Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ വിലക്കിന് പുല്ലുവില! വിൽക്കരുതെന്ന് പറഞ്ഞിട്ടും ചൂടപ്പം പോലെ വിറ്റഴിയുന്ന മരുത്വ ഉൽപ്പന്നങ്ങൾ; അപ്‌സരസുകളുടെ അംഗലാവണ്യം സ്വപ്‌നം കണ്ടവരെ പറ്റിക്കാൻ പഞ്ചജീരകഗുഡവും: 'മരുത്വാ ഫാർമയുടെ മയക്കുവിദ്യകൾ' ഇങ്ങനെ

സർക്കാർ വിലക്കിന് പുല്ലുവില! വിൽക്കരുതെന്ന് പറഞ്ഞിട്ടും ചൂടപ്പം പോലെ വിറ്റഴിയുന്ന മരുത്വ ഉൽപ്പന്നങ്ങൾ; അപ്‌സരസുകളുടെ അംഗലാവണ്യം സ്വപ്‌നം കണ്ടവരെ പറ്റിക്കാൻ പഞ്ചജീരകഗുഡവും: 'മരുത്വാ ഫാർമയുടെ മയക്കുവിദ്യകൾ' ഇങ്ങനെ

തിരുവനന്തപുരം: ഡോ.ഹരീന്ദ്രൻനായരും പങ്കജകസ്തൂരിയും കോടികൾ ലാഭമുണ്ടാക്കാൻ തുടങ്ങിയതോടെ നിരവധി 'മുറിവൈദ്യൻ'മാരാണ് കേരളത്തിന്റെ ആയുർവേദ വിപണയിൽ അരങ്ങേറിയത്. അതിൽ പെട്ട പ്രമുഖനാണ് മരുത്വാ ഫാർമയുടെ മുതലാളി ബി.ശശിധരൻ. മെലിഞ്ഞ സ്ത്രീകൾക്ക് എങ്ങനെ ആകർഷകമായ ശരീരമുണ്ടാക്കാം എന്ന വിപണനതന്ത്രം മുന്നിൽ വച്ച് പഞ്ചജീരകഗുഡം എന്ന ആയുർവേദം ഔഷധം വിപണിയിലെത്തിച്ചു. സ്വന്തം ശരീരത്തിനോട് ആരാധന നടത്തുന്നവരിൽ പുരുഷന്മാരെക്കാൾ മുൻപന്തിയിലാണ് സ്്ത്രീകൾ എന്ന കാര്യത്തിൽ സംശയമില്ല. മാറുന്ന സൗന്ദര്യസങ്കൽപങ്ങളും സൗന്ദര്യരാധാനയും സ്ത്രീകളെ ഏറെ സ്വാധീനിക്കുന്നതിനാൽ, അവരെ ലക്ഷ്യമിട്ടാണ് ബി.ശശിധരൻ വിപണിയിലേക്ക് ഇറങ്ങിയത്. സ്ത്രീകളുടെ അംഗലക്ഷണങ്ങളെ കുറിച്ച് ബൃഹസ്പദിയുടെ വാക്കുകൾ കടമെടുത്ത് ഇറങ്ങിയ പരസ്യങ്ങളിൽ കേരളം മയങ്ങി എന്നതാണ് യാഥാർഥ്യം.

1983ലാണ് ആർട്‌സ് ബിരുദധാരിയായ ബി.ശശിധരൻ കേരളത്തിലെ ജനങ്ങൾക്ക് ആയുർവേദത്തിന്റെ 'പുണ്യം' പകരാനുള്ള ഉദ്യമം മരുത്വാഫാർമയിലെ ആരംഭിച്ചത്. ബി.എയും ആയുർവേദവും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിക്കരുത്. എന്തെന്നാൽ കേരളത്തിൽ അത് അങ്ങനെയാണ്. സഹസ്രയോഗ വിധി പ്രകാരം പഞ്ചജീരകഗുഡം നിർമ്മിച്ച് വിൽക്കാനുള്ള വിൽക്കാനുള്ള ലൈസൻസ് 2002ൽ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗം അനുവദിക്കുകയും ചെയ്തു. ജനറിക് മരുന്നുകൾ (ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഔഷധങ്ങൾ) യാതൊരു കാരണവശാലും പരസ്യം ചെയ്യരുതെന്നാണ് ചട്ടം. ഈ നിയമം നിലവിലുള്ളതു കൊണ്ടാണ് പാരസിറ്റാമോൾ പോലെയുള്ള മരുന്നുകൾക്ക് പരസ്യങ്ങൾ ചെയ്യാൻ അനുമതി നൽകാത്തത്. എന്നാൽ ലക്ഷങ്ങൾ മുടക്കി മരുത്വാ ഫാർമ തുടങ്ങി ബി.ശശിധരൻ എന്ന മുതലാളിക്ക് പരസ്യം നൽകാതെ വിപണിയിൽ പിടിച്ചു നിൽക്കാനാകാതെ വന്നതോടെ നിയമത്തെ ഒരു സൈഡിൽ മാറ്റി വച്ച് പഞ്ചജീരകഗുഡത്തിന്റെ പരസ്യങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള മാദ്ധ്യമങ്ങളിൽ നിറച്ചു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങളിലൂടെ മരുത്വാ പഞ്ചജീരകഗുഡത്തിന്റെ ലാഭം ലക്ഷങ്ങളിൽ നിന്ന് കോടികളിലേക്ക് ഉയർന്നു. പഞ്ചജീരകഗുഡത്തിന് പിന്നാലെ മരുത്വഫാർമ 'പോഷക് പ്ലസ്' എന്ന പേരിൽ പുതിയ ഒരു ഉൽപന്നം വിപണിയിലെത്തിച്ചു. പോഷക് പ്ലസിന്റെ പേരിലെടുത്ത ലൈസൻസിൽ, താൻ ഗവേഷണം നടത്തിയ കണ്ടെത്തിയതെന്ന് അവകാശവാദത്തോടെ 'അശ്വഗന്ധരാസായനം' പോഷക്പ്ലസിന്റെ പേരിൽ വിൽക്കാൻ തുടങ്ങി. രണ്ടു മരുന്നുകളിൽ നിന്നും ലാഭം കൂടിയതോടെ ശശിധരന്റെ വക്രബുദ്ധി ഉണർന്നു.

പിന്നീട് കേരളത്തിലെ ജനങ്ങളെ കൂടുതൽ നന്നായി എങ്ങനെ പറ്റിക്കാം എന്നതിലാണ് മരുത്വാ ഫാർമ ഗവേഷണം നടത്തിയത്. മരുത്വാഫാർമയുടെ തട്ടിപ്പിന്റെ വഴി ഇങ്ങനെ ആയിരുന്നു. പഞ്ചജീരകഗുഡം വിൽക്കുന്നതിനോടൊപ്പം അതെ പഞ്ചജീരക ഗുഡം മരുത്വാ ഫോർ വുമൺ എന്ന പേരിൽ വിപണയിൽ എത്തിച്ചു. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ. അപ്‌സരസുകളുടെ അംഗലാവണ്യം സ്വപ്‌നം കണ്ട്് പഞ്ചജീരകഗുഡവും മരുത്വാ ഫോർ വിമൺ എന്ന തട്ടിപ്പ് സാധനവും വാങ്ങി ഇപ്പോഴും കഴിക്കുന്ന ആയിരിക്കണക്കിന് തരുണീമണികൾ ഇന്നും കേരളത്തിലുണ്ട്. വളരെ കരുതലോടെ ശാസ്ത്രീയമായി തയ്യാറാക്കിയ പഞ്ചജീരകഗുഡത്തിനു മാത്രമെ അവയവഭംഗി പ്രദാനം ചെയ്യാൻ കഴിയുമെന്ന് ആയുർവേദ ഗ്രന്ഥങ്ങളിൽ അടിവരയിട്ടു പറയുമ്പോൾ, മരുത്വാ ഫാർമയ്ക്കും ശശിധരനും ഇത് വെറും കച്ചവടം മാത്രമാണ്.

പുരുഷന്മാർക്ക് മാത്രം ഉപയോഗിക്കണമെന്ന പേരിൽ പുറത്തിറക്കിയ പോഷക് പ്ലസ്, ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലാണ് നിർമ്മാണവും വിൽപനയും നടത്തിയതെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് തന്നെ അംഗീകരിക്കുന്നു. ഒരു ലേബലിൽ പഞ്ചജീരകഗുഡം എന്ന് വലിയ അക്ഷരത്തിലെഴുതിയും മരുത്വ ഫോർ ഫോർ വുമൺ ലേബലിൽ ചെറിയ അക്ഷരത്തിൽ എഴുതിയും ഒരേ ഔഷധം രണ്ടു ബോട്ടിലുകളിലായിട്ടാണ് ഇപ്പോഴും മെഡിക്കൽ സ്‌റ്റോറുകളിൽ കൂടി വിൽപന നടത്തുന്നത്. മരുത്വാ ഫോർ വിമൺ എന്ന പേരിൽ വ്യാജപഞ്ചജീരക ഗുഡം വിൽക്കുന്നതിലൂടെ ജനങ്ങളെ കബളിപ്പിച്ചതിന് കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ സംസ്ഥാന ഡ്രഗ്‌സ കൺട്രോൾ വിഭാഗം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്താണ് പഞ്ചജീരകഗുഡം? ആയുർവേദഗ്രന്ഥപ്രകാരം സഹസ്രയോഗ വ്യാഖാനത്തിൽ പരാമർശിച്ചിരിക്കുന്ന ആയുർവേദ ഔഷധമാണ് പഞ്ചജീരകഗുഡം. ജീരകം ,അടയ്ക്കാമണിയൻവേര്, കൊത്തമ്പാലരി, ശതകുപ്പ, ദേവദാരം, കുറാശാണി, കരിംജീരകം, കായം, പൊന്നാരിവീരൻ, തിപ്പലി, കാട്ടുതിപ്പലിവേര് , അയമോദകം, പെരുഞ്ജീരകം, കൊടുവേലിക്കിഴങ്ങ് , കുഴിമുത്തങ്ങാ, ചുക്ക്, കൊട്ടം, കുറാശാണി, ശർക്കര, പാൽ തുടങ്ങിയ ചേരുവകളാണ് പ്രധാനമായും ഇതിലടങ്ങിയിരിക്കുന്നത്. ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഔഷധങ്ങൾ നിർമ്മിച്ച് വിൽക്കുമ്പോൾ, ഏതു ഗ്രന്ഥത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഉൽപന്നം, ആ മരുന്നിൽ ചേർത്തിരിക്കുന്ന ആയുർവേദ ചേരുവകൾ എന്നിവ നിർബന്ധമായും ലേബലിൽ ഉൾപ്പെടുത്തണമെന്നാണ് നിയമം. നിയമങ്ങൾ നിയമഗ്രന്ഥങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയാണെന്ന് ഏറ്റവും നന്നായി അറിയുന്നവരാണ് ഇത്തരം ഔഷധങ്ങളെ വ്യാജമായി നിർമ്മിച്ച് വിപണിയിലെത്തിക്കുന്നത്.

മരുത്വഫാർമ നിർമ്മിക്കുന്ന ഔഷധങ്ങളിലും അവയുടെ വിൽപനയിലും സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ ബോർഡിന് തൃപ്തിയില്ലാത്തതിനാൽ പഞ്ചജീരകഗുഡം, പോഷക് പ്ലസ് എന്നിവയുടെ നിർമ്മാണവും വിൽപനയും നിരോധിച്ചിരുന്നു. നടപടിക്കെതിരെ സ്ഥാപനമുടമയ്ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ രേഖാമൂലം അറിയിക്കണമെന്ന ഉദ്യോഗസ്ഥരുടെ അറിയിപ്പിന് മരുത്വാ ഫാർമ ഉടമ ബി.ശശിധരൻ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ' ഇനി ഞാൻ നന്നായിക്കോളാം, ഡ്രഗ്‌സ് കൺട്രോളറുടെ അനുമതിയും നിയമങ്ങളും ഇനി മുതൽ പാലിക്കുമെന്നായിരുന്നു മറുപടി ' (വിവരാകാശരേഖപ്രകാരം ലഭിച്ച രേഖ അനുസരിച്ച് ). അപ്പോൾ വർഷങ്ങളായി 'പഞ്ചജീരകഗുഡം', 'പോഷക്പ്ലസ',് 'മരുത്വാ ഫോർ മെൻ', 'മരുത്വാ ഫോർ വിമൺ' എന്ന പേരിൽ ജനങ്ങളെ പറ്റിക്കുകയായിരുന്നു എന്ന് ഉടമസ്ഥൻ തന്നെ സമ്മതിക്കുന്നതിൽ കൂടുതൽ കേരളത്തിലെ ആയുർവേദ ഔഷധങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്ക് വേറെന്തു തെളിവ് വേണം.

മരുത്വായുടെ പഞ്ചജീരകഗുഡവും അനുബന്ധ ഔഷധങ്ങൾ വർഷങ്ങളായി കഴിച്ചിട്ടും സ്ത്രീ-പുരുഷന്മാരുടെ അയവങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടാകാത്തതു കൊണ്ട് മരുത്വാ ഫാർമ പുതിയ ഉൽപന്നങ്ങളുടെ നിർമ്മാണത്തിലേക്ക് കടന്നു. തോന്നിയതു പോലെയുള്ള ജീവിതശൈലികളും ഭക്ഷണരീതികളും കാരണം പുതിയ തലമുറയിലെ പെൺകുട്ടികളിലെ ആർത്തവസംബന്ധമായ പ്രശ്‌നങ്ങളിലേക്കാണ് മരുത്വായുടെ ഗവേഷണം ചെന്നെത്തിയത്. ഏറ്റവും കൂടുതൽ ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് പല മുറിവൈദ്യന്മാരും കടന്നു വരുന്നത്. രാജ്യത്തെ സ്ത്രീകൾ അനുഭവിക്കുന്ന ആർത്തവസംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്ന മഹദ് ലക്ഷ്യത്തോടെ മരുത്വാ മൈ ഡെയ്‌സ് എന്ന പേരിൽ പുതിയ ഒരു ഉൽപന്നം തട്ടിക്കൂട്ടി.

 

ആർത്തവസംബന്ധമായ പ്രശ്‌നങ്ങൾക്ക് ആയുർവേദം നിർദ്ദേശിക്കുന്ന മരുന്നികളിൽ പ്രധാനമാണ് അശോകാരിഷ്ടം. അശോകാരിഷ്ടം പുതിയ രൂപഭാവങ്ങളോടെ മരുത്വാ മൈഡെയ്‌സ് ആയി വിപണിയിലെത്തി. പേരിൽ മാത്രം മാറ്റം. 450 മില്ലി അശോകാരിഷ്ടം ആയുർവേദ ഫാർമസികളിൽ നിന്ന് 60ൽ താഴെ രൂപയ്ക്ക് ലഭിക്കുമ്പോൾ, ശശിധരൻ മുതലാളി ഇറക്കുന്ന അശോകാരിഷ്ടത്തിന് വില 225 രൂപ. ഇത്രയും കൊള്ളലാഭം കൊയ്യാൻ പറ്റുമ്പോൾ നാട്ടിൽ മുറിവൈദ്യന്മാരുടെ എണ്ണം കൂടുന്നതിൽ അത്ഭുതമില്ലലോ.

1954ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് നിയമപ്രകാരം സ്ത്രീകളുടെ ആർത്തവസംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള ഔഷധങ്ങൾക്ക് യാതൊരു കാരണവശാലും പരസ്യങ്ങൾ നൽകാൻ പാടില്ല എന്ന നിയമത്തെ മരുത്വാ ഫാർമ പാടെ അവഗണിച്ചാണ് പരസ്യങ്ങൾക്കായി കോടികൾ ചെലവിട്ടത്. നിയമത്തെ വെല്ലുവിളിച്ച് ഇറക്കിയ ഔഷധത്തിനെതിരെ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരവധി കേസുകളാണ് നിലവിലുള്ളത്. വ്ക്രബുദ്ധിയും പണവും കൈയിലുണ്ടെങ്കിൽ ആർക്കും കേരളത്തിൽ ഔഷധങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്ത് കോടികൾ സമ്പാദിക്കാനാകും എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് മരുത്വായിലെ ശശിധരൻ അവർകൾ.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP