Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് ആദിവാസികളുടെ നിൽപ്പുസമരവേദിയിൽ യൂത്ത് ലീഗ്; സമ്മർദം ചെലുത്തുന്നവർക്ക് വാരിക്കോരി നൽകുന്നവർ എന്തുകൊണ്ട് ആദിവാസികളെ ചവിട്ടിമെതിക്കുന്നെന്നും യൂത്ത് ലീഗ്

സർക്കാർ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് ആദിവാസികളുടെ നിൽപ്പുസമരവേദിയിൽ യൂത്ത് ലീഗ്; സമ്മർദം ചെലുത്തുന്നവർക്ക് വാരിക്കോരി നൽകുന്നവർ എന്തുകൊണ്ട് ആദിവാസികളെ ചവിട്ടിമെതിക്കുന്നെന്നും യൂത്ത് ലീഗ്

തിരുവനന്തപുരം: സെക്രട്ടറിയറ്റിനുമുന്നിൽ ആദിവാസികൾ നടത്തുന്ന നിൽപ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് ലീഗും. കഴിഞ്ഞ 77 ദിവസമായി ആദിവാസി ഗോത്രമഹാസഭ നടത്തുന്ന സമരത്തിന് ഇതിനകം സിനിമാമേഖലയിൽ നിന്നും രാഷ്ട്രീയ മേഖലയിൽ നിന്നും പിന്തുണയുമായി നിരവധിപേർ എത്തിയിരുന്നു.

സമരത്തിന് പിന്തുണയുമായി ഒത്തുചേർന്ന യൂത്ത് ലീഗ് പ്രവർത്തകർ
രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന് മാത്രമേ ആദിവാസികളുടെ സമരം ഒത്തുതീർപ്പാക്കാൻ കഴിയൂയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി പറഞ്ഞു. സമരം അവസാനിപ്പിക്കാനുള്ള നടപടികൾക്ക് യുഡിഎഫ് സർക്കാർ ആർജവം കാണിക്കണം.

ആദിവാസികളുടെ അവകാശങ്ങൾ അംഗീകരിക്കാത്തതെന്തെന്ന് സർക്കാർ വ്യക്തമാക്കണം. സമ്മർദ്ദ ഗ്രൂപ്പുകളായ ബാഹ്യശക്തികൾ കണ്ണുരുട്ടുകയോ തൊണ്ട അനക്കുകയോ ചെയ്താൽ അവർക്ക് വെള്ളിത്താലത്തിൽ വാരിക്കോരി നൽകുന്ന സർക്കാരുകൾ അധഃസ്ഥിത ജനവിഭാഗത്തിന്റെ അവകാശങ്ങൾ ചവിട്ടിമെതിക്കുകയാണെന്നും യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു.

യൂത്ത് ലീഗിന്റെ ഐക്യദാർഢ്യം ആദിവാസി സമരത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് ഗോത്രമഹാസഭ അധ്യക്ഷ സി കെ ജാനു പറഞ്ഞു. മദ്യനയത്തിന്റെ പേരിൽ പോരടിക്കുന്ന സർക്കാർ ആദിവാസികളെ കാണാതെ പോകുന്നത് എന്തുകൊണ്ടെന്ന് ചോദിച്ച് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി മാത്യു കുഴൽനാടൻ നേരത്തെ സമരത്തിന് പരസ്യപിന്തുണയുമായി എത്തിയിരുന്നു.

സിനിമാമേഖലയിൽ നിന്ന് സംവിധായകരായ ആഷിഖ് അബു, ഡോ. ബിജു, താരങ്ങളായ മൈഥിലി, ശ്രീനാഥ് ഭാസി തുടങ്ങിയവരും നിൽപ്പുസമരത്തിന് പിന്തുണയുമായി എത്തി. പ്രക്ഷോഭകർക്കൊപ്പം നിൽപ്പുസമരത്തിലും ഇവർ പങ്കെടുത്തു. ആദിവാസികൾ നേരിടുന്ന അവഗണന തിരിച്ചറിഞ്ഞതിനാലാണ് സമരത്തിൽ പങ്കെടുക്കാൻ എത്തിയതെന്ന് ആഷിഖ് അബു പറഞ്ഞു.

സർക്കാർ തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം എന്നാവശ്യപ്പെട്ട് ജൂലൈ ഒമ്പത് മുതലാണ് ആദിവാസികൾ സെക്രട്ടറിയറ്റിന് മുന്നിൽ നില്പുസമരം തുടങ്ങിയത്. സമരത്തിന് മാദ്ധ്യമശ്രദ്ധ കിട്ടിയില്ലെന്നും മാദ്ധ്യമങ്ങൾ ആദിവാസികളുടെ നില്പ് സമരത്തിന് കൂടുതൽ പരിഗണന നൽകണമെന്നും താരങ്ങളും സംവിധായകരും ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP