Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൂട്ടിയത് ഒന്നും തുറക്കില്ല; തുറന്നതെല്ലാം പൂട്ടും; ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഒഴികെയുള്ള ബാറുകളുടെ ലൈസൻസ് റദ്ദാക്കി; എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ; പരീക്ഷണാർത്ഥം നടപ്പിലാക്കുന്നത് ഏപ്രിൽ ഒന്ന് മുതൽ: സുധീരന്റെ പിടിവാശിക്ക് മുൻപിൽ മുട്ടു മടക്കിയത് ഇങ്ങനെ

പൂട്ടിയത് ഒന്നും തുറക്കില്ല; തുറന്നതെല്ലാം പൂട്ടും; ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഒഴികെയുള്ള ബാറുകളുടെ ലൈസൻസ് റദ്ദാക്കി; എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ; പരീക്ഷണാർത്ഥം നടപ്പിലാക്കുന്നത് ഏപ്രിൽ ഒന്ന് മുതൽ: സുധീരന്റെ പിടിവാശിക്ക് മുൻപിൽ മുട്ടു മടക്കിയത് ഇങ്ങനെ

സർക്കാരും പാർട്ടിയും തമ്മിലുള്ള പിടിവലിക്കൊടുവിൽ കോൺഗ്രസിനു വിജയം. വി എം സുധീരന്റെ ഉറച്ച നിലപാടിനു മുമ്പിൽ യുഡിഎഫ് നേതൃത്വം വഴങ്ങിയപ്പോൾ കേരളത്തിൽ ഭാഗികമായി മദ്യനിരോധനം നടപ്പിലാകുന്നു. ഇപ്പോൾ പൂട്ടിക്കിടക്കുന്ന ഒരു ബാറുകളും തുറക്കുകയില്ല എന്നും ഇപ്പോൾ പ്രവർത്തിക്കുന്ന 312 ബാറുകൾ അടച്ചു പൂട്ടുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടുത്ത ഏപ്രിൽ ഒന്നുമുതൽ നടപ്പിലാക്കുന്ന പുതിയ അബ്കാരി നയം അനുസരിച്ച് ഫൈവ് സ്റ്റാർ ബാറുകൾക്ക് മാത്രമേ കേരളത്തിൽ ഇനി മദ്യം വിൽക്കാൻ അനുമതി ഉണ്ടാകൂ. എല്ലാ മാസവും ഒന്നാം തീയതിക്കു പുറമേ എല്ലാ ഞായറാഴ്ചകളും ഇനി മുതൽ മദ്യ വില്പനയ്ക്കു നിരോധനം ഉണ്ടാകും. ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുടർന്നും പ്രവർത്തിക്കുമെങ്കിലും പുതിയതായി ഒന്നും അനുവദിക്കില്ല എന്നും സർക്കാർ പ്രഖ്യാപിച്ചു. ഓരോ വർഷവും പത്തുശതമാനം വീതം കുറയ്ക്കും. 

ഏതാനും മാസങ്ങളായി കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ നടത്തിയ ധീരമായി ചെറുത്തുനില്പിന്റെ വിജയമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ വെളിയിൽ വന്നത്. വേണ്ടത്ര നിലവാരം ഇല്ലാത്തതുകൊണ്ട് ഏപ്രിൽ ഒന്നിന് അടച്ചു പൂട്ടിയ 418 ബീറുകൾക്ക് വേണ്ടി മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും അടക്കമുള്ളവർ നടത്തിയ നീക്കങ്ങളെ എല്ലാം നിഷ്‌പ്രഭമാക്കുന്നതായി ഈ തീരുമാനം. സുധീരന്റെ ഉറച്ച നിലപാടിനെതിരെ കോൺഗ്രസിൽ വൻ നീക്കങ്ങൾ ഉണ്ടായിരുന്നു എങ്കിലും കേരള കോൺഗ്രസും മുസ്ലിം ലീഗും അടക്കമുള്ള ഘടക കക്ഷികൾ ഒപ്പം നിന്നു. പരസ്യമായി മദ്യത്തിന്റെ വക്താക്കളായി മാറാൻ സാധിക്കില്ല എന്നത് സർക്കാറിനെ പ്രതിസന്ധിയിലാക്കി.

യുഡിഎഫ് യോഗത്തിൽ എല്ലാ കക്ഷികളും പങ്കെടുത്തിരുന്നു. ഐക്യകണ്ഠേന അതുസംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തിൽ എടുക്കുകയുണ്ടായി. യുഡിഎഫിന്റെ പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള പ്രകാരം മദ്യത്തിന്റെ ലഭ്യതകുറയ്ക്കാനുള്ള എല്ലാ കാര്യങ്ങളും മന്ത്രിസഭ തീരുമാനിക്കും. വിശദമായി ചർച്ച ചെയ്ത് യോജിച്ചെടുത്ത തീരുമാനങ്ങൾ നടപ്പാക്കും. മദ്യരഹിത കേരളം എന്ന പുതിയ മദ്യനയം ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു. യുഡിഎഫ് സർക്കാർ സ്വീകരിച്ച നിരവധി മദ്യവിരുദ്ധ തീരുമാനങ്ങൾക്കു ശേഷവും മദ്യം സാമൂഹ്യവിരുദ്ധമായി തുടരുന്നു എന്ന് സർക്കാരിനു ബോധ്യമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. ഇതു നമ്മുടെ നാടിനെയും കുടുംബങ്ങളെയും വ്യക്തികളെയും പല രീതിയിൽ ബാധിക്കുന്നു. ഈ പശ്ചാത്തലത്തിൽ കൂടുതൽ നടപടികൾ ആവശ്യമാണെന്നു സർക്കാർ കരുതുന്നു. മദ്യരഹിത കേരളത്തിലേക്ക് നടന്നടുക്കാൻ താഴെപ്പറയുന്ന നടപടികൾ യുഡിഎഫ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ത്രീ സ്റ്റാർ, ഫോർസ്റ്റാർ ഹോട്ടലുകൾക്ക്‌ പുതിയതായി ലൈസൻസ് നൽകില്ലെന്നു യുഡിഎഫ് തീരുമാനിച്ചു. ഇനി ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക്‌ മാത്രമേ മദ്യം വിൽക്കാൻ അനുമതി ലഭിക്കുകയുള്ളൂ. ഈ നയം, നിലവിലുള്ള എല്ലാ ഫൈവ് സ്റ്റാർ അല്ലാത്ത ഹോട്ടലുകൾക്കും ഒരു പോലെ ബാധമാക്കാൻ തീരുമാനിച്ചു. അതായത് അടഞ്ഞുകിടക്കുന്ന 418 ബാറുകൾക്കും തുറന്നു പ്രവർത്തിക്കുന്ന 312 ബാറുകൾക്കും തുടർന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവില്ല. ബിവറേജസ് കോർപ്പറേഷൻ ഇനി പുതിയ ഔട്ട്‌ലെറ്റുകൾ തുടങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിലുള്ളവയിൽ 10% ഔട്ട്‌ലെറ്റുകൾ പൂട്ടും. വീര്യം കൂടിയ മദ്യത്തിന്റെ വില്പന കുറയ്ക്കും. കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കും.

വാരാന്ത്യദിനങ്ങളിൽ മദ്യവില്പനയില്ല. ഇതോടെ നിലവിലുള്ള മാസാദ്യത്തെ ഡ്രൈ ഡേയ്ക്കു പുറമേ ഞായറാഴ്ചകളിലും മദ്യവില്പന ഉണ്ടാവില്ല. 52 ദിവസങ്ങൾ കൂടി ഡ്രൈ ഡേ ആവും. പുതിയ മദ്യനയം മൂലം തൊഴിൽ നഷ്ടപ്പെടുന്ന മദ്യശാലകളിലെ ജീവനക്കാർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള വായ്പ അനുവദിക്കും. മദ്യശാലകളുടെ നടത്തിപ്പിൽ നിന്നുള്ള വരുമാനത്തിന്റെ അഞ്ചുശതമാനം ഓരോ വർഷവും മാറ്റിവച്ച് മദ്യവിരുദ്ധ വിദ്യാഭ്യാസം, റീഹാബിലിറ്റേഷൻ എന്നിവ നടപ്പാക്കും. അമിത മദ്യപാനം മൂലം ജീവിതം നഷ്ടപ്പെട്ടവർക്ക്‌ നഷ്ടപരിഹാരം നൽകും. തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും.

പത്തുവർഷം കൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം കേരളത്തിൽ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. അതിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. സമ്പൂർണ്ണ മദ്യനിരോധനത്തെ ഉൾക്കൊള്ളാൻ ഈ കാലയളവിൽ കേരളം സജ്ജമാവണം. ജനങ്ങളുടെ പൂർണ്ണ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടാവേണ്ടിയിരിക്കുന്നു. ഈ വലിയ ലക്ഷ്യം സഫലീകരിക്കാൻ എല്ലാവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു. മറ്റു കാര്യങ്ങൾ ചർച്ച ചെയ്യാൻ 11-ാം തീയതി യുഡിഎഫിന്റെ സമ്പൂർണ്ണ യോഗം കൂടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP