Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉതുപ്പിനെ സംരക്ഷിക്കുന്നത് ഉമ്മൻ ചാണ്ടി; തട്ടിപ്പെല്ലാം ആശ്രയയുടെ മറവിൽ; മുഖ്യമന്ത്രിയുടെ ഓഫീസ് നിറയെ പുതുപ്പള്ളി മാഫിയാ സംഘമെന്ന് വി എസ് അച്യുതാനന്ദൻ

ഉതുപ്പിനെ സംരക്ഷിക്കുന്നത് ഉമ്മൻ ചാണ്ടി; തട്ടിപ്പെല്ലാം ആശ്രയയുടെ മറവിൽ; മുഖ്യമന്ത്രിയുടെ ഓഫീസ് നിറയെ പുതുപ്പള്ളി മാഫിയാ സംഘമെന്ന് വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം: കോടികളുടെ നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ ഉതുപ്പ് വർഗീസിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആണെന്ന് പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു. അതുകൊണ്ടാണ് ഇയാളെ ഇതേവരെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതെന്നും വി എസ്. പറഞ്ഞു

.ഉമ്മൻ ചാണ്ടി ചെയർമാനും, ഉതുപ്പ് വർഗീസ് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന പുതുപ്പള്ളിയിലെ ആശ്രയ ട്രസ്റ്റിനെ മറയാക്കിയാണ് കോടികളുടെ തട്ടിപ്പ് അരങ്ങേറിയിട്ടുള്ളത്. കമ്പനി ആക്ട് അനുസരിച്ച് 2007ൽ രജിസ്റ്റർ ചെയ്യപ്പെട്ട ആശ്രയ ട്രസ്റ്റിൽ ഉമ്മൻ ചാണ്ടിയും ഉതുപ്പ് വർഗീസും യഥാക്രമം ചെയർമാനും, ഡയക്ടർ ബോർഡ് അംഗവുമായിരുന്നു. ഉതുപ്പ് വർഗീസിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ ആശ്രയ ട്രസ്റ്റ് വഴിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കുവൈറ്റിലേക്ക് നേഴ്‌സുമാരെ റിക്രൂട്ട്‌മെന്റ് ചെയ്ത കേസിൽ കൊച്ചിയിലെ അൽ സറാഫാ ഏജൻസി ഉടമ ഉതുപ്പ് വർഗീസ് 250 കോടിയിലേറെ രൂപ വെട്ടിച്ചതായാണ് കേസ്. ഇയാളുടെ വെട്ടിപ്പിന് ഇരയായ നേഴ്‌സുമാർ കഴിഞ്ഞ ഡിസംബർ 25ന് ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിൽ നിരാഹാരസമരം നടത്തിയിരുന്നു. അതിനുശേഷമുള്ള നാലുമാസത്തിനിടയിലാണ് ഇയാൾ വീണ്ടും തട്ടിപ്പ് നടത്തിയത്. എന്നുപറഞ്ഞാൽ ഉതുപ്പ് വർഗീസിന്റെ തട്ടിപ്പിന് ഉമ്മൻ ചാണ്ടി എല്ലാവിധ സംരക്ഷണവും നൽകിക്കൊണ്ടിരിക്കുകയാണ് എന്നാണർത്ഥം. അതുകൊണ്ടാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടും, കുവൈറ്റുമായി ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറുന്ന കരാർ ഉണ്ടായിട്ടും കുവൈറ്റിലുള്ള ഉതുപ്പ് വർഗീസിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഉമ്മൻ ചാണ്ടിയുടെ ഓഫീസ് സകല തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. പെൺവാണിഭം, കള്ളക്കടത്ത്, സ്വർണ്ണക്കടത്ത്, സ്പിരിറ്റ് കടത്ത്, മണൽമാഫിയ, ഭൂമി കച്ചവടം എന്നിങ്ങനെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർൺക്കൊക്കെ അഭയവും, ആശ്രയവുമായി പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. അതുകൊണ്ടാണ് ഏതുതരം തട്ടിപ്പും, വെട്ടിപ്പും നടത്തുന്നവരും നിയമത്തിന്റെയും പൊലീസിന്റെയും പിടിയിൽ നിന്ന് രക്ഷപ്പെട്ട് നടക്കുന്നത്. പുതുപ്പള്ളി മാഫിയാ സംഘത്തെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.

ഉതുപ്പ് വർഗീസും, സരിതയും, സലീംരാജും, പാവം പയ്യൻ തോമസ് കുരുവിളയും, ജിക്കുമോനുമൊക്കെ ഈ മാഫിയാസംഘത്തിലെ കൂട്ടാളികളാണ്. അതുകൊണ്ടുതന്നെ ഇവരെ തൊടാൻ ഒരു പൊലീസും നിയമവും തയ്യാറാകുന്നില്ല എന്നതാണ് സത്യം.ഇത്തരം തട്ടിപ്പുകളിൽ നിന്നെല്ലാം രക്ഷനേടാനുള്ള കരുതലിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടി ഇപ്പോൾ 'കരുതൽ 2015' എന്ന പേരിൽ ജനങ്ങളെ കബളിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊരു മുൻകരുതൽ മാത്രമാണ്.

എന്നാൽ ഇതുകൊണ്ടൊന്നും ഉമ്മൻ ചാണ്ടിക്ക് ഏറെനാൾ പിടിച്ചുനിൽക്കാൻ കഴിയില്ല. കോടികളുടെ തട്ടിപ്പ് നടത്തിയ ഉതുപ്പ് വർഗീസും, ഉമ്മൻ ചാണ്ടിയും തമ്മിലുള്ള അവിശുദ്ധ ബന്ധം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം. ഉതുപ്പ് വർഗീസിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുക വഴിയെ ഈ മാഫിയാ കൂട്ടുകെട്ടിന്റെ ചുരുളുകൾ അഴിക്കാനാവൂ എന്നും വി എസ്. പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP