Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നഗരങ്ങളിൽ ആഡംബരവീടുകൾ; റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിലെ മുടിചൂടാമന്നൻ; ഭാര്യക്കും മക്കൾക്കും കോടികളുടെ നിക്ഷേപങ്ങൾ; സൂരജിന്റെ വീടുകളിലെ റെയ്ഡിൽ കണ്ടെത്തിയതു കോടികളുടെ കണ്ണഞ്ചിപ്പിക്കുന്ന കണക്കുകൾ

നഗരങ്ങളിൽ ആഡംബരവീടുകൾ; റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിലെ മുടിചൂടാമന്നൻ; ഭാര്യക്കും മക്കൾക്കും കോടികളുടെ നിക്ഷേപങ്ങൾ; സൂരജിന്റെ വീടുകളിലെ റെയ്ഡിൽ കണ്ടെത്തിയതു കോടികളുടെ കണ്ണഞ്ചിപ്പിക്കുന്ന കണക്കുകൾ

തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ വീടുകളിലും ഓഫീസുകളിലും വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയതു കോടികളുടെ കണ്ണഞ്ചിക്കുന്ന കണക്കുകളാണ്. ആരെയും അമ്പരപ്പിക്കുന്ന കണക്കുകളാണ് സൂരജിന്റെ സ്വത്തുക്കളെ സംബന്ധിച്ചു പുറത്തുവരുന്നത്. ഇരുപതു കോടിയോളം രൂപയുടെ അനധികൃത സ്വത്തുസമ്പാദനത്തിന്റെ വിവരങ്ങളാണ് വിജിലൻസ് ഇപ്പോൾ പുറത്തുവിടുന്നതെങ്കിലും യഥാർഥത്തിൽ ഇതിന്റെ പതിന്മടങ്ങു മൂല്യമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ.

വിജിലൻസ് റെയ്ഡിൽ സൂരജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 20 ലക്ഷത്തിലേറെ രൂപയും പിടിച്ചെടുത്തു. പത്തോളം ബാങ്ക് അക്കൗണ്ടുകളുടെ രേഖകളാണു വിജിലൻസ് കണ്ടെടുത്തത്. കോടികളുടെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ കണക്കുകൂട്ടിയെടുക്കാൻ വിജിലൻസ് ഏറെ പണിപ്പെട്ടേക്കും. നിരവധി തവണ വിദേശയാത്ര നടത്തിയതിന്റെ രേഖകളും ബിനാമി ഇടപാടുകളുടെ രേഖകളും പൊതുമരാമത്ത് കരാറുകാരുമായി നടത്തിയ ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും വിജിലൻസിനു ലഭിച്ചിട്ടുണ്ട്.

ഫഌറ്റുകളുടെ പ്രമാണരേഖകൾ, 23 ലക്ഷത്തിന്റെ കറൻസി, ലക്ഷങ്ങളുടെ വിദേശ കറൻസി, അനധികൃത ഗോഡൗൺ സംബന്ധിച്ച രേഖകൾ, 240 ഗ്രാം സ്വർണം എന്നിവയടക്കം വരവിൽ കവിഞ്ഞ സ്വത്തുക്കൾ കണ്ടെടുത്തു. സൂരജിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യണമെന്ന ശുപാർശ വിജിലൻസ് ഡയറക്ടർ തൃശൂർ വിജിലൻസ് കോടതിക്കും സർക്കാരിനും സമർപ്പിക്കും. ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന സുപ്രധാന ഫയലുകളെല്ലാം പുനഃപരിശോധിക്കാൻ വിജിലൻസ് ശുപാർശ ചെയ്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, പ്രത്യേകിച്ചു മരാമത്തുവകുപ്പ് സെക്രട്ടറിയായിരിക്കേയാണു സൂരജ് ഇത്രയും സമ്പാദ്യമുണ്ടാക്കിയത്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും വസതികളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലുമായിരുന്നു റെയ്ഡ്. വിജിലൻസ് എറണാകുളം സ്‌പെഷൽ സെൽ ഒരേസമയം അഞ്ചിടത്തു പരിശോധന നടത്തി. അഞ്ചു ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് ഇന്നലെ പുലർച്ചെ റെയ്ഡ് ആരംഭിച്ചത്. മരാമത്തുമന്ത്രിയെപ്പോലും അറിയിക്കാതെയായിരുന്നു റെയ്ഡ് നടപടികൾ.

വരവിൽക്കവിഞ്ഞ സ്വത്തുസമ്പാദനത്തിന് സൂരജിനെ പ്രതിയാക്കി തൃശൂർ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചതിനു പിന്നാലെയാണ് എറണാകുളം വിജിലൻസ് സ്‌പെഷ്യൽ യൂണിറ്റ് റെയ്ഡ് നടത്തിയത്. സെക്രട്ടറിയറ്റിലെ സൂരജിന്റെ ഓഫീസിലും തലസ്ഥാനത്തെ കുന്നുകുഴിയിലും കൊച്ചിയിലുമുള്ള വീടുകളിലും ഗോഡൗണിലും ഒരേ സമയത്തായിരുന്നു റെയ്ഡ്. പുലർച്ചെ ആരംഭിച്ച റെയ്ഡ് രാത്രിവൈകിയും തുടർന്നു. കേരളത്തിലും കോയമ്പത്തൂരുമായി ഏഴ് ഫഌറ്റാണ് സൂരജിനും ബന്ധുക്കൾക്കുമായി ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയത്. ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള കോടികളുടെ നിക്ഷേപങ്ങൾ സംബന്ധിച്ച രേഖകളും ലഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിം രാജ് പ്രധാന പ്രതിയായ കളമശേരി ഭൂമിതട്ടിപ്പുകേസ് അന്വേഷിച്ച വിജിലൻസ് സംഘം നേരത്തെ സൂരജിനെ ചോദ്യംചെയ്തിരുന്നു. തട്ടിപ്പിൽ സൂരജിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകളും ബുധനാഴ്ചത്തെ പരിശോധനയിൽ കണ്ടെത്തിയതായാണ് സൂചന.

രണ്ടുസംഘമായി തിരിഞ്ഞാണ് തിരുവനന്തപുരത്ത് വിജിലൻസ് സംഘം റെയ്ഡിനെത്തിയത്. പുലർച്ചെ ആറിന് കുന്നുകുഴിയിലെ വീട്ടിലും രാവിലെ ഒമ്പതിന് സെക്രട്ടറിയറ്റിലെ ഓഫീസിലും എത്തി. സെക്രട്ടറിയറ്റിലെത്തിയ സംഘത്തെ സുക്ഷാഉദ്യോഗസ്ഥർ ആദ്യം കടത്തിവിട്ടില്ല. ചീഫ് സെക്രട്ടറിയുടെ അനുമതിയുണ്ടെങ്കിൽ പരിശോധന നടത്താമെന്നായിരുന്നു അധികൃതരുടെ വാദം. തുടർന്ന് രണ്ടുമണിക്കൂറോളം ഓഫീസിനു മുന്നിൽ കാത്തുനിന്നശേഷമാണ് അന്വേഷണസംഘത്തിന് അനുമതി ലഭിച്ചത്.

ഒരുകോടി 83 ലക്ഷം രൂപയുടെ അനധികൃതസ്വത്തുണ്ടെന്നാണു വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. തിരുവനന്തപുരത്തെ വീട്ടിൽനിന്ന് കണ്ടെത്തിയ പണം ബന്ധുവിന്റെ വിവാഹ ആവശ്യത്തിനായി കരുതിവച്ചതെന്നാണ് സൂരജ് നൽകിയ മറുപടി. കണ്ടെടുത്ത പണം ബന്ധുവിന്റെ വിവാഹത്തിനു നൽകാൻ കരുതിവച്ചതാണെന്നു സൂരജ് വിശദീകരിച്ചെങ്കിലും ഇതിന്റെ ഉറവിടം വിജിലൻസ് പരിശോധിച്ചുവരുന്നു. ഭാര്യ, മകൻ, ഭാര്യാപിതാവ് എന്നിവരുടെ പേരിൽ തീരദേശങ്ങളിൽ ഉൾപ്പെടെ സൂരജ് ഭൂമി വാങ്ങിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു.

കൊച്ചിയിൽ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ നടത്തിയ സ്ഥലമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ വിജിലൻസ് നേരത്തേ ശേഖരിച്ചിരുന്നു. ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിലാണ് ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തിയത്. എറണാകുളത്തു മൂന്നു വില്ലകളും ഒരു ഗോഡൗണും വാങ്ങിയിരുന്നു. തമ്മനത്തെ 15,000 ചതുരശ്രയടി വിസ്തീർമുള്ള ഗോഡൗണിനു പ്രതിമാസം മൂന്നുലക്ഷം രൂപയാണു വാടക. ഇതു പ്രമുഖ ടൈൽ കമ്പനിക്കു വാടകയ്ക്കു നൽകിയിരിക്കുകയാണ്.

ക്വാറി ഉടമയിൽനിന്ന് 17 ലക്ഷം കൈക്കൂലി വാങ്ങിയ പൊലിസിലെ ഉന്നതർ കരിനിഴലിലായതിനു പിന്നാലെയാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും വിജിലൻസ് കേസിൽ പെട്ടത്. ഫോറസ്റ്റ് റേഞ്ചറായി സർവീസിൽ പ്രവേശിച്ച ടി ഒ സൂരജ് ചുരുങ്ങിയ കാലംകൊണ്ടാണ് വൻ സമ്പത്തിന്റെ ഉടമയായത്. കോടികളുടെ അവിഹിതസ്വത്ത് സമ്പാദിച്ച സൂരജിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആദ്യം ഫയലിൽ രേഖപ്പെടുത്തിയതു വിജിലൻസ് എഡിജിപിയായിരുന്ന സിബി മാത്യൂസാണ്. അഞ്ചോളം വിജിലൻസ് കേസുകളിൽ പ്രോസിക്യൂട്ട് ചെയ്ത്, ഇദ്ദേഹത്തെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്യണമെന്നു സിബി മാത്യൂസ് ഫയലിൽ രേഖപ്പെടുത്തിയെങ്കിലും സർക്കാർ അതു പൂഴ്‌ത്തി. ആരോപണവിധേയനായ സൂരജിന് സ്ഥാനക്കയറ്റവും നൽകി. വനംവകുപ്പ് ഉദ്യോഗസ്ഥനായി ഔദ്യോഗികജീവിതമാരംഭിച്ച സൂരജ് ഡെപ്യൂട്ടി കലക്ടർ പരീക്ഷയെഴുതി റവന്യൂ സർവീസിന്റെ ഭാഗമായി. 1998ൽ മൂവാറ്റുപുഴ ആർഡിഒ ആയിരിക്കേ മുതൽ വിജിലൻസിന്റെ നോട്ടപ്പുള്ളി. 1999ൽ സർക്കാർ ഐഎഎസ് സമ്മാനിച്ചു. മൂവാറ്റുപുഴയിലും പാലായിലും ആർഡിഒ ആയിരിക്കേ ഉന്നതരാഷ്ട്രീയനേതാക്കളുമായി സ്ഥാപിച്ച ബന്ധമുപയോഗിച്ച്, ഐഎഎസ് ലഭിച്ചപ്പോൾ കോഴിക്കോട്, തൃശൂർ ജില്ലകളിൽ കലക്ടറായി. പ്രധാനസ്ഥാനങ്ങളിലായിരുന്നു നിയമനം ഏറെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP