Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സേവി മനോ മാത്യു സർക്കാർ ഭൂമി വാങ്ങി സർക്കാരിന് മറിച്ചുവിറ്റ മെർക്കിസ്റ്റൺ തട്ടിപ്പുകാരനോ? മാദ്ധ്യമങ്ങളും മാദ്ധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും ഒന്നുചേർന്നു നിഷ്ഠുരങ്ങളായ നുണകളുടെ കുരിശേലേറ്റിയ നിസ്സഹായരായ സാധാരണ പൗരന്മാരുടെ പ്രതിനിധിയോ?

സേവി മനോ മാത്യു സർക്കാർ ഭൂമി വാങ്ങി സർക്കാരിന് മറിച്ചുവിറ്റ മെർക്കിസ്റ്റൺ തട്ടിപ്പുകാരനോ? മാദ്ധ്യമങ്ങളും മാദ്ധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും ഒന്നുചേർന്നു നിഷ്ഠുരങ്ങളായ നുണകളുടെ കുരിശേലേറ്റിയ നിസ്സഹായരായ സാധാരണ പൗരന്മാരുടെ പ്രതിനിധിയോ?

2006-11 കാലഘട്ടത്തിലെ ഇടതുഭരണത്തിലെ ഏറ്റവും വലിയ വിവാദമായിരുന്ന പൊന്മുടിയിലെ മെർക്കിസ്റ്റൺ ഭൂമി ഇടപാടിനെ സംബന്ധിച്ച് - 5 വർഷങ്ങൾക്കു മുൻപ് 'മെർക്കിസ്റ്റൺ- നേരിന്റെ രേഖകൾ' എന്ന പേരിൽ 2011 മേയിൽ സേവി മനോ മാത്യു (മെർക്കിസ്റ്റൺ ഭൂമി നിയമാനുസൃതം വാങ്ങി കൃഷിചെയ്തയാൾ) എഴുതിയ പുസ്തകത്തിന്റെ ആമുഖത്തിൽ 'മാദ്ധ്യമങ്ങൾ വേട്ടക്കാരാകുമ്പോൾ' എന്ന തലക്കെട്ടിൽ പ്രമുഖ എഴുത്തുകാരനായ സക്കറിയ ഇങ്ങനെ എഴുതി:

''സേവി മനോ മാത്യുവിന്റെ ഈ അനുഭവക്കുറിപ്പ് കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമ സംസ്‌കാരത്തെയും മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടി സംസ്‌കാരത്തെയും പറ്റിയുള്ള നടുക്കുകയും ലജ്ജിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു രേഖയാണ്. മാദ്ധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും ഒറ്റയ്ക്കൊറ്റയ്ക്കും ഒന്നുചേർന്നും നിഷ്ഠുരങ്ങളായ നുണകളുടെ കുരിശേലേറ്റിയ നിസ്സഹായരായ സാധാരണ പൗരന്മാർ കേരളത്തിൽ അനവധിയുണ്ട്. അവയുടെ രാക്ഷസീയശക്തിയോടു പ്രതികരിക്കാൻ അസംഘടിതനായ പൗരന് ശേഷിയില്ല.''

''പത്രങ്ങളും ചാനലുകളും രാഷ്ട്രീയപ്പാർട്ടികളും സർക്കാരുദ്യോഗസ്ഥന്മാരും മന്ത്രിമാരും ചേർന്ന് നിർമ്മിച്ച പച്ചക്കള്ളങ്ങളുടെ കടലിൽ മുങ്ങിത്താണ പൗരനാണ് സേവി മനോ മാത്യു. പക്ഷേ പൗരന്റെ പ്രതികരണശേഷിയില്ലായ്മ എന്ന ദയനീയാവസ്ഥയ്ക്കു ശ്രദ്ധേയമായ ഒരു വ്യതിചലനം, സേവിക്കു ലഭിച്ച പീഡനത്തിലൂടെ ഉണ്ടായിരുന്നു-അതാണ് ഈ ചെറു പുസ്തകം. ഗോലിയാത്തുകൾക്കെതിരെ ഒരു ദാവീദ് വായ തുറക്കുന്നു. സേവിയെ ഞാൻ മാദ്ധ്യമങ്ങൾക്കും രാഷ്ട്രീയപ്പാർട്ടികൾക്കും അവരുടെ സിൽബന്തികൾക്കും ഇരയായിത്തീർന്നിട്ടുള്ള എല്ലാ നിർഭാഗ്യവാന്മാരായ പൗരന്മാരുടെയും പക്ഷത്തുനിന്നുകൊണ്ട് അഭിനന്ദിക്കുന്നു.''

നരനായാട്ടിന്റെ ഹരം കയറിയ മാദ്ധ്യമപ്രവർത്തകർ

തിൽ സേവി കുറിക്കുന്ന യഥാർത്ഥ വസ്തുക്കളെ തൊട്ടടുത്തുനിന്ന് നിരീക്ഷിച്ചിരുന്ന ഞാൻ, എന്റെ പരിചയക്കാരും സുഹൃത്തുക്കളുമടങ്ങിയ മാദ്ധ്യമപ്രവർത്തകർ ഓരോ ദിവസവും പ്രചരിപ്പിച്ച പുത്തൻ-പുത്തൻ നുണകളെ അവശ്വസനീയതയോടെ മഴിച്ചുനോക്കിയിരുന്നു. സ്വപ്രയ്തനംകൊണ്ട് അനവധി ജോലിക്കാരെയും തൊഴിലാളികളെയും പോറ്റി, എല്ലാ നികുതികളും കരങ്ങളുമടച്ച് ഒരു നിയമലംഘനവും നടത്താതെ സമൂഹത്തിന്റെ സമ്പദ്നിർമ്മാണവ്യവസ്ഥയിൽ പങ്കെടുത്തുകൊണ്ടിരുന്ന ഒരു സാധാരണ പൗരന്റെമേൽ മാദ്ധ്യമങ്ങൾ അടിച്ചേൽപ്പിച്ച കളവുകൾക്കും മനുഷ്യാവകാശ-പൗരാവകാശ ലംഘനങ്ങൾക്കും മാദ്ധ്യമങ്ങളുടെ ഒരു സഹജീവിയായ ഞാൻ സാക്ഷിനിന്നത് ലജ്ജയാൽ തലകുനിച്ചുകൊണ്ടും അവരുടെ കാപട്യത്തിന്റെ ഭീകരതയിൽ ഞെട്ടിക്കൊണ്ടുമാണ്. തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം മനസ്സിലാക്കിയിട്ടുള്ളവർ എന്നു കരുതപ്പെടുന്ന പത്രാധിപന്മാർപോലും നരനായാട്ടിന്റെ ഹരം കയറിയ ലേഖകന്മാർ മെനഞ്ഞെടുത്ത നിറംപിടിപ്പിച്ച നുണകളെ ഭാവഭേദമില്ലാതെ വിഴുങ്ങി. പത്രത്താളുകളുടെയും ബുള്ളറ്റിനുകളുടെയും വലിയ വീതങ്ങൾ നരവേട്ടയ്ക്കായി ഉഴിഞ്ഞുവച്ചു.

കള്ളവാർത്തകൾ ചമച്ച പത്ര, ചാനൽ വാർത്തകൾ

''സേവിയെപ്പറ്റിയും ഐഎസ്ആർഒ യെപ്പറ്റിയും സത്യസന്ധമായി ഉത്തരവാദിത്വം നിർവഹിച്ച ഉദ്യോഗസ്ഥന്മാരെപ്പറ്റിയും കള്ളവാർത്തകൾ ചമച്ച പത്ര-ചാനൽ പ്രവർത്തകർ അതു ചെയ്തത്, തങ്ങളുടെ പ്രവൃത്തി മാദ്ധ്യമധർമ്മത്തിനും സത്യത്തിനും കടകവിരുദ്ധമാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് എന്നതിൽ സംശയമില്ല. അവരങ്ങനെ പ്രവർത്തിച്ചതാവട്ടെ ചിലരുടെ കരിപുരണ്ട നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാനുമായിരുന്നു. കളവുകളുടെ ഈ ശൃംഖലയ്ക്കു തുടക്കമിട്ടവരെ പിന്തള്ളിക്കൊണ്ട് അതിന്റെ വിപണനസാധ്യത മനസ്സിലാക്കിയ നേതൃമാദ്ധ്യമങ്ങൾ, തങ്ങളുടെ പുതിയ ചൂടുള്ള കളവുകൾ ആവിഷ്‌കരിച്ചു. 'ഐഎസ്ആർഒ ചാരക്കേസി'ലെന്നപോലെ ഇത്തവണയും റിപ്പോർട്ടർമാർക്ക് സേവി മനോ മാത്യുവിനെപ്പറ്റി ദിനംപ്രതി പുതിയ 'കഥകൾ' ഉണ്ടാക്കിക്കൊണ്ടുവരാനുള്ള ഉത്തരവ് ലഭിച്ചു.''''സേവി മനോ മാത്യുവിന്റെ ഈ അനുഭവക്കുറിപ്പ് കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമ സംസ്‌കാരത്തെയും മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടി സംസ്‌കാരത്തെയും പറ്റിയുള്ള നടുക്കുകയും ലജ്ജിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു രേഖയാണ്. മാദ്ധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും ഒറ്റയ്ക്കൊറ്റയ്ക്കും ഒന്നുചേർന്നും നിഷ്ഠുരങ്ങളായ നുണകളുടെ കുരിശേലേറ്റിയ നിസ്സഹായരായ സാധാരണ പൗരന്മാർ കേരളത്തിൽ അനവധിയുണ്ട്. അവയുടെ രാക്ഷസീയശക്തിയോടു പ്രതികരിക്കാൻ അസംഘടിതനായ പൗരന് ശേഷിയില്ല.''

പൗരന്മാരെ തേജോവധം ചെയ്യുന്ന മാദ്ധ്യമപ്രവർത്തകർ

''നിസ്സഹായരായ പൗരന്മാരെ ഇത്തരത്തിൽ സമൂഹമധ്യത്തിൽ തേജോവധം ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെപ്പറ്റി ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഇവർക്കും ഭാര്യയും മക്കളും അച്ഛനമ്മമാരുമില്ലേ? ഇവർ ചെയ്യുന്ന അളവില്ലാത്ത ദുഷ്ടതയുടെ ശിക്ഷ, പ്രപഞ്ച നീതി ഏതു വിധത്തിലായിരിക്കും ഇവർക്കു നൽകുക? അതോ അത്തരമൊരു നീതി - അധർമ്മത്തിനെതിരെ കാലവും പ്രപഞ്ചവും നൽകുന്ന തിരിച്ചടി-വാസ്തവത്തിൽ ഇല്ല എന്നുണ്ടോ? ലക്ഷക്കണക്കിന് വായനക്കാർ അവരിലർപ്പിച്ചിരിക്കുന്ന വിശ്വാസത്തെയാണ് അവർ നിർദാക്ഷിണ്യം കൂസലില്ലാതെ കളവുകൾകൊണ്ട് ചവിട്ടിമെതിക്കുന്നത്. അവർ ദൈവവിശ്വാസികളായിരിക്കുമോ എന്ന് അവിശ്വാസിയായ ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ആണെങ്കിൽ എന്തായിരിക്കും അവരുടെ ദൈവം? ആ ദൈവവും സത്യവുമായി എന്തെങ്കിലുമൊരു ബന്ധം അവർ കാണുന്നുണ്ടോ? കാണുന്നുണ്ടെങ്കിൽ ആ ദൈവത്തിനു മുമ്പിൽ നിൽക്കുമ്പോൾ തങ്ങൾ സൃഷ്ടിച്ച നുണകളുടെ ഭാരം അവരുടെ മനഃസാക്ഷികളിൽ നിറയേണ്ടതല്ലേ?''

''എന്നെ കൂടുതൽ വിഷാദിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത മറ്റൊരു വസ്തുതയുണ്ട്. കളവുകളുടെ ഈ കരിങ്കോട്ട പണിതവരിൽ പലരും മാദ്ധ്യമവിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നവർകൂടിയാണ്. ആ വിദ്യാർത്ഥികളുടെ യുവമനസ്സുകളിലേക്ക് ഈ ഗുരുനാഥന്മാർ സ്വന്തം പ്രവർത്തനശൈലിയിൽനിന്ന് ഊറുന്ന കൊടും വിഷമായിരിക്കില്ലേ കടത്തിവിടുന്നത്? തലമുറയിൽനിന്ന് തലമുറയിലേക്കു ധാർമ്മിക മലിനീകരണത്തിന്റെ ആപത്കരമായ പാത നീളുന്നു. വലിയ വലിയ കളവുകളുടെ ദൈവങ്ങളായിത്തീരാനും അതിവേഗ ഭാഗ്യാന്വേഷികളായിത്തീരാനും മാദ്ധ്യമവിദ്യാർത്ഥികൾ തുടക്കത്തിലേ പഠിക്കുന്നു.''

'ഐഎസ്ആർഒ ചാരവൃത്തിക്കേസ്' എന്ന പേരിൽ പൊലീസിലെയും രാഷ്ട്രീയത്തിലെയും തൽപരകക്ഷികളുമായി ഒത്തുചേർന്ന് മലയാള മാദ്ധ്യമങ്ങൾ രണ്ടുദശകങ്ങൾ മുമ്പ് അരങ്ങേറിയ കളവുകളുടെ മഹാനാടകത്തിനുശേഷം, മലയാള മാദ്ധ്യമങ്ങളുടെ അധഃപതനത്തിന്റെ നെല്ലിപ്പലക നാം വീണ്ടും കണ്ടത് സേവി മനോ മാത്യു-മെർക്കിസ്റ്റൺ-ഐഎസ്ആർഒ വ്യാജവാർത്താ പ്രളയത്തിലായിരുന്നു.

ഇന്ത്യയുടെ ബഹിരാകാശപദ്ധതികളെ അട്ടിമറിക്കാൻ താൽപര്യപ്പെടുന്ന ബാഹ്യശക്തികൾ നിരവധിയാണ്. ഐഎസ്ആർഒ അതിന്റെ ചരിത്രപ്രധാനവും ആഗോളതലത്തിൽതന്നെ ശ്രദ്ധേയവുമായ ബഹിരാകാശ പഠന ഗേവേഷണകേന്ദ്രം സ്ഥാപിക്കാനായാണ് സേവി മനോ മാത്യുവിന്റെ പക്കൽനിന്ന് പൊന്മുടിയിൽ സ്ഥലം വാങ്ങിയത്. രാജ്യസുരക്ഷാപരമായും ബഹിരാകാശ സാങ്കേതികവിദ്യാ നേതൃത്വപരമായും ഗുരുതര പ്രാധാന്യമുള്ള ഒരു സംരംഭത്തെയാണ് സേവി മനോ മാത്യു എന്ന വടിയുപയോഗിച്ച് തകർക്കാൻ മാദ്ധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും ശ്രമിച്ചത് എന്നത് നിസ്സാരമായി തള്ളിക്കളയാവുന്ന വസ്തുതയല്ല.ഈ രണ്ട് വാർത്താ കോളിളക്കങ്ങളിലേക്കും ഐഎസ്ആർഒ വലിച്ചിഴക്കപ്പെട്ടത് യാദൃശ്ചികമായിരുന്നു എന്നു കരുതാനാവില്ല. കാരണം, പുറങ്കടലിലൂടെ എങ്ങോട്ടോ പോകുന്ന ചരക്കുകപ്പലുകളിലൊന്ന് യന്ത്രത്തകരാർ വന്ന് കേരളതീരത്തിനടുത്ത് നങ്കൂരമിട്ടാൽ ''രഹസ്യക്കപ്പൽ ദുരൂഹത പരത്തുന്നു'' എന്ന് വാർത്താപ്രഘോഷണം നടത്തി ദേശസ്നേഹം പ്രഖ്യാപിക്കുന്ന മലയാള മാദ്ധ്യങ്ങൾ, ഇന്ത്യയുടെ പ്രതിരോധശേഷിയുടെയും ഒരുപക്ഷേ, അതിലും പ്രാധാന്യമേറിയ ബഹിരാകാശ ഗവേഷണശക്തിയുടെയും ആണിക്കല്ലായ ഐഎസ്ആർഒ യെ എത്ര ആസൂത്രിതമായാണ് ഈ രണ്ടു 'കേസു'കളിലും ആക്രമിക്കുകയും അതിന്റെ സുപ്രധാന പദ്ധതികളെ തകർക്കാൻ ശ്രമിക്കുകയും ചെയ്തത് എന്നു ചിന്തിക്കുമ്പോൾ അവർ ആർക്കുവേണ്ടിയാണ് പ്രവർത്തിച്ചത് എന്ന് അത്ഭുതപ്പെടാതെ നിവൃത്തിയില്ല.

ഇന്ത്യയുടെ ബഹിരാകാശപദ്ധതികളെ അട്ടിമറിക്കാൻ താൽപര്യപ്പെടുന്ന ബാഹ്യശക്തികൾ നിരവധിയാണ്. ഐഎസ്ആർഒ അതിന്റെ ചരിത്രപ്രധാനവും ആഗോളതലത്തിൽതന്നെ ശ്രദ്ധേയവുമായ ബഹിരാകാശ പഠന ഗേവേഷണകേന്ദ്രം സ്ഥാപിക്കാനായാണ് സേവി മനോ മാത്യുവിന്റെ പക്കൽനിന്ന് പൊന്മുടിയിൽ സ്ഥലം വാങ്ങിയത്. രാജ്യസുരക്ഷാപരമായും ബഹിരാകാശ സാങ്കേതികവിദ്യാ നേതൃത്വപരമായും ഗുരുതര പ്രാധാന്യമുള്ള ഒരു സംരംഭത്തെയാണ് സേവി മനോ മാത്യു എന്ന വടിയുപയോഗിച്ച് തകർക്കാൻ മാദ്ധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും ശ്രമിച്ചത് എന്നത് നിസ്സാരമായി തള്ളിക്കളയാവുന്ന വസ്തുതയല്ല. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതും ഏഷ്യയിൽതന്നെ ഒരു മാർഗ്ഗദർശിയുമായ ഈ സംരംഭത്തിന്റെ ഉദ്ഘാടനത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തെപ്പോലും മാദ്ധ്യമങ്ങളിലെ നിഗൂഢതാൽപര്യങ്ങൾ തുരങ്കംവച്ചു എന്നുംകൂടി ചേർത്തുവായിക്കുമ്പോൾ ആപത്കരമായ ഗൂഢാലോചനകളുടെ നിഴലുകൾ ഈ മാദ്ധ്യമനാടകത്തിന്മേൽ പതിയുന്നു. വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെ ഇക്കാര്യങ്ങളിലെ വിചിത്രവും ഒപ്പം പരിഹാസ്യവും ആയ പങ്കും കൂടി നാം കൂട്ടിവായിച്ചേ തീരൂ.

ഒരു എഴുത്തുകാരനല്ലാത്ത സേവി മനോ മാത്യു തന്റേതായ രീതിയിൽ ഈ ചെറുപുസ്തകത്തിൽ മെർക്കിസ്റ്റൺ എസ്റ്റേറ്റിനെക്കുറിച്ചും ഐഎസ്ആർഒയ്ക്ക് നടത്തിയ സ്ഥലം വിൽപ്പനയെക്കുറിച്ചും പരിസ്ഥിതി ദുർബ്ബലപ്രദേശമെന്ന തർക്കത്തെക്കുറിച്ചുമുള്ള യഥാർത്ഥ വസ്തുതകൾ ചുരുക്കത്തിൽ അവതരിപ്പിക്കുന്നു. മാദ്ധ്യമങ്ങളും നിയമസഭയിലും പുറത്തും പ്രസ്താവനമേളകൾ നടത്തിയ രാഷ്ട്രീയ നേതാക്കളും കണ്ണോടിക്കാൻ പോലും വിസമ്മതിച്ച അടിസ്ഥാന രേഖകൾ ഈ പുസ്തകത്തിലുണ്ട്. സേവി എഴുതുംപോലെ, ആടിനെ പട്ടിയാക്കാൻ തീരുമാനിച്ചാൽ പിന്നെ ആടിനെ സംബന്ധിച്ച വസ്തുതകൾക്ക് എന്തു വില?

ഏറ്റവും നടുക്കുന്ന വസ്തുത മറ്റൊന്നാണ്. സേവി മനോ മാത്യു മെർക്കിസ്റ്റൺ എസ്റ്റേറ്റ് വാങ്ങിയത് വില്ലേജ് ഓഫീസിൽനിന്നും സബ് രജിസ്ട്രാർ ഓഫീസിൽനിന്നും കൃത്യമായ രേഖകൾ കിട്ടിയതിനാലും ബാധ്യതകളില്ലാത്തതിനാലും ആയിരുന്നു. അതുപോലെതന്നെ, ഇ.എഫ്.എൽ. കസ്റ്റോഡിയനും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായിരുന്ന വി. ഗോപിനാഥ് മെർക്കിസ്റ്റൺ എസ്റ്റേറ്റിലെ 60 ഏക്കർ ഒഴിച്ചുള്ള കൃഷിഭൂമി ഇ.എഫ്.എല്ലിൽനിന്ന് ഒഴിവാക്കിയതും നിലവിലുള്ള നിയമങ്ങൾ പ്രകാരമായിരുന്നു. പക്ഷേ, സർക്കാരിന്റെ രേഖകളെയും വിജ്ഞാപനങ്ങളെയും അനുസരിച്ചുകൊണ്ട് ഭൂമിയിടപാട് നടത്തിയ സേവി കുറ്റക്കാരനായി! സർക്കാർ അതിന്റെ സ്വന്തം രേഖകളെയും ഓർഡറുകളെയും അതിന്റെ സ്വന്തം ഉദ്യോഗസ്ഥന്മാരെയും നിർല്ലജ്ജം തള്ളിപ്പറയുന്ന കാഴ്ചയാണ് നാം കണ്ടത്. അവ വ്യാജങ്ങളായിരുന്നുവെങ്കിൽ, അവ നൽകി ഒരു പൗരനെ ചതിച്ച സർക്കാരിനല്ലേ കുറ്റപത്രം നൽകേണ്ടത്? ഈ വിധത്തിൽ ഒരു ഭരണകൂടം അവസരം പോലെ സ്വന്തം നിയമങ്ങളെയും അവ നടപ്പാക്കുന്ന ഉദ്യോഗസ്ഥന്മാരെയും തള്ളിപ്പറഞ്ഞുതുടങ്ങിയാൽ, കളവു പറഞ്ഞുതുടങ്ങിയാൽ, ഒരു സാധാരണ പൗരൻ ആരെ വിശ്വസിക്കും? എങ്ങനെയവൻ തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും? ഭരണകൂടത്തിന്റെ വിശ്വാസവഞ്ചനയെ പൗരന്മാർ എങ്ങനെ അതിജീവിക്കും?

മലയാള മാദ്ധ്യമങ്ങൾ, ഒറ്റപ്പെട്ടവരും അസംഘടിതരുമായ പൗരന്മാർക്കെതിരെ നിർബാധം നടത്തിപ്പോരുന്ന പൗരാവകാശ-മനുഷ്യാവകാശ ലംഘനങ്ങളുടെയും വ്യക്തിത്വഹിംസകളുടെയും ആദ്യത്തെ ഇരയല്ല സേവി മനോ മാത്യു. പരിക്കുകളോടും നാശനഷ്ടങ്ങളോടെയുമാണെങ്കിലും അദ്ദേഹം പിടിച്ചുനിൽക്കുകയും അതിജീവിക്കുകയും ചെയ്തുവെന്നുമാത്രം. സേവി എന്ന ഇന്ത്യൻ പൗരന്റെ ഒപ്പമുണ്ടായിരുന്ന കൃത്യമായ സത്യവും നിയമപരമായ പരമാർത്ഥങ്ങളുമാണ് മാദ്ധ്യമങ്ങളുടെ കരവാളിൽനിന്ന് അദ്ദേഹത്തെ രക്ഷിച്ചത്.

സേവി എന്ന മാദ്ധ്യമ ഇരയുടെ ഈ വസ്തുതാ വിവരണം, അദ്ദേഹത്തെ വേട്ടയാടിയവരും ഇപ്പോഴും വേട്ട തുടരുന്നവരും മാത്രമല്ല, സാധാരണ പൗരന്മാരും രാഷ്ട്രീയപ്പാർട്ടികളിലെയും സർക്കാരിലെയും തുറന്ന മനസ്സുള്ളവരും വായിക്കാനിടവരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. കാരണം, ഇത് സേവി മനോ മാത്യു എന്ന ഒറ്റപ്പെട്ട പൗരന്റെ കഥയായി അവസാനിക്കുന്നില്ല. നാളെ ഇത്തരമൊരു ആസൂത്രിത നരവേട്ട കേരളത്തിലെ ഏതൊരു പൗരന്റെമേലും വീണ്ടും അടിച്ചേൽപ്പിക്കപ്പെട്ടേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP