Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാണി ഒരു കോടി വാങ്ങിയെന്നു വിജിലൻസ് എഫ്‌ഐആർ; അഴിമതിപ്പണം വാങ്ങിയത് പാലായിലെ വീട്ടിൽ; ഏപ്രിൽ രണ്ടിനു കോഴകൊടുക്കുന്നതു കണ്ടവരുമുണ്ട്; ധനമന്ത്രിയെ ഒന്നാംപ്രതിയാക്കി വിജിലൻസ്; സമ്മർദങ്ങൾക്കു വഴങ്ങാതെ തീരുമാനമെടുത്ത് എഡിജിപി വിൻസൺ എം പോൾ

മാണി ഒരു കോടി വാങ്ങിയെന്നു വിജിലൻസ് എഫ്‌ഐആർ; അഴിമതിപ്പണം വാങ്ങിയത് പാലായിലെ വീട്ടിൽ; ഏപ്രിൽ രണ്ടിനു കോഴകൊടുക്കുന്നതു കണ്ടവരുമുണ്ട്; ധനമന്ത്രിയെ ഒന്നാംപ്രതിയാക്കി വിജിലൻസ്; സമ്മർദങ്ങൾക്കു വഴങ്ങാതെ തീരുമാനമെടുത്ത് എഡിജിപി വിൻസൺ എം പോൾ

തിരുവനന്തപുരം: ബാഴ കോഴയിൽ ധനമന്ത്രി കെ എം മാണിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് എടുത്തു. പൂജപ്പുര പ്രത്യേക വിജിലൻസ് സെല്ലാണ് കേസ് എടുത്തത്. ബാർ ഉടമകളിൽ നിന്ന് ഒരു കോടി രൂപ കൈക്കൂലി മാണി വാങ്ങിയെന്ന് കാട്ടിയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചത്. മാണി അഞ്ച് കോടി രൂപ കോഴത്തുക ചോദിച്ചെന്നും എഫ്‌ഐആറിലുണ്ട്. അഴിമതി നിരോധന നിയമത്തിലെ 7, 13(1)ഡി വകുപ്പുകൾ പ്രകാരമാണ് കേസ്. ഏപ്രിൽ രണ്ടിന് മാണിയുടെ പാലായിലെ വസതിയിൽ അവകാന തുക കൈമാറിയെന്നാണ് എഫ്‌ഐആർ.

കേരളത്തിലുടനീളം അന്വേഷണ പരിധിയുള്ള സംഘത്തിനാണ് അന്വേഷണ ചുമതലയും നൽകിയത്. പൂജപ്പുര സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഒന്ന് എസ്. പി എസ് സുകേഷിനാണ് അന്വേഷണ ചുമതല. സംസ്ഥാനത്തുടനീളം അന്വേഷണ പരിധിയുള്ള ടീമിനെയാണ് ചുമതല ഏൽപ്പിച്ചത്. മാണിയിൽ നിന്നും ബാറുടമകളിൽ നിന്നും സംഘം വിശദ മൊഴിയെടുക്കും. ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മാണിക്ക് ബാറുടമാ നേതാവ് തുക കൈമാറുന്നത് കണ്ടെന്ന് അമ്പിളി മൊഴി നൽകിയിരുന്നു. അധികാര ദുർവിനിയോഗവും അഴിമതിയും മാണികാട്ടിയെന്നാണ് വിജിലൻസ് എഫ്‌ഐആറിൽ ആരോപിക്കുന്നത്.

മാണിക്കെതിരെ കേസ് എടുത്ത കാര്യം ഹൈക്കോടതിയേയും വിജിലൻസ് അറിയിക്കും. മാണിക്കെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ വിജിലൻസ് ഡയറട്കർ വിൻസൺ എം പോൾ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമയപരിധിക്കുള്ളിൽ നിയമോപദേശം തേടി തീരുമാനം എടുത്തത്. സർക്കാരിനോട് ആലോചിക്കാതെ തീരുമാനം വേണമെന്നായിരുന്നു വിജിലൻസ് ഡയറക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇത് തന്നെയാണ് മാണിക്കെതിരെ കേസ് എടുക്കുന്നതിൽ നിർണ്ണായകമായത്. കേസ് എടുത്തില്ലെങ്കിൽ കോടതിയുടെ ശാസന ഉണ്ടായേക്കാമെന്ന നിയമോപദേശവും വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. കോഴ വാങ്ങൽ, അധികാര ദുർവിനിയോഗം തുടങ്ങിയവക്ക് അഴിമതി നിരോധന നിയമം പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ബാർ കോഴ സംബന്ധിച്ച് അന്വേഷണം നടത്തിയ വിജിലൻസ് സംഘത്തിന് മന്ത്രിക്കെതിരെ കേസെടുക്കാൻ തക്ക കാര്യങ്ങളുണ്ടെന്ന് ബോധ്യമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു സ്ഥിതി ബോധ്യപ്പെട്ടാൽ കൂടുതൽ അന്വേഷണങ്ങൾക്കായി കേസെടുക്കാമെന്ന് ലളിതകുമാരി കേസിൽ സുപ്രീംകോടതി വിധിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തത്. അല്ലെങ്കിൽ വൈക്കം വിശ്വൻ, വി എസ്. സുനിൽ കുമാർ എന്നവർ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജി പരിഗണിക്കുന്ന സമയത്തും നിയമപ്രശ്‌നങ്ങളുണ്ടാകുമെന്ന് വിജിലൻസ് ഡയറക്ടർക്ക് നിയമോപദേശം കിട്ടിയിരുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തിയാണു കേസെടുത്തു മുന്നോട്ടുപോകാനുള്ള വിജിലൻസിന്റെ തീരുമാനം.

മാണിക്കെതിരെ കേസെടുത്തില്ലെങ്കിൽ നിയമപ്രശ്‌നങ്ങളുണ്ടാകുമെന്ന് വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോൾ ബുധനാഴ്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് വിജിലൻസ് ധനമന്ത്രിക്കെതിരെ കേസെടുത്തത്. സംഭവം നടന്ന് 45 ദിവസം പൂർത്തിയായ സ്ഥിതിക്ക് ഇനിയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയുടെ രൂക്ഷ വിമർശനത്തിന് വിധേയമാകുമെന്ന നിയമ ഉപദേശം സർക്കാരിനും ലഭിച്ചിരുന്നു.

ബിജു രമേശും അദ്ദേഹത്തിന്റെ സഹായികളും ഉൾപ്പെടെ പത്ത് പേരാണ് മാണിക്ക് എതിരെ വിജിലൻസിന് മൊഴി നൽകിയത്. ഇതിനൊപ്പം ബാർ ഉടമാ അസോസിയേഷന്റെ യോഗ മിനിറ്റ്‌സും വിജിലൻസ് പിടിച്ചെടുത്തു. ഇതിലും കോഴയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ ഉണ്ട്. അതിനാൽ കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടെന്നാണ് വിജിലൻസ് ഡയറട്‌റർക്ക് ലഭിച്ച നിയമോപദേശം. കേസ് രജിസ്റ്റർ ചെയ്‌തോടെ കൂടുൽ പേരിൽ നിന്ന് മൊഴി രേഖപ്പെടുത്താം. ബാർ ഉടമാ അസോസിയേഷനിലെ പ്രമുഖർ ആരും മൊഴി നൽകിയിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തതോടെ ഇവർക്ക് നിയമപരമായി നോട്ടീസ് നൽകി വിളിച്ചു വരുത്തി മൊഴിയെടുക്കാം. എന്നിട്ടും വന്നില്ലെങ്കിൽ കോടതിയുടെ സഹായത്തോടെ ഇവർക്കെതിരെ നടപടി എടുക്കാം. അതുകൊണ്ട് തന്നെ ബാർ കോഴയിലെ അന്വേഷണം പുതിയ തലത്തിലേക്കും എത്തും.

ബാർ ഓണേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വിജിലൻസിന് പരാതി നൽകിയത്. ബാർ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് വിജിലൻസിന് നൽകിയ മൊഴിയിൽ മന്ത്രി മാണിക്കെതിരെ കേസ് എടുക്കത്തക്ക ആരോപണങ്ങളില്ലെന്നായിരുന്നു ആദ്യം വിജിലൻസ് ഭാഷ്യം. എന്നാൽ ബിജുവിന്റെ ഡ്രൈവറും അക്കൗണ്ടന്റും നൽകിയ മൊഴികൾ കോഴ നൽകിയെന്ന ആരോപണം ബലപ്പെടുത്തുന്നതാണ്. കോഴ നൽകാൻപോയ സംഘത്തെ താനാണ് കൊണ്ടുപോയതെന്നായിരുന്നു ബിജുവിന്റെ ഡ്രൈവർ അമ്പിളി വിജിലൻസിന് മൊഴി നൽകിയത്.

മന്ത്രിയെ കാണാൻ പോയപ്പോൾ ഇവരുടെ പക്കൽ ഒരു ബാഗ് ഉണ്ടായിരുന്നുവെന്നും തിരിച്ചു വരുമ്പോൾ ഇത് മന്ത്രിയുടെ ഔദ്യോഗികവസതിയിൽ ഏൽപ്പിച്ചുവെന്നുമാണ് മൊഴി നൽകിയത്. ഒപ്പം അഴിമതി പണം ബാങ്കിൽ നിന്ന് പിൻവലിച്ചതിന്റെ ബാങ്ക്് രേഖകളും നൽകി. ഈ സാഹചര്യത്തിലാണ് കേസ് എടുക്കാൻ വിജിലൻസ് തീരുമാനം. ഈ അന്വേഷണവുമായി സഹകരിക്കുമെന്ന് ബാർ ഉടമാ അസോസിയേഷനും വ്യക്തമാക്കി. വിജിലൻസിന് തെളിവുകളുമായി മൊഴി നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡി രാജ്കുമാർ അറിയിച്ചു.

അതിനിടെ വിജിലൻസ് കേസിൽ പ്രതിയായതോടെ മാണി രാജിവയ്ക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ മാണിക്കെതിരെ കേസ് എടുത്തതിനാൽ പ്രതിപക്ഷത്തിന് സമ്മർദ്ദമുയർത്താൻ വേദിയുമുണ്ട്. ഈ സാഹചര്യത്തിലാണ് മാണിയുടെ രാജി ചർച്ച സജീവമാകുന്നത്. എന്നാൽ വിജിലൻസ് കേസിൽ പ്രതിയായാൽ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് മാണി. വിജിലൻസ് കേസുകളിൽ പ്രതിയായവർ മന്ത്രിമാരായ സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ടെന്നാണ് വാദം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും ഈ വിഷയം പ്രതിരോധത്തിലാകും.

മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്യാത്തവരെ സംരക്ഷിക്കുമെന്നും നിലപാട് എടുത്തു. എന്നാൽ വിജിലൻസ് കേസ് എടുത്തതോടെ മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന പറഞ്ഞ വ്യക്തിയെ വിജിലൻസ് പ്രഥമദൃഷ്ട്യാ തെറ്റുചെയ്‌തെന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് പ്രതിപക്ഷത്തിന് വലിയൊരു ആയുധമാകും. മാണിയെ പോലൊരു വ്യക്തി മന്ത്രി സ്ഥാനത്ത് തുടർന്നാൽ അന്വേഷണത്തെ അത് ബാധിക്കുമെന്നും വാദമുയരും. ഏതായാലും വരും ദിനങ്ങളിൽ നിയമസഭ ഈ വിഷയത്തിൽ പ്രക്ഷുബ്ദമാകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP