Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉസ്മാൻ ആശുപത്രിയിലായതോടെ മുഴുപ്പട്ടിണിയുടെ വക്കിൽ ഒരു കുടുംബം; ഒപ്പം ജപ്തി ഭീഷണിയും; എന്തിനീ ക്രൂരത ഞങ്ങളോട് ചെയ്‌തെന്ന് ചോദിച്ച് ഭാര്യ ഫെബിന

ഉസ്മാൻ ആശുപത്രിയിലായതോടെ മുഴുപ്പട്ടിണിയുടെ വക്കിൽ ഒരു കുടുംബം; ഒപ്പം ജപ്തി ഭീഷണിയും; എന്തിനീ ക്രൂരത ഞങ്ങളോട് ചെയ്‌തെന്ന് ചോദിച്ച് ഭാര്യ ഫെബിന

ആലുവ: പാലീസ് മർദനം കുടുംബത്തെ പട്ടിണിയിലാക്കിയെന്ന് ആലുവയിൽ പൊലീസ് ക്രൂരതയ്ക്ക് ഇരയായ ഉസ്മാന്റെ ഭാര്യ ഫെബിന. മൂന്ന്മക്കളുണ്ട്. മൂന്ന് പേരും സ്‌കൂളിൽ പോകുന്ന കുട്ടികളാണ്. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചെലവുകൾ മൂലം സാമ്പത്തികമായി തകർന്നിരിക്കുമ്പോഴാണു ചികിൽസയ്ക്കും മറ്റും പണം കണ്ടെത്തേണ്ടി വന്നിരിക്കുന്നത്.

ഇതിനിടെ ജപ്തി ഭീഷണിയുടെ വക്കിലാണ് ഉസ്മാനും കുടുംബവും കഴിയുന്നത്. തറവാടു പൊളിച്ച് പുതുതായി വീട് നിർമ്മിച്ചത് സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്താണ്. ഇതിന്റെ തിരിച്ചടവിനായാണ് ഉസ്മാൻ ജോലി തേടി വിദേശത്തേക്കു പോയത്. എന്നാൽ പ്രാരബ്ധം ഏറിയതോടെ തിരിച്ചടവ് മുടങ്ങി. പത്ത് ലക്ഷം രൂപയുടെ ലോൺ 15 ലക്ഷം രൂപയായി പെരുകിയതോടെ ജപ്തിഭീഷണിയിലാണ് ഇപ്പോൾ ഉസ്മാന്റെ കുടുംബം.

കുടുംബത്തിലെ ഇളയ മകനായ ഉസ്മാന് മൂന്നു സെന്റ് സ്ഥലമാണ് വീതം വച്ചപ്പോൾ ലഭിച്ചത്. ബാപ്പയുടെയും ഉമ്മയുടെയും അവകാശമായ മൂന്നു സെന്റ് സ്ഥലവും കൂടി ചേർത്ത് ആറു സെന്റിലാണ് ഉസ്മാൻ വീട് നിർമ്മിച്ചത്. എടത്തല സർവീസ് സഹകരണ ബാങ്കിൽനിന്ന് ഇതിനായി പത്ത് ലക്ഷത്തോളം രൂപ വായ്പയും എടുത്തിരുന്നു. എന്നാൽ, ഇത് കൃത്യമായി അടച്ചു തീർക്കാൻ ഉസ്മാന് കഴിഞ്ഞില്ല. പലിശയും കൂട്ടു പലിശയുമായി പതിനഞ്ച് ലക്ഷത്തിലധികമാണ് ഇപ്പോൾ ഉസ്മാന്റെ ബാധ്യത.

സൗദി അറേബ്യയിൽ പച്ചക്കറി മാർക്കറ്റിലാണ് ഉസ്മാൻ ജോലി ചെയ്തിരുന്നത്. കിട്ടുന്ന വരുമാനം കൊണ്ട് വീട്ടു ചെലവും കുട്ടികളുടെ വിദ്യാഭ്യാസവും ആശുപത്രി ചെലവും മാത്രമാണ് കഴിഞ്ഞുപോയത്. നോമ്പുകാലമായതിനാൽ താൻ പണിത വീട്ടിൽ ഉമ്മയെയും ബാപ്പയെയും താമസിപ്പിച്ചു. അടുത്ത നോമ്പിന് സ്വന്തം വീട്ടിൽ കിടക്കാൻ ചിലപ്പോൾ കഴിഞ്ഞില്ലെങ്കിലോയെന്ന വിഷമത്തിലാണ് അവർ വീട്ടിൽനിന്ന് മാറാതിരുന്നത്. ഉസ്മാൻ ഭാര്യയോടും മകളോടുമൊപ്പം തൊട്ടടുത്തുതന്നെ വാടകയ്ക്കാണ് താമസിച്ചിരുന്നത്.

7000 രൂപ വാടക കൊടുത്താണു താമസിക്കുന്നത്. റിയാദിൽ മാർക്കറ്റിലാണ് ഉസ്മാന് ജോലി. അവിടെ പഴയതുപോലെ പണിയില്ല. സുഖപ്പെട്ടാലും കേസുള്ളതിനാൽ വീണ്ടും റിയാദിലേക്കു പോകാൻ കഴിയുമോ എന്നും സംശയമാണ്. നിരപരാധിയായ ഒരാളോടു പൊലീസുകാർ എന്തിനാണിങ്ങനെ ചെയ്തതെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ലെന്നും ഫെബിന പറഞ്ഞു.

അതിനിടെ, ഉസ്മാന്റെ ഇളയ മകൻ സാബിത്തിനെ (ആറ്) പനിയും ഛർദിയും പിടിപെട്ടു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിനെ പൊലീസ് കൊണ്ടുപോയെന്ന് അറിഞ്ഞതു മുതൽ ഒന്നും കഴിക്കാതെ സാബിത്ത് തളർന്നുപോയിരുന്നു. ആലുവ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. മൂത്ത മക്കളായ സഫ (11), മർവ (ഒൻപത്) എന്നിവരും മാനസിക തകർച്ചയിലാണ്. വീട്ടുകാർ കുട്ടികളെ സംഭവം അറിയിച്ചിരുന്നില്ല. ടിവിയിൽ നിന്നു യാദൃച്ഛികമായാണു കുട്ടികൾ ഇതറിഞ്ഞത്.

സംഭവം നടന്ന ദിവസം ഉസ്മാൻ ഭാര്യയോട് നോമ്പു തുറക്കാനുള്ള സാധനങ്ങൾ വാങ്ങി വരാമെന്നു പറഞ്ഞാണ് പുറത്തേക്കു പോയത്. ലീവിന് നാട്ടിലെത്തിയപ്പോൾ സുഹൃത്തിന്റെ ബൈക്ക് ഓടിക്കാൻ മേടിച്ചിരുന്നു. ഇതിലായിരുന്നു യാത്ര. എന്നാൽ പൊലീസ് മർദനവും പിന്നാലെ കേസുമെല്ലാം ആയതോടെ കുടുംബത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസും അടഞ്ഞിരിക്കുകയാണ്.

ഉസ്മാൻ ആശുപത്രി വിട്ടാലും എത്രകാലം കഴിഞ്ഞാൽ ജോലിക്കു പോകാൻ സാധിക്കുമെന്ന് അറിയില്ലെന്ന് സഹോദരൻ അലിയാർ പറഞ്ഞു. വായ്പയെടുത്ത തുകയിൽ പലിശ ഏറി വരികയാണ്. കടം വീട്ടാൻ കഴിഞ്ഞില്ലെങ്കിൽ കഷ്ടപ്പെട്ടുണ്ടാക്കിയ കിടപ്പിടം നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP