭുതം കൂറുകയാണ് വിജിലൻസ്. കണക്കെടുപ്പിൽ സ്വത്തുക്കളുടെ മൂല്യം ഇതിനോടകം 50 കോടി കവിഞ്ഞു. ഉദ്യോഗസ്ഥർ കണക്കെടുപ്പു തുടരുകയാണ്. സൂരജിന്റെ സ്വത്തുക്കൾ മൂല്യനിർണയം നടത്താൻ വിജിലൻസ് ഉദ്യോഗസ്ഥർ പണിപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. അതിനിടെ വിജിലൻസിന്റെ ചോദ്യം ചെയ്യലിൽ വാദങ്ങളെല്ലാം പൊളിഞ്ഞിട്ടും കൂസലേതുമില്ലാതെയാണ് ടി ഒ സൂരജ് നിൽക്കുന്നത്.

51,520 രൂപ ശമ്പളവും 120 ശതമാനം ഡിഎയുമടക്കം ഏകദേശം ഒരുലക്ഷം രൂപയാണ് തനിക്ക് പ്രതിമാസം ലഭിക്കുന്നതെന്നാണ് എല്ലാ സത്യവാങ്മൂലത്തിലും സൂരജ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭാര്യയ്ക്ക് ജോലിയില്ല, മക്കൾ വിദ്യാർത്ഥികളാണ്. വാടകയായി ലഭിക്കുന്ന ഒരുലക്ഷത്തോളം രൂപയുടെ അധികവരുമാനമുണ്ടെന്നും സൂരജ് മൊഴിനൽകിയിട്ടുണ്ട്.

കള്ളക്കണക്കുകൾ നിരത്തിയും വിവരങ്ങൾ പലതും മറച്ചുവച്ചുമാണ് വിജിലൻസ് സംഘത്തിന് ടി ഒ സൂരജ് മൊഴി നൽകുന്നത്. ചോദ്യംചെയ്യലിൽ പല സമ്പാദ്യത്തിന്റെയും സ്രോതസ്സ് വെളിപ്പെടുത്താനായില്ല. നാലുകോടിയോളം രൂപയുടെ സമ്പാദ്യം അനധികൃതമാണെന്ന് വിജിലൻസ് ഇതിനകം കണ്ടെത്തി. ചോദ്യംചെയ്യലും അന്വേഷണവും പുരോഗമിക്കുന്നതോടെ ഇത് പലമടങ്ങാകുമെന്നാണ് കണക്കുകൂട്ടൽ. ആലുവ എടത്തലയിൽ മകളുടെ പേരിലുള്ള രണ്ട് ഗോഡൗണുകളിൽ അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം പരിശോധിച്ചു. ഈ സ്ഥലം മകൾക്ക് വിവാഹശേഷം ഭർതൃവീട്ടിൽനിന്ന് വാങ്ങി നൽകിയതാണെന്നാണ് വെള്ളിയാഴ്ച ചോദ്യംചെയ്യലിൽ സൂരജ് വെളിപ്പെടുത്തിയത്. എന്നാൽ മൊഴി തെറ്റാണെന്ന് ശനിയാഴ്ച രേഖകൾ പരിശോധിച്ച വിജിലൻസ് സംഘം സ്ഥിരീകരിച്ചു. 2012ൽ വാങ്ങിയ ഈ സ്ഥലത്തിന്റെ വിവരം സർക്കാരിനു നൽകിയ കണക്കുകളിൽനിന്ന് മറച്ചുവച്ചു.

തിരുവനന്തപുരത്തെ വീട്ടിൽ നിന്നു ലഭിച്ച 23 ലക്ഷം രൂപ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ സൂരജിന് കഴിഞ്ഞിട്ടില്ല. കുന്നുകുഴിയിലെ വസതിയിൽനിന്ന് പിടിച്ചെടുത്ത 23 ലക്ഷം രൂപ വിദേശത്തുള്ള സഹോദരിയുടെ മകളുടെ വിവാഹത്തിനുവേണ്ടി സൂക്ഷിച്ചതാണെന്നാണ് നേരത്തെ സൂരജ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. ഇത് വിജിലൻസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കുമുന്നിൽ പൊളിഞ്ഞു. സഹോദരിയുടെ കൊട്ടാരക്കരയിലെ സ്ഥലം വിൽപ്പന നടത്താൻ നവംബർ ആറിന് കരാറെഴുതിയപ്പോൾ ലഭിച്ച അഡ്വാൻസാണെന്നായിരുന്നു അവിടെ സൂരജ് നൽകിയ മൊഴി. ചോദ്യംചെയ്യലിനിടെത്തന്നെ നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു ഇടപാട് നടന്നിട്ടില്ലെന്ന് വ്യക്തമായി. വിജിലൻസ് പിടിച്ചെടുത്ത നൂറ്റൻപതിലേറെ രേഖകളെക്കുറിച്ചും തൃപ്തികരമായി വിശദീകരിക്കാൻ സൂരജിനായില്ല. കൊച്ചിയിലെ മെഡിക്കൽ കോളേജിൽ മകന്റെ റേഡിയോളജി എം.ഡി പഠനത്തിന് 1.2 കോടി ഒറ്റത്തവണയായി മുടക്കിയതിനെക്കുറിച്ചും ശമ്പളത്തിനുപുറമേയുള്ള വരുമാനത്തെക്കുറിച്ചും വിശദീകരിക്കാൻ സൂരജിന് കഴിഞ്ഞില്ല.

49 ലക്ഷം രൂപയ്ക്ക് വാങ്ങിയ എടത്തലയിലെ സ്ഥലത്ത് 6000 ചതുരശ്ര അടി, 12,000 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് ഗോഡൗണുകളുണ്ട്. ഇവയിൽ ഒന്ന് വാടകയ്ക്കു നൽകിയതും രണ്ടാമത്തേത് നിർമ്മാണം പൂർത്തിയാക്കിയതുമാണ്. നിർമ്മാണമുൾപ്പെടെ 1.20 കോടി രൂപ ഇതിന് ചെലവായിട്ടുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വാടകയ്‌ക്കെടുത്തയാൾ നിർമ്മിച്ചതാണ് ഗോഡൗൺ എന്നായിരുന്നു സൂരജിന്റെ മൊഴി. എന്നാൽ കെട്ടിടനിർമ്മാണ അനുമതി ഉൾപ്പെടെ രേഖകൾ പരിശോധിച്ച വിജിലൻസിന് മൊഴി തെറ്റാണെന്ന് വ്യക്തമായി.

വെണ്ണലയിൽ സൂരജ് താമസിക്കുന്ന കെന്റ് കൺസ്ട്രക്ഷൻസിന്റെ നാലുകെട്ട് വില്ലയ്ക്ക് സൂരജ് സർക്കാരിനു സമർപ്പിച്ച കണക്കിലുള്ളതിന്റെ മൂന്നിരട്ടി മൂല്യമുണ്ടെന്നും വിജിലൻസ് സ്ഥിരീകരിച്ചു. 33 ലക്ഷം രൂപയാണ് വീടിനു ചെലവായതെന്നാണ് സമർപ്പിച്ച കണക്ക്. എന്നാൽ വീടിന്റെ അടിസ്ഥാന നിർമ്മാണത്തിനു മാത്രം 40 ലക്ഷം രൂപ കരാറുകാരന് നൽകിയതിന്റെ രേഖകൾ വിജിലൻസിന് ലഭിച്ചു. നിർമ്മാണം പൂർത്തിയാകുമ്പോൾ ഫർണിച്ചർ, ഗൃഹോപകരണങ്ങൾ, മോടിപിടിപ്പിക്കൽ എന്നിവ ഉൾപ്പെടെ ഒരുകോടിയോളം രൂപ ചെലവായിട്ടുണ്ടെന്നും കണ്ടെത്തി.

അതേസമയം, സ്വത്തുക്കളുടെ മൂല്യനിർണയം സംബന്ധിച്ച് ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. സംസ്ഥാനസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായതിനാൽ മൂല്യനിർണയത്തിന് ഇവിടുത്തെ ഏജൻസികളെയും ഉദ്യോഗസ്ഥരെയും ആശ്രയിക്കുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്നാണ് വിജിലൻസ് സംഘത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സിബിഐയുടെ അഴിമതിവിരുദ്ധ വിഭാഗത്തിന്റെയൊ മറ്റ് കേന്ദ്രസ്ഥാപനങ്ങളുടെയൊ സഹായം തേടാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണസംഘം ഉന്നത ഉദ്യോഗസ്ഥരുമായി പ്രാഥമിക ചർച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല.

വിജിലൻസിന് എൻജിനിയറിങ് വിഭാഗമുണ്ടെങ്കിലും പ്രമാദമായ കേസുകളിൽ കെട്ടിടങ്ങളുടെയും മറ്റും മൂല്യനിർണയത്തിന് പൊതുമരാമത്തുവകുപ്പിനെ ആശ്രയിക്കുകയാണ് വിജിലൻസിന്റെ രീതി. കെട്ടിടങ്ങൾ നിർമ്മിച്ചകാലത്തെ വില നിർണയിക്കുന്നതിന് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് കത്ത് നൽകുകയാണ് പതിവ്. തുടർന്ന് അസി. എൻജിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് മൂല്യനിർണയം നടത്തുന്നത്. സൂരജിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ മൂല്യനിർണയത്തിന് ആശ്രയിക്കുന്നത് ശരിയല്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സൂരജിനോടുള്ള വിധേയത്വം മൂല്യനിർണയത്തെ ബാധിക്കുമെന്ന കണക്കുകൂട്ടലിലാണിത്. മാത്രമല്ല കേസ് കോടതിയിൽ എത്തിയാൽ ഇക്കാര്യം ചോദ്യംചെയ്യപ്പെടാനിടയുണ്ടെന്നതും വിജിലൻസിനെ കുഴക്കുന്നു. ഭൂമിയുടെ വില നിർണയിക്കാൻ അതത് വില്ലേജ് ഓഫീസർമാർക്ക് വിജിലൻസ് കത്തുനൽകും. അതിനിടെ സൂരജിനെതിരെ കൂടുതൽപേർ പരാതിയുമായി വിജിലൻസിനെ സമീപിച്ചു. പണം കൈമാറിയതിന്റെ രേഖകൾ ഉൾപ്പെടെ ഇവർ വിജിലൻസിന് കൈമാറിയിട്ടുണ്ട്.

സംസ്ഥാനത്തുടനീളം 4ജി സേവനത്തിന് കേബിളുകൾ സ്ഥാപിക്കാൻ 2000 കോടിയുടെ റിലയൻസ് ജിയോഇൻഫോകോം പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയതിൽ പൊതുമരാത്ത് സെക്രട്ടറി എന്ന നിലയിൽ ടി ഒ സൂരജിനുള്ള പങ്കും അന്വേഷിക്കാനാണ് വിജിലൻസ് നീക്കം. സെക്രട്ടേറിയറ്റിൽ സൂരജിന്റെ ഓഫീസിൽനിന്ന് പൊതുമരാമത്ത് പണികൾക്ക് കരാർ നൽകിയതിന്റേതടക്കമുള്ള 42രേഖകളാണ് വിജിലൻസ് പിടിച്ചെടുത്തത്. റിലയൻസിനുള്ള കേബിൾ കരാറിന്റെ രേഖകളും ഇതിൽ പെടും. കൊച്ചി, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊല്ലം, കോട്ടയം എന്നിവിടങ്ങളിലെ റിലയൻസ് പദ്ധതിയുടെ സുപ്രധാനരേഖകളും വിജിലൻസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം എറണാകുളം വിജിലൻസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ ഏഴുമണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിൽ കളവുകൾ ആവർത്തിക്കുക മാത്രമാണ് സൂരജ് ചെയ്തത്. സൂരജിന്റെ മകളുടെ പേരിലുള്ള സമ്പാദ്യങ്ങളെല്ലാം വിവാഹശേഷം രജിസ്റ്റർ ചെയ്തവയായതിനാൽ രഹസ്യ വിവരശേഖരണത്തിൽനിന്ന് വിജിലൻസ് ഇവയെ ഒഴിവാക്കിയിരുന്നു. എന്നാൽ ഭർതൃവീട്ടിൽനിന്ന് വാങ്ങി നൽകിയവയല്ലെന്ന് തുടരന്വേഷണത്തിൽ സ്ഥിരീകരിച്ചതോടെ തട്ടിപ്പിന്റെ ആഴം കൂടി. മകളുടെ പേരിലുള്ള ഫോർട്ട്‌കൊച്ചിയിലെ ഭൂമിയും കലൂർ സ്റ്റേഡിയത്തിനു സമീപം കെന്റ് ഗ്രൂപ്പിലെ ഫ്‌ളാറ്റും തിരുവനന്തപുരത്ത് മറ്റൊരു ഫ്‌ളാറ്റുമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ചോദ്യംചെയ്യലിൽ ഇവയുടെ സ്രോതസ്സ് വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കലൂരിലെ 1.04 കോടി രൂപയ്ക്ക് വാങ്ങിയ സ്ഥലവും കെട്ടിടവും അനധികൃത സമ്പാദ്യം ഉപയോഗിച്ചാണെന്നും കണ്ടെത്തിയിട്ടുണ്ട്. മകളുടെ വിവാഹത്തിന് 600 പവൻ സ്വർണവും 25 ലക്ഷം രൂപയും നൽകിയതായാണ് വിജിലൻസിന് ലഭിച്ച രഹസ്യവിവരം. എന്നാൽ, 15 ലക്ഷം രൂപ മാത്രമാണ് ചെലവായതെന്നാണ് സൂരജ് കഴിഞ്ഞ ദിവസം മൊഴി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP