Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാർ കോഴയിൽ മുഖ്യമന്ത്രിയുടെയും മാണിയുടെയും മൊഴിയെടുക്കാൻ ആലോചന; പണം നൽകിയെന്ന് ഇതുവരെ പറഞ്ഞത് രണ്ടു പേർ മാത്രം; കുറ്റപത്രം നൽകണോ എന്നതിനു നിയമോപദേശം തേടും

ബാർ കോഴയിൽ മുഖ്യമന്ത്രിയുടെയും മാണിയുടെയും മൊഴിയെടുക്കാൻ ആലോചന; പണം നൽകിയെന്ന് ഇതുവരെ പറഞ്ഞത് രണ്ടു പേർ മാത്രം; കുറ്റപത്രം നൽകണോ എന്നതിനു നിയമോപദേശം തേടും

തിരുവനന്തപുരം: ബാർ കോഴക്കേസ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ധനമന്ത്രി കെ എം മാണിക്കും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമോ? ബാറുടമകളിൽ നിന്നു പണം വാങ്ങി എന്ന ആരോപണത്തിന്റെ പേരിൽ കേസിൽ സംശയത്തിന്റെ നിഴലിലായ ധനമന്ത്രി കെ എം മാണിയിൽ നിന്നു മൊഴിയെടുക്കാൻ വിജിലൻസ് തയ്യാറെടുക്കുന്നതായി സൂചന. മുഖ്യമന്ത്രിയിൽ നിന്നും വിജിലൻസ് സംഘം മൊഴിയെടുക്കുമെന്നു റിപ്പോർട്ടുകളുണ്ട്.

മൊഴിയെടുക്കുന്നതിനെക്കുറിച്ചും കുറ്റപത്രം സമർപ്പിക്കുന്നതിന് നിയമോപദേശം തേടുന്നതിനെക്കുറിച്ചുമാണ് വിജിലൻസ് ഇപ്പോൾ ആലോചിക്കുന്നത്. കോഴയാരോപണം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്ന കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണ പിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമായും മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്നത്.

ബാറുടമകൾ കോഴയാരോപണം ഉന്നയിക്കുന്നതിനുമുമ്പ് ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നായിരുന്നു പിള്ളയുടെ വെളിപ്പെടുത്തൽ. ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശാണ് മന്ത്രി മാണിക്കെതിരെ പരസ്യ ആരോപണവുമായി എത്തിയത്. ഇതിനുപുറമെ, ബാർ പ്രശ്‌നത്തിൽ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്ന് ബാർ ഉടമകളും വിജിലൻസിന് മൊഴിനൽകിയിട്ടുണ്ട്.

ഇതെല്ലാം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാനുള്ള നീക്കം. കേസിന്റെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ്, ലീഗൽ അഡൈ്വസറുടെ നിയമോപദേശം ഉടൻ തേടും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കുറ്റപത്രം സമർപ്പിക്കണമോ വേണ്ടയോയെന്ന് വിജിലൻസ് തീരുമാനിക്കുക. മന്ത്രി ഉൾപ്പെട്ട പ്രധാനപ്പെട്ട കേസ് ആയതിനാൽ കുറ്റങ്ങൾ നിലനിൽക്കുന്നതാണോ എന്നറിയാനാണ് നിയമോപദേശം തേടുന്നത്.

ചീഫ് വിപ്പ് പി.സി.ജോർജ്, മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ള തുടങ്ങിയവരുൾപ്പെടെ ഏതാനും പേരുടെ മൊഴിയും ഇനിയെടുക്കാനുണ്ട്. മൊബൈൽ കോളുകളുടെ വിശദാംശങ്ങൾ ലഭിക്കാൻ വൈകുന്നതാണ് മാണിയുടെ മൊഴിയെടുക്കൽ നീളാൻ കാരണം. മൊബൈൽ കോൾ വിവരങ്ങളാണ് മാണിയുമായി ബാർ ഉടമകൾ ബന്ധപ്പെട്ടുവെന്നതിനുള്ള തെളിവുകളിൽ ഒന്ന്. അടച്ച 418 ബാറുകൾ തുറക്കുന്നതിനും താത്കാലികമായി ലൈസൻസ് ലഭിച്ച ബാറുകൾ അടയ്ക്കാതിരിക്കുന്നതിനും കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.

ബിജു രമേശ് മാത്രമാണ് മാണിക്കു പണം നൽകിയതായി ആരോപണം ഉന്നയിച്ചത്. മറ്റാരും മാണിക്ക് പണം നൽകിയതായി മൊഴി നൽകിയിട്ടില്ല. ബിജു രമേശിന്റെ മൊഴി വിജിലൻസിന്റെ അപേക്ഷപ്രകാരം 30ന് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. ബാറുകൾ തുറക്കുന്നതിന് താൻ 10 ലക്ഷം നൽകിയെന്നായിരുന്നു ബിജുവിന്റെ മൊഴി. ഭാവിയിൽ മൊഴി മാറ്റാതിരിക്കാനാണ് ഈ നടപടി. പണം നൽകിയതിന്റെ തെളിവുകൾ ബിജു വിജിലൻസിന് കൈമാറിയിരുന്നു.

പാലായിലെ ബാർ ഉടമ സാജു ഡൊമനിക്, മന്ത്രി മാണിയുടെ വീട്ടിലേക്ക് ബാർ ഉടമകളായ ജോൺ കല്ലാട്ടും തങ്കച്ചനും 15 ലക്ഷം രൂപ കൊണ്ടുപോയതായും മൊഴിനൽകിയിട്ടുണ്ട്. സാജു ഇതേ മൊഴി ലോകായുക്തയ്ക്ക് മുന്നിലും നൽകിയിരുന്നു. ഇൗ മൊഴികളുടെ പകർപ്പ് ലഭ്യമാക്കാനും വിജിലൻസ് അപേക്ഷ നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP