Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാത്തിരിപ്പുകൾക്കു വിരാമം; വിഴിഞ്ഞം പദ്ധതി കരാറിൽ ഒപ്പിട്ടു; തുറമുഖ നിർമ്മാണം നവംബർ ഒന്നിനു തുടങ്ങും; രണ്ടു വർഷത്തിനുള്ളിൽ കപ്പൽ തീരത്ത് അടുപ്പിക്കുമെന്നു ഗൗതം അദാനിയുടെ ഉറപ്പ്; ലോകത്തെ വലിയ തുറമുഖങ്ങളിൽ ഒന്നാക്കുമെന്നും അദാനി

കാത്തിരിപ്പുകൾക്കു വിരാമം; വിഴിഞ്ഞം പദ്ധതി കരാറിൽ ഒപ്പിട്ടു; തുറമുഖ നിർമ്മാണം നവംബർ ഒന്നിനു തുടങ്ങും; രണ്ടു വർഷത്തിനുള്ളിൽ കപ്പൽ തീരത്ത് അടുപ്പിക്കുമെന്നു ഗൗതം അദാനിയുടെ ഉറപ്പ്;  ലോകത്തെ വലിയ തുറമുഖങ്ങളിൽ ഒന്നാക്കുമെന്നും അദാനി

തിരുവനന്തപുരം: വിഴിഞ്ഞം കരാർ ഒപ്പിട്ടു. സംസ്ഥാന സർക്കാരിന്റെയും ഗൗതം അദാനിയുടെയും പ്രതിനിധികൾ മുഖ്യമന്ത്രിയുടെയും അദാനിയുടെയും സാന്നിധ്യത്തിലാണു കരാർ ഒപ്പിട്ടത്.

തുറമുഖത്തിന്റെ ആദ്യ ഘട്ട നിർമ്മാണം നാലുവർഷത്തിനകം പൂർത്തിയാകും. രണ്ടുവർഷത്തിനുള്ളിൽ കപ്പൽ അടുപ്പിക്കാനാകുമെന്ന് അദാനി മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി. വിഴിഞ്ഞത്തെ ലോകത്തെ ഏറ്റവും വലിയ തുറമുഖമാക്കുമെന്നും കരാറൊപ്പിട്ട ശേഷം നടത്തിയ പ്രസംഗത്തിൽ അദാനി വ്യക്തമാക്കി.

വൈകിട്ട് അഞ്ചേകാലോടെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ കേരള സർക്കാരിനായി തുറമുഖ വകുപ്പ് സെക്രട്ടറി ജയിംസ് വർഗീസും അദാനി ഗ്രൂപ്പിനായി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സിഇഒ സന്തോഷ് കുമാർ മഹാപത്രയുമാണു കരാറിൽ ഒപ്പുവച്ചത്. നവംബർ ഒന്നിന് തുറമുഖ നിർമ്മാണം ആരംഭിക്കും.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്. മന്ത്രിമാരായ കെ ബാബു, കെ എം മാണി, വി എസ് ശിവകുമാർ, അനൂപ് ജേക്കബ്, സ്പീക്കർ ജി ശക്തൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങിൽ പങ്കെടുത്തില്ല.

7525 കോടിയുടേതാണ് വിഴിഞ്ഞം പദ്ധതി. പദ്ധതി ഏറ്റെടുക്കാൻ 1635 കോടിരൂപയാണ് അദാനി ഗ്രാന്റായി ആവശ്യപ്പെട്ടത്. ഇത് കേന്ദ്രസംസ്ഥാന സർക്കാരുകൾ ചേർന്ന് നൽകും. 2454 കോടിരൂപയാണ് അദാനിഗ്രൂപ്പിന്റെ വിഹിതം. ശേഷിക്കുന്നത് സംസ്ഥാന സർക്കാർ നൽകും. നവംബർ ഒന്നിന് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. നിശ്ചയിച്ച സമയത്തിന് മുൻപ് നിർമ്മാണം പൂർത്തിയാക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

അഹമ്മദാബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പിനു കീഴിൽ വരുന്ന ഒമ്പതാമത്തെ തുറമുഖമാണ് വിഴിഞ്ഞം. 60,000കോടി രൂപയുടെ ആസ്തിയാണ് കമ്പനിക്കുള്ളത്. അദാനി എന്റർപ്രൈസസിനു കീഴിൽ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോണും അദാനി പവറും പ്രത്യേക കമ്പനികളായുണ്ട്. ഗുജറാാത്തിലെ മുന്ദ്രയ്ക്കു പുറമെ ഇന്ത്യയിൽ ഏഴു തുറമുഖങ്ങളാണ് അദാനിക്കു സ്വന്തമായുണ്ടായിരുന്നത്. വിഴിഞ്ഞം കൂടിയെത്തിയതോടെ ഇത് ഒമ്പതായി.

തുറമുഖരംഗത്ത് രാജ്യത്ത് സ്വകാര്യമേഖലയിൽ ഒന്നാമതാണ് അദാനി ഗ്രൂപ്പ്. മൊത്തം കയറ്റിറക്ക് 1440ലക്ഷം ടണ്ണാണ്. ഓസ്‌ട്രേലിയയിലെ ഗലീലി ബേസിനും അബ്ബോട്ട് പോയിന്റ് പോർട്ടും അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ഖനികൾ, തുറമുഖങ്ങൾ, ഊർജോത്പാദനം-വിതരണം എന്നിവയുടെ വികസനത്തിലൂടെ സമഗ്രമായ വ്യവസായപദ്ധതി ലക്ഷ്യമിടുന്ന വ്യക്തിയാണ് അദാനി. ഇതിനായി 2020നുള്ളിൽ ഒമ്പതുലക്ഷം കോടിയുടെ നിക്ഷേപപദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ പ്രധാനമാണു വിഴിഞ്ഞം തുറമുഖ പദ്ധതിയും.

ഇന്ത്യയിൽ ഏറ്റവും കയറ്റിറക്ക് നടക്കുന്ന തുറമുഖമാണ് അദാനിയുടെ മുന്ദ്ര പോർട്ട്. 1110 ലക്ഷം ടണ്ണിന്റെ ഇടപാടുകൾ നടത്തുന്ന ഈ തുറമുഖമാണ് അദാനിയെന്ന വ്യവസായ ഭീമന്റെ വളർച്ചയിൽ ഏറിയ പങ്കും വഹിക്കുന്നത്. പോർട്ടും സെസും 6473 ഹെക്ടറാണ്. ഒരേസമയം 24 കപ്പലുകൾക്ക് ചരക്കിറക്കാനാകും. ലോകത്ത് ഏറ്റവുമധികം കൽക്കരി ഇറക്കുന്ന ടെർമിനൽ ഇവിടമാണ്. 168 ഹെക്ടറിൽ രാജ്യത്തെ വലിയ ഫ്രീ ട്രേഡ് ആൻഡ് വെയർഹൗസിങ് സോൺ, 21 ക്‌ളോസ്ഡ് വെയർഹൗസുകളുടെ ശേഷി 2,25,000 ചതുരശ്രമീറ്റർ, തുറന്ന സംഭരണകേന്ദ്രങ്ങൾ 8,80,000 ചതുരശ്രമീറ്ററിൽ എന്നീ പ്രത്യേകതകൾ മുന്ദ്രയ്ക്കുണ്ട്. മുന്ദ്രയുൾപ്പെടെയുള്ള എട്ടു തുറമുഖങ്ങളുടെ പ്രവർത്തന പരിചയം വിഴിഞ്ഞത്തിനു തുണയാകുമെന്ന പ്രതീക്ഷയാണുള്ളത്.

പദ്ധതിയിൽ ഒപ്പു വയ്ക്കുന്നതിന് മുന്നോടിയായി ഗൗതം അദാനി പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനുമായി ചർച്ച നടത്തിയിരുന്നു. പദ്ധതിയുടെ പൂർത്തീകരണത്തിന് പണം തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. എത്ര തുക വേണമെങ്കിലും ചെലവഴിക്കാൻ തയാറാണെന്നും ആശങ്ക പരിഹരിക്കാൻ ബുധനാഴ്ച വീണ്ടും ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കരാർ ഒപ്പിടുന്നതിന് മുന്നോടിയായി ഗൗതം അദാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം അറിയിച്ചത്.

ബജറ്റിൽ തന്നെ പദ്ധതിക്കായി 600 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. വേണ്ട സമയത്ത് ആവശ്യമായ പണം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. സംസ്ഥാനത്തിന് അനുഗുണമായ വിഴിഞ്ഞം പദ്ധതിയെ എല്ലാവരും പിന്തുണയ്ക്കും. എല്ലാ വിഭാഗങ്ങളിൽ നിന്നും വിഴിഞ്ഞം പദ്ധതിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. പദ്ധതി സംബന്ധിച്ച മത്സ്യത്തൊഴിലാളികളുടെയും തദ്ദേശീയരുടെയും ആശങ്ക അകറ്റും. ഇവരുടെ താത്പര്യം സംരക്ഷണിച്ചുകൊണ്ടുമാത്രമേ പദ്ധതി നടപ്പാക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിന് കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കടൽ മാർഗമുള്ള ചരക്കു ഗതാഗതത്തിന് ആക്കം കൂട്ടാനും വിഴിഞ്ഞം തുറമുഖത്തിനു കഴിയും. തെക്കൻ കേരളത്തിനും തമിഴ്‌നാടിന്റെ തെക്കൻ ജില്ലകൾക്കും ആവശ്യമായ പെട്രോളിയം ഉൽപന്നങ്ങൾ വിഴിഞ്ഞം തുറമുഖം മുഖേന കൈകാര്യം ചെയ്യാനുള്ള പദ്ധതി പൊതുമേഖലാ എണ്ണക്കമ്പനികൾക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP