Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അദാനിയും ജയലളിതയും ചർച്ച നടത്തി; കേന്ദ്ര സർക്കാരും അനുകൂലം; കേരളം ഇനി തീരുമാനം എടുത്തില്ലെങ്കിൽ വിഴിഞ്ഞത്തിനു പകരം കുളച്ചൽ; അദാനിയുടെ ഭീഷണിക്കു മുമ്പിൽ വഴങ്ങിയില്ലെങ്കിൽ സിപിഎമ്മിനു പേരുദോഷം ഉറപ്പായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നടക്കുമോ ഇല്ലയോ എന്ന് ഇന്നറിയാം. സർക്കാർ വിളിച്ച ചേർത്ത സർവ്വകക്ഷി യോഗത്തിന്റെ തീരുമാനമാണ് പ്രധാനം. ഗൗതം അദാനിയുടെ അദാനി പോർട്ടിന് തുറമുഖ നിർമ്മാണ-നടത്തിപ്പ് കരാർ നൽകിയില്ലെങ്കിൽ വിഴിഞ്ഞത്തിന്റെ ഭാവി അവസാനിക്കും.

കേന്ദ്ര സർക്കാരിന്റെ പിന്തുണയും ഈ പദ്ധതിക്ക് ഉണ്ടാകില്ല. കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിലെ ഭിന്നാഭിപ്രായങ്ങൾ മുതൽകൂട്ടാക്കാൻ തമിഴ്‌നാട് ശക്തമായി രംഗത്തുമുണ്ട്. കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ തമിഴ്‌നാട് നീക്കം സജീവമാക്കി. ഈ സാഹചര്യത്തിലാണ് ഇന്നത്തെ സർവ്വ കക്ഷിയോഗം നിർണ്ണായകമാകുന്നത്. അദാനി പോർട്ടിന് കരാർ നൽകാനുള്ള വിഴിഞ്ഞം തുറമുഖ കമ്പനിയുടെ തീരുമാനം നടന്നില്ലെങ്കിൽ ആറു മാസത്തിനകം വിഴിഞ്ഞത്തിന് പകരം കുളച്ചലിൽ തുറമുഖ നിർമ്മാണം തുടങ്ങും. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും അദാനിയും തമ്മിൽ ഇക്കാര്യത്തിൽ ചർച്ച നടത്തി ധാരണയുണ്ടായിട്ടുണ്ട്.

കേരളത്തിലെ മുന്നണികൾ രാഷ്ട്രീയം കളിച്ച് വിഴിഞ്ഞം പദ്ധതി നഷ്ടപ്പെടുത്തരുതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ശക്തമായ താക്കീത് നൽകിയിട്ടുമുണ്ട്. വിഴിഞ്ഞം നടപ്പാക്കാൻ ഒരുങ്ങുന്ന സർക്കാരിന് പ്രതിപക്ഷ നിലപാടിൽ ആശങ്കയുണ്ട്. യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടായാൽ അടുത്ത മന്ത്രിസഭായോഗം കരാറിന് അനുമതി നൽകും. അദാനിക്ക് വർക്ക് ഓർഡർ നൽകി കരാർ ഒപ്പുവയ്ക്കൽ മാത്രമാണ് ബാക്കിയുള്ളത്. അതിന് ഒരുമാസമെടുക്കും. നടപടികൾ ഓഗസ്റ്റ് 24 നകം പൂർത്തിയാക്കണം. അത് 24 നകം പൂർത്തിയായില്ലെങ്കിൽ അദാനി ടെൻഡർ പുതുക്കണമെന്ന് വ്യവസ്ഥയില്ല. രാഷ്ട്രീയ എതിർപ്പുണ്ടായാൽ ടെൻഡർ അപകടത്തിലാകും. ഇന്ന് തീരുമാനമായാൽ സെപ്റ്റംബറിന് മുമ്പ് അദാനി വിഴിഞ്ഞത്ത് നിർമ്മാണം തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിന് സമ്മതിച്ചിട്ടുണ്ട്.

അരുവിക്കര ഉപതെരഞ്ഞെടുപ്പായതിനാൽ സിപിഎമ്മിനും കോൺഗ്രസിനും വിഴിഞ്ഞം നിർണ്ണായകമാണ്. ബിജെപി സ്ഥാനാർത്ഥിയായി ഒ രാജഗോപാലുള്ളതിനാൽ വിഴിഞ്ഞം നിർണ്ണായകമാണ്. തിരുവനന്തപുരത്തെ ഏറ്റവും വലിയ വികസന പ്രശ്‌നം പാരവച്ച് അവസാനിപ്പിച്ചാൽ ബിജെപി അരുവിക്കരയിൽ രാഷ്ട്രീയ മുതലെടുപ്പിന് വിഴിഞ്ഞത്തെ ഉപയോഗിക്കും. സിപിഎമ്മിന്റെ എതിർപ്പുമൂലം പദ്ധതി വേണ്ടെന്ന് വച്ചുവെന്ന് വരുത്താൻ കോൺഗ്രസും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിഴിഞ്ഞത്തെ സർവ്വകക്ഷി യോഗത്തിൽ തള്ളിപ്പറയാൻ സിപിഎമ്മിന് കഴിയില്ല. അദാനിയെ എങ്ങനെ അനുകൂലിക്കുമെന്ന ആശങ്കയുമുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിയെന്ന് പറഞ്ഞ് എല്ലാത്തിനേയും സിപിഐ(എം) അനുകൂലിക്കുമെന്നാണ് സൂചന.

വിഴിഞ്ഞത്തിന് 30 കിലോമീറ്റർ മാത്രം അകലെയുള്ള കുളച്ചൽ തുറമുഖത്തിന് പാരിസ്ഥിതിക പഠനത്തിന് അനുമതി തേടി മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര ഉടമസ്ഥതയിലുള്ള തൂത്തുക്കുടി പോർട്ട് ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ കൊളംബിയയിലെ വാവൻകൂർ ആസ്ഥാനമായ കമ്പനി നടത്തുന്ന കൺസൾട്ടൻസി പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ടും തമിഴ്‌നാട് കേന്ദ്രത്തിന് സമർപ്പിച്ചു. വിഴിഞ്ഞം വൈകുമെന്നതിനാൽ പരിസ്ഥിതിപഠനം അനുവദിക്കണമെന്നാണ് ജയലളിത കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) മൂന്നുമാസത്തിനകം സമർപ്പിക്കാമെന്നും തമിഴ്‌നാട് അറിയിച്ചു. കുളച്ചൽ തുറമുഖം പരിഗണനയിലുണ്ടെന്ന് പറഞ്ഞാണ് 2011ൽ കേന്ദ്രം വിഴിഞ്ഞത്തിന് പരിസ്ഥിതി പഠനത്തിന് അനുമതി നിഷേധിച്ചത്.

കേന്ദ്ര തുറമുഖ മന്ത്രിയായ പൊൻ രാധാകൃഷ്ണന്റെ മണ്ഡലമാണ് കുളച്ചൽ. മുഖ്യമന്ത്രിയായി ജയലളിത സ്ഥാനമേറ്റ് ദിവസങ്ങൾക്കുള്ളിൽ കുളച്ചൽ തുറമുഖ പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വിഴിഞ്ഞത്തെത്തി. കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനും കുളച്ചലിനായി രംഗത്തുണ്ട്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനും നടത്തിപ്പിനും അദാനി ഗ്രൂപ്പിന് 220 ഏക്കർ ഭൂമി 40 വർഷത്തേക്ക് ഉപയോഗിക്കാൻ ലൈസൻസ് നൽകുകയാണ് വിഴിഞ്ഞത്ത് ചെയ്യുന്നത്. എന്നാൽ തുറമുഖത്തോട് ചേർന്ന് 2000 ഏക്കർ വരെ ഭൂമിയാണ് തമിഴ്‌നാടിന്റെ വാഗ്ദാനം. അദാനി ഗ്രൂപ്പിനെയാണ് തമിഴ്‌നാടും ലക്ഷ്യമിടുന്നത്. കുളച്ചൽ അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് കഴിഞ്ഞ ഡിസംബറിലാണ് ആഗോള ടെൻഡർ വിളിച്ചത്. കേന്ദ്രസഹായത്തോടെ തുറമുഖം നിർമ്മിക്കാൻ തൂത്തുക്കുടി ചിദംബരനാർ തുറമുഖ ട്രസ്റ്റിനെയാണ് പഠനം ഏൽപ്പിച്ചത്. മൂന്നുമാസംകൊണ്ട് പ്രാഥമിക റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്തു.

വിഴിഞ്ഞത്തെ പോലെ തന്നെ പ്രകൃതിദത്ത തുറമുഖമാണ് കുളച്ചലും. തീരക്കടലിൽ തന്നെ 24 മീറ്റർ വരെ ആഴമുള്ളതിനാൽ കൂറ്റൻ കപ്പലുകൾക്കും അടുക്കാനാവും. കടലിന്റെ അടിത്തട്ടിന് മുകളിലായി അയഞ്ഞ ചെളിമണ്ണും അതിനുതാഴെ കട്ടികൂടിയ മണ്ണും കളിമണ്ണും ചേർന്ന മിശ്രിതവും അതിനും താഴെയായി പാറക്കെട്ടും ഉറച്ചമണ്ണുമാണ് കുളച്ചലിൽ. വൻതോതിൽ മണ്ണുമാറ്റാതെ തുറമുഖം നിർമ്മിക്കാം. അഞ്ചര കിലോമീറ്റർ നീളമുള്ള തുറമുഖത്ത് മുപ്പതോളം വൻകപ്പലുകൾ അടുപ്പിക്കാവുന്ന ബെർത്തുകൾ പണിയാം. വിഴിഞ്ഞത്തെ പോലെ അന്താരാഷ്ട്ര കപ്പൽച്ചാലിൽ നിന്ന് ഒന്നരമണിക്കൂർ ദൂരമേ കുളച്ചലിനുമുള്ളൂ. തൂത്തുക്കുടി തുറമുഖത്തിന്റെ സ്വാധീനവുമുണ്ട്.

ഇപ്പോഴത്തെ അവസരം പാഴാക്കരുതെന്ന് വിഴിഞ്ഞം ടെൻഡർ പഠിക്കാനെത്തിയ കേന്ദ്ര ഉപദേശകൻ ഗജേന്ദ്ര ഹാൽദിയ പറഞ്ഞിട്ടുണ്ട്. ' ഇതുപോലൊരു ടെൻഡർ ലഭിച്ചത് കേരളം സ്വീകരിക്കണം. ഇതിനെക്കാൾ നല്ലത് കിട്ടിയേക്കുമെന്ന് പറയുന്നത് വ്യർത്ഥമാണ്. ചൈനീസ്, കൊളംബോ തുറമുഖങ്ങൾ വിഴിഞ്ഞത്തിന് വലിയ വെല്ലുവിളിയാണ്. ചൈനീസ് സഹായത്തോടെ കൊളംബോ തുറമുഖം ശക്തിയാർജ്ജിച്ചാൽ വിഴിഞ്ഞത്തിന്റെ പ്രസക്തി ഇല്ലാതാകും. കേന്ദ്രത്തിന്റെ വി.ജി.എഫ് പാഴാക്കരുത്. സിംഗിൾ ടെൻഡർ ആണെന്നതും പരമാവധി വി.ജി.എഫ് ചോദിച്ചെന്നതുമാണ് അദാനിയുടെ ടെൻഡറിനെതിരെയുള്ള സാങ്കേതിക തടസം.

അതിൽ കാര്യമില്ലെന്നും കേന്ദ്ര വിജിലൻസ് കമ്മിഷന്റെ 4.(17), 4.(18) ചട്ടങ്ങളിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അതിന് അനുകൂലമായ സുപ്രീംകോടതി വിധിയുണ്ടെന്നുമാണ് നിയമോപദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP