Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡരുകിലിരുന്ന് കള്ളടിക്കുന്നവരെ വിരട്ടാൻ ഇനി വനിതാ എസ്‌ഐയും എത്തും; ആറ് വനിതാ എസ്‌ഐമാർക്ക് സാധാരണ പൊലീസ് സ്‌റ്റേഷന്റെ ചുമതല കൊടുത്ത് ഉത്തരവിറങ്ങി; ക്രമസമാധാന പാലനം ഇനി ഇവരുടെ ദൗത്യം

റോഡരുകിലിരുന്ന് കള്ളടിക്കുന്നവരെ വിരട്ടാൻ ഇനി വനിതാ എസ്‌ഐയും എത്തും; ആറ് വനിതാ എസ്‌ഐമാർക്ക് സാധാരണ പൊലീസ് സ്‌റ്റേഷന്റെ ചുമതല കൊടുത്ത് ഉത്തരവിറങ്ങി; ക്രമസമാധാന പാലനം ഇനി ഇവരുടെ ദൗത്യം

കൊച്ചി: വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് വകുപ്പിൽ നിന്നും അവഗണന നേരിടേണ്ടി വരാറുണ്ടെന്ന് ആക്ഷേപങ്ങൾ പല തവണ ഉയർന്നതാണ്. അടുത്തകാലത്തായി ഈ പരാതി തീർക്കുന്നതിലും പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനുമായി ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വനിതാ പൊലീസ് സ്‌റ്റേഷന്റെ ചുമതലയ്ക്ക് പുറമേ നിലവിൽ പുരുഷന്മാർ ഭരിക്കുന്ന പൊലീസ് സ്‌റ്റേഷന്റെയും ചുമതല വനിതാ പൊലീസുമാകാർക്ക് നൽകാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിന്റെ തുടക്കമെന്നോണം ഏഴു വനിതാ എസ്‌ഐമാർക്കു ജനറൽ സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. ഇതോടെ ഇനി നടു റോഡരുകിലിരുന്ന് കള്ള് കുടിക്കുന്നവരെയും ചീട്ടുകളിക്കാരെയും പിടികൂടാൻ വനിതാ എസ്‌ഐമാർ എത്തും.

അതതു ജില്ലകളിലെ യോജിച്ച പൊലീസ് സ്റ്റേഷനുകളിൽ ഇവരെ സ്‌റ്റേഷന്റെ ചുമതലയുള്ള എസ്എച്ച്ഒമാരായി നിയമിക്കണമെന്നു നിർദ്ദേശിച്ച് ഹെഡ് ക്വാർട്ടേഴ്‌സ് ഐജി സുരേഷ് രാജ് പുരോഹിതാണ് ഉത്തരവിറക്കിയത്. കേരള പൊലീസിൽ ആദ്യമായാണ് വനിതാ എസ്‌ഐയെ ജനറൽ സ്റ്റേഷനിൽ എസ്എച്ച്ഒ ആയി നിയമിക്കുന്നത്. സ്റ്റേഷന്റെ പൂർണ ചുമതലയുള്ള എസ്‌ഐ ആണ് എസ്എച്ച്ഒ. പൊലീസിൽ സ്ത്രീശാക്തീകരണത്തിനു തുടക്കമിടുന്ന സുപ്രധാന തീരുമാനമാണിതെന്ന ആമുഖത്തോടെയാണ് ഉത്തരവ്. കേരളാ പൊലീസിൽ ലിംഗ വിവേചനമെന്ന പരാതിയും പതിയെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.

തൃശൂർ സിറ്റിയിലെ പി.വി സിന്ധു, തൃശൂർ റൂറലിലെ എം.ഡി.അന്ന, കണ്ണൂർ തളിപ്പറമ്പ് സ്റ്റേഷനിലെ സി.മല്ലിക, കോഴിക്കോട് സിറ്റി വനിതാ സ്റ്റേഷനിലെ സി.സീത, പത്തനംതിട്ട സ്റ്റേഷനിലെ ലീലാമ്മ, കൊല്ലം റൂറൽ വനിതാ സെല്ലിലെ എൽ.രമ, ഇടുക്കി വനിതാ സെല്ലിലെ കെ.ജെ.ജോഷി എന്നിവരെയാണ് പൊലീസ് സ്‌റ്റേഷന്റെ സമ്പൂർണ്ണ ചുമതലയുള്ള ഉദ്യോഗസ്ഥരായി നിയമിക്കുക. ഇവർ എല്ലാവരും 1991 ബാച്ചിൽ പെട്ടവരാണ്.

എസ്‌ഐയായി സ്ഥാനക്കയറ്റം ലഭിച്ചു പത്തുവർഷത്തോളമായിട്ടും ഇതുവരെ ഇവർക്കാർക്കും എസ്എച്ച്ഒയുടെ ചുമതല നൽകിയിരുന്നില്ല. വനിതാ ഉദ്യോസ്ഥർ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരാകുമ്പോഴുള്ള ആശങ്കയായിരുന്നു ഇവർ മാറ്റിനിർത്തപ്പെടാൻ കാരണം. എന്നാൽ, ഈ ശീലം തെറ്റിക്കാൻ തന്നെയാണ് വകുപ്പിന്റെ തീരുമാനം. ജനറൽ സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരായി നിയമിക്കപ്പെടുന്നതിനു സന്നദ്ധരാണോ എന്ന് ഇവരോടു ഹെഡ് ക്വാർട്ടേഴ്‌സിൽനിന്ന് ആരാഞ്ഞിരുന്നു. ഇവർ സമ്മതം അറിയിച്ചതോടെയാണ് പുതുതായി നിയമനം നൽകുന്നത്.

പുതുതായി 60 വനിതാ എസ്‌ഐമാരെ റിക്രൂട്ട് ചെയ്യാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിൽ 30 പേരെ സ്ഥാനക്കയറ്റം വഴിയും 30 പേരെ നേരിട്ടുമാണു നിയമിക്കുന്നത്. ഇവരെ ജനറൽ സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരാക്കുന്നതിനു മുന്നോടിയായാണു പരീക്ഷണാടിസ്ഥാനത്തിൽ ഏഴുപേർക്കു നിയമനം നൽകുന്നത്. നിലവിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലായി അഞ്ചു വനിതാ പൊലീസ് സ്റ്റേഷനുകളാണുള്ളത്. എല്ലാ പൊലീസ് ജില്ലകളിലും വനിതാ സെല്ലുകളും പ്രവർത്തിക്കുന്നു. വനിതാ സ്റ്റേഷനുകളുടെയും സെല്ലുകളുടെയും ചുമതല മാത്രമാണ് ഇതുവരെ വനിതാ എസ്‌ഐമാർക്കു നൽകിപ്പോന്നിരുന്നത്. സംസ്ഥാനത്തെ പൊലീസ് സേനയുടെ അംഗബലം അൻപത്തയ്യായിരത്തോളമുണ്ടെങ്കിലും ഇതിൽ അയ്യായിരത്തിൽ താഴെയേ വനിതകളുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP