Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാക്ടറി ഉണ്ടെന്നതിന് തെളിവുണ്ടോ? ബച്ചനെയും സച്ചിനെയും വലിച്ചിഴച്ചത് എന്തു കൊണ്ട്? 3500 കോടി മുടക്കാൻ പണം തന്നതാര്? ഭൂതകാലം എന്തുകൊണ്ട് ദുരൂഹമാക്കിയിരിക്കുന്നു? മാംഗോ മൊബൈൽ ഒരു തട്ടിപ്പാണ് എന്ന് മറുനാടൻ മലയാളി വിശ്വസിക്കുന്നത് എന്തു കൊണ്ട്?

ഫാക്ടറി ഉണ്ടെന്നതിന് തെളിവുണ്ടോ? ബച്ചനെയും സച്ചിനെയും വലിച്ചിഴച്ചത് എന്തു കൊണ്ട്? 3500 കോടി മുടക്കാൻ പണം തന്നതാര്? ഭൂതകാലം എന്തുകൊണ്ട് ദുരൂഹമാക്കിയിരിക്കുന്നു? മാംഗോ മൊബൈൽ ഒരു തട്ടിപ്പാണ് എന്ന് മറുനാടൻ മലയാളി വിശ്വസിക്കുന്നത് എന്തു കൊണ്ട്?

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: മലയാളിയായ ഒരു സംരംഭകൻ ലോകോത്തരകമായ ഒരു സംരംഭത്തിന് ശ്രമിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അതിനെ തകർക്കുന്നതിന് എന്തു കൊണ്ട് വാർത്ത എഴുതുന്നു എന്ന ചോദ്യം ഉന്നയിക്കുന്ന ചിലരെങ്കിലും ഇല്ലാതില്ല. മാംഗോ കമ്പനിയുടെ ജീവനക്കാരോ അഗസ്റ്റിൻ സഹോദരന്മാരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെ ആണെങ്കിൽ കൂടി ചിലരെങ്കിലും ഇക്കാര്യം എഴുതുന്നുണ്ട്. ഒരു ജീവനക്കാരിക്ക് നേരിടേണ്ടി വന്ന തിക്താനുഭവത്തിന്റെ വിവരങ്ങൾ ശേഖരിക്കാൻ ഞങ്ങളുടെ കൊച്ചിയിലെ ഒരു ലേഖകൻ ബന്ധപ്പെട്ടപ്പോഴാണ് ഈ കമ്പനിയെ കുറിച്ച് സംശയം ഉണ്ടായത്. പിന്നീട് ഈ ലേഖകൻ തന്നെ നേരിട്ട് ഇതിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു.

ഈ അന്വേഷണത്തിൽ മാംഗോ മൊബൈൽ എന്നത് ഒരു തട്ടിപ്പാണ് എന്ന് വ്യക്തമാക്കുന്ന അനേകം രേഖകൾ കണ്ടെത്താൻ കഴിഞ്ഞു. നല്ലതുക പരസ്യ വരുമാനം ആയി കിട്ടുമെങ്കിൽ തട്ടിപ്പ് ആണെങ്കിലും അത് ആദ്യം പ്രസിദ്ധീകരിക്കാനും അത് പൊളിഞ്ഞു കഴിയുമ്പോൾ കിട്ടിയ പണത്തിന്റെ നന്ദി പോലും കാണിക്കാതെ അവരെ എഴുതി നശിപ്പിക്കാനും വിദഗ്ദ്ധരാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ. എന്നാൽ യതാർത്ഥ മാദ്ധ്യമം ചെയ്യേണ്ടത് ആളുകളുടെ പണം പരമാവധി നഷ്ടമാകും മുൻപ് തട്ടിപ്പ് വെളിയിൽ കൊണ്ട് വരികയാണ് എന്നതുകൊണ്ടാണ് ഞങ്ങൾ ഈ അന്വേഷണവുമായി മുൻപോട്ട് പോയത്. പത്തോ അൻപതോ ലക്ഷം വാങ്ങി ഈ തട്ടിപ്പ് മറച്ച് വയ്ക്കാൻ സാഹചര്യം ഉണ്ടായിട്ടും ഞങ്ങൾ മുൻപോട്ട് പോയത് മാദ്ധ്യമം പ്രവർത്തനത്തോടുള്ള കൂറ് കൊണ്ട് മാത്രമാണ്.

ഞങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ വാർത്തകൾക്കും അടിസ്ഥാനപരമായ രേഖകളും ടെലഫോൺ സംഭാഷണങ്ങളും ഞങ്ങളുടെ കൈവശം ഉണ്ട്. അതിനൊക്കെ അപ്പുറം ഇതു എന്തുകൊണ്ടാണ് ഒരു തട്ടിപ്പാണ് എന്ന് വിശ്വസിക്കുന്നത് എന്നതിനുള്ള ഒരു വിശദീകരണം ആണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാട്ടിയ പോലെ കേവലം ഒരു മാസം മുൻപ് മാത്രം ആണ് ഈ കമ്പനി രജിസ്റ്റർ ചെയ്തതെന്നും ഇവർക്ക് എറണാകുളത്തെ ഓഫീസ് അല്ലാതെ നിർമ്മാണ, വിതരണം, റിസേർച്ച് തുടങ്ങിയ ഒരു മേഖലക്കും പറ്റിയ ഒരു ഓഫീസും ഇന്ത്യയിലോ മറ്റൊരിടത്തോ ഇല്ല എന്നതുമാണ് പ്രധാന കാരണം. ശതകോടികൾ ഒഴുക്കി നിരന്തരം ഗവേഷണങ്ങൽ നടത്തി കൊണ്ടിരിക്കുന്ന ആപ്പിൾ, സാംസങ്ങ്, സോണി തുടങ്ങിയ കമ്പനികളോട് മത്സരിക്കാൻ ഇറങ്ങിയ ഒരു കമ്പനിക്ക് ഇങ്ങനെ ആവാൻ ഒരു കാരണവശാലും പറ്റില്ല.

ഒരു ഫോൺ ഇറക്കുമ്പോൾ അതിന്റെ ഫീച്ചറുകൾ ആർക്കും അവകാശപ്പെടാം. അതിന് യാതൊരു തടസവുമില്ല. ഉപയോക്താവിന് ആവശ്യമുള്ളപ്പോൾ അലമാരയിൽ നിന്നും ഇറങ്ങി വന്ന കോൾ വിളിച്ച ശേഷം തിരിച്ചു പോയ് അലമാരിയിൽ ഇറരിക്കുന്ന നൂറ് ഫോണെ കുറിച്ച് നമുക്ക് സ്വപ്നം കണ്ടുകൂടെ? എന്നാൽ മറ്റാർക്കും ഇല്ലാത്ത ഈ ഫീച്ചറുകൾ എവിടെയാണ് ഗവേഷണം നടത്തി കണ്ടെത്തിയത്? അല്ലെങ്കിൽ ആരോടാണ് വില കൊടുത്ത് വാങ്ങിയത്. അല്ലെങ്കിൽ ആരാണ് ഇതിന്റെ ടെക്‌നിക്കൽ ഹെഡ്? ആരാണ് ഇതിന്റെ വിവിധ വകുപ്പുകളുടെ ഒക്കെ ഏകോപനം നടത്തുന്നയാൾ? ആരാണ് ഇതിന്റെ സിഇഒ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതില്ലേ? അതൊന്നും പറയാതെ കുറേ അവകാശവാദങ്ങൾ മാത്രം നടത്തിയാൽ സാമാന്യ ബോധം ഉള്ള ആർക്കാണ് വിശ്വസിക്കാൻ കഴിയുക?

23 മെഗാ പിക്‌സൽ ക്യാമറയുള്ള ഒരു മൊബൈൽ ഫോണിന് എത്ര വലുപ്പം ഉണ്ടാവും? അല്ലെങ്കിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ബാറ്ററി ചാർജുള്ള ഒരു ഫോണിന്റെ സൈസ് എത്രയാകും? ആപ്പിളും സാംസങ്ങും ശതകോടികൾ മുടക്കുമ്പോഴും ലഭിക്കാത്ത ഈ ശേഷി നിങ്ങൾ എങ്ങനെ കണ്ടെത്തി? 4 ജി ഫോൺ ഇന്ത്യയിൽ നടപ്പിലാക്കാൻ റിലയൻസ് മുടക്കുന്നത് 75,00 കോടിയാണ്. അപ്പോൾ വെറും 3500 കോടിക്ക് ഇത്രയും വലിയ ടെക്‌നോളജി എങ്ങനെ കണ്ടെത്തി? ആപ്പിളിന്റെ ഉപഭേക്താക്കൾ ഏറ്റവും കൂടുതൽ പരാതിപ്പെടുന്നത് ഇതു താഴെ വീണു പൊട്ടുന്നതിനെക്കുറിച്ചാണ്. പൊട്ടാത്തെ ഡിസ്‌പ്ലെ എന്ന് ടെക്‌നിക്ക് കണ്ടെത്തിയ ആൾ എന്തിനാണ് ഒളിച്ചിരിക്കുന്നത്? ഇങ്ങനെ അനേകം ചോദ്യങ്ങൾ ആണ് ഉത്തരം നൽകാൻ ഉള്ളത്?

മുകളിൽ സൂചിപ്പിച്ച ഒട്ടേറെ ടെക്‌നോളജികൾ കൈവശം ഉണ്ടെങ്കിൽ നിങ്ങൾക്ക് ആയിരക്കണക്കിന് കോടികൾ ആപ്പിളിനെപ്പോലെയുള്ള കമ്പനികൾ നൽകും എന്നറിഞ്ഞിട്ടും നിങ്ങൾ എന്തിനാണ് മറുനാടൻ മലയാളി പോലെയുള്ള പത്രങ്ങൾ ഉള്ള ഈ നാട്ടിലേക്ക് വന്നത്? ഒന്നുകിൽ നിങ്ങൾക്ക് ഇത് അത്തരം കമ്പനികൾക്ക് വിറ്റു കോടികൾ സമ്പാദിക്കരുതായിരുന്നോ? അല്ലെങ്കിൽ അമേരിക്കയിലോ ഇംഗ്ലണ്ടിലോ അതുമല്ലെങ്കിൽ ദുബായിലോ ഒക്കെ പോയി തുടങ്ങി കോടികൾ സാമ്പാദിക്കാൻ പറ്റിമായിരുന്നില്ലേ? ഇത്രയും വലിയ ടെക്‌നോളജി ഉള്ള നിങ്ങൾ ഒരു ചെറിയ ഓൺലൈൻ പത്രത്തിന്റെ ലേഖകൻ വിവരം അറിയാൻ വിളിക്കുമ്പോൾ എന്തിന് ഭയപ്പെടുകയും നിലവിളിക്കുകയും ചെയ്യുന്നു? നിങ്ങൾക്ക് നിയമപരമായി നേരിട്ടു ആ പത്രം പൂട്ടിക്കരുതോ?

ഒരു പ്രൊഡക്റ്റിന് രണ്ട് ബ്രാൻഡ് അംബാസിഡർമാർ എന്ന വിഷയം അവിടെ നിൽക്കട്ടെ. അമിതാഭ് ബച്ചനും, സച്ചിൻ ടെണ്ടുൽക്കറും ബ്രാൻഡ് അംബാസിഡർമാരാകാൻ പോകുന്ന ഇത്രയും ഭയങ്കര സംഭവം ആയ ഈ ഫോണിനെ കുറിച്ചുള്ള ഒരു തുണ്ട് വാർത്ത പോലും കേരളത്തിന് പുറത്തുള്ള ഒരു ബിസിനസ്സ് ചാനലിലോ മീഡിയായിലോ എന്തുകൊണ്ട് വരുന്നില്ല? അമേരിക്കയും ബ്രിട്ടണും ഒക്കെ ആഘോഷമാക്കേണ്ട ഒരു വാർത്ത കുറഞ്ഞത് ഫിനാൻഷ്യൽ എക്സ്‌പ്രസ്സും എക്കണോമിക്‌സ് ടൈംസും എങ്കിലും വാർത്തയാക്കേണ്ടതല്ലേ? കൊച്ചിയിലെ അവർക്ക് ലേഖകരെ ഇല്ലാത്തതുകൊണ്ടാണോ മനോരമയിലും മലയാളം ചാനലുകളും മാത്രം വാർത്ത ഒതുങ്ങിയത്?

പണമുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും ചൈനയിൽ നിന്നും മൊബൈൽ പാർട്‌സുകൾ ഇറക്കുമതി ചെയ്യാവുന്നതാണ്. ഇത് ഇവിടെ അസംബ്ലി ചെയ്ത് റീബ്രാൻഡ് ചെയ്ത് വിൽപ്പനയും ആകാം. ഇങ്ങനെ ചെയ്യുമ്പോൾ ഐ ഫോണിനെയും തോൽപ്പിക്കും എന്ന വിധത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കാതിരിക്കുന്നതാകും നല്ലത്. ഇത്തരം ശ്രമങ്ങൾക്ക് ഇന്ത്യയിൽ ഉദാഹരണങ്ങളുമുണ്ട്. മുംബൈയിലെ ചെംബൂരിൽ ഇലക്‌ട്രോണിക് ഷോപ്പ് നടത്തിയിരുന്നവർ വിക്കഡ് ലീക്‌സ് സ്മാര്ട്ട്‌ഫോൺസ് ('Wickedleak Wammy smartphones') എന്ന പേരിൽ ഒരു സ്മാർട്ട് ഫോൺ ഇറക്കിയിരുന്നു. എന്നാൽ അധികം അവകാശവാദങ്ങളില്ലാതെ ചെറിയ മാർക്കറ്റും പിടിച്ച് അവർ കച്ചവടം കൊഴുപ്പിച്ചു. എന്നാൽ, ഇവരുടെ മര്യാദ പോലുമില്ലാതെ അമിതാബ് ബച്ചനെയും ടെണ്ടുക്കറെയും ബ്രാൻഡ് അംബാസിഡർമാരെന്ന വിധത്തിൽ പ്രചരണം നടത്തി ഐ ഫോണിനെ തോൽപ്പിക്കുമെന്ന വീരവാദമായിരുന്നു മാംഗോ ഫോണിന്.

എന്തുകൊണ്ടാണ് ഒരു വെബ് സൈറ്റ് പോലും നിങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയാത്തത്? നിങ്ങൾ മുടക്കി എന്നു പറയുന്ന ഈ 3500 കോടി എവിടെ നിന്നും കിട്ടി? അത് ചൈനയിലും കൊറിയയിലും കൊണ്ടു പോയി നിക്ഷേപിച്ചതിന്റെ എന്തു രേഖ നിങ്ങളുടെ കയ്യിൽ ഉണ്ട്? ഏതെങ്കിലും ബാങ്ക് നിങ്ങൾക്ക് ലോൺ തന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതു ബാങ്കാണ് ഇത്? എന്തു കൊണ്ടാണ് കൊച്ചിയിലെ ആലപ്പാട്ട് ബിൽഡിങ്ങിനെ വാടക കെട്ടിടത്തിൽ പത്തോ പതിനഞ്ചോ ജീവനക്കാരെ മാത്രം വച്ച് നിങ്ങൾ ഇങ്ങനെ ഒരു ലോകോത്തര സ്ഥാപനം നടത്തുന്നു? എന്തുകൊണ്ട് നിങ്ങളുടെ കമ്പനി വെറും ഒരു മാസം മുൻപ് മാത്രം രജിസ്റ്റർ ചെയ്തത്? ഒരു ജീവനക്കാരിയുടെ ചോദ്യങ്ങൾക്ക് പോലും ഉത്തരം പറയാൻ ആവാതെ പൊലീസ് കേസാക്കി മാറ്റിയത്?

ആപ്പിൾ കമ്പനിയുടെ ഒരു ഷെയറിന്റെ ഇന്നലത്തെ വില 94 ഡോളർ ആണ്. വിപണി മൂല്യം 522. 6 ബില്യൺ. ഇത് എണ്ണിയാൽ തീരാത്തത്ര ലക്ഷക്കണക്കിന് കോടി വരും. ഈ കമ്പനി ഒരു വർഷം ഗവേഷണത്തിന് തന്നെ പതിനായിരക്കണക്കിന് കോടി രൂപ ചിലവഴിക്കുന്നുണ്ട്. 3500 കോടി രൂപ കൊണ്ട് ഇവരെ എങ്ങനെ വെല്ലു വിളിക്കും. കമ്പനിയുടെ വലിപ്പത്തിന്റെ പേരിൽ അല്ല, ടെക്‌നോളജിയുടെ പേരിൽ? ഇങ്ങനെ വെല്ലു വിളിക്കുന്ന ആളുടെ ബാക്ക് ഗ്രൗണ്ട് എന്താണ്? നിങ്ങളുടെ ബാക്ഗ്രൗണ്ട് വളരെ മോശം ആണ് എന്ന് നിങ്ങൾക്കെങ്കിലും അറിയാമായിരിക്കുമല്ലോ? തട്ടിപ്പിനും വെട്ടിപ്പിനും നിങ്ങളുടെ പേരിൽ എത്ര കേസുകൾ ഉണ്ട് എന്നു അറിയില്ലാത്തതാണോ? ഒന്നും രണ്ടുമല്ല അനേകം കേസുകളും കോടതി വിധികളും ഇവർക്കെതിരെയുണ്ട്. അതേക്കുറിച്ച് നാളെ വായിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP