Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടാറ്റയുടെ കൈയിൽ ഇരിക്കുന്ന 50,000 ഏക്കറും കയ്യേറ്റ ഭൂമി; തൊഴിലാളികൾക്ക് ഉടമസ്ഥാവകാശം നൽകിയത് ഏറ്റവും വലിയ ചതി; അടിമകളെ പോലെ സായിപ്പ് കൊണ്ടുവന്ന തമിഴ് ദളിത് സമൂഹത്തിന് ഇന്നും സ്വന്തം ഭൂമിയില്ല: ടാറ്റയെ ദൈവമായി കരുതുന്നവർ വായിച്ചറിയാൻ ജിജോ കുര്യൻ എഴുതുന്നു...

ടാറ്റയുടെ കൈയിൽ ഇരിക്കുന്ന 50,000 ഏക്കറും കയ്യേറ്റ ഭൂമി; തൊഴിലാളികൾക്ക് ഉടമസ്ഥാവകാശം നൽകിയത് ഏറ്റവും വലിയ ചതി; അടിമകളെ പോലെ സായിപ്പ് കൊണ്ടുവന്ന തമിഴ് ദളിത് സമൂഹത്തിന് ഇന്നും സ്വന്തം ഭൂമിയില്ല: ടാറ്റയെ ദൈവമായി കരുതുന്നവർ വായിച്ചറിയാൻ ജിജോ കുര്യൻ എഴുതുന്നു...

ജിജോ കുര്യൻ

"സർവ്വലോക തോട്ടംതൊഴിലാളികളേ ഒരുമിക്കൂ... നിങ്ങള്ക്ക് നഷ്ടപ്പെടാൻ ഒരു തുണ്ടുഭൂമിയില്ല. കമ്പനിക്ക് നഷ്ടപ്പെടാൻ പല കുന്നോളം ഭൂമിയും ചായക്കപ്പ് വക്കോളംനിറയും ലാഭവും."

1879 ൽ ഒരു പ്ലാന്റേഷൻ സൊസൈറ്റി രൂപീകരിച്ച് കണ്ണൻദേവൻ കുന്നുകളിലെ നിത്യഹരിത വനങ്ങളെ വെട്ടിത്തെളിച്ച് മൺറോ സായിപ്പ് തന്റെ കൃഷി പരീക്ഷണം ആരംഭിക്കുന്നിടത്താണ് അന്നുവരെ ആനയും കടുവയും വരയാടും മാത്രം യഥേഷ്ടം ചരിച്ചിരുന്ന മൂന്നാറിന്റെ മലമടക്കുകളുടേയും നിത്യഹരിത വനമേഖലയുടേയും നാശം ആരംഭിക്കുന്നത്. 1895 ൽ ഫിൻലെക്കമ്പനി രൂപീകരിച്ച് തോട്ടംമേഖലയുടെ പ്രവർത്തനം ഏകീകരിച്ചു. 1976ൽ ഫിൻലെക്കമ്പനി ഈ തോട്ടത്തെ പൂർണ്ണമായി ടാറ്റയ്ക്ക് വിറ്റു. സ്വാതന്ത്ര്യത്തിന് ശേഷം RBIഅറിയാതെ ഒരു വിദേശക്കമ്പനിക്കും ഇവിടെ വിൽക്കൽവാങ്ങൽ പാടില്ല എന്ന നിയമം പാലിക്കാതെ നടന്ന ഈ വിൽപ്പന തന്നെ വൻ നിയമലംഘനമായിരുന്നു. 1976 ൽ ടാറ്റായ്ക്ക് വിറ്റത് മൂന്നാർ പട്ടണമുൾപ്പെടെ 96,783 ഏക്കർ ഭൂമിയാണ്. 1957ൽ രൂപീകൃതമായ ലാൻഡ് ബോർഡ് ഫിൻലെക്കമ്പനിക്ക് കൊടുത്തിരുന്നതാകട്ടെ 59.000 ഏക്കർ ഭൂമിയും.

2005 ൽ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനി (KDHP) രൂപീകരിച്ച് ഉടമസ്ഥത അവരിലേക്ക് കൈമാറി. ഇപ്പോൾ ടാറ്റാതേയിലക്കമ്പനിയുടെ ഓഹരികൾ ഏറിയപങ്കും തൊഴിലാളികളുടെ കൈകളിലാണെങ്കിലും 95% വരുന്ന സാധാരണ തൊഴിലാളികളുടെ ഓഹരി വെറും 20%വും ബാക്കി ടാറ്റായുടെ തന്നെ താത്പരകക്ഷികളായ മാനേജ്മെന്റ് ഉദ്യോഗസ്ഥരുടെ കൈകളിലുമാണ്. അങ്ങനെ മൊത്തം തൊഴിലാളികൾ കൈവശം വെക്കുന്ന ഷെയർ 63% മാണ്. ഷെയർഹോൾഡറുമാരുടെ ബോർഡിൽ അവരുടെ പ്രതിനിധികൾ 2 പേരും. അതും കമ്പനിക്ക് പ്രത്യേകതാത്പര്യമുള്ള അനുഭാവികൾ.

കമ്പനിയുടെ യഥാർത്ഥ ഉള്ളിലിരുപ്പ് പ്രകൃതിസംരക്ഷണമോ തൊഴിലാളിസംരക്ഷണമോ അതോ മറ്റെന്തെങ്കിലുമോ? ഇതറിയാൻ കമ്പനിയുടെ ചില കോടതിവ്യവഹാരങ്ങളുടെ ചരിത്രം കൂടി അറിയണം. 2012 ൽ തങ്ങളുടെ എസ്റ്റേറ്റുകളിലെ 24 ബംഗ്ലാവുകൾ വിനോദ സഞ്ചാര ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടാറ്റാ തൊഴിലാളിക്കമ്പനി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഈ ഹർജിയോടൊപ്പം തങ്ങളുടെ ഉടമസ്ഥാതാവകാശം തെളിയിക്കുന്ന പട്ടയം ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും ഇന്നോളം അവർക്ക് കഴിഞ്ഞിട്ടില്ല. 2014ൽ ഭൂമിയുടെ മേലുള്ള തങ്ങളുടെ കൈവശ അവകാശത്തിന് ഭംഗം വരുത്തരുതെന്ന് ആവശ്യപ്പെട്ടു കോടതിയിൽ സമർപ്പിച്ച് കേസിലും കമ്പനിക്ക് ഇന്നോളം ആധാരം സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടും 2015 ൽ മൂന്നാറിലെയും ദേവികുളത്തെയും സബ്ഇൻസ്പെക്ടർമാർ ഉടമസ്ഥാവകാശത്തിന്റെ അസ്സൽ രേഖകൾ ഹാജരാക്കാൻ കമ്പനിയോട് ആവശ്യപ്പട്ടതിനെതിരെ കമ്പനി വീണ്ടും കോടതിയെ സമീപിച്ചു. ഉടമസ്ഥാവകാശ രേഖകൾ ഒന്നുമില്ലാതെ കമ്പനി എങ്ങനെ ഭൂമി കൈവശം വയ്ക്കുന്നു എന്നതാണ് നിയമലംഘനത്തിലെ ഞെട്ടിപ്പിക്കുന്ന ചോദ്യം.

അതായത് കണ്ണൻ ദേവൻ മലകളുടെ ഏതാണ്ട് സിംഗഭാഗവും കൈവശം വെച്ചിരിക്കുന്ന കമ്പനിക്ക് ആ ഭൂമിയിൽ യാതൊരു ഉടമസ്ഥാവകാശവുമില്ലെന്ന ആരോപണമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. അത് തെറ്റാണെന്ന് തെളിയിക്കാൻ സംശയരഹിതമായ അസ്സൽ പട്ടയം ഇതുവരെ ഹാജരാക്കാൻ കമ്പനിക്കും കഴിഞ്ഞിട്ടില്ലേ. താഴെ പറയുന്ന സൂചനകളിൽ നിന്ന് കമ്പനിയുടെ നടത്തിപ്പിന് പിന്നിലെ നിയമലംഘനവും അടികളികളും മനസ്സിലാവും.

1. താങ്ങൾ കൈവശം വെച്ചിരിക്കുന്ന ഭൂമി നിയമാനുസൃതമെന്ന് തെളിയിക്കാൻ വേണ്ട അസ്സൽ രേഖകളൊന്നും കമ്പനിയുടെ കൈവശമില്ല. അല്ലെങ്കിൽ ഇതുവരെ കോടതിൽ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

2. ലാൻഡ് ബോർഡ് അനുവദിച്ച് കൊടുത്തതിൽ കൂടുതൽ ഭൂമി ടാറ്റായ്ക്ക് കൈമാറ്റം ചെയ്ത് കിട്ടിയിട്ടുണ്ട്. അതെവിടെ നിന്ന് വന്നു എന്നതിന് ഉത്തരമില്ല.

3. എങ്ങനെയെങ്കിലും തോട്ടം മേഖലയിൽ നിന്നു ടൂറിസം മേഖലയിലേക്ക് ഭൂമി വകമാറ്റി ഉപയോഗിക്കാനുള്ള ശ്രമമാണ് കമ്പനിയുടെ ഭാഗത്തുനിന്നു നടക്കുന്നത് എന്ന് 24 ബംഗ്ലാവുകൾക്ക് ഗ്രാമപഞ്ചായത്തിൽ നിന്ന് ടൂറിസത്തിന് വേണ്ടി അനധികൃതമായി നേടിയതിൽ നിന്ന് വ്യക്തം.

4. 2007 നോടകം കമ്പനിയുടേതടക്കം എല്ലാ അനധികൃത കൈയേറ്റങ്ങളും കണ്ടെത്താൻ റിസർവ്വേകൾ നടത്താനുള്ള മൂന്ന് ഉത്തരവുകൾ ഉണ്ടായി. ഒന്നിന്റെയും സർവ്വേഫലം ഇന്നോളം വെളിച്ചം കണ്ടിട്ടില്ലേ. എന്തുകൊണ്ട്? (കമ്പനിയുടെ അനധികൃത കൈയേറ്റം വെളിവാക്കുന്ന പ്രധാന റിപ്പോർട്ടാണ് സനൽകുമാർ കമ്മിഷൻ റിപ്പോർട്ട് -2012. അതിൻ പ്രകാരം കമ്പനി 49,46 ഹെക്ടർ സ്ഥലം അനധികൃതമായി കൈയേറിയതായി പറയുന്നു).

5. പ്രാദേശിക പാർട്ടി നേതാക്കൾക്ക് കമ്പനിയുടെ വക വില്ലേജുകളും ബംഗ്ലാവുകളും അനുവദിച്ച് കൊടുത്തിട്ടുണ്ട് എന്നത് മൂന്നാർ തൊഴിലാളി സമരകാലം മുതൽ ഉയർന്നുകേട്ട വാദമാണ്. എന്നാൽ പാർട്ടി നേതാക്കൾ ആർജ്ജിച്ച അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണങ്ങളൊന്നും നടന്നില്ല. അതേ സമയം തോട്ടംമേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ശോചനീയമായ ജീവിതനിലവാരത്തെക്കുറിച്ച് നിവേദിത പി. ഹരൻ റിപ്പോർട്ട് തന്നെ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഇവിടെ തൊഴിലാളി ജീവിതത്തിന്റെ അരക്ഷിതാവസ്ഥയെക്കുറിച്ച് ഏറെ ആകുലപ്പെടാത്ത നേതാക്കളെ ജനം കയ്യൊഴിയുകയും ആ നേതൃത്വവിടവിൽ തമിഴ്‌നാട് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയും ചെയ്യുണ്ട്. തൊഴിലാളി പ്രശ്‌നങ്ങൾ ഈ കമ്പനിയുടെ മുഖ്യഅജണ്ടയിൽ പെട്ടതല്ലെന്ന് തൊഴിലാളി സമരം തെളിയിച്ചു.

6. 1972 സുപ്രീംകോടതി വിസ്മരിച്ചുകൊണ്ട് 2015 ജൂൺ 12ന് കമ്പനി ഹൈക്കോടതിയിൽ നൽകിയ മറുപടി ഹർജിയിൽ താങ്ങളാണ് തോട്ടത്തിന്റെ ഉടമസ്ഥർ(പാട്ടക്കാരല്ല) എന്ന് വാദിച്ചു. ഇതിൽ നിന്നും വ്യക്തമാകുന്നത് കൃഷിയല്ല കമ്പനിയുടെ പ്രധാനലക്ഷ്യം കണ്ണൻദേവൻ ഭൂമിയെ സ്വന്തമാക്കുകയാണെന്നതാണ്.

കെഡിഎച്ച് കമ്പനിയും ടാറ്റാ ഗ്ലോബൽ ബിവറേജസ്സും പെമ്പിള ഒരുമൈയും

തോട്ടംതൊഴിലാളികളുടെ മുന്നേറ്റമായ പെമ്പിള ഒരുമൈ മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യം ഭൂമിതന്നെയാണ്. ഒന്നര നൂറ്റാണ്ടിനപ്പുറം തമിഴ്‌നാട്ടിൽ നിന്ന് അടിമകളെപ്പോലെ തോട്ടംപണിക്കായി സായിപ്പ് കൂട്ടിക്കൊണ്ടുവന്ന ദളിതസമൂഹത്തിന്റെ അഞ്ചാം തലമുറയോ ആറാം തലമുറയോ ആണ് ഇന്നത്തെ മൂന്നാറിലെ തോട്ടംതൊഴിലാളികൾ. ഈ തൊഴിലാളികൾ നേരിടുന്ന വിവേചനം നാല് തരത്തിൽ ആണ്- ജാതീയമായി, ഭാഷാപരമായി, തൊഴിൽപരമായി, ഭൂമിപരമായി.

മൂന്നാറിൽ തന്നെ 50000 വരുന്ന ഈ തൊഴിലാളികളുടെ പ്രശ്‌നത്തെ എന്തുകൊണ്ട് ഒരു പാർട്ടിയും ഗൗരവമായി എടുക്കുന്നില്ല? വാസ്തവത്തിൽ ഇടുക്കിയുടെ ചരിത്രം സൃഷ്ടിച്ച ഇവർക്കാർക്കും ഒരു തുണ്ട് ഭൂമിയില്ല. തുണ്ടുഭൂമിയിൽ വീടുവെച്ചുകിടക്കാൻ അവർക്ക് ഇന്ന് മനസ്സില്ല. തൊഴിലാളി എന്ന നിലയിൽ നിന്ന് കർഷകൻ എന്ന നിലയിലേയ്ക്ക് ഉയരുകതന്നെയാണ് അവരുടെ ആവശ്യം.

ചില പരിസ്ഥിതിപ്രവർത്തകരും ഹരിതരാഷ്ട്രീയക്കാരും പോലും കമ്പനി അവർക്ക് ഏൽപ്പിച്ചുകൊടുത്തിരിക്കുന്ന കാടുകളെ നന്നായി സംരക്ഷിക്കുന്നു, ഇനി കമ്പനിയിൽ നിന്ന് ഭൂമി തിരിച്ചുപിടിച്ച് അത് സർക്കാരിൽ വന്നാൽ ഭൂമി തുണ്ടുവൽക്കരിക്കപ്പെടും എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി കമ്പനിയുടെ നിയമലംഘനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.

ഈ വാദം ഒരു വലിയ സാമൂഹ്യ-നീതിന്യായ പ്രശ്‌നത്തെ 'പരിസ്ഥിതി' എന്ന ഒറ്റ വീക്ഷണകോണിൽ നിന്ന് നോക്കിക്കാണുന്ന ഇടുങ്ങിയതും നീതിരഹിതവുമായ നിലപാടാണ്. ഈ നിലപാടിന്റെ ഗുരുതരമായ പോരായ്മകൾ മനസ്സിലാക്കണമെങ്കിൽ കാര്യങ്ങളെ ദാരിദ്ര്യരായ തൊഴിലാകളുടെയും ജനാധിപത്യനിയമങ്ങളുടെയും പക്ഷത്ത് നിന്ന് നോക്കിക്കാണണം.

ഇടുക്കി എന്ന കർഷക ഭൂമിയിൽ തുണ്ടുഭൂമിയിൽ കോളനിപോലെ വീടുവെച്ചുകിടക്കുന്ന മുതലാളിയുടെ ആശ്രിതനായ തൊഴിലാളി എന്ന നിലയിൽ നിന്ന് കർഷകൻ എന്ന നിലയിൽനിന്ന് അവർക്ക് ഉയരണം. അതിന് അവർക്ക് വേണ്ടത് ചുരുങ്ങിയത് ഒരെക്കൾ സ്ഥലമെങ്കിലുമാണ്. അത് അവരും അവരുടെ പൂർവ്വീകരും അദ്ധ്വാനിച്ച മണ്ണിൽ കണ്ണൻദേവൻ മലകളിൽ തന്നെ വേണം. ഏകദേശം 18000 കുടുംബങ്ങൾ വരുന്ന ഈ തൊഴിലാളികൾക്ക് ഒരേക്കർ വീതം കൊടുത്താൽ ഭൂമി തുണ്ടുവത്ക്കരിക്കപ്പെടും എന്നാണ് ചില പരിസ്ഥിതി പ്രവർത്തകർ ഇപ്പോൾ പറയുന്നത്. അങ്ങനെവന്നാൽ പ്രകൃതിസംരക്ഷണം സാധ്യമാവില്ലെത്രേ. അവർ പറയുന്നതിങ്ങനെ: 'കമ്പനിക്ക് ഏൽപ്പിച്ചുകൊടുത്തിരിക്കുന്ന കാടുകളെ അവർ നന്നായി സംരക്ഷിക്കുന്നു. ഇനി കമ്പനിയിൽ നിന്ന് അത് തിരിച്ചുപിടിച്ച് തൊഴിലാളികൾക്ക് കൊടുത്താൽ ഭൂമി തുണ്ടുവൽക്കരിക്കപ്പെടും. പ്രകൃതിനാശം ഉണ്ടാകും. കൃഷി ലാഭകരമല്ലത്ത കാലത്ത് ഇപ്പോൾ തൊഴിലാളിക്ക് കിട്ടുന്ന കൂലി പോലും കിട്ടാതെ വരും. എന്തൊക്കെ പറഞ്ഞാലും കമ്പനി ഇപ്പോൾ തൊഴിലാളികളെ സംരക്ഷിക്കുന്നില്ലേ?'

ഓരോന്നായി ഉത്തരം പറയാം:

1. പരിസ്ഥിതിസംരക്ഷണം എന്ന കാര്യത്തെതന്നെ ആദ്യം എടുക്കാം. കൊടിയവിഷം പ്രയോഗിക്കുന്ന തേയിലകൃഷി എന്ന ഏകവിള എങ്ങനെ പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നു എന്ന് പറയുക. കാണാൻ ചന്തത്തിൽ വെട്ടിയൊതുക്കി നിർത്തിയിർക്കുന്ന തേയിലത്തോട്ടങ്ങൾ ആണ് ഇവർ പറയുന്ന പരിസ്ഥിതി. കൂടാതെ കണ്ണൻ ദേവൻ കമ്പനി സംരക്ഷിക്കണം എന്ന് ഗവണ്മെന്റ് അവർക്ക് ഏൽപ്പിച്ചുകൊടുത്തിരിക്കുന്ന കാടുകൾ ഉണ്ട്. അത് സംരക്ഷിക്കപ്പെടുന്നുണ്ട് എന്നതിൽ തർക്കമില്ല. വരുംകാലം അവർക്ക് എക്കോ-ടൂറിസം വികസിപ്പിക്കാനായാൽ അത് അവരുടെ മുതൽക്കൂട്ടുമാകും.

2. ഭൂമി കൃഷിക്കായി തുണ്ടുവത്ക്കരിക്കപ്പെട്ടാൽ എങ്ങനെയാണ് പ്രകൃതിനാശം ഉണ്ടാവുക എന്ന് കൂടി അവർ പറയാൻ ബാധ്യസ്ഥരാണ്. അവിടെ മുഴുവൻ വീടുകൾ വന്നാൽ ഈ പറയുന്ന സംഗതി സംഭവിച്ചേക്കും. കൃഷിക്ക് കൊടുക്കുന്ന ഭൂമിയിൽ കാവൽമാടങ്ങൾക്കോ വർക്ക്ഷെഡുകൾക്കോ അപ്പുറം നിർമ്മാണങ്ങൾ പാടില്ലായെന്നും നിലനിൽക്കുന്ന ലയങ്ങളുടെ സ്ഥാനത്ത് ഓരോ തോട്ടംതൊഴിലാളിക്കും സ്വന്തമായ വീട് ഉണ്ടാകുമെന്നും ഉറപ്പുകൊടുക്കുന്ന പക്ഷം അവിടെ തേയിലത്തോട്ടങ്ങൾ നിലനിൽക്കുന്നതിനേക്കാൾ വലിയ പരിസ്ഥിതിക-കാർഷിക നേട്ടമല്ലെ ഉണ്ടാവുക. അങ്ങനെ അവർക്ക് കിട്ടുന്ന ഭൂമി കൈമറഞ്ഞുപോയി റിസോർട്ട് മാഫിയകളുടെ കൈകയിൽ എത്താതിരിക്കാൻ ആദിവാസി സെറ്റിൽമെന്റ് നിയമം തന്നെ ഇങ്ങനെ സിദ്ദിഖുന്ന ഭൂമിക്ക് അപ്ലെ ചെയ്താൽ മതിയാകും.

3. കമ്പനിയിപ്പോൾ തോട്ടംതൊഴിലാളികൾക്ക് തൊഴിൽകൊടുക്കാൻ വേണ്ടി എന്തോ വലിയ സേവനം ചെയ്യുന്നു എന്ന രീതിയിൽ ആണ് തൊഴിലാളികളുടെ കയ്യിൽ ഉള്ള 63% ഷെയറിന്റെ കണക്ക് ഉയർത്തിക്കാട്ടുന്നത്. ആ ഷെയർ കൈവശം വെക്കുന്ന ഒരു തൊഴിലാളിക്ക് വര്ഷം കിട്ടുന്നത് മുന്നൂറോനാനൂറോ രൂപയുടെ ലാഭവിഹിതമാണ്. കാരണം വലിയ നഷ്ടത്തിൽ പോകുന്ന ഒരു മേഖലയാണ് തേയിലത്തോട്ടം മേഖല. ഷെയർ കൊടുത്ത് തേയിലനിർമ്മാണത്തിലെ വലിയ സാമ്പത്തിക-അദ്ധ്വാനബാധ്യതയാണ് ആ പാവപ്പെട്ട മനുഷ്യരുടെ തലയിൽ കെട്ടിവെച്ചിരിക്കുന്നത്. തേയില കച്ചവടത്തിലെ വൻലാഭം മുഴുവൻ തേയില ഉത്പന്നങ്ങളുടെ വിപണനത്തിൽ ആണ്. ടാറ്റ അതിന് കണ്ടെത്തിയ ഏറ്റവും നല്ല സൂത്രപ്പണിയായിരുന്നു തേയിലത്തോട്ടത്തേയും ടാറ്റാ ഗ്ലോബൽ ബിവറേജസ്സിനേയും വേർപെടുത്തി രണ്ട് മാനേജ്‌മെന്റിൻ കീഴിൽ ആക്കുകയെന്നത്. ടാറ്റാ ഗ്ലോബൽ ബിവറേജജസ് എന്ന തേയില വിപണകമ്പനി വൻലാഭത്തിലും അതിന് തേയില നട്ടുവളർത്തിശേഖരിച്ച് എത്തിച്ചുകൊടുക്കേണ്ട KDHP വൻപ്രതിസന്ധിയിലും ആണ്. ടാറ്റ ഗ്ലോബൽ ബിവറേജസിലാകട്ടെ ഒരു തൊഴിലാളിക്ക് പോലും ഷെയറും ഇല്ല. ഇത് വൻ തൊഴിലാളി ചൂഷണത്തിന്റെ കഥയാണ്. തൊഴിലാളിയുടെ അദ്ധ്വാനരക്തത്തിൽ തഴയ്ക്കുകയാണ് ടാറ്റ. എന്നാലോ പുറമേ വലിയ പ്രകൃതിസംരക്ഷകരും.

അന്തിമ വിശകലത്തിൽ മൂന്നാറിലെ ഏറ്റവും വലിയ അനധികൃത ഭൂമി കൈയേറ്റം കമ്പനിയുടേത് തന്നെയാണ്. തോട്ടത്തെ ടൂറിസമെന്ന ആവശ്യത്തിനപ്പുറം ഒരു തോട്ടമായി നിലനിർത്താൻ അവർക്ക് വലിയ താത്പര്യമോന്നുമില്ല. കൂടാതെ തൊഴിലാളികളുടെ ചോരയും നീരും ഊറ്റി ടാറ്റായുടെ ചായയ്ക്ക് നിറവും കടുപ്പവും വർദ്ധിപ്പിച്ച് മുതലാളി പണം കൊയ്‌തെടുക്കുകയാണ്. ഈ നിലയ്ക്ക് ഈ തോട്ടത്തിന് ഇനി മുന്നോട്ടു പ്രവർത്തിക്കാൻ അനുമതി കൊടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഗവണ്മെന്റ് ആണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP